വിവാഹിതയാകുമ്പോള്‍ അന്ന് 19 വയസ്സായിരുന്നു എന്റെ പ്രായം. ആറുമാസത്തെ ഡേറ്റിങ്ങിന് ശേഷം ഞാന്‍ മനസ്സിലുറപ്പിച്ചു എന്റെ ജീവിതത്തിലെ പ്രണയത്തെ. എന്റെ വീട്ടുകള്‍ക്ക് താത്പര്യമില്ലായിരുന്നു. എങ്കിലും എന്റെ ഇഷ്ടത്തിന് വേണ്ടി അവര്‍ വിവാഹം ഗംഭീരമായി തന്നെ നടത്തിത്തന്നു; എന്റെ സന്തോഷത്തിന് വേണ്ടി. 

ആദ്യത്തെ മാസങ്ങള്‍ എല്ലാം തന്നെ സന്തോഷകരമായിരുന്നു. എന്നാല്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ അമ്മായിയമ്മ എന്നോട് വഴക്കിടാനാരംഭിച്ചു. ഞാന്‍ ആവശ്യത്തിന് സ്ത്രീധനം കൊണ്ടുവന്നില്ലെന്നാരോപിച്ചായിരുന്നു അവരുടെ വഴക്കിടല്‍. എന്നാല്‍ അവര്‍ക്കൊപ്പം എന്റെ ഭര്‍ത്താവ് കൂടി ചേര്‍ന്ന് എന്നോട് വഴക്കാരംഭിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ആറുമാസങ്ങള്‍ക്കുള്ളില്‍ എന്റെ ഭര്‍ത്താവ് എന്നെ മര്‍ദിക്കാന്‍ തുടങ്ങി. ഞാനാകെ മരവിച്ചുപോയി. എന്റെ മാതാപിതാക്കളോട് ഇതേക്കുറിച്ച് സംസാരിക്കണമെന്ന് എനിക്ക് തോന്നി. പക്ഷേ, ഞാന്‍ ഒന്നും പറഞ്ഞില്ല. 

ഒരു മാസത്തിന് ശേഷം ഞാന്‍ അറിഞ്ഞു. ഞാനൊരു അമ്മയാകാന്‍ പോവുകയാണെന്ന്. എന്റെ മകള്‍ ദേവിക. അവളുടെ ജനനം ആയിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായം. അവളെ എന്റെ ഭര്‍ത്താവ് അവഗണിച്ചത് എനിക്ക് മറക്കാനാവില്ല. അവളുടെ കുഞ്ഞിക്കണ്ണുകളെയും തിളക്കമുള്ള ചിരിയെയും അയാള്‍ അവഗണിച്ചു. 

അങ്ങനെയൊരു സാഹചര്യത്തില്‍ എന്റെ മകള്‍ക്ക് ഞാന്‍ എന്റെ ജീവിത്തില്‍ മുന്‍ഗണന കൊടുത്തു. അവള്‍ക്ക് ഏറ്റവും മികച്ചത് നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചു. അതിനാല്‍ തന്നെ അവള്‍ ജനിച്ച് രണ്ടുമാസം പിന്നിട്ടപ്പോള്‍ തന്നെ ഞാന്‍ ജോലിക്ക് പോയിത്തുടങ്ങി. 

മേക്കപ്പ് ആര്‍ട്ടിസ്റ്റായി ഫ്രീന്‍ലാന്‍സ് ജോലികളാണ് ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. എനിക്കുള്ള എല്ലാ ബുക്കിങ്ങുകളും ഏറ്റെടുക്കാന്‍ ഞാന്‍ കഠിനമായി പരിശ്രമിച്ചു. ഏതെങ്കിലും ദിവസം ഏതെങ്കിലും ബുക്കിങ് കാന്‍സലായാല്‍ എന്റെ ഭര്‍ത്താവ് എന്നെ അധിക്ഷേപിക്കാന്‍ തുടങ്ങി. എന്നിട്ടും ഞാന്‍ പ്രതികരിച്ചില്ല. ഒരു പ്രണയവിവാഹം ആയിരുന്നതിനാല്‍ തന്നെ സമൂഹം എന്തുപറയും എന്ന ഭയമായിരുന്നു എനിക്ക്. 

അങ്ങനെ രണ്ടുവര്‍ഷം പിന്നിട്ടു. ഒരു ദിവസം ഒരു ഗ്യാസ് സ്റ്റൗ വാങ്ങാന്‍ ഭര്‍ത്താവിനോട് ഞാന്‍ 1500 രൂപ ചോദിച്ചു. കടുത്ത മര്‍ദനമായിരുന്നു തിരിച്ചുകിട്ടിയത്. എന്റെ മകളുടെ മുന്നില്‍ വെച്ച് ഒരു മൃഗത്തെയെന്ന പോലെ അയാള്‍ എന്നെ തല്ലി. 

