നിതാ ശിശുവികസന വകുപ്പ് നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നിലനില്‍ക്കുന്ന തെറ്റായ സമീപനങ്ങളെ തിരുത്തുന്ന ഒരു സോഷ്യല്‍മീഡിയ ക്യാംപെയിനിലാണ്. സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് അവര്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകളും പങ്കുവയ്ക്കുന്നുണ്ട്. അവയില്‍ ഈ അടുത്ത് ഏറെ ചര്‍ച്ചയായത് അമ്മയാകണോ വേണ്ടയോ എന്ന തീരുമാനം സ്ത്രീയുടേതാണ് എന്ന വിഷയമായിരുന്നു. അത്തരമൊരു തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പ്രതികരണങ്ങളും പിന്നാലെയെത്തി. അമ്മയാകണോ വേണ്ടയോ എന്ന സ്ത്രീയുടെ തീരുമാനത്തെ നമ്മുടെ സമൂഹം എങ്ങനെയാണ് തെറ്റായി വ്യാഖ്യാനിക്കുന്നതെന്ന് പറയുകയാണ് ഡോ. പി.പി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് 

ഫേസ്ബുക്കും ആപ്പിളും അണ്ഡം ശീതീകരിക്കാന്‍ പണം കൊടുക്കുമ്പോള്‍ ഇവിടെ സംഭവിക്കുന്നതെന്താണ്? 
വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ മാത്രം പിന്നിടുമ്പോള്‍ തന്നെ തുടങ്ങുന്ന 'വിശേഷ'ത്തെക്കുറിച്ചുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ചോദ്യങ്ങള്‍ അഭിമുഖീകരിച്ചിട്ടില്ലാത്ത ദമ്പതികള്‍ കേരളത്തില്‍ കുറവായിരിക്കും. കാലമിത്ര കഴിഞ്ഞിട്ടും അതിനിപ്പോഴും കേരളത്തില്‍ മാറ്റമൊന്നുമില്ല. ഈ ചോദ്യം പേടിച്ചിട്ട് കുടുംബത്തിലെ ചടങ്ങുകളില്‍ പോകാതിരിക്കുന്ന ഒരുപാട് ദമ്പതികളുണ്ട്. നിങ്ങള്‍ക്കൊരു കുഞ്ഞ് വേണമെന്ന് തീരുമാനിക്കുന്നത് അകന്ന ബന്ധത്തിലെ അമ്മായിയാണോ? അതോ അയലത്തെ ചേച്ചിയാണോ? ഇത്തരമൊരു സാമൂഹ്യവ്യവസ്ഥിയിലേക്കാണ് വനിതാ ശിശുവികസന വകുപ്പ് പുതിയൊരു അവബോധപരിപാടിക്ക് തുടക്കമിട്ടിരിക്കുന്നത്. അമ്മയാകണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ സ്ത്രീക്ക് പൂര്‍ണ്ണമായും അവകാശമുണ്ടെന്ന് പറയുമ്പോള്‍ പലരും നെറ്റിചുളിച്ചേക്കാം. 

അതെന്താ ഒരു അച്ഛന്‍ ആകാനുള്ള ഭര്‍ത്താവിന്റെ അവകാശത്തേപ്പറ്റി ആര്‍ക്കും ഒന്നും പറയാനില്ലേ എന്ന്. തീര്‍ച്ചയായും അതും ഗൗരവത്തോടെ എടുക്കേണ്ട വിഷയം തന്നെയാണ്. വിവാഹത്തിന് മുമ്പ് കോഫി ഡേറ്റിംഗ് വേണമെന്ന് ഞാന്‍ മുമ്പൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു. വിവാഹത്തിന് മുമ്പ് സംസാരിക്കാനുള്ള അവസരം ഇപ്പോള്‍ മിക്ക വധൂവരന്മാര്‍ക്കും കിട്ടാറുണ്ട്. അപ്പോള്‍ തീര്‍ച്ചായും സംസാരിക്കേണ്ട ഒരു വിഷയമാണിത്. ഒരു പെണ്‍കുട്ടിക്ക് തനിക്ക് അമ്മയാകാന്‍ ഒരിക്കലും താല്‍പ്പര്യമില്ലെങ്കില്‍ അത് വിവാഹത്തിന് മുമ്പ് പ്രതിശ്രുതവരനോട് തുറന്നുപറയാം. അയാള്‍ക്ക് അതിനോട് താല്‍പ്പര്യമില്ലെങ്കില്‍ ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കാതിരിക്കാന്‍ പൂര്‍ണ്ണസ്വാതന്ത്ര്യം ഉണ്ടല്ലോ.

