വേനലായാല്‍ ജലക്ഷാമവും വരള്‍ച്ചയും സ്ഥിരം സംഭവങ്ങളായി വാര്‍ത്തകളില്‍ നിറയാറുണ്ട്. ജലത്തിനായി കിലോമീറ്ററുകളോളം നടക്കേണ്ടി വരുന്നവരുടെ അനുഭവങ്ങള്‍ കെട്ടുകഥകളല്ല. എന്നാല്‍ വേനലില്‍ വരളുന്ന ജലശ്രോതസ്സുകള്‍ സ്വന്തം പ്രയത്‌നത്തിലൂടെ തിരിച്ചു പിടിച്ച് ഗ്രാമത്തിന്റെ ദാഹമകറ്റിയ അനുഭവം പങ്കുവയ്ക്കുകയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള ഈ പെണ്‍കുട്ടി, ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജിലൂടെ. 

ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന് 

എന്റെ ആറാം പിറന്നാളിന് ശേഷമാണ്, ഒരു ദിവസം പതിവില്ലാതെ അമ്മ രാവിലെ നാല് മണിക്ക് എന്നെ വിളിച്ചുണര്‍ത്തി. ഞങ്ങളുടെ തൊട്ടടുത്തുള്ള കുടിവെള്ള പൈപ്പിന് അരികിലേക്ക് ഒരു മണിക്കൂര്‍ ദൂരം കുറഞ്ഞത് നടക്കാനുണ്ടായിരുന്നു. അന്ന് എന്റെ ചേച്ചി സുഖമില്ലാതെ കിടപ്പായിരുന്നു.  വെള്ളം തനിയെ എടുത്തുകൊണ്ട് വരാന്‍ പറ്റാത്തതിനാലാണ് അമ്മ എന്നെയും ഒപ്പം കൂട്ടിയത്. അന്നുമുതല്‍ അത് പതിവായി.

രാവിലെ ചേച്ചിക്കൊപ്പം ഞാനും വെള്ളമെടുക്കാനായി പൊതുപൈപ്പിനടുത്തേക്ക് പോകും. വെള്ളമെടുക്കാനുള്ള ഊഴത്തിനായി ഒരുമണിക്കൂര്‍ കാത്തു നില്‍ക്കണം. നിരവധിപ്പേരുടെ ആശ്രയമായിരുന്നു ആ പൈപ്പ്. താമസിച്ച് ഉണരുന്ന ദിവസം എനിക്ക് സ്‌കൂളില്‍ പോകാനും പറ്റില്ല. അത് എനിക്ക് ഇഷ്ടമായിരുന്നില്ല. എനിക്ക് പഠിക്കാന്‍ വലിയ ആഗ്രഹമായിരുന്നു. എട്ടാം ക്ലാസിന് ശേഷം പഠനത്തിനായി പോകേണ്ടിയിരുന്നത് 20 കിലോമീറ്റര്‍ അപ്പുറത്തുള്ള പെണ്‍കുട്ടികളുടെ സ്‌കൂളിലായിരുന്നു.

എല്ലാവരും എന്റെ പിതാവിനോട് എന്നെ വിവാഹം കഴിപ്പിച്ചയക്കാനാണ് ആവശ്യപ്പെട്ടത്. എന്തിനാണ് ഇത്രയും പഠിപ്പിക്കുന്നതെന്നായിരുന്നു അവരുടെ ചോദ്യം. എന്നാല്‍ തനിക്ക് പറ്റുന്നിടത്തോളം അവളെ പഠിക്കാനയക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെ ഞാന്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി കോളേജില്‍ ചേര്‍ന്നു. അക്കാലമെത്തിയിട്ടും രാവിലെ ഉണര്‍ന്ന് ദൂരങ്ങള്‍ താണ്ടി വെള്ളം കൊണ്ടുവരാന്‍ പോകുന്നതില്‍ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. 

അങ്ങനെ മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരിക്കല്‍ ഒരു എന്‍.ജി.ഒ ഞങ്ങളുടെ ഗ്രാമത്തിലെ ജലക്ഷാമത്തെ പറ്റി പഠിക്കാനും പരിഹരിക്കാനുമായി എത്തി. ഗ്രാമത്തിലെ നാശത്തിന് വക്കിലെത്തിയ ഒരു തടാകത്തെ പുനര്‍ജീവിപ്പിക്കുന്നതിനുള്ള വഴികളാണ് അവര്‍ ഞങ്ങളോട് പറഞ്ഞത്. തടാകത്തിന് ചുറ്റും ഒരു തടയിണ കെട്ടി വെള്ളം സംഭരിക്കാം എന്നായിരുന്നു അവരുടെ ആശയം. അവര്‍ അതിനുള്ള സഹായങ്ങള്‍ നല്‍കാമെന്നും വാഗ്ദാനം ചെയ്തു. എന്നാല്‍ ഗ്രാമത്തിലെ പുരുഷന്‍മാര്‍ എതിരായിരുന്നു. മുമ്പ് പലരും ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കി കടന്നുകളഞ്ഞതിനാല്‍ അവര്‍ക്ക് ആരെയും വിശ്വാസമുണ്ടായിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ സ്ത്രീകള്‍ വളരെ പ്രതീക്ഷയുള്ളവരായിരുന്നു. അത്തരത്തില്‍ ഒന്ന് വന്നാല്‍ ഞങ്ങളുടെ കഷ്ടപ്പാടുകള്‍ക്ക് ഒരു അറുതി വരുമല്ലോ. 

