'പെണ്‍കുട്ടികളായ അല്പം അടക്കവും ഒതുക്കവും എല്ലാം വേണം. ഇങ്ങനെ ഓടിച്ചാടി നടക്കരുത്.'   അത് ചെയ്യരുത്, ഇത് ചെയ്യരുത്, അങ്ങനെ പറയരുത്, ഇങ്ങനെ ചിരിക്കരുത് ..
 
അറിവുവെയ്ക്കുന്ന പ്രായം തൊട്ട് പെണ്‍കുട്ടികള്‍ കേട്ടുവളരുന്ന അരുതുകള്‍ നിരവധിയാണ്. ഈ അരുതുകളോട് പടപൊരുതി വേണം അവള്‍ക്ക് മുന്നോട്ട് നടക്കാന്‍. ആ പൊരുതലുകള്‍ പലപ്പോഴും അവളെ തന്റേടിയും തന്നിഷ്ടക്കാരിയുമാക്കുമെങ്കിലും..
 
ടോണി ഹാമര്‍ എന്ന അമ്മ മകള്‍ക്കെഴുതിയ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത് ഇതേ'അരുതു'കളുടെ പേരിലാണ്. ഒരു മകള്‍ എങ്ങനെയെല്ലാമായിരിക്കരുത് എന്ന് ഉപദേശിക്കുന്ന ടോണിയുടെ കത്ത് അരുതുകള്‍ക്ക് ഇത്രയേറെ കരുത്തുണ്ടെന്ന് ആദ്യമായി പെണ്‍കുട്ടികളോട് പറയുന്നു. 
 
ടോണി ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്
എന്റെ മകള്‍ക്ക്, 
 
മറ്റൊരാള്‍ നിന്നെ ബുദ്ധിമുട്ടിക്കുമ്പോള്‍ നീ ഒരിക്കലും ക്ഷമ ചോദിക്കരുത്. 'വേദനയുണ്ടായതില്‍ ഖേദിക്കുന്നു' എന്ന് പറയരുത്. കാരണം നീ വേദനയല്ല. ബഹുമാനം അര്‍ഹിക്കുന്ന ചിന്തകളും വികാരങ്ങളും ഉള്ള ഒരു വ്യക്തിയാണ്. 
 
നിനക്ക് ഒരാള്‍ക്കൊപ്പം പുറത്തുപോകുന്നത് ഇഷ്ടമല്ലെങ്കില്‍ അയാള്‍ക്കൊപ്പം പുറത്തുപോകാതിരിക്കുന്നതിനുള്ള കാരണങ്ങള്‍ സൃഷ്ടിക്കേണ്ടതില്ല.  ആര്‍ക്കും ഇത് സംബന്ധിച്ച വിശദീകരണം നല്‍കേണ്ട കാര്യമില്ല. 'താല്പര്യമില്ല' എന്ന മറുപടി മാത്രം അതിന് മതിയാകും.
 
ആളുകള്‍ക്ക് മുമ്പിലിരുന്ന് എന്തുകഴിക്കുമെന്നോര്‍ത്ത് ഒരുപാട് ചിന്തിക്കേണ്ട ആവശ്യമില്ല. നിനക്ക് വിശക്കുന്നുണ്ടെങ്കില്‍ ഭക്ഷണം കഴിക്കുക, നിനക്കെന്താണോ കഴിക്കാന്‍ തോന്നുന്നത് അതുതന്നെ കഴിക്കുക. ഇപ്പോള്‍ നിനക്ക് പിസ കഴിക്കുവാനാണ് തോന്നുന്നതെങ്കില്‍ മറ്റുള്ളവര്‍ ഉണ്ടെന്ന് കരുതി സാലഡില്‍ ഒതുക്കേണ്ട, ഒരു പിസ്സ തന്നെ ഓര്‍ഡര്‍ ചെയ്ത് കഴിക്കുക. 
 
മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി സ്വന്തം മുടി നീട്ടി വളര്‍ത്തരുത്..
 
നിനക്കിഷ്ടമില്ലാത്ത വസ്ത്രം ധരിക്കരുത്.
 
പുറത്തുപോകാന്‍ ആരും കൂട്ടില്ലെന്ന് കരുതി വീട്ടില്‍ തന്നെ ഇരിക്കരുത്.. തനിച്ച് പുറത്തേക്കിറങ്ങുക. നിനക്ക് വേണ്ടി നീ തന്നെ അനുഭവങ്ങള്‍ സൃഷ്ടിക്കൂ.
 
നിന്റെ കണ്ണുനീരിനെ ഒരിക്കലും തടഞ്ഞുനിര്‍ത്തരുത്. നിനക്കുള്ളിലുള്ള വിഷമങ്ങളെ പുറന്തള്ളാന്‍ നീ ആഗ്രഹിക്കുന്നുണ്ടെന്നാണ് കരച്ചില്‍ അര്‍ത്ഥമാക്കുന്നത്. അതൊരു ബലഹീനതയല്ല, അത് മാനുഷികമാണ്. 
 
ആരെങ്കിലും പറഞ്ഞതുകൊണ്ട് നീ ചിരിക്കരുത്. 
 
നിങ്ങളുടെ സ്വന്തം തമാശകളില്‍ സ്വയം ചിരിക്കുന്നതില്‍ ഒരിക്കലും ആശങ്കപ്പെടരുത്..
 
മര്യാദക്കാരിയാണെന്ന് ഭാവിക്കാന്‍ 'യെസ്' പറയരുത്. എന്നാല്‍ 'നോ' പറയുക. ഇത് നിന്റെ ജീവിതമാണ്. 
 
നിങ്ങളുടെ അഭിപ്രായങ്ങള്‍ മറച്ചുവെയ്ക്കരുത്. അഭിപ്രായങ്ങള്‍ തുറന്ന് പറയുക, ഉച്ചത്തില്‍ തന്നെ. നിങ്ങള്‍ പറയുന്നത് കേള്‍ക്കപ്പെടണം. 
 
നീ ഇങ്ങനെയാണെന്നതിന് ക്ഷമ ചോദിക്കരുത്. ധൈര്യവും തന്റേടവും സൗന്ദര്യവുമുള്ളവളായിരിക്കുക. പശ്ചാത്താപം തോന്നാത്തവിധം നീയായിരിക്കുക.. -ടോണി എഴുതുന്നു. പെണ്‍കുട്ടികളുടെ ആത്മാഭിമാനം അരുതുകളിലൂടെ എങ്ങനെ വളര്‍ത്തിയെടുക്കാമെന്നുള്ള ഈ അമ്മയുടെ കണ്ടെത്തലിനെ സാമൂഹികമാധ്യമങ്ങള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.. എത്ര സത്യമാണ് ടോണി എഴുതിയിരിക്കുന്നതെന്ന് അവര്‍ ഓരോരുത്തരും പറയുന്നു. 7500-ല്‍ അധികം ആളുകളാണ് ടോണിയുടെ പോസ്റ്റ് ഷെയര്‍ ചെയതിരിക്കുന്നത്. 
 
മാതൃത്വത്തിന്റെ മനോഹാരിതയെ കുറിച്ചുള്ള പുസ്തക രചനയിലാണ് ടോണി. തന്റെ അനുഭവങ്ങളാണ് പുസ്തകത്തിലൂടെ ഇവര്‍ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നത്. മാതൃത്വം എന്ന് പറയുന്നത് കാഠിന്യമേറിയതും അതേസമയം അത്യന്തം രസകരവുമാണെന്നാണ് ടോണി തന്നെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. നിന്നെ ഞാന്‍ സന്തോഷിപ്പിക്കും..തനിച്ചല്ലെന്ന് ബോധ്യപ്പെടുത്തും എന്നും അവര്‍ കുറിക്കുന്നു..