സ്ത്രീകള്‍ സ്വന്തം കാലില്‍ നില്‍ക്കേണ്ടതിന്റെ ആവശ്യകതയെ ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ് ഈ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ സുരേഷ് സി പിള്ള. സ്ത്രീകള്‍ക്ക് പുതിയൊരു സംരംഭം തുടങ്ങാനുള്ള പ്രചോദനമേകുന്ന കുറിപ്പാണ് ഇത്. തീര്‍ച്ചയായും ഓരോ സ്ത്രീകളും വായിച്ചിരിക്കേണ്ടത്. സോഷ്യല്‍ മീഡിയയിലും വലിയ പ്രതികരണമാണ് ഈ കുറിപ്പ് ഉണ്ടാക്കിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം 

'പെണ്‍കുട്ടികള്‍ സ്വന്തമായി കുറച്ചു പൈസ സ്വരൂപിച്ചു മാറ്റി വയ്ക്കണം, എല്ലാത്തിനും ഭര്‍ത്താവിനെ ആശ്രയിക്കരുത്'
'അതെന്താ, 'പുത്രി'ച്ചേച്ചീ അങ്ങിനെ പറഞ്ഞത്. അദ്ദേഹത്തിനു നല്ല ജോലി ഉണ്ടല്ലോ?'

'എടീ.... അതേ........ നമ്മള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണം, എന്റെ അത്യാവശ്യം കാര്യങ്ങള്‍ ഒക്കെ ഞാനാണ് നോക്കുന്നത്, പശുക്കള്‍ രണ്ടുണ്ട്. അതിന്റെ പാല്‍ക്കാശ് മതി എന്റെ അത്യാവശ്യങ്ങള്‍ നടക്കാന്‍.'
'അറിയുന്ന തൊഴില്‍ ചെയ്യണം, മോളേ....... അതില്‍ അഭിമാന പ്രശ്‌നം ഒന്നും നോക്കേണ്ട കാര്യം ഇല്ല.'

പണ്ടൊക്കെ വീട്ടില്‍ കല്യാണം കഴിഞ്ഞു, ബന്ധുക്കളോ, അച്ഛന്റെയോ അമ്മയുടേയോ സുഹൃത്തുക്കളോ ഒക്കെ കറുകച്ചാലിലെ വീട്ടില്‍ വിരുന്നിനു വരും. അച്ഛനും വിരുന്നിനു വന്ന പുരുഷനും കൂടി ഉമ്മറത്തിരിക്കും. അന്നൊന്നും, വലിയ ആള്‍ക്കാര്‍ സംസാരിക്കുന്നിടത്തു കുട്ടികള്‍ നിന്നു കൂടാ, ഞാന്‍ അടുക്കളയില്‍ ഇരിക്കും. അമ്മയുടെ (അമ്മയുടെ പേര് സാവിത്രി എന്നാണെങ്കിലും, അടുപ്പം ഉള്ളവര്‍ പുത്രിച്ചേച്ചി എന്നാണ് വിളിക്കുന്നത്) സംസാരം കേട്ടുകൊണ്ട്. അടുക്കളയില്‍ കുട്ടികള്‍ ഇരിക്കുന്നതിനു പ്രശ്‌നം ഇല്ല.

