ണ്‍ലൈന്‍ ഷോപ്പിങ് ഭ്രമമുള്ള ഭാര്യക്ക് പിറന്നാളിന് എന്തു സമ്മാനം നല്‍കും? നോര്‍ത്ത് കരോലിന സ്വദേശിനിയായ എമിലിക്ക് ഭര്‍ത്താവ് നല്‍കിയ സമ്മാനം കണ്ടാല്‍ ആരും പറഞ്ഞുപോകും ഇതിലും മികച്ചൊരു സമ്മാനമില്ലെന്ന്. 

പിറന്നാള്‍ ദിവസം തന്നെയും കാത്ത് തീന്‍മേശയില്‍ ഇരിക്കുന്ന ആമസോണ്‍ പൊതിയാണ് എമിലി കണ്ടത്. ആദ്യം കരുതിയത് ഭ്രമമുള്ള തന്നെ പറ്റിക്കാന്‍ ഭര്‍ത്താവ് ആമസോണില്‍ നിന്നുള്ള പൊതി തയ്യാറാക്കി വച്ചതാണെന്നാണ്. കാരണം ആമസോണില്‍ നിന്ന് എമിലിക്ക് സാധനങ്ങള്‍ വരുമ്പോഴെല്ലാം ഭര്‍ത്താവ് കളിയാക്കുമായിരുന്നു. എന്നാല്‍ മേശക്കരികില്‍ എത്തിയ എമിലിയെ നോക്കി ഇതാ നിന്റെ പിറന്നാള്‍ കേക്ക് എന്ന് ഭര്‍ത്താവ് മാക് പറഞ്ഞതും എമിലി അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി. 

ആമസോണ്‍ പൊതിയുടെ രൂപത്തിലുള്ള അസ്സല്‍ കേക്കായിരുന്നു അത്. സ്വീറ്റ് ഡ്രീംസ് ബേക്കറിയാണ് മാകിന്റെ ആവശ്യപ്രകാരം ഇത്തരമൊരു കേക്ക് ചെയ്തു കൊടുത്തത്. ഷിപ്പിങ് വിവരങ്ങളും, ലോഗോയും എല്ലാം യഥാര്‍ഥമെന്ന് തോന്നുന്ന രീതിയില്‍ അതീവ സൂക്ഷ്മതയോടെയാണ് കേക്ക് തയ്യാറാക്കിയിരിക്കുന്നത്. രൂപം മാത്രമല്ല കേക്കിന്റെ രുചിയും കിടിലനാണെന്ന് എമിലി പറയുന്നു

50 ഡോളറാണ് കേക്കിന്റെ വില. എട്ടുമണിക്കൂര്‍  എടുത്താണ് കേക്ക് ഉണ്ടാക്കിയതെന്ന് ബേക്കറി ജോലിക്കാര്‍ പറയുന്നു. ഫോട്ടോഗ്രാഫറായ എമിലി തന്നെയാണ് കേക്കിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.