സ്വന്തമായി സമ്പാദിക്കുന്നുണ്ടെങ്കിലും കൃത്യമായി സാമ്പത്തികാസൂത്രണം നടത്തുന്ന എത്ര സ്ത്രീകളുണ്ട് നമുക്ക് ചുറ്റും? സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം നേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഹ്യുമൻസ് ഓഫ് ബോംബെ പേജിൽ എഴുതിയ ഒരു കുറിപ്പ് വായിക്കാം.

ഠിക്കുന്ന കാലത്ത് ഒരു ഡോക്ടറാകാനായിരുന്നു എന്റെ ആഗ്രഹം. എന്നാൽ ജീവിതം നമ്മൾ കരുതുന്ന പോലെ അല്ലല്ലോ മുന്നോട്ടുപോവുക. ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ അച്ഛന് സ്ട്രോക്ക് ഉണ്ടായി. ഓർമശക്തി പകുതിയോളം നഷ്ടപ്പെട്ട് ശരീരത്തിന്റെ പാതി തളർന്ന് അദ്ദേഹം കിടപ്പിലായി. അച്ഛൻ മാത്രമായിരുന്നു ജോലിക്ക് പോയിരുന്നത്. വീട്ടമ്മയായിരുന്ന അമ്മയ്ക്ക് ഞങ്ങളുടെ സാമ്പത്തികാവസ്ഥയെക്കുറിച്ചൊന്നും അറിവില്ലായിരുന്നു. വല്ലപ്പോഴും ഒന്നോ രണ്ടോ ചെക്കിൽ ഒപ്പിടുമെന്നല്ലാതെ അമ്മയ്ക്ക് സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു.

അച്ഛന്റെ സമ്പാദ്യങ്ങളെക്കുറിച്ചറിയാൻ ഞങ്ങൾ ബാങ്കുകൾ തോറും കയറിയിറങ്ങിക്കൊണ്ടിരുന്നു. അത് വല്ലാത്ത ഒരു അവസ്ഥയായിരുന്നു. പക്ഷേ, അതോടെ എനിക്കൊരു കാര്യം പിടികിട്ടി; സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം നേടിയേ തീരൂവെന്ന്.

ചില നല്ലയാളുകൾ ഞങ്ങളെ സഹായിച്ചു. എന്നാൽ ചിലർ ഞങ്ങളുടെ നിസ്സഹായാവസ്ഥ  മുതലെടുക്കാൻ നോക്കി. ചിലർ ഞങ്ങളോട് രാജസ്ഥാനിലേക്ക് തന്നെ തിരിച്ചുപോകാൻ ഉപദേശിച്ചു. പക്ഷേ, ഞങ്ങൾ മുംബൈക്കാർക്ക് ഇവിടം ഉപേക്ഷിച്ച് അങ്ങനെയങ്ങ് പോകാനാകുമോ? ഞങ്ങൾ പിടിച്ചുനിന്നു.

ഏറെക്കാലം ഇങ്ങനെ പോകാനാവില്ലെന്ന് എനിക്ക് മനസ്സിലായി. അതോടെ ഞാൻ എന്റെ ഡോക്ടർ മോഹം ഉപേക്ഷിച്ചു. കൊമേഴ്സിൽ ഉപരിപഠനം നടത്തി. ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് ആവുകയെന്ന പുതിയ ലക്ഷ്യം എനിക്ക് മുന്നിലെത്തി.

ആർട്ടിക്കിൾഷിപ്പിന്റെ ആദ്യ വർഷത്തിൽ, അതായത് 2010 കാലത്ത് ഞാൻ എസ്.ഐ.പിയിൽ എന്റെ ആദ്യത്തെ നിക്ഷേപം തുടങ്ങി. 500 രൂപയിലാണ് ഞാൻ തുടങ്ങിയത്.

സി.എ. കഴിഞ്ഞതോടെ ഏതൊരാളെപ്പോലെയും ഞാൻ ബിഗ് ഫോറിൽ ജോലിക്ക് കയറി. വൈകാതെ എനിക്ക് സാമ്പത്തികമായി ഒരു നല്ല നിലയിൽ എത്താനായി. അപ്പോഴും മറ്റുപലരുടെയും അവസ്ഥ വളരെ പരിതാപകരമായിരുന്നുവെന്ന് എനിക്ക് മനസ്സിലായി. മണി മാനേജ്മെന്റുമായി പലരും പോരടിക്കുന്നത് എനിക്ക് കാണാമായിരുന്നു. പലരും ജീവിതകാലം മുഴുവൻ കഠിനമായി അധ്വാനിച്ച് പണം സമ്പാദിക്കും. എന്നാൽ ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പലർക്കും അറിയുകയുമില്ല. അങ്ങനെ ഞാൻ എന്റെ ജോലി രാജിവെച്ചു. തുടർന്ന് ഒരു ഫിനാൻഷ്യൽ പ്ലാനിങ് കമ്പനിയിൽ ഫിനാൻഷ്യൽ കോച്ച് ആയി മറ്റൊരു ജോലിയാരംഭിച്ചു.

തുടർന്ന്, സാമ്പത്തിക സുരക്ഷയെക്കുറിച്ച് ബോധവത്‌ക്കരിക്കുന്നതിനായി ഞാൻ സ്ത്രീകൾക്കായി വർക്ക്ഷോപ്പുകൾ നടത്തിത്തുടങ്ങി. സാമ്പത്തിക ആസൂത്രണം എങ്ങനെ ചെയ്യണം എന്നതിനെക്കുറിച്ചായിരുന്നു ഞാൻ സംസാരിച്ചത്. ആളുകളുടെ പ്രതികരണം മികച്ചതായിരുന്നു. ഇരുന്നൂറിലധികം സ്ത്രീകൾക്ക് ക്ലാസ് നൽകി.

ഒരിക്കൽ ക്ലാസിൽ പങ്കെടുത്ത ഒരു ട്രെയ്നി എന്റെയടുത്തെത്തി പറഞ്ഞു; സാമ്പത്തികാസൂത്രണം ഉണ്ടായിരുന്നതുകൊണ്ട് കാൻസർ ബാധിച്ച അമ്മയുടെ കാര്യങ്ങൾ കൃത്യമായി ചെയ്യാൻ പണം കരുതാൻ സാധിച്ചുവെന്ന്.

ഈ വർഷമാദ്യം സാമ്പത്തികരംഗത്തെ ഏറ്റവും മികച്ച നൂറ് സ്ത്രീകളിലൊരാളായി ഞാൻ തിരഞ്ഞെടുക്കപ്പെട്ടു. സാമ്പത്തിക പങ്കാളി കൂടിയായ എന്റെ ഭർത്താവ് എന്റെ ഈ നേട്ടത്തിൽ വളരെ സന്തോഷവാനാണ്.

നമ്മൾ സ്ത്രീകൾ നല്ല സാമ്പത്തിക ആസൂത്രണമുള്ളവരാകണം. വീടിനെയും കുട്ടികളെയും ബിസിനസ്സിനെയുമൊക്കെ നല്ല രീതിയിൽ കൊണ്ടുപോകാൻ സാധിക്കുന്ന നമുക്ക് നമ്മുടെ കൈവശമുള്ള പണത്തെ നല്ലരീതിയിൽ ഉപയോഗിക്കാൻ എന്താണ് തടസ്സം!.

“I wanted to be a doctor while growing up, but life took a rude turn when during my 10th grade my father suffered from a...

Posted by Humans of Bombay on Monday, November 30, 2020


Content Highlights:Woman and financial planning a note humans of bombay, Women