ലോകം മുഴുവന്‍ ഏറ്റെടുത്ത മീ റ്റൂ ക്യാംപെയിന് പിന്തുണ പ്രഖ്യാപിച്ച് ഐശ്വര്യ റായിയും. ഐശ്വര്യ ആദ്യമായാണ് ഈ മുന്നേറ്റത്തെ കുറിച്ച് സംസാരിക്കാന്‍ തയ്യാറാകുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടയില്‍ ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് മി റ്റൂ ക്യാംപെയിനെ കുറിച്ച് ഐശ്വര്യ മനസ്സു തുറന്നത്. 

മി റ്റൂ ക്യാംപെയിന്റെ ഗുണപരമായ വശങ്ങളെ കുറിച്ചാണ് ഐശ്വര്യ സംസാരിച്ചത്. ലൈംഗിക ചൂഷണങ്ങളെ കുറിച്ചുളള തുറന്ന സംവാദത്തിലേക്കും പങ്കുവെക്കലുകളിലേക്കും മി റ്റൂ ക്യാംപെയിന്‍ വാതില്‍ തുറന്നു. മീ റ്റൂവിന്റെ ഏറ്റവും ഗുണപരമായ വശം എന്താണെന്ന് വച്ചാല്‍ ആളുകള്‍ ഇതേ കുറിച്ച് സംസാരിക്കുന്നു എന്നുള്ളതാണ്. എന്നാല്‍ വിനോദ വ്യവസായമായ സിനിമയില്‍ മാത്രം ഇത് ഒതുങ്ങി നില്‍ക്കരുതെന്നും ജീവിതത്തിന്റെ എല്ലാ മേഖലയില്‍ പെട്ടവരും മുന്നോട്ട് വരണമെന്നും ഇതേ കുറിച്ച് സംസാരിക്കണമെന്നും ഐശ്വര്യ ആവശ്യപ്പെട്ടു. 

ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ഉയര്‍ന്ന പീഡനാരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അലീസ മിലാനോ മി റ്റൂ ക്യാംപെയിന് തുടക്കം കുറിച്ചത്. ഹോളിവുഡ്, ബോളിവുഡ്, മോളിവുഡ് നടികള്‍ ഉള്‍പ്പടെ ലോകം മുഴുവനുമുള്ള സ്ത്രീകള്‍ ഈ ക്യാംപെയിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. 

അന്താരാഷ്ട്ര മാധ്യമങ്ങള്‍ വന്‍പ്രാധാന്യത്തോടെയാണ് മുന്‍ലോകസുന്ദരിയുടെ വാക്കുകള്‍ വാര്‍ത്തയാക്കിയിരിക്കുന്നത്. 


Contnet Highlights: Positives of the #MeToo, Aishwarya Rai speaks about #MeToo