2018 ജൂലായിലായിരുന്നു അത്. രാത്രിയും വന്ന് അയാള്‍ എന്നെ മര്‍ദിക്കുന്നത് തുടര്‍ന്നു. അടിയേറ്റ് എന്റെ കര്‍ണപുടം പൊട്ടി. മോണ വീര്‍ത്തു. മുഖം വിങ്ങി. സഹായത്തിനായി അലറി വിളിച്ച് എന്റെ തൊണ്ട പോലും പതറി. പക്ഷേ, അയാളുടെ മാതാപിതാക്കള്‍ അതെല്ലാം കേട്ടില്ലെന്ന് നടിച്ചു. 

ആ രാത്രി ഞാന്‍ ടെറസില്‍ പോയിരുന്ന് ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു. പക്ഷേ, എന്റെ മകള്‍ ദേവികയുടെ ചിരിക്കുന്ന മുഖം എന്റെ കണ്‍മുന്നില്‍ വന്നു. അങ്ങനെ ഞാന്‍ എന്റെ അമ്മയെ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞു. എന്നാല്‍ ധൈര്യമായി വീട്ടിലേക്ക് വരൂ എന്നായിരുന്നു എന്റെ അമ്മയുടെ വാക്കുകള്‍. എല്ലാം ശരിയാക്കാം എന്നും അമ്മ പറഞ്ഞു. അത് എനിക്ക് കൂടുതല്‍ ധൈര്യം പകര്‍ന്നു. അങ്ങനെ ഞാന്‍ അവിടെ നിന്ന് ഇറങ്ങി ഭര്‍ത്താവിനെതിരെ പരാതി നല്‍കി. 

എന്നെയും എന്റെ മകളെയും അയാളില്‍ നിന്ന് രക്ഷിക്കണമെങ്കില്‍ ഇക്കാര്യം ചെയ്‌തേ പറ്റൂ എന്ന് ഞാന്‍ കരുതി. അങ്ങനെ വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തു; നേടി. 

പക്ഷേ, മൂന്നു വര്‍ഷത്തിനുള്ളില്‍ അയാള്‍ എന്നെ ശാരീരികമായും മാനസികമായും വൈകാരികമായി പീഡിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ ഏതാനും മാസം ഞാന്‍ വിഷാദബാധിതയായിരുന്നു. അതില്‍ നിന്ന് എന്നെ രക്ഷിച്ചത് എന്റെ മകളായിരുന്നു. ഇപ്പോള്‍ മൂന്ന് വയസ്സാണ് അവള്‍ക്ക്. ആ പ്രായത്തിലും അവള്‍ എന്നെ മനസ്സിലാക്കുന്നു. ഞാന്‍ തളര്‍ന്നുപോകുന്നു എന്ന് എനിക്ക് തോന്നുമ്പോള്‍ അവള്‍ എന്നെ നോക്കി നിഷ്‌കളങ്കമായി പുഞ്ചിരിക്കുകയും കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയും ചെയ്യും. 

അങ്ങനെ ഞാന്‍ വീണ്ടും എന്റെ ജീവിതത്തില്‍ ഒരു പങ്ക് എന്റെ ജോലിക്കായി മാറ്റിവെച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ ഒരുപാട് ദൂരം സഞ്ചരിച്ചുകഴിഞ്ഞു. മേക്കപ്പ് ജോലിയുടെ മേഖലയെക്കുറിച്ച് എനിക്കിന്ന് നന്നായി അറിയാം. അടുത്ത മാസം ഞാന്‍ എന്റെ സ്വന്തം സലൂണ്‍ തുടങ്ങാന്‍ പോവുകയാണ്. 

TW: abuse and suicide “I was 19 when I got married. After dating for 6 months, I was convinced that he was the love of...

Posted by Humans of Bombay on Tuesday, April 13, 2021

ശബ്ദമുയര്‍ത്തി സംസാരിക്കാന്‍ ഭയക്കുന്ന അന്നത്തെ 19 കാരി നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടിയല്ല ഇന്ന ഞാന്‍. ഇന്ന്, ക്യൂട്ടായ ഒരു മകള്‍ ഉള്ള 25 വയസ്സുകാരിയായ ഒരു സിംഗിള്‍ മദര്‍ ആണ് ഞാന്‍. അനീതിക്കെതിരെ ശബ്ദമുയര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എനിക്കിന്ന് അറിയാം. അങ്ങനെ ഉറച്ച ശബ്ദമുള്ള ഒരു പെണ്‍കുട്ടിയായി ഞാന്‍ എന്റെ മകളെ വളര്‍ത്തും. 

Content Highlights: woman shares her experience on dowry, Women