ണുടലുകൾക്കുള്ളിൽ ജീവിക്കുന്ന പെൺമനസ്സുകളെക്കുറിച്ചും തിരിച്ചുമൊക്കെ നിരവധി കഥകൾ കേട്ടിട്ടുണ്ടാവും. തിരസ്കരണത്തിന്റെയും കുത്തുവാക്കിന്റെയും പരിഹാസങ്ങളുടെയുമൊക്കെ നീണ്ട കഥകളായിരിക്കും മിക്ക ട്രാൻസ്ജെൻഡേഴ്സിനും പറയാനുണ്ടാവുക. അവയിൽ പലതിന്റെയും തുടക്കം സ്വന്തം വീടുകൾക്കുള്ളിൽ നിന്നു തന്നെയുള്ളവയാകും. എന്നാൽ ഇതിനു വിപരീതമായി തന്റെ ജെൻഡർ സ്ത്രീയുടേതാണെന്ന് തുറന്നുപറഞ്ഞപ്പോൾ ഇരുകയ്യും നീട്ടി സ്വീകരിച്ച മാതാപിതാക്കളെക്കുറിച്ച് പങ്കുവെക്കുകയാണ് ഒരു ട്രാൻസ്ജെൻഡർ. 

ഹ്യൂമൻസ് ഓഫ് ബോംബെ പേജിലൂടെയാണ് ഹൃദയം തൊടുന്ന കഥ പുറത്തുവന്നിരിക്കുന്നത്. മക്കളുടെ മാറ്റങ്ങൾ ഏറ്റവുമാദ്യം തിരിച്ചറിയുക മാതാപിതാക്കളാവും. ഇവിടെയും മകനിലുള്ള മാറ്റങ്ങളും അവന്റെ ഇഷ്ടങ്ങളുമൊക്കെ തിരിച്ചറിഞ്ഞ മാതാപിതാക്കൾ അവനെ മാനസികമായി പീഡിപ്പിക്കുന്നതിനു പകരം ചേർത്തുപിടിക്കുകയായിരുന്നു. മകന്റെ സന്തോഷമാണ് തങ്ങളുടെയും സന്തോഷം എന്ന് അവർ തിരിച്ചറിഞ്ഞു. ഇന്ന് സ്വന്തം ഇഷ്ടത്തിനനുസരിച്ച് വസ്ത്രങ്ങൾ ധരിക്കാനും ബെല്ലി ഡാൻസ് ഷോകൾ ചെയ്യാനുമൊക്കെയുളള പിന്തുണ മാതാപിതാക്കളാണെന്ന് ഈ ട്രാൻസ്ജെൻഡർ പറയുന്നു. 

ഫേസ്ബുക് കുറിപ്പിലേക്ക്...

അഞ്ചു വയസ്സുള്ള സമയത്താണ് ഞാനും കസിനും കുച് കുച് ഹോ താ ഹേ സിനിമ കാണുമ്പോൾ എനിക്ക് ഷാരൂഖ് ഖാനെ വിവാഹം കഴിക്കണമെന്ന് പറയുന്നത്. സഹോദരിക്ക് ബാർബിയും എനിക്ക് കാറുകളും സമ്മാനമായി നൽകുമ്പോഴും ഞാൻ അവളുടെ ബാർബി മോഷ്ടിച്ചെടുത്ത് അവയ്ക്കൊപ്പം കളിക്കുമായിരുന്നു. ഒരിക്കലും എന്റെ മാതാപിതാക്കൾ എന്നെ തടഞ്ഞിരുന്നില്ല. സത്യം പറഞ്ഞാൽ എനിക്ക് പാവക്കുട്ടികളെയും ഉടുപ്പുകളുമൊക്കെയാണ് ഇഷ്ടം എന്നറിഞ്ഞപ്പോൾ അവർ കൂടുതൽ വാങ്ങിത്തരികയാണുണ്ടായത്. 

ആഘോഷങ്ങൾക്കും പരിപാടികൾക്കുമൊക്കെ പോകുമ്പോഴും എപ്പോഴും കടുത്ത ഫ്ളോറൽ പ്രിന്റുകളോടു കൂടിയ വസ്ത്രങ്ങളാണ് ഞാൻ തിരഞ്ഞെടുക്കാറുള്ളത്, സ്കൂളിലേക്കാണെങ്കിൽപ്പോലും. മറ്റു കുട്ടികൾ എപ്പോഴും എന്നെ പെൺകുട്ടികളെപ്പോലെയാണെന്ന് പറയുമായിരുന്നു. ഒരിക്കൽ ഇത്തരം പരിഹാസങ്ങൾ അസഹ്യമായി. പി.ടി ക്ലാസ്സിൽ വച്ച് ആൺകുട്ടികളെ എന്നെ തോണ്ടാനും കവിളുകളിൽ ഉമ്മ വെക്കാനും തുടങ്ങി. ഞാൻ വീട്ടിൽപ്പോയി മാതാപിതാക്കളോട് ഇതേക്കുറിച്ച് പറഞ്ഞു കരഞ്ഞു. അടുത്തദിവസം തന്നെ അവർ സ്കൂളിലേക്ക് വന്ന്, പ്രിൻസിപ്പളിനോട് ഇതേക്കുറിച്ച് പരാതിപ്പെടുകയും എന്നെ ഉപദ്രവിച്ചവർക്ക് ശിക്ഷ ലഭിക്കുകയും ചെയ്തു. അതിനുശേഷം അവരെന്നെ കളിയാക്കിയിട്ടില്ല. ആരെങ്കിലും അങ്ങനെ ചെയ്താൽ തന്നെ ഞാൻ അവ​ഗണിക്കും, കാരണം എന്റെ മാതാപിതാക്കൾ എനിക്കൊപ്പമുണ്ടായിരുന്നു. 

