സ്ത്രീകളെ പറ്റി പറയുമ്പോള്‍ പൊതുവില്‍ കേള്‍ക്കുന്ന ഡയലോഗാണ്, അവള്‍ക്ക് സ്‌പോര്‍ട്‌സ് ഇഷ്ടമല്ല എന്നത്. ക്രിക്കറ്റ് ദൈവത്തെ നോക്കി സിനിമാനടനാണോ എന്ന് ചോദിക്കാനുള്ള വിവരമേ അവര്‍ക്കുള്ളൂ എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു സമൂഹത്തില്‍ എന്തുകൊണ്ട് സ്ത്രീകള്‍ക്ക് അവരുടെ ഇഷ്ടങ്ങളില്‍ നിന്ന് സ്‌പോര്‍ട്‌സും സിനിമയും ഒക്കെ നഷ്ടമാകുന്നു എന്ന് പറയുകയാണ് ആശാറാണി ലക്ഷ്മികുട്ടി തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

സ്ത്രീകള്‍ ഫുട്‌ബോളിനെ പറ്റി, ഫുട്‌ബോള്‍ മാത്രമല്ല ഏത് കായിക വിനോദത്തെ പറ്റി എഴുതുമ്പോഴും എനിക്ക് ഒരുപാട് സന്തോഷം വരും. വായിക്കുമ്പോള്‍ രക്തം രക്തത്തോട് ചേര്‍ന്നപോലെ ഒരു വികാരം തോന്നും...
നിങ്ങള്‍ പലപ്പോഴും കേട്ടിട്ടില്ലെ പൊതുവെ പെണ്ണുങ്ങള്‍ക്ക് കായിക വിനോദങ്ങളോട്/ സ്‌പോര്‍ട്ട്‌സിനോട് താത്പര്യം ഇല്ലന്ന്. അല്ലായെങ്കില്‍ ടിവിയില്‍ ഒരു ഫുട്‌ബോള്‍ മാച്ചോ ടെന്നീസ്  മാച്ചോ പോട്ടെ ഒരുദിവസം നീളുന്ന ക്രിക്കറ്റ് മാച്ചോ ഒരു മണിക്കൂര്‍ ഉറച്ചിരുന്ന് കാണുന്ന സ്ത്രീകളെ കണ്ടിട്ടുണ്ടോ ? തീരെ കുറവാകും അങ്ങനെയുളള സ്ത്രീകളെ കാണാനുളള സാധ്യത. അത് സ്ത്രീകള്‍ക്ക് സ്‌പോര്‍ട്‌സ് ഇഷ്ടമല്ലാത്തത് കൊണ്ടാകുമോ? 
ഇനി, സ്ത്രീകളുടെ  ടിവി കാഴ്ചയുടെ പാറ്റേണ്‍ ഒന്ന് ശ്രദ്ധിക്കണം. 
ആ കാഴ്ചകളിലേക്ക് കയറി വരുന്ന വിരുന്നുകാര്‍,  താഴെ പറയുന്നവര്‍, 
1.കുക്കറിന്റെ വിസില്‍
2.കുഞ്ഞിന്റെ കരച്ചില്‍
3.സോഫയിലിരിക്കുന്ന പ്രധാന കാഴ്ചക്കാരന്റെ വെള്ളം , സ്‌നാക്ക് etc ആവശ്യങ്ങള്‍.
4.ചോറ് കറി വെക്കാനും വിളമ്പാനും തീറ്റിപ്പിക്കാനുമുളള സമയങ്ങളുടെ വിളികള്‍.
5.അലക്ക് ,ഉണക്ക്, തുണി മടക്ക്
6.പാത്രം കഴുകല്‍ , വീട് വൃത്തിയാക്കല്‍ നിലം തുടക്കല്‍
7. പട്ടിയും ചെടികളും (ഓപ്ഷണലാണ്.) 
ഇനിയും ഒരുപാട്...
ഇതൊക്കെ മിനിമം വിരുന്നുകാരാണ്. പുറത്ത് ജോലിചെയ്യുന്ന സ്ത്രീ ആണെങ്കില്‍ കുറച്ച് കൂടി അധികമാകും ടിവി കാഴ്ചക്കിടയിലെ വിരുന്നുകാര്‍. ജോലിക്കാരും വീട്ട് സഹായികളും  മറ്റും ഉളള ചുരുക്കം ചില ആളുകളെ ഒഴിവാക്കിയാല്‍ ഈ ജോലികളുടെ ഇടവേളയാണ് സ്ത്രീകളുടെ ടി.വി കാണല്‍ സമയം.. അതായത് പണികള്‍ക്കിടയില്‍ ഫേസ്ബുക്ക് തോണ്ടുംപോലെ പോലും സാധ്യമാകുന്ന കാര്യമല്ല ടീവി കാണല്‍ വിനോദം. 