ഒടുവില്‍ തര്‍ക്കം മുറുകിയപ്പോള്‍ ഞാനെന്റെ ശബ്ദമുയര്‍ത്തി. നമുക്ക് ഇത് ചെയ്യാം എന്ന് പറഞ്ഞു. അന്ന് മീറ്റിങില്‍ എത്തിയ എല്ലാ സ്ത്രീകളും എനിക്കൊപ്പം കുളം നിര്‍മിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നു. എന്നാല്‍ പുരുഷന്‍മാര്‍ ഞങ്ങളെ പരിഹസിക്കുകയാണ് ചെയ്തത്. തടയിണ നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങളും മറ്റ് സഹായങ്ങളും എല്ലാം സംഘടന വാഗ്ദാനം ചെയ്തിരുന്നു.

അടുത്ത ദിവസം ആകെ പന്ത്രണ്ട് സ്ത്രീകള്‍ മാത്രമാണ് തടയിണ നിര്‍മ്മിക്കുന്ന സ്ഥലത്ത് എത്തിയത്. എന്നാല്‍ ഞങ്ങള്‍ പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. ഞങ്ങളെല്ലാവരും ചേര്‍ന്ന് ഗ്രാമത്തിലെ വീടുകള്‍ സന്ദര്‍ശിച്ച് സ്ത്രീകളോട് ഞങ്ങള്‍ക്കൊപ്പം വരണമെന്ന് ആവശ്യപ്പെട്ടു. ഒരാഴ്ച ഞങ്ങള്‍ വീടുവീടാന്തരം കയറി ഇറങ്ങി. അങ്ങനെ ഞങ്ങളുടെ എണ്ണം നൂറായി. 

ഞങ്ങളുടെ തടയിണ നിര്‍മാണം ആരംഭിച്ചു. കല്ലുകളും മണ്ണും ഉപയോഗിച്ച് ഭിത്തികെട്ടി പതിയെ തടയിണകള്‍ തുടങ്ങി. ആ കഷ്ടപ്പാടിനിടയിലും ഞങ്ങളുടെ ലക്ഷ്യം തന്നെയായിരുന്നു വലിയ പ്രചോദനം. മഴക്കാലത്തിന് മുമ്പേ പണി പൂര്‍ത്തിയാക്കി. മഴയില്‍ തടാകം ജല സമൃദ്ധമായി. കൂടുതല്‍ ഉള്ള വെള്ളം വെറുതേ ഒഴുകി പാഴായി പോകാതെ തടഞ്ഞത് ഞങ്ങളുടെ തടയിണകളാണ്. 

ഏഴ് മാസം കൊണ്ട് ഞങ്ങള്‍ മൂന്ന് തടയിണകള്‍ നിര്‍മ്മിച്ചു. ആദ്യം നൂറായിരുന്നത് പിന്നീട് ഇരുനൂറും അതിന് മുകളിലേക്കുമായി സഹായിക്കാനെത്തിയവരുടെ എണ്ണം ഉയര്‍ന്നു. അങ്ങനെ തടാകത്തില്‍ വേനലിലും വറ്റാത്ത വെള്ളമെത്തി. അന്ന് ഗ്രാമത്തില്‍ വലിയ ആഘോഷമായിരുന്നു. ബാന്‍ഡ് മേളത്തോടെയാണ് എന്നെ ഗ്രാമവാസികള്‍ സ്വീകരിച്ചത്. അന്ന് എന്നെ എന്തിനാണ് പഠിക്കാന്‍ അയക്കുന്നത് എന്ന് ചോദിച്ചവര്‍ തന്നെ പഠിച്ചത് നന്നായി അല്ലേ എന്ന് പറഞ്ഞ് അഭിനന്ദിച്ചു. 

എനിക്ക് വലിയ അഭിമാനം തോന്നി, എന്റെ അച്ഛന്‍ എന്നെ പഠിക്കാന്‍ അയച്ചതിന്, എന്നെ പിന്തുണച്ചതിന്. വലിയ നന്ദിയാണ് അദ്ദേഹത്തോടുള്ളത്. വിദ്യാഭ്യാസം നാടിനെ മാറ്റിമറിക്കുമെന്ന് അറിഞ്ഞതോടെ മറ്റ് ഗ്രാമവാസികളും അവരുടെ പെണ്‍മക്കളെ ഇപ്പോള്‍ സ്‌കൂളിലയക്കുന്നുണ്ട്. അടുത്തവര്‍ഷം ഞാനെന്റെ ബിരുദം നേടും. ഇനിയും ഗ്രാമത്തിന് വേണ്ടി ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ട്. കാരണം ഞാന്‍ ആ പഴയ ആറ് വയസ്സുകാരിയാണ്. നാല് മണിക്കുണര്‍ന്ന് ഒരു ബക്കറ്റ് ശുദ്ധജലത്തിനായി  ഒരു കിലോമീറ്റര്‍ നടന്ന ആ പെണ്‍കുട്ടി.

Content Highlights: women share her experience about how to survive her village from drought