അമ്മ ഇതേപോലെ എത്ര പേരോട് പറഞ്ഞിട്ടുണ്ട് എന്നൊന്നും ഓര്‍മ്മയില്ല.പക്ഷെ ഇത് പലപ്പോഴും പലരോടും, പല അവസരങ്ങളിലും പറയുന്നത് കേട്ടിട്ടുണ്ട്.അമ്മ സ്വന്തമായി പൈസ കരുതി വയ്ക്കാന്‍ തുടങ്ങാന്‍ ഒരു കാരണം ഉണ്ട്. അച്ഛനാണ് വീട്ടിലെ വരവു ചെലവ് നോക്കിയിരുന്നത്. അമ്മയ്ക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ അച്ഛനോട് പൈസ ചോദിക്കണം. അപ്പോള്‍ അച്ഛന്റെ മുഖം കറുക്കും. വീട്ടില്‍ ചെറുപ്പത്തില്‍ ഒക്കെ അച്ഛനും അമ്മയും തമ്മില്‍ ഉണ്ടായിട്ടുള്ള ചെറിയ ചെറിയ വഴക്കുകളും, പിണക്കങ്ങളും എല്ലാം പൈസയെ സംബന്ധിച്ചായിരുന്നു. അച്ഛനെയും കുറ്റം പറയാന്‍ പറ്റില്ല, അന്നത്തെ തുച്ഛമായ വരുമാനത്തില്‍ വീട്ടുകാര്യങ്ങള്‍ നടത്തുമ്പോള്‍ ചിലപ്പോളൊക്കെ കയ്യില്‍ ഇല്ലാതിരുന്നിട്ടായിരിക്കണം അമ്മയോട് മുഷിഞ്ഞു പറയേണ്ടി വന്നത്.

അമ്മയാണെങ്കില്‍ അങ്ങേയറ്റത്തെ അഭിമാനി, അങ്ങിനെയാണ്, അമ്മ തനിയെ വരുമാനമാര്‍ഗ്ഗം കണ്ടെത്താന്‍ തുടങ്ങിയത്.ഒരു ചെറിയ പശുക്കിടാവില്‍ തുടങ്ങി, മൂന്നും നാലും പശുക്കള്‍ വരെ ആയി. അമ്മയുടെ ഇഷ്ടമുള്ള സാരി വാങ്ങാനും, മാലയും, വളയും വാങ്ങാനും ഒക്കെ ആ പൈസയാണ് ഉപയോഗിച്ചിരുന്നത്. അച്ഛന്‍ അതിന്റെ കണക്ക് ഒരിക്കലും ചോദിച്ചിരുന്നില്ല. അത് അമ്മയുടെ മാത്രം അവകാശം.ഈ അനുഭവം ഉള്ളതു കൊണ്ട്, അമ്മയെ അറിയുന്ന സ്ത്രീകളോടൊക്കെ അമ്മ ഉപദേശിക്കുമായിരുന്നു, സ്ത്രീകള്‍ സ്വയം പര്യാപ്തമാകണം, ഭര്‍ത്താവിനെ പൈസയ്ക്കായി ആശ്രയിക്കരുത് എന്ന്.

ഇപ്പോളും കാണും ഇങ്ങനെ പൈസയ്ക്കു വേണ്ടി ഭര്‍ത്താവിന്റെ മുന്‍പില്‍ കൈ നീട്ടേണ്ടി വരുന്ന ഹതഭാഗ്യകളായ സ്ത്രീകള്‍.അടിമകളെ പ്പോലെ അടങ്ങി ഒതുങ്ങി ജീവിക്കുന്നവരും ഉണ്ടാവാം.എന്താണ് ചെയ്യേണ്ടിയത് എന്ന് ആലോചിച്ചു വിഷമിക്കുന്നവര്‍ കാണും. അവര്‍ക്കായുള്ളതാണ് ഇത്. 

സ്‌നേഹം ഉള്ള ഭര്‍ത്താവ് ആണെങ്കില്‍ പോലും, ഒരു പ്രാവശ്യം മുഷിഞ്ഞു സംസാരിച്ചാലുണ്ടാവുന്ന മാനസിക സംഘര്‍ഷം ആലോചിക്കാവുന്നതല്ലാ ഉള്ളൂ? സ്വന്തമായി പൈസ ചിലവാക്കാന്‍ സ്വാതന്ത്ര്യം ഇല്ലാത്ത ഈ ഒരു അവസ്ഥ എന്തൊരു വേദനാജനകം ആണ്?

