ഗ്രഹിച്ച, സ്വപ്നം കണ്ട ലക്ഷ്യം നേടാൻ കഠിനമായി പരിശ്രമിച്ചാൽ തടസ്സങ്ങളൊന്നും ഉണ്ടാവില്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്. മുംബൈ സ്വദേശിനിയായ രജനി തന്നയും തന്റെ ജീവിതത്തിലൂടെ കാണിച്ചു തരുന്നത് അതാണ്. 61-ാം വയസ്സിൽ നേടിയ പിഎച്ച്ഡി. ജീവിത്തിലെ തിരക്കുകൾക്കിടയിലൂടെ തന്റെ സ്വപ്നത്തിലേക്കുള്ള യാത്രയെ പറ്റി രജനി പങ്കുവയ്ക്കുകയാണ്, ഹ്യൂമൻസ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജിലൂടെ

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

അച്ഛന്റെ മരണ ശേഷം വീട്ടിലെ കാര്യങ്ങൾ നോക്കേണ്ടത് എന്റെ ചുമതലയായിരുന്നു. അതുകൊണ്ട് തന്നെ പതിനെട്ടാം വയസ്സുമുതൽ ഞാൻ പലതരം ജോലികൾ ചെയ്തുതുടങ്ങി. ഇതിനിടയിലായായിരുന്നു പഠനവും. 26-ാം വയസ്സിലാണ് ഞാനെന്റെ ഡിഗ്രികളെല്ലാം പൂർത്തിയാക്കിയത്. ഈ സമയത്ത് വീട്ടുകാർ എനിക്ക് വിവാഹാലോചനകൾ കൊണ്ടുവന്നിരുന്നു. അങ്ങനെ നേവിയിൽ ഉദ്യോഗസ്ഥനായ ജഗദീഷുമായി വിവാഹവും കഴിഞ്ഞു. അദ്ദേഹം മാസങ്ങളോളം കപ്പലിലായിരിക്കും. മക്കളും, ജോലിയും, വീടും എല്ലാം എനിക്ക് തനിയെ നോക്കേണ്ടി വന്നു. പല ദിനങ്ങളും കടന്നുപോയതിനെ പറ്റിപോലും ഓർമയില്ല, അത്ര തിരക്കേറിയതായിരുന്നു ജീവിതം. തിരക്കില്ലാത്ത ഒരു ജീവിതത്തെ പറ്റി എനിക്ക് ചിന്തിക്കാൻ കഴിയുമായിരുന്നില്ല.

മക്കൾ വളർന്ന് പഠനത്തിനായി വിദേശത്തേക്ക് പോയതോടെ പതിയെ ഒറ്റപ്പെടൽ അനുഭവപ്പെട്ടു തുടങ്ങി. ശരിക്കും എംപ്റ്റി നെസ് സിൻഡ്രോം തന്നെ. ഈ സമയത്ത് ഞാൻ ഒരു സ്കൂളിൽ പ്രിൻസിപ്പാളായി ജോലി ചെയ്യുകയായിരുന്നു. വീടും സ്കൂളും എന്ന ലോകം എന്നെ പതിയെ മടുപ്പിച്ചിരുന്നു. വേറെ എന്തെങ്കിലുമൊന്ന് ചെയ്യണമെന്ന ആഗ്രഹമായി. പഠനം തുടർന്നാലോ എന്ന് ഭർത്താവിനോട് ചോദിച്ചപ്പോൾ അദ്ദേഹം ഫുൾ സപ്പോർട്ട്.

അങ്ങനെ 54 കാരിയായ ഞാൻ മാസ്റ്റേഴ്സ് ഡിഗ്രി എടുക്കാനായി ഇറങ്ങി. പ്രിൻസിപ്പാളായ ഞാൻ വീണ്ടും കുട്ടിയായി. എന്റെ ക്ലാസിൽ എല്ലാവരും ഇരുപതുകൾ അടിച്ചുപൊളിക്കുന്നവരായിരുന്നു. അവരെന്നെ സ്നേഹപൂർവ്വം സ്വീകരിച്ചു. എന്നെ 'LOL' എന്ന് പറയാൻ വരെ പഠിപ്പിച്ചു. വീണ്ടും ക്ലാസ്മുറിയിലെത്തിയ എന്റെ അനുഭവം ശരിക്കും 'LOL' എന്ന പ്രയോഗം തന്നെയായിരുന്നു. ഓരോദിവസവും പുതിയ കാര്യങ്ങൾ പഠിച്ചു. ഫൈനൽ ഇയറിലെ പ്രസന്റേഷൻ പോലും പുതിയ പാഠമായിരുന്നു.