ഒരു ലൈവ് മാച്ച് ഇങ്ങനെ ഇടവേളകളെടുത്ത്  കാണുക എന്നത് ഏതാണ്ട് അത്യധികം ബോറായ അനുഭവം ആകും. നിര്‍ണ്ണായകമായ ഒരു പാസ്സ്, ഇന്നിങ്ങ്‌സിലെ പ്രധാനപ്പെട്ട ഓവര്‍, മനോഹരമായ ഒരു സെറ്റ്  ഇവയുടെ ഒക്കെ ഇടയിലേക്ക് യാതൊരു ഔചത്യമില്ലാതെ പാഞ്ഞുകയറുന്ന ഇത്തരം ക്ഷണിക്കപ്പെടാത്ത എന്നാല്‍ ഒഴിവാക്കാനാവാത്ത വിരുന്നുകാര്‍.  അതെല്ലാം പരിഹരിച്ച് തിരികെ വന്ന് നോക്കുമ്പോള്‍ ഗാലറിയുടെ ആരവങ്ങളടങ്ങി കളി അടുത്ത ഒരു നിലയിലേക്ക് നിങ്ങളെ കൂട്ടാതെ കയറി പോയിട്ടുണ്ടാകും. അതായത് ഒട്ടിക്കാനാവാത്ത വിടവുകള്‍ ചേര്‍ന്ന് ചേര്‍ന്ന് സ്ത്രീകള്‍ക്ക് സ്‌പോര്‍ട്ട്‌സ് ഇഷ്ടമല്ല എന്ന് പറയാനും പാകത്തില്‍ ഈ ഇടവേള കാഴ്ചകള്‍  അരോചകമാകും. 

ആരാണ് സ്‌പോര്‍ട്ട്‌സിനെ നെഞ്ചോട് ചേര്‍ത്തു വച്ചിട്ടും ഇങ്ങനെ സ്‌പോര്‍ട്‌സ് ഇഷ്ടമല്ലന്ന് വീട്ടുകാരും നാട്ടുകാരും പറയുന്ന ആ സ്ത്രീകള്‍ എന്നറിയാമോ? 
സ്ത്രീ ശരീരത്തിന്റെ കെട്ടിവച്ച ഭാരങ്ങളെ അഴിച്ച് പറന്നവര്‍,
വെയിലില്‍ ഓടിയാലും തളര്‍ന്നാലും വിയര്‍ത്താലും എന്നോ നടക്കേണ്ട കല്യാണത്തിന് കാത്തു വയ്‌ക്കേണ്ട ചര്‍മ്മകാന്തിയേയും സൗന്ദര്യപരിചരണത്തേയും വകവയ്ക്കാതെ മൈതാനങ്ങളുടെ തുറവികളിലേക്ക് ചിറക് വിരിച്ചവര്‍... 
അവരൊക്കെ ഇന്ന് എവിടെയാണ്..? 