'വീട്ടുജോലിയൊക്കെ നോക്കി, കുട്ടികളുടെ കാര്യവും നോക്കി ഇവിടെ ഇരുന്നാല്‍ പോരെ. ഞാന്‍ സമ്പാദിക്കുന്നില്ലേ?' എന്നൊക്കെ ചോദിക്കുന്നത് പുരുഷന്റെ ഈഗോ ആണെന്നാണ് എന്റെ അഭിപ്രായം. തന്റെ വരുതിയില്‍ നില്‍ക്കാനായി പുരുഷന്‍ പ്രയോഗിക്കുന്ന സൂത്രം. അപ്പോള്‍ എന്താ ചെയ്യാന്‍ പറ്റുക? സ്വന്തമായി ജോലി ചെയ്തു ആവശ്യസാധനങ്ങള്‍ക്കുള്ള പൈസ ഉണ്ടാക്കുക. 

എങ്ങിനെയാണ് സ്വന്തമായി ജോലി ചെയ്യുന്നത്?

നിങ്ങള്‍ പഠിപ്പുള്ള ആളാണെങ്കില്‍ ആ മേഖലയില്‍ കണ്ടെത്താന്‍ പറ്റുന്ന ജോലികള്‍ നോക്കാം. കുറെ നാളായി ജോലി ഇല്ലാതെ ഇരിക്കുക ആണെങ്കില്‍ വേണ്ട ട്രെയിനിങ് ഒക്കെ എടുത്ത് പതിയെ ജോലിയിലേക്ക് വരാം. പുതിയ തൊഴില്‍ മേഖലകള്‍ അന്വേഷിക്കാം. സര്‍ക്കാര്‍ സ്വകര്യ മേഖലകളില്‍ ജോലി കിട്ടാനുള്ള പഠിപ്പ് ഇല്ലാത്തവര്‍ എന്തു ചെയ്യും? അമ്മ ചെയ്തതു പോലെ പശുക്കളെ വളര്‍ത്താന്‍ ഇന്നത്തെ തലമുറയില്‍ പെട്ടവര്‍ക്ക് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം. ചെറിയ ബിസിനസ് സംരംഭങ്ങളോ, സ്വന്തമായി ജോലി ചെയ്യാനുള്ള ഉദ്യമങ്ങളോ (തയ്യല്‍ക്കട) ആകാമല്ലോ? അല്ലെങ്കില്‍ തയ്യല്‍ പഠിച്ചു വീട്ടില്‍ തന്നെ ഇരുന്നു ജോലി ചെയ്യാം. ഇറങ്ങിത്തിരിച്ചാല്‍ പല പല അവസരങ്ങള്‍ കണ്ടെത്താം.

എങ്ങിനെയാണ് ലോണ്‍ കിട്ടുന്നത്?

സംസ്ഥാന ഗവണ്മെന്റിന്റെ The Kerala State Women's Development Corporation (KSWDC) സ്ത്രീകള്‍ക്കായി ഒരുക്കിയിട്ടുള്ള പ്രത്യേകം പദ്ധതികള്‍ ഉണ്ട്. അഞ്ചു മുതല്‍ ആറു ശതമാനം പലിശയ്ക്ക് 5,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെ ലോണ്‍ കിട്ടും. പല തരത്തില്‍ ഉള്ള ലോണുകളെക്കുറിച്ച് അറിയാന്‍ ഇവിടെ നോക്കുക http://www.kswdc.org/loan-scheme/ നോക്കുക.

കൂടാതെ കേന്ദ്ര ഗവണ്മെന്റ് ഉം SBI യും ചേര്‍ന്നു നടത്തുന്ന സ്ത്രീ സംരംഭകര്‍ക്കായുള്ള 'സ്ത്രീശക്തി' എന്ന പേരിലുള്ള ലോണിനെക്കുറിച്ച് ഇവിടെ അറിയാം. https://www.indiafilings.com/.../stree-shakti-package-women-.../ രണ്ടു ലക്ഷം മുതല്‍ 25 ലക്ഷം വരെ ലോണ്‍ കിട്ടും. നിങ്ങളുടെ അടുത്തുള്ള SBI യില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടും.

