വിവാഹ ചടങ്ങുകള്‍ക്കിടയില്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേകിച്ചും ആചാരങ്ങളില്‍ നിന്ന് മാറി എന്തെങ്കിലും സംഭവിച്ചാല്‍ നിരവധിപ്പേരുടെ നെറ്റി ചുളിയും,പ്രത്യേകിച്ച് നമ്മുടെ നാട്ടില്‍. അത്തരത്തിലൊരു മാറ്റമാണ് ഷാദ്രുല്‍ ഖാദം എന്ന യുവാവ് വിവാഹ ചടങ്ങിനിടെ തന്റെ വധുവിനോട് ആവശ്യപ്പെട്ടത്. മംഗല്യ സൂത്ര അഥവാ താലി തന്റെ കഴുത്തില്‍ അണിയിക്കാനാണ്് ഇയാള്‍ വധുവായ തനുജയോട് ആവശ്യപ്പട്ടത്. ചടങ്ങിനെത്തിയവരെയെല്ലാം ഞെട്ടിച്ച് വധു വരന്റെ കഴുത്തില്‍ താലി കെട്ടുകയും ചെയ്തു. വിവാഹത്തില്‍ ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ തങ്ങള്‍ തീരുമാനിച്ചതിന് പിന്നിലെ വികാരത്തെ പറ്റി ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫേസ് ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയാണ് ഇരുവരും. 

ഷാദ്രുലും തനുജയും കോളേജില്‍ പഠിക്കുമ്പോള്‍ സുഹൃത്തുക്കളായിരുന്നു. പിന്നീട് പഠനം കഴിഞ്ഞ് ഇരുവഴി പിരിഞ്ഞു. നാല് വര്‍ഷത്തിന് ശേഷമാണ് ഇവര്‍ വീണ്ടും കണ്ടുമുട്ടുന്നതും പ്രണയം മൊട്ടിടുന്നതും. ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഒരു ബോളിവുഡ് ഗാനത്തെ പറ്റിയുള്ള ചര്‍ച്ചയാണ് ഇരുവരെയും വീണ്ടും കൂട്ടിമുട്ടിച്ചത്. 

ഒരുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും തങ്ങളുടെ ബന്ധത്തെ പറ്റി കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. കൊറോണ പടര്‍ന്നു പിടിച്ച കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹത്തിന്റെ പ്ലാനിങ്ങുകള്‍ നടന്നത്. ഈ സമയത്താണ് ഷാദ്രുല്‍ താലികെട്ടിന് ഇങ്ങനെയൊരു വ്യത്യസ്ത വഴി സ്വീകരിച്ചാലോ എന്ന് തനുജയോട് ആരാഞ്ഞത്. എന്തുകൊണ്ടാണ് വധുതന്നെ താലിയണിയുന്നത്, പകരം വരന് അണിഞ്ഞുകൂടെ എന്നായിരുന്നു ഷാദ്രുലിന്റെ സംശയം. ലിംഗസമത്വത്തിന്റെ പ്രതീകമായാണ് ഷാദ്രുല്‍ താലി അണിയാന്‍ തീരുമാനിച്ചത്.

women

മാത്രമല്ല വിവാഹചെലവുകള്‍ മുഴുവന്‍ വധുവിന്റെ കുടുംബം വഹിക്കണം എന്ന നാട്ടുനടപ്പിനോടും ഇരുവരും എതിരായിരുന്നു. പകരം തുല്യമായി ചെലവുകള്‍ വഹിക്കാം എന്നായി തീരുമാനം. 

അങ്ങനെ വിവാഹ ദിനമെത്തി. താലികെട്ടുന്ന സമയമായി. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് തനുജ ഷാദ്രുലിന്റെ കഴുത്തില്‍ താലികെട്ടി. എല്ലാവരും അമ്പരന്നെങ്കിലും തുടര്‍ന്നുള്ള ചടങ്ങുകളൊന്നും ഒരു കുഴപ്പവുമില്ലാതെ നടന്നെന്ന് ഇവര്‍. കുടുംബത്തിലെ തലമൂത്ത ചില കാരണവര്‍മാര്‍ കുറ്റപ്പെടുത്താനെത്തിയെന്നും അവര്‍ പറയുന്നു. 'എന്നാല്‍ മാതാപിതാക്കളോടാണ് ഇവര്‍ പരാതി പറഞ്ഞത്, അവര്‍ക്ക് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നുമില്ല, ഇത്തരം വിമര്‍ശനങ്ങള്‍ തങ്ങള്‍ പ്രതീക്ഷിച്ചിരുന്നെന്നും' ഷാദ്രുലും തനൂജയും പറയുന്നു. വിവാഹ ശേഷം സ്ത്രീകളെ പോലെ താലി അണിയുമോ എന്ന് തനുജ ഷാദ്രുലിനോട് തമാശ രൂപേണ ചോദിക്കുകയും ചെയ്തു. എന്നാല്‍ ഷാദ്രുല്‍ തുടര്‍ന്നും താലി കഴുത്തിലണിയാന്‍ തീരുമാനിക്കുകയായിരുന്നു. 

'വിവാഹത്തിന് ശേഷം നിരവധി മാധ്യമങ്ങള്‍ തങ്ങളുടെ കഥ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ അതോടെ തുറന്ന ചിന്താഗതിക്കാരെന്ന് കരുതിയ പലരുടെയും ശരിയായ മുഖം പുറത്തു വന്നു. ഇനി സാരി കൂടി ഉടുക്കൂ,  മാസത്തില്‍ ഒരുതവണ പുറത്തായിരിക്കുമല്ലേ... തുടങ്ങിയ കമന്റുകള്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ ധാരാളം വന്നെന്നും' ഷാദ്രുല്‍ പറയുന്നു. ലിംഗസമത്വത്തെ പിന്തുണക്കേണ്ടത് ഇങ്ങനെയല്ല എന്ന ഉപദേശവും തനിക്ക് കിട്ടിയെന്നും ഷാദ്രുല്‍. 

ഇത്തരം ട്രോളുകള്‍ ആദ്യമൊക്കെ തനുജയെ ബാധിച്ചിരുന്നു. പിന്നീട് ഇരുവരും അവ ആസ്വദിച്ചു തുടങ്ങി. 'ഞങ്ങളുടെ ബന്ധം എങ്ങനെയാണെന്ന് മറ്റാരെക്കാളും ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ പരസ്പരം പിന്തുണയ്ക്കുന്നു, ഇരുവരുടെയും സ്വപ്‌നങ്ങള്‍ക്കു വേണ്ടി. ഇത് ഒന്നിച്ചുള്ള യാത്രയാണ്, അതിനിടയില്‍ ലോകം എങ്ങനെ ചിന്തിച്ചാലും ഞങ്ങള്‍ക്കെന്താണ്.' ഷാദ്രുലും തനുജയും ഒരേ സ്വരത്തില്‍ ചോദിക്കുന്നു. 

Content Highlights: This Bride And Groom Exchanged Mangalsutras, humans of Bombay story