വൈവാഹിക ജീവിതത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ അത് അത് സമാധാനത്തെ നിരന്തരം തകര്‍ക്കുന്നതാണെങ്കില്‍ വേര്‍പിരിയലാണ് ഉചിതം. അത്തരത്തില്‍ ശാരീരികവും മാനസികവുമായ പീഡനം നേരിട്ട ഒരു യുവതി പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ശാരീരിക മര്‍ദനം പതിവായിട്ടും ആ ജീവിതത്തില്‍ നിന്നും മോചനം ലഭിക്കാന്‍ കാലതാമസമെടുത്തതിനേക്കുറിച്ചും ഇന്നും ആ ആഘാതം തന്നെ പിന്തുടരുന്നതിനെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് യുവതി. ജീവിതം ഒരു പരീക്ഷണത്തിന് വെക്കേണ്ടതല്ലെന്ന പാഠമാണ് യുവതി കുറിപ്പിലൂടെ പങ്കുവെക്കുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെ പേജിലൂടെയാണ് കുറിപ്പ് പുറത്തു വന്നിരിക്കുന്നത്.

കുറിപ്പിലേക്ക്...

വിവാഹത്തിന് മുമ്പ് മൂന്നു വട്ടമാണ് ഞങ്ങള്‍ കണ്ടത്. ഫിറ്റ്‌നസിലും നാടകത്തിലും സജീവ പങ്കാളിത്തമുണ്ടായിട്ടും എന്തുകൊണ്ടാണ് എന്റെ ശരീരത്തിന്റെ താഴ്ഭാഗം തടിച്ചിരിക്കുന്നത് എന്നാണ് ആദ്യകാഴ്ച്ചയില്‍ ചോദിച്ചത്. അതെന്നെ പരിഭ്രാന്തയാക്കിയിരുന്നെങ്കിലും ഞാന്‍ അമിതമായി ചിന്തിച്ചിരുന്നില്ല. രണ്ടുമാസം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ വിവാഹനിശ്ചയം നടന്നു, വൈകാതെ വിവാഹവും കഴിഞ്ഞു. 

രണ്ടാമത്തെ താക്കീത് ലഭിക്കുന്നത് ഒരു സംക്രാന്തി സമയത്താണ്. അദ്ദേഹത്തിന്റെ അമ്മ എന്നെ വിളിച്ച് പണം അയക്കാത്തതിന് ചീത്തവിളിട്ടു. ആ രാത്രിയിലാണ് അയാളിലെ ക്രൂരമുഖം ഞാന്‍ ആദ്യമായി കാണുന്നത്. എന്റെ അമ്മയെ വിളിച്ച് ഫോണ്‍ ഓണ്‍ ആക്കി വച്ചതിനുശേഷമായിരുന്നു ചീത്തവിളിക്കുന്നത്. അപ്പോള്‍ അമ്മയ്ക്ക് എല്ലാം കേള്‍ക്കാന്‍ കഴിയുമല്ലോ. ഞങ്ങളെ പീഡിപ്പിക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം. 

ഒരുമാസം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ വീട്ടില്‍വച്ച് ബാല്യകാലസുഹൃത്തിനൊപ്പം ബന്ധം സ്ഥാപിച്ച് എന്നെ വഞ്ചിക്കുന്നത് നേരില്‍പ്പിടിച്ചു. അത് അയാളുടെ വീട്ടുകാരോട് പറയരുതെന്ന് പറഞ്ഞ് യാചിക്കുന്നുണ്ടായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ പിന്നീടുള്ള മൂന്നു ദിവസം എനിക്കുറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. 

അധികം വൈകാതെ എന്നെയൊളിപ്പിച്ച് സന്ദേശങ്ങള്‍ അയക്കുന്നതും കണ്ടു, അവയെന്താണെന്ന് കാണിക്കാന്‍ പറഞ്ഞപ്പോള്‍ കുറഞ്ഞത് മുപ്പതു തവണയെങ്കിലും എന്നെ അടിക്കുകയും വയറില്‍ തൊഴിക്കുകയും ചെയ്തു. ആ വഴക്കിനു ശേഷം പിന്നീട് ആഴ്ച്ചകളോളം ഞങ്ങള്‍ സംസാരിച്ചിരുന്നില്ല. 

TW: domestic abuse “We met thrice before marriage. The first time we met, he asked why my lower body was ‘heavy’...

Posted by Humans of Bombay on Tuesday, November 17, 2020

ഷോപ്പിങ്ങിന് വേണ്ടി പുറത്തുപോയ ഒരു ദിവസം വീട്ടിലേക്കുള്ള അലങ്കാരവസ്തുക്കള്‍ വാങ്ങാന്‍ പോകുന്നുവെന്നു പറഞ്ഞ എന്നെ നടുറോട്ടില്‍ വച്ച് ചീത്തവിളിക്കാന്‍ തുടങ്ങി. വീട്ടിലെത്തിയ ഉടന്‍ എന്നെ കൊല്ലാന്‍ ശ്രമിച്ചു. ഞാന്‍ ബോധരഹിതയാകുന്നതുവരെ കഴുത്തുപിടിച്ചു ഞെരിച്ചു. താനെന്താണ് ചെയ്തതെന്നു മനസ്സിലായപ്പോള്‍ നാടകം കാണിക്കേണ്ടെന്നു പറഞ്ഞ് അയാള്‍ പോയി. ശേഷം എന്റെ മാതാപിതാക്കളെ വിളിച്ച് വീട്ടിലേക്ക് കൊണ്ടുപൊയ്‌ക്കൊള്ളാനും ഇല്ലെങ്കില്‍ എന്നെ മര്‍ദിക്കുമെന്നും പറഞ്ഞു. 