ഗ്യാലറികളിലെ തിരയിളക്കങ്ങള്‍ കാണുമ്പോള്‍ ഭാവനയില്‍ അങ്ങനെ ഒന്ന് സങ്കല്പിച്ച് സ്റ്റെഫി ഗ്രാഫിനെ പോലെ വിംബിള്‍ഡണ്‍ കിരീടം തലക്കുമുകളില്‍ ഉയര്‍ത്തി പിടിച്ച് നില്‍ക്കുന്ന ചാംപ്യനായി സ്വയം സങ്കല്പിച്ച പെണ്‍കുട്ടികള്‍. ഇരുട്ട് കനം വയ്ക്കുന്ന നേരം കാണാതെയാകുന്ന പന്തിനൊപ്പം കടന്ന് വരുന്ന 'പെണ്‍കുട്ടി വിലക്കുകളെ' കൂടി അടിച്ച് വലയിലാക്കിയവര്‍, പുതിയ ദൂരം പുതിയ വേഗം നോക്കി വിസിലടി മുഴക്കത്തില്‍ കുതിച്ച് പാഞ്ഞവര്‍, തടസ്സങ്ങളുടെ ഒരുപാട് ഉയരെ വച്ച് ചാടി അപ്പുറം കടന്നവര്‍, വായുവിലൂടെ തുഴഞ്ഞ് പോയവര്‍ അങ്ങനെ ഒരുപാട് പേരും അവരെ കൈയ്യടിയോടെ പ്രോത്സാഹിപ്പിച്ചതുമായ ഒരു കൂട്ടം പെണ്‍കുട്ടികള്‍ അവരാണ് ആ ഇടവേളകളിലെ കാഴ്ചക്കാര്‍.

റൊമാരിയോ,  റോണാള്‍ഡോ , സിദാന്‍, സച്ചിന്‍, റോബിന്‍സിങ്ങ് , വിനോദ് കാംബ്‌ളി, മോണിക്ക സെലസ്, സ്റ്റെഫി, മാര്‍ട്ടിന ഹിന്ചിസ്, ആന്ദ്രെ അഗസി അങ്ങനെ നോട്ടുബുക്കുകളില്‍ നിന്ന് ചിതറി വീഴുന്ന താരങ്ങളെ ഇടക്കിടെ  കൈയ്യോടെ പൊക്കി വഴക്കിടുന്ന ടീച്ചറിന് മുമ്പില്‍ പത്താം ക്ലാസ് കഴിഞ്ഞ് ഞങ്ങള്‍ പിന്നെ പഠിക്കുന്നില്ല ക്രിക്കറ്റ് ടീമില്‍ ചേരാന്‍ പോകും എന്ന് ദൃഡനിശ്ചയത്തോടെ പറയാന്‍ ഒപ്പം ഉണ്ടായിരുന്ന പ്രിയ കൂട്ടുകാരി നിന്നോട് പോലും ചോദിക്കുന്നില്ല കളി കണ്ടോ എന്ന്. അവസാനം കണ്ട അര്‍ജന്റീന-ബ്രസീല്‍ മത്സരത്തിന്റെ ഓര്‍മ്മ മാത്രം മതിയാകും എത്ര കാലം കഴിഞ്ഞാലും നമ്മളിലെ ബ്രസീല്‍ ഫാനിന് ഫുട്‌ബോളിനെ സ്‌നേഹിക്കാന്‍ . എന്നിട്ടും ആ തൊണ്ണൂറ് മിനിറ്റ് മുറിയാതെ ഇരിക്കാന്‍ നമുക്ക് സ്വീകരണ മുറിയില്‍ ഇരിപ്പിടങ്ങളില്ല.


വീട്, വീട്ടകം, വീട്ടിലെ കാഴ്ചകള്‍ എല്ലാം ആണിനുളളതാണ്... വീട് ഒരു ആണിടമാണ്...
വീട് വിട്ട് പുറത്തിറങ്ങുമ്പോഴാണ് പെണ്ണിന്റെ സന്തോഷങ്ങള്‍ തുടങ്ങുക... 
ഗാലറികളിലെ ആരവങ്ങളിലാണ് പെണ്ണിന്റെ കളികാഴ്ചയുടെ താക്കോലിരിക്കുന്നത്. വിരുന്നുകാരില്ലാത്ത, വിളിയൊച്ചയില്ലാത്ത ഇരിപ്പിടം പെണ്ണിന് വീടിന് പുറത്താണ്. 
(കഴിഞ്ഞ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ കാലത്ത് എഴുതിയത്. ഇന്ന് ഒന്നു കൂടി തിരുത്തിയെഴുതിയത്.)

Content Highlights: Who says women don't like sports, Asharani Lakshmikutty writes