പെട്ടെന്ന് തന്നെ കുഞ്ഞ് വേണം, അല്ലെങ്കില്‍ കുഞ്ഞ് കുറച്ചുകഴിഞ്ഞിട്ട് മതി എന്നാണ് തീരുമാനമെങ്കില്‍ അതും വധൂവരന്മാര്‍ വിവാഹത്തിന് മുമ്പ് തുറന്ന് സംസാരിച്ചിരിക്കണം. എന്നാല്‍ പെണ്‍കുട്ടികള്‍ ഇക്കാര്യത്തില്‍ ധര്‍മ്മസങ്കടത്തിലാകുന്ന അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്. എനിക്ക് രണ്ട് വര്‍ഷം കഴിഞ്ഞിട്ടുമതി കുഞ്ഞ് എന്ന് ഒരു പെണ്‍കുട്ടി പറഞ്ഞാല്‍ അവളെ തന്റേടിയായിട്ടായിരിക്കും വിലയിരുത്തുന്നത്.  

കുഞ്ഞുങ്ങള്‍ ഇപ്പോള്‍ വേണ്ട എന്ന് തീരുമാനിക്കാന്‍ സ്ത്രീക്ക് പല കാരണങ്ങളുമുണ്ടാകാം. ആരോഗ്യപ്രശ്നങ്ങളാകാം, അല്ലെങ്കില്‍ കരിയറാകാം, ചിലപ്പോള്‍ അവള്‍ മാനസികമായി അതിന് തയാറെടുത്തിട്ടുണ്ടാകില്ല. സ്ത്രീകള്‍ കരിയറിന് പ്രാധാന്യം നല്‍കുന്നത് കുഞ്ഞുണ്ടാകാന്‍ വൈകിപ്പിക്കുന്നത് അംഗീകരിക്കാന്‍ പറ്റുന്ന ഒരു സമൂഹമല്ല നമ്മുടേത്. പുരുഷന്മാര്‍ തങ്ങളുടെ കരിയറിന് കൊടുക്കുന്ന പ്രധാന്യം സ്ത്രീയുടെ കാര്യത്തിലാകുമ്പോള്‍ നെറ്റിചുളിക്കുന്നത് എന്തിനാണ്? 

സാധാരണഗതിയില്‍ കുഞ്ഞ് ഉണ്ടായതുകൊണ്ട് പുരുഷന്റെ കരിയറിന് ഒരു തടസുവുമുണ്ടാകാറില്ല. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ അങ്ങനെയല്ല. ചലഞ്ചിംഗ് ആയ പല കരിയര്‍ മേഖലകളിലും കുഞ്ഞുണ്ടായിക്കഴിഞ്ഞാല്‍ അതുവരെ അവള്‍ പൊരുതിനേടിയത് അവള്‍ക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടേക്കാം. അവള്‍ കാത്തിരുന്ന ഒരു പദവിയുടെ അടുത്തെത്തിക്കഴിയുമ്പോഴായിരിക്കാം ഗര്‍ഭിണിയാകുന്നത്. അതോടെ അവള്‍ കൊതിച്ചത് അവളേക്കാള്‍ കഴിവോ പ്രാപ്തിയോ ഇല്ലാത്ത മറ്റൊരാള്‍ക്ക് സ്വന്തമാകാം. 

അങ്ങനെ പറഞ്ഞാല്‍ പെണ്ണിന്റെ പ്രായം കടന്നുപോയാല്‍ പിന്നെ അമ്മയാകാന്‍ പറ്റുമോ? അതുപറഞ്ഞാണ് പലരും ദമ്പതികളെ ഭയപ്പെടുത്തുന്നത്. അതുകൊണ്ടാണ് ആപ്പിളും ഫേസ്ബുക്കും വനിതാ ജീവനക്കാര്‍ക്ക് തങ്ങളുടെ അണ്ഡം ശീതീകരിച്ചു സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള ചെലവ് വഹിക്കുന്നത്. അങ്ങനെ ശീതീകരിച്ച് വര്‍ഷങ്ങള്‍ അണ്ഡം സൂക്ഷിക്കാം. അവര്‍ക്ക് വേണമെന്ന് തോന്നുമ്പോള്‍ അത് ഉപയോഗിച്ച് അമ്മയാകാം. എത്രമാത്രം കരുതലാണ് ഈ കമ്പനികള്‍ അവരുടെ സ്ത്രീജീവനക്കാര്‍ക്ക് കൊടുക്കുന്നത്. കേരളത്തിലും ഇത്തരത്തില്‍ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാന്‍ പലരും തുടങ്ങിയിട്ടുണ്ടെന്നത് ഒരു മാറ്റത്തിന്റെ സൂചനയാണ്.   മാനസികമായി ഒരുക്കമില്ലാതെ ഒരു സ്ത്രീ അമ്മയായാല്‍ അവള്‍ക്ക് എങ്ങനെയാണ് ആ കുഞ്ഞിനെ മനസുകൊണ്ട് സ്വീകരിക്കാനും സ്നേഹിക്കാനും പറ്റുന്നത്? അതുകൊണ്ട് അവളുടെ മനസ് ആഗ്രഹിക്കുമ്പോള്‍ അവള്‍ അമ്മയാകട്ടെ.

Content Highlights: Women and child development dept Kerala challenge society with the questions of taboos against women