ജഗദീഷ് എല്ലാക്കാര്യങ്ങൾക്കും ഒപ്പം നിന്നു. രാവിലെ ആറ് മണിമുതൽ കോളേജിൽ എന്നെ കൊണ്ടുപോയി ആക്കുന്നതു വരെ ഞങ്ങൾ ഒന്നിച്ചുണ്ടാവും. വീണ്ടും കോളേജിൽ പഠിക്കുന്നതിന്റെ അതേ സന്തോഷം ഞങ്ങൾ അനുഭവിച്ചു. പ്രോജക്ട് പ്രസന്റേഷനും ജഗദീഷായിരുന്നു എല്ലാ സഹായവുമായി ഒപ്പം നിന്നത്. എന്നാൽ പ്രോജക്ട് അവതരിപ്പിക്കുന്ന ദിനം അദ്ദേഹം ഒപ്പമുണ്ടായിരുന്നില്ല. അതിന് ഒരാഴ്ചമുമ്പ് ലോകത്ത് എന്നെ തനിച്ചുവിട്ട് ജഗദീഷ് പോയിരുന്നു. പ്രോജക്ട് പ്രസന്റേഷന് എല്ലാവരും കൈയടിക്കുമ്പോൾ 37 വർഷം മുമ്പുള്ള എന്നെ ഓർമ്മവന്നു. അന്ന് ഞാനെന്റെ ഡിഗ്രി അവസാനവർഷത്തിലായിരുന്നു. അച്ഛൻ മരിച്ചത് ആ സമയത്താണ്.

ജഗദീഷിന്റെ മരണശേഷം എന്റെ ലോകം മൊത്തം തകിടം മറിഞ്ഞു. എന്നാൽ എന്റെ സഹപാഠികൾ എന്നെ വെറുതേ വിടാൻ തയ്യാറായില്ല. അവർ എനിക്കുവേണ്ടി നോട്ടുകളെഴുതി, പഠിക്കാനും ക്ലാസിൽ ചെല്ലാനും പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ജഗദീഷും ഞാനും ഒന്നിച്ചു തുടങ്ങിയതിനെ പാതിവഴിയിൽ ഉപേക്ഷിക്കാൻ എനിക്കു മനസ്സു വന്നില്ല. മാസ്റ്റേഴ്സിൽ നല്ല മാർക്ക് ലഭിച്ചതോടെ പിഎച്ച്ഡി ചെയ്യാനായി എന്റെ പ്ലാൻ.

വിദ്യാർത്ഥി ജീവിതത്തിലേക്കുള്ള തിരിച്ചു പോകലായിരുന്നു അത്. വീണ്ടും ഹോസ്റ്റൽ ജീവിതം ജയ്പൂരിലേക്കുള്ള യാത്രകൾ, മെസ്സിലെ ഭക്ഷണം, ടീ ബ്രേയ്ക്കുകൾ, വെളുപ്പിനെ രണ്ട് മണിക്കുള്ള മാഗി തീറ്റ... ഞാൻ എന്റെ വിദ്യാർത്ഥികളിൽ നിന്ന് കേട്ടു മാത്രം പരിചയിച്ച കാര്യങ്ങളിൽ ജീവിക്കുകയായിരുന്നു അപ്പോൾ മുതൽ. തീസിസ് എഴുത്തും റഫറെൻസ് എടുക്കലുമെല്ലാമായി കൈയിൽ നീര് വരെ വന്നു. എങ്കിലും ആ വേദനയൊക്കെ ഞാൻ മറക്കുക തന്നെ ചെയ്തു.

61-ാം വയസ്സിൽ അങ്ങനെ ഞാൻ പിഎച്ച്ഡി നേടി. എന്റെ നെയിം ബോർഡിൽ ഡോ. രജനി എന്ന് എഴുതിച്ചേർത്തു. ഞാനിപ്പോൾ എന്റെ സുഹൃത്തുക്കൾക്കൊപ്പം ഐസ്ക്രീം കഴിച്ച് ആഘോഷിക്കുകയാണ്, എന്റെ പിഎച്ച്ഡി നേട്ടം.

Content Highlights:woman share her success story about achieve a doctorate degree in her sixties