എന്റെ വീട്ടുകാര്‍ക്ക് അന്നുവരെ ഞങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല. അവര്‍ ഭര്‍ത്താവിനോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ അരികിലുണ്ടായിരുന്ന വാട്ടര്‍ബോട്ടില്‍ എടുത്ത് അച്ഛന്റെ നേര്‍ക്കെറിഞ്ഞു. പിന്നീടുള്ള കുറച്ചുദിവസം ഞാന്‍ മാതാപിതാക്കള്‍ക്കൊപ്പം പോയി നിന്നു, പക്ഷേ വീണ്ടും തിരിച്ചുവന്നു. കാരണം ഉപേക്ഷിക്കുക പ്രയാസമായിരുന്നു. 

പക്ഷേ വീണ്ടും അയാള്‍ എനിക്കു നേരെ വധഭീഷണി മുഴക്കി. എന്റെ അമ്മാവന്‍ ഞങ്ങളുടെ വീട്ടില്‍ നിന്ന ഒരു ദിവസമായിരുന്നു അത്. എന്റെ തല ചുമരിനോട് ചേര്‍ത്തുനിര്‍ത്തി, കത്തി ഉയര്‍ത്തി. ഞാന്‍ അയാളുടെ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നു പറഞ്ഞായിരുന്നു അത്. അതോടെ അവസാനമായെന്ന് എനിക്ക് മനസ്സിലായി. അമ്മയെ വിളിച്ച് ഞാന്‍ വീട്ടിലേക്ക് വരികയാണെന്നു പറഞ്ഞു. ഒരു ജോലിക്കു വേണ്ടിയുള്ള അഭിമുഖം ചെയ്യുന്നതിനിടെ എന്നെ ചീത്തവിളിച്ച അന്നാണ് ഞാന്‍ ആ വീടുവിട്ടിറങ്ങിയത്. അത് പ്രധാന കോളായിരുന്നതിനാല്‍ എന്നെ ശല്യം ചെയ്യരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ ടി.വിയുടെ മെയിന്‍ സ്വിച്ച് ഓണായിക്കിടന്നതിന്റെ പേരില്‍ വീട് നോക്കിനടത്താന്‍ അറിയില്ലെന്നു പറഞ്ഞായിരുന്നു അന്നത്തെ പ്രശ്‌നം. അങ്ങനെ ഞാന്‍ വിവാഹമോചനത്തിനും കേസ് ഫയല്‍ ചെയ്യുകയും ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും ഞാന്‍ അമിത ഉത്കണ്ഠാകുലയായിരുന്നു. ഏതെങ്കിലും ചെറിയ പ്രശ്‌നങ്ങള്‍ ഓര്‍ക്കുമ്പോഴേക്കും തകര്‍ന്നുപോവും. ഉറക്കത്തില്‍ വിറക്കുമായിരുന്നു. ഏതാണ്ട് രണ്ടുവര്‍ഷത്തോളം ഇതായിരുന്നു എന്റെ ജീവിതം. 

പക്ഷേ ഇത് ഇന്നലെ സംഭവിച്ചതുപോലെയാണ് തോന്നുന്നത്, ഇപ്പോഴും ആ ആഘാതത്തില്‍ നിന്നും ഞാന്‍ കരകയറിയിട്ടില്ല. ക്രമേണ എന്റെ സുഹൃത്തുക്കള്‍ തെറാപ്പി സെഷന് പ്രേരിപ്പിക്കുകയും ഫിറ്റ്‌നസ് ക്ലാസ്സുകളിലും ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇപ്പോഴും ചിലപ്പോഴൊക്കെ എന്തുകാര്യം ചെയ്യുമ്പോഴും പൂര്‍ണ ശ്രദ്ധ നല്‍കാന്‍ കഴിയാറില്ല. എനിക്ക് പ്രതീക്ഷയുണ്ട്, ഞാന്‍ സ്‌നേഹം കണ്ടെത്തുകയും ചെയ്യും, പക്ഷേ അതിലേക്ക് എന്നെ ഉണര്‍ത്താന്‍ ഇനിയും സമയം വേണം. മുറിവുകള്‍ ഉണക്കുക എന്നത് അത്ര മനോഹരമല്ല, പക്ഷേ അത് അത്യാവശ്യമാണ്. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ എനിക്ക് ചെയ്യേണ്ടതെന്തോ അതാണ് ഞാനിപ്പോള്‍ ചെയ്യുന്നത്.

Content Highlights: Woman shares story about surviving domestic violence