ഇതല്ലാതെ, നിങ്ങളുടെ അടുത്തുള്ള വനിതാ സഹകരണ സംഘങ്ങളുമായി ഒന്നു സംസാരിച്ചു നോക്കൂ പലതരം ലോണിനുള്ള സാദ്ധ്യതകള്‍ അവര്‍ പറഞ്ഞു തരും. ഒന്നു ശ്രമിച്ചു നോക്കൂ, ചിലപ്പോള്‍ ഭാവിയിലെ വലിയ പേരുകേട്ട ഒരു സംരഭം ആകും നിങ്ങളുടെ. ഒരു കാര്യം കൂടി പറയട്ടെ നല്ല ലാഭകരം ആണ് എന്ന് തോന്നിയാല്‍ എന്ത് ബിസിനസും ചെയ്യാനുള്ള മന:സാന്നിധ്യം ഉണ്ടായിരിക്കണം. എന്നാലെ വിജയം ഉണ്ടാവൂ. 'ഇതെന്റെ നിലക്കും വിലക്കും ഒക്കെ പറ്റിയതാണോ' എന്ന് ആലോചിച്ചു സമയം പാഴാക്കല്ലേ. എല്ലാ ബിസിനസ്സുകള്‍ക്കും അതിന്റേതായ മാന്യത ഉണ്ട്. അല്ലെങ്കില്‍ പണം ആ മാന്യത കൊണ്ടുവന്നു തരും.

IIM,  MBA ചെയ്തിട്ട് ഇഡ്ഡലി ബിസിനസ് ചെയ്യുന്ന ശരത് ബാബുവിനെ കുറിച്ച് കേട്ടിട്ടില്ലേ? ഇന്ന് ശരത് ബാബുവിന്റെ ഇഡ്ഡലി ബിസിനസ് കോടികളുടെ ആസ്തി ഉള്ളതാണ്.

എല്ലാ ജോലിക്കും മാന്യത ഉണ്ട്. ലാഭം ഉള്ള എന്ത് ജോലിയും ചെയ്യാം. സ്ത്രീകള്‍ സ്വയംപര്യാപ്തരാകണം. പൈസയ്ക്ക് വേണ്ടി പുരുഷന്റെ മുന്‍പില്‍ കൈ നീട്ടേണ്ട അവസരം വരുമ്പോള്‍ ആണ് പുരുഷന്‍ തന്റെ അധികാരം കാണിക്കാന്‍ തുടങ്ങുന്നത്.

സ്വന്തം പ്രയത്‌നത്തിലൂടെ കോടീശ്വരി ആയ ആഫ്രിക്കന്‍ അമേരിക്കന്‍ സംരംഭക Madam C.J. Walker (Sarah Breedlove) പറഞ്ഞത് - 'I am a woman who came from the cotton fields of the South. From there I was promoted to the washtub. From there I was promoted to the cook kitchen. And from there I promoted myself into the business of manufacturing hair goods and preparations....I have built my own factory on my own ground.' - Madam C.J. Walker (Sarah Breedlove).

ശ്രമിച്ചാല്‍ നിങ്ങള്‍ക്കും പറ്റിയേക്കും കേരളത്തിലെ ഒരു Madam C.J. Walker (Sarah Breedlove) ആയി മാറാന്‍. ഇനി അത്രയും പറ്റിയില്ലെങ്കിലും സ്വന്തം കാര്യങ്ങള്‍ നോക്കാനും, കുട്ടികളുടെ ഇഷ്ടങ്ങള്‍ സാധിക്കാനും നിങ്ങളുടെ ജോലി കൊണ്ട് സാധിച്ചേക്കാം.

ഒന്ന് ശ്രമിച്ചു നോക്കൂ. ഒന്‍പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള എന്റെ അമ്മ ശ്രമിച്ചു വിജയിച്ചതാണ്. നിങ്ങള്‍ക്കും പറ്റും, ഉറപ്പ്. തീര്‍ച്ചയായും ശ്രമിക്കണം.സ്ലൈഗോ ഇന്‍സ്ടിട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ നാനോ ടെക്‌നോളജി വിഭാഗം ലീഡ് സയന്റിസ്റ്റാണ് ലേഖകന്‍