മുമ്പ് ഉത്ര ഇന്നലെ വിസ്മയ ഇന്ന് അര്‍ച്ചന... സ്ത്രീധന മരണങ്ങള്‍ കേരളത്തിന് പുത്തരിയല്ലാതാവുന്ന കാഴ്ച. എന്തുകൊണ്ടാവാം ഇത്രയധികം പീഡനങ്ങള്‍ അനുഭവിക്കുമ്പോഴും തങ്ങളുടെ പെണ്‍മക്കള്‍ മരിച്ചു മണ്ണടിയുന്നതുവരെ ഒന്നു പ്രതികരിക്കുകയോ ചേര്‍ത്തു നിര്‍ത്തുകയോ ചെയ്യാതെ മാതാപിതാക്കള്‍ നിസ്സഹായരാവുന്നത്. സമൂഹം എന്നാവും പലര്‍ക്കുമുള്ള ഉത്തരം. ഈ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ സ്വയംപര്യാപ്തരാവുക എന്നത് മാത്രമാണ് ഇതിനുള്ള ഏക പരിഹാരവും. അതിനുള്ള വഴികളാണ് സുരേഷ് സി.പിള്ള തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്. 

ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന്

'പ്രിയപ്പെട്ട മാതാപിതാക്കളെ, തകര്‍ന്ന ദാമ്പത്യ ബന്ധങ്ങളില്‍ ഉള്ള നിങ്ങളുടെ മകളെ തിരികെ വിളിക്കൂ, ബന്ധം പിരിഞ്ഞ ഒരു മകളാണ് എന്ത് കൊണ്ടും മരിച്ച മകളേക്കാള്‍ ഭേദം എന്ന് നിങ്ങള്‍ മനസ്സിലാക്കണം.'
ട്വിറ്ററില്‍ നീണ്ട കാലം ഓടിക്കൊണ്ടിരുന്ന ഒരു  (ഹാഷ് ടാഗ്) ആണ്. മുകളില്‍ പറഞ്ഞത്. 

ഇന്നും ഒരു മകള്‍ ഒരു കയറില്‍ ജീവിതം അവസാനിപ്പിച്ചിട്ടുണ്ട്. സ്ത്രീധനം കുറഞ്ഞതിന്റെ പേരിലുള്ള പീഡനം.
സ്വന്തം എന്ന് പറയാന്‍ ഒരു വീടില്ലാത്തതാണ് പല സ്ത്രീകളും നിശ്ശബ്ദരും, നിസ്സഹായരും ആയി കഴിയേണ്ടി വരുന്നത്. 
പെണ്‍കുട്ടികള്‍ സ്വന്തമായി വരുമാനം ഉണ്ടാക്കിയതിന് ശേഷം കല്യാണം കഴിക്കുക. നന്നായി വിദ്യാഭ്യസം ചെയ്യുക, നല്ല ജോലി നേടുക, എന്നിട്ടു മാത്രം മതി കല്യാണം. വിവാഹം നിങ്ങളുടെ മാത്രം ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചു ചെയ്യുക. ഇഷ്ടപ്പെട്ട ആളെ കണ്ടു മുട്ടിയിട്ടു മാത്രം മതി കല്യാണം. ഇനി കല്യാണം കഴിച്ചില്ലെങ്കിലും ഒരു പ്രശ്‌നവും ഇല്ല. തന്റെടത്തോടെ ഒറ്റയ്ക്ക് ജീവിക്കണം. 
സ്വന്തം എന്നു പറയാവുന്ന ഒരു വീട് ഉണ്ടാക്കാന്‍ പ്രാപ്തി ആയതിനു ശേഷം മാത്രം  വിവാഹം കഴിക്കുക.  കല്യാണം കഴിച്ചാല്‍    വീട് സ്വന്തം പേരില്‍ കൂടി നിയമപരമായി രെജിസ്റ്റര്‍ ചെയ്യുക. 'ഇറങ്ങാടീ' എന്റെ വീട്ടില്‍ നിന്ന് എന്ന് പറഞ്ഞാല്‍, ഇത് എന്റെയും കൂടി വീടാണ് എന്ന് പറയാനുള്ള സ്വാതന്ത്ര്യം വേണം.  എ.ടി.എം കാര്‍ഡ് സ്വന്തമായി ഉപയോഗിക്കണം. ഉപദ്രവിക്കുകയോ, അപമാനിക്കുകയോ ചെയ്താല്‍ അപ്പോള്‍ അവിടെ നിന്നും ഇറങ്ങണം. 