എന്റെ മുടിയിൽ വരെ പരീക്ഷണങ്ങൾ നടത്തുമായിരുന്നു. ഇതുകാണുന്ന ബന്ധുക്കൾ അവൻ നിങ്ങളുടെ മകനാണ്, മകളല്ല മുടിവെട്ടാൻ പറയൂ എന്നുപറഞ്ഞ് മാതാപിതാക്കളോട് ദേഷ്യപ്പെടുമായിരുന്നു. പക്ഷേ അവനത് അതാണിഷ്ടം എന്നും ആരെയും ഉപദ്രവിക്കാത്തിടത്തോളം അവനിഷ്ടമുള്ളത് ചെയ്യാം എന്നുമാണ് അവർ മറുപടി നൽകിയത്. 

സ്കൂൾ കാലത്തിനുശേഷമാണ് എനിക്ക് ഒരിക്കലും സ്ത്രീകളിലേക്ക് ആകർഷിക്കപ്പെടാൻ കഴിയില്ലെന്ന് അമ്മയോട് പറയുന്നത്. എനിക്കറിയാം എന്നാണ് അമ്മ മറുപടി നൽകിയത്. ഞാൻ പൊട്ടിക്കരഞ്ഞുപോയി. സാരമില്ല എന്നു പറഞ്ഞ് രണ്ടുദിവസത്തിനുള്ളിൽ ഇക്കാര്യം അമ്മ അച്ഛനോടു പറഞ്ഞു. നീ സന്തോഷവാനായിരുന്നാൽ ഞാനും സന്തോഷവാനാവും എന്നാണ് അച്ഛൻ പറഞ്ഞത്. 

“When I was 5, my cousin brother and I were watching Kuch Kuch Hota Hai when I told him, ‘I want to marry Shahrukh...

Posted by Humans of Bombay on Thursday, September 17, 2020

അതിനുശേഷം എല്ലാം മാറിമറിഞ്ഞു. ഇരുപതു വയസ്സുള്ളപ്പോഴാണ് ഞാനെന്റെ കാമുകനെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. അക്കാര്യം ഞാൻ മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല, പക്ഷേ അവർക്ക് അറിയുമായിരുന്നു. ഞങ്ങൾ ഒന്നിച്ചാണ് മേക്അപ് ചെയ്തിരുന്നത്, ഇതെല്ലാം കണ്ട് അവർ ചിരിക്കുമായിരുന്നു. ഇരുപത്തിയൊന്നാം പിറന്നാളിന് അമ്മ ആദ്യമായി എനിക്ക് ഒരു ജോഡി ഹീൽസ് വാങ്ങിത്തന്നു. അതു ധരിച്ച് ത്രില്ലടിച്ച് മാതാപിതാക്കൾക്കും സഹോദരിക്കും മുന്നിൽ ഞാൻ നൃത്തം ചെയ്തു. എന്റെ അമ്മ എപ്പോഴും ഡാൻസ് ക്ലാസ്സിൽ ചേരാൻ പറയുമായിരുന്നു. അങ്ങനെയാണ് ഞാൻ ബെല്ലി ഡാൻസ് പരിശീലനം ആരംഭിച്ചത്. ഓരോ ക്ലാസ്സിനുശേഷവും ഞാൻ അന്നത്തെ പാഠങ്ങൾ മാതാപിതാക്കളെ കാണിക്കും. 

ഒരുവർഷത്തിനുശേഷം അവർ എന്നെ മേക്അപ് ചെയ്ത് ​ഗ്ലാമറായി ഡ്രസ്സ് ചെയ്ത് വി​ഗ് ധരിച്ചു കണ്ടു. പുറത്തുപോവും മുമ്പ് കണ്ണുതട്ടാതിരിക്കാൻ അമ്മ ചെവിക്കു പുറകിൽ കുത്തിടുമായിരുന്നു. കഴിഞ്ഞ വർഷം അമ്മ എനിക്കൊരു സീക്വൻസുള്ള ഓഫ് ഷോൾഡർ ഡ്രസ്സ് വാങ്ങിത്തന്നു. ഇന്ന് എന്റെ സഹോദരിയും ഞാനും ഒരേ വസ്ത്രമാണ് മാറി ഉപയോ​ഗിക്കുന്നത്. 

Content Highlights: transgender heart touching note