ജനുവരിയിലാണ് വനിതാ ജീവനക്കാര്‍ മാത്രം നിയന്ത്രിച്ച ഒരു വിമാനം ലോകത്തിലെ ഏറ്റവും നീളമേറിയ ആകാശ പാത താണ്ടി ഇന്ത്യയിലെത്തി ചരിത്രം കുറിച്ചത്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ബംഗളൂരു വരെ നീളുന്ന ആ യാത്രക്ക് നേതൃത്വം നല്‍കിയത് എയര്‍ ഇന്ത്യ ക്യാപ്റ്റന്‍ സോയ അഗര്‍വാള്‍. സാധാരണ കുടുംബത്തില്‍ പിറന്ന് തന്റെ സ്വപ്‌നത്തിലേക്ക് ചിറകുവച്ച് പറന്ന നാള്‍വഴികളെ പറ്റി സോയ ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫെയ്സ്ബുക്ക് പേജില്‍ മനസ്സു തുറന്നു.

'തൊണ്ണൂറുകളില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടി എന്നാല്‍ ഒരുപാട് സ്വപ്നങ്ങളൊന്നും കാണാന്‍ വഴിയില്ലാത്തവള്‍ എന്നാണ് അര്‍ത്ഥം. എങ്കിലും എട്ട് വയസ്സുമുതല്‍ ഞാന്‍ പൈലറ്റാകുന്നത് സ്വപ്‌നം കണ്ടു. ആകാശത്ത് വിമാനത്തിന്റെ ശബ്ദം കേട്ടാല്‍ ടെറസ്സിലേക്ക് ഓടും. ഒരിക്കല്‍ തനിക്ക് വിമാനത്തില്‍ പറക്കാന്‍ കഴിഞ്ഞാല്‍ നക്ഷത്രങ്ങളെ തൊടാന്‍ കഴിയുമെന്ന് സ്വപ്‌നം കാണും.' സോയ കുറിക്കുന്നു.

ആദ്യമൊക്കെ സോയക്ക് തന്റെ സ്വപ്നത്തെ പറ്റി മാതാപിതാക്കളോട് പറയാന്‍ ഭയമായിരുന്നു. കാരണം അവള്‍ വളര്‍ന്നാല്‍ നല്ലൊരു വിവാഹം കഴിപ്പിക്കണം എന്ന് അമ്മ അച്ഛനോട് സംസാരിക്കുന്നത് സോയ കേട്ടിരുന്നു. പക്ഷേ എത്ര ശ്രമിച്ചിട്ടും തന്റെ ആഗ്രഹത്തെ അടക്കിപിടിക്കാന്‍ സോയക്ക് കഴിഞ്ഞിരുന്നില്ല. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ സോയ ഇതേ പറ്റി അച്ഛനോടും അമ്മയോടും പറഞ്ഞു. എന്നാല്‍ ഇത് കേട്ടപ്പോഴെ അമ്മ കരഞ്ഞു തുടങ്ങി, അച്ഛന്‍ പൈലറ്റ് പഠനത്തിനുള്ള പണം എങ്ങനെ കണ്ടെത്തും എന്നാലോചിച്ച് ഉത്കണ്ഠപ്പെടാനും. 

തല്‍ക്കാലം തന്റെ ആഗ്രഹങ്ങളെ അടക്കിപ്പിടിച്ച് സോയ പ്ലസ്ടു ക്ലാസുകള്‍ക്ക് ചേര്‍ന്നു. പ്ലസ്ടു പരീക്ഷയില്‍ ഉയര്‍ന്ന് മാര്‍ക്ക് നേടിയതോടെ സോയക്ക് നല്ല കോളേജില്‍ തുടര്‍ പഠനത്തിന് അഡ്മിഷന്‍ ലഭിച്ചു. ബിരുദത്തിന് ഫിസിക്‌സായിരുന്നു അവളുടെ വിഷയം. ഇതിനൊപ്പം പാര്‍ട് ടൈമായി ഒരു ഏവിയെഷന്‍ കോഴ്‌സിനും ചേര്‍ന്നിരുന്നു. അതും അത്രയും കാലം സ്വരുക്കൂട്ടിവെച്ച സ്വന്തം പണം കൊണ്ട്. 

മൂന്ന് വര്‍ഷം. കോളേജില്‍ നിന്ന് ക്ലാസ് കഴിഞ്ഞാല്‍ അടുത്ത പട്ടണത്തിലെ ഏവിയേഷന്‍ അക്കാദമിയിലേക്ക്. രാത്രി പത്ത് മണിക്ക് തിരിച്ച് വീട്ടിലെത്തിയാല്‍ പ്രോജക്ടുകളും പഠനവും. ഏതായാലും കോളേജില്‍ നിന്ന് റാങ്കോടെ സോയ പുറത്തിറങ്ങി.

'അത് എനിക്ക് ആത്മവിശ്വാസം നല്‍കി, എന്നെ തുടര്‍ന്ന് പഠിപ്പിക്കാമോ എന്ന് ഞാന്‍ പപ്പയോട് ചോദിച്ചു. അദ്ദേഹം ഒരു ലോണ്‍ എടുക്കാനും ഏവിയേഷന്‍ കോഴസ് പൂര്‍ത്തിയാക്കാനും എന്നെ സഹായിക്കാന്‍ തയ്യാറായി.'