മാതാപിതാക്കള്‍ സഹായിക്കാന്‍ പ്രാപ്തി ഉള്ളവര്‍ ആണെങ്കില്‍ അവരോട് വീട് വാങ്ങാന്‍ ആയി ഒരു സഹായം / ലോണ്‍ ചോദിക്കാം . 
വീട് വാങ്ങുമ്പോള്‍, അല്ലെങ്കില്‍ വസ്തു വാങ്ങുമ്പോള്‍ ഉടമസ്ഥാവകാശം  രണ്ടു പേരുടെയും കൂടെ പേരില്‍  രെജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക.  എ.ടി.എം കാര്‍ഡ് കയ്യില്‍ സൂക്ഷിക്കുക. നിങ്ങളുടെ എ.ടി.എം  കാര്‍ഡിന്റെ ഉടമ നിങ്ങളാണ്.  അതായത് ഒരു ജീന്‍സ് വാങ്ങാനോ, ഇഷ്ടപ്പെട്ട ഫുഡ് ഒറ്റയ്ക്ക് കഴിക്കാനോ  ഒന്നും പരസ്പരം അനുവാദം ചോദിക്കേണ്ട കാര്യമില്ല. 
വലിയ ചിലവുകള്‍ വരുമ്പോള്‍ മാത്രം പരസ്പരം ചര്‍ച്ച ചെയ്തു, കൂട്ടായ തീരുമാനം എടുക്കാം. അതൊക്കെ സാമ്പത്തിക സ്വാതന്ത്രത്തിന്റെ പരിധിയില്‍ വരണം. 

മാതാപിതാക്കളോട്, മകള്‍ക്ക് വിവാഹ സമ്മാനം കൊടുക്കുന്നെങ്കില്‍ അത് അവള്‍ക്ക് അവന്റെ കൂടെ, അവളുടേതും കൂടെ എന്ന് അവകാശം പറയാവുന്ന ഒരു വീട് വാങ്ങാനുള്ള സഹായം ആയിരിക്കണം. സ്വര്‍ണ്ണം ഒക്കെ കൊടുത്തു എന്നാല്‍, സിനിമയിലേതു പോലെ അമ്മായി അച്ഛന്റെ അലമാരയില്‍ ആയിരിക്കും. സ്വാതന്ത്ര്യം എന്നാല്‍  സ്വന്തം എന്ന് അവകാശപ്പെടാനുള്ള ഒരു മേല്‍ക്കൂര ഉള്ളതാണ്.  മാതാപിതാക്കള്‍ക്ക് ഒരു മകളോട് ചെയ്യാവുന്ന ഏറ്റവും വലിയ കടമകള്‍ 
മകളെ  വിദ്യഭ്യസം ചെയ്ത് സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തയാക്കുക.
നിര്‍ബന്ധിച്ചു കല്യാണം കഴിപ്പിക്കാതെ ഇരിക്കുക.
വിവാഹം അവളുടെ ഇഷ്ടങ്ങള്‍ക്ക് വിടുക. 
കഴിവതും ഭര്‍തൃ വീട്ടില്‍ സ്ഥിരമായി താമസിക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക. നീ 'അവിടെ അഡ്ജസ്റ്റ് ചെയ്തു ജീവിക്കണം' എന്ന് ഒരിക്കലും പറയരുത്.
വിവാഹം കഴിഞ്ഞാലും അവള്‍ക്കായി ഒരു മുറി എപ്പോളും ഒഴിച്ചിടുക. 
'എപ്പോള്‍ വന്നാലും നിനക്ക് ഈ വീട്ടില്‍  താമസിക്കാം, ഇത് നിന്റെ കൂടെ വീടാണ്, നിന്റെ ആ മുറി നിനക്കായി എപ്പോളും കാണും' എന്ന് ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുക ഇതൊക്കെയാണ്. 
ചുരുക്കിപ്പറഞ്ഞാല്‍  മോള്‍ക്ക് അവളുടേത് എന്ന് പറയാവുന്ന ഒരു വീടില്ലെങ്കില്‍, അവളുടേതും കൂടി എന്ന് പറയാവുന്ന ഒരു വീട് ഉണ്ടാക്കാന്‍ സഹായിക്കുക.  ഇനി ഒരു ബന്ധം പിരിഞ്ഞാലും വേറൊരു ബന്ധത്തിലേക്ക് കടക്കാന്‍ അവളെ സഹായിക്കുക. 

ഇനിയും താമസിച്ചിട്ടില്ല, തകര്‍ന്ന ദാമ്പത്യ ബന്ധങ്ങളില്‍ ഉള്ള നിങ്ങളുടെ മകളെ തിരികെ വിളിക്കൂ, സമൂഹം ഒന്നും വിചാരിക്കില്ല, ഇനി വിചാരിച്ചാലും, എനിക്കൊരു പ്രശ്‌നവും ഇല്ല എന്ന് കരുതുക, കാരണം നിങ്ങളുടെ മകളുടെ ജീവിതം ആണ് വലുത്.

Content Highlights: Vismaya Kerala Dowry Murder Suresh C Pillai Write about his opinion