പഠനം പൂര്‍ത്തിയായെങ്കിലും ജോലി ലഭിക്കാനായി സോയ കാത്തിരുന്നത് രണ്ട് വര്‍ഷമാണ്. എയര്‍ ഇന്ത്യയില്‍ ഏഴ് പൈലറ്റുമാരുടെ ഒഴിവാണ് ഉണ്ടായിരുന്നത്. അപേഷകര്‍ മൂവായിരവും. എന്നാല്‍ അവരെയെല്ലാം മറികടന്ന് ആ ഏഴുപേരില്‍ ഒരാളായി സോയ. എയര്‍ ഇന്ത്യയുടെ ഇന്‍ര്‍വ്യൂവിന് പോകുന്നതിന് ഒരു ദിവസം മുമ്പാണ് സോയയുടെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായത്. അതോടെ സോയ തന്റെ സ്വപ്‌നം ഉപേക്ഷിച്ച് പിതാവിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ നിര്‍ബന്ധം മൂലം ഇന്റര്‍വ്യൂവിന് പോകാന്‍ സോയ തീരുമാനിക്കുകയായിരുന്നു. 

എല്ലാ കടമ്പകളും കടന്ന് സോയ പൈലറ്റായി. 2004 ല്‍ ആദ്യ ഫ്‌ളൈറ്റ് ദുബായിലേക്ക്. ' അങ്ങനെ ഞാന്‍ ആദ്യമായി നക്ഷത്രങ്ങളെ തൊട്ടു.' സോയ ആ അനുഭവത്തെ പറ്റി പറയുന്നത് ഇങ്ങനെ. 

കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചപ്പോള്‍ വിദേശത്ത് നിന്നും നമ്മുടെ രാജ്യക്കാരെ തിരിച്ചെത്തിക്കാനുള്ള റെസ്‌ക്യൂ ഓപ്പറേഷനുകളുടെ സാരഥികളില്‍ ഒരാള്‍ സോയ ആയിരുന്നു. പത്തുവര്‍ഷത്തിനിടെ 8,000 മണിക്കൂര്‍ വിമാനം കോക്പിറ്റില്‍ നിയന്ത്രിച്ച അനുഭവസമ്പത്തുള്ള പൈലറ്റാണ് സോയ അഗര്‍വാള്‍.

ഈ വര്‍ഷം മറ്റൊരു പൊന്‍ തൂവല്‍ കൂടി സോയ നേടി. ലോകത്തിലെ ഏറ്റവും നീളം കൂടിയ വിമാന റൂട്ടായ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ബംഗളൂരുവിലേക്ക് പറന്ന് വനിതാ ജീവനക്കാര്‍ മാത്രമുള്ള ഫ്‌ളൈറ്റിന്റെ പൈലറ്റ് എന്ന് നേട്ടം. 17 മണിക്കൂര്‍ നിര്‍ത്താതെ വിമാനംപറത്തിയാണ് സോയയും സംഘവും ചരിത്രം കുറിച്ചത്. ഉത്തര ധ്രുവത്തിനു മുകളിലൂടെയുള്ള റൂട്ടില്‍ പറന്നതുമാത്രമല്ല, വനിതാ പൈലറ്റുമാര്‍ മാത്രം വിമാനം നിയന്ത്രിച്ചുവെന്നതും വ്യോമയാന ചരിത്രത്തിലെ പുതിയ ഏടാണ്. ഒരു ധ്രുവത്തില്‍ നിന്ന് മറ്റൊരു ധ്രുവത്തിലേക്ക് വിമാനം പറത്തിയ ലോകത്തിലെ ആദ്യ വനിതാ പൈലറ്റെന്ന നേട്ടവും സോയക്ക് തന്നെ.

തന്റെ നേട്ടമറിഞ്ഞ ശേഷം ധാരാളം സ്ത്രീകള്‍ തനിക്ക് മെസേജുകള്‍ അയച്ചെന്നും സോയ. 'ഈ വിജയം കാണുമ്പോള്‍ ജീവിതത്തില്‍ സ്വപ്‌നങ്ങള്‍ ഒരിക്കലും കൈവിട്ടുകളയരുതെന്ന് മനസ്സിലാവുന്നു' എന്നാണ് ഒരു സ്ത്രീ എനിക്ക് എഴുതിയത്. ഒന്നും എനിക്ക് എളുപ്പമായിരുന്നില്ല. എപ്പോഴെങ്കിലും ഞാന്‍ ജീവിതത്തില്‍ മുന്നോട്ടുള്ള വഴികള്‍ കാണാതെ നില്‍ക്കുമ്പോള്‍ ആ പഴയ എട്ടു വയസ്സുകാരിയെ എനിക്ക് ഓര്‍മ വരും. അതാണ് എന്റെ ധൈര്യം.'  

Content Highlights: Zoya Agarwal The Air India Pilot Who Created History By Flying World's Longest Air Route