ഴിഞ്ഞ ദിവസമാണ് തിക്കോടിയിൽ കൃഷ്ണപ്രിയ എന്ന പെൺകുട്ടിയെ നന്ദകുമാർ എന്നയാൾ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത് . നന്ദകുമാറിന് കൃഷ്ണപ്രിയയോടുള്ള താത്പര്യവും തുടര്‍ന്നുള്ള അഭിപ്രായവ്യത്യാസവുമാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് വ്യക്തമാക്കിയത്. ഈ പശ്ചാത്തലത്തിൽ എഴുത്തുകാരി എസ്.ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പ്.

പക്ഷിത്തൂവലിനെ ഓർമ്മപ്പെടുത്തുന്നു ഈ പെൺകുട്ടിയുടെ ചിത്രം. വേണ്ടാത്ത പ്രണയത്തെ (?) (അതോ അസഹ്യമായി മാറിയ ആൺ ഈഗോയോ) വഴിയിൽ ഉപേക്ഷിച്ചതിന് , ഇതിപ്പോൾ എത്രാമത്തെ പെൺകുട്ടിയാണ് കത്തിക്കരിഞ്ഞ് ഇല്ലാതാക്കപ്പെടുന്നത്..

സിനിമയിലും കവിതകളിലും ഒക്കെ പാരസ്പര്യത്തിന്‍റെ തീവ്രതയാണ് പ്രണയം. പക്ഷേ , ജീവിതത്തിൽ അത്  എല്ലാ കാലവും ഒരേ പോലെ നിലനില്‍ക്കുന്ന ഒന്നല്ല. പ്രത്യേകിച്ച് ആൺകുട്ടികളിലെ അക്ഷമയും അസഹ്യതയും പെട്ടെന്ന് വെളിപ്പെട്ടു പോകുന്ന കാലത്ത്. അതിലും പെട്ടെന്ന് അത് തിരിച്ചറിയാൻ മാത്രം വിവേകികളാകുന്ന പെൺകുട്ടികളുടെ കാലത്ത്.

ഇനി മറ്റൊരാളുടെ മടിയിലും നീയിങ്ങനെ പ്രണയത്തോടെ മയങ്ങരുത്, അതുകൊണ്ട്, ഉത്തമേ നീ മരിക്കണം എന്ന് ചങ്ങമ്പുഴയുടെ ഒരു കാമുകന്‍ ആലോചിക്കുന്നുണ്ട്. പ്രണയിനിയുടെ വിവാഹം നടന്ന രാത്രിയില്‍ വിവാഹമാല്യമണിഞ്ഞ്, മരണത്തിന്‍റെ മണിമുഴക്കം കേട്ടുകൊണ്ട് നിത്യതയിലേക്ക് പോയി കവി ഇടപ്പള്ളി രാഘവന്‍പിള്ള. തുടര്‍ന്ന് ചങ്ങമ്പുഴ രമണന്‍ എഴുതി.

കാലം മാറി.  മറ്റെല്ലാ ഭൗതികസാഹചര്യങ്ങളും മാറുന്നതിനനുസരിച്ച് പ്രണയത്തിന്‍റെ വിനിമയശീലങ്ങളും മാറുക തന്നെ ചെയ്യും.
ഇന്ന് സ്വാതന്ത്ര്യബോധവും സ്വാശ്രയശീലവും സ്വാഭിമാനവും നേടിയ പെണ്‍കുട്ടികള്‍ പഴയകാല കാമുകിമാരുടെ വിധേയത്വശീലം പ്രകടിപ്പിച്ചില്ല എന്നിരിക്കും. അവര്‍ തങ്ങളുടെ ഭാവി കൃത്യമായി കരുപ്പിടിപ്പിക്കുന്ന തിരക്കിലാണ്. ആണ്‍കുട്ടികളുമായി അവര്‍ക്ക് സംസാരിക്കാനുള്ളത് പ്രണയത്തെ കുറിച്ച് മാത്രമായിരിക്കില്ല. ചിലപ്പോള്‍ അങ്ങേയറ്റം സ്വാഭാവികമായി പ്രണയവും രതിയും ഒക്കെ അവരുടെ വിഷയങ്ങളില്‍ പെടുന്നുമുണ്ടാകാം. പ്രണയമായാലും വിവാഹമായാലും കുടുംബമായാലും സ്വന്തം കരിയറിനെ/ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ തങ്ങളെ കെട്ടിവരിയുന്ന ഒന്നാക്കാന്‍ ബുദ്ധിയും വകതിരിവും ഉള്ള പെണ്‍കുട്ടികള്‍ ഇന്ന് അനുവദിക്കില്ല. അവര്‍ക്ക് കിട്ടിയ സ്വാതന്ത്ര്യപാഠങ്ങള്‍ അത്തരത്തിലുള്ളവയാണ്. അസ്വാതന്ത്ര്യം അനുഭവപ്പെട്ടാല്‍  ഇന്നത്തെ പെണ്‍കുട്ടി നോ എന്ന് പറഞ്ഞെന്നിരിക്കും. പ്രണയത്തിലെ ഈ വിട്ടുപോക്കിനെ ചതി /തേപ്പ് എന്നിങ്ങനെ വൃത്തികെട്ട വാക്കുകളുപയോഗിച്ചാണ്  വിശേഷിപ്പിക്കപ്പെടുന്നത്.     

അപകടകരമായേക്കാവുന്നതായിരുന്നു എന്റെയും  എല്ലാ പ്രണയങ്ങളും എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഒരു ഭയപ്പാടുണ്ടാകുന്നു. എത്രയോ ഇഷ്ടങ്ങളിലൂടെ കടന്നു പോയി. അതില്‍ ഏതൊക്കെ ആയിരുന്നു പ്രണയങ്ങള്‍? ഏതൊക്കെയായിരുന്നു വെറും ഭ്രമങ്ങള്‍? ഏതൊക്കെയായിരുന്നു സാധാരണ സൗഹൃദങ്ങള്‍?. എല്ലാവരെ കുറിച്ചും ഇന്ന് സ്നേഹത്തോടെയും നന്ദിയോടെയും മാത്രമേ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ. കാരണം ഹ്രസ്വകാലത്തേക്ക് മാത്രം ആയിരുന്നുവെങ്കിലും, വഴക്കുണ്ടാക്കി പിരിഞ്ഞു പോയവയെങ്കിലും അതെല്ലാം സത്യമായിരുന്നു. അതൊക്കെയും നല്‍കിയ ജീവിതപ്രേരണകള്‍ നിസ്സാരമായിരുന്നില്ല. അവയൊന്നും തന്നെ വിവാഹത്തിലേക്ക് എത്തിക്കാനുള്ളവയും ആയിരുന്നില്ല. ആരിലും വാശിയും പകയും ഉണ്ടായിരുന്നതായി ഓര്‍ക്കുന്നില്ല. എന്‍റെ പ്രണയങ്ങള്‍ എന്‍റെ ഭാഗ്യങ്ങളായിരുന്നു.

ഒരിക്കല്‍ ഇഷ്ടപ്പെട്ട ഒരാളെ എത്ര വെറുത്താലും അയാള്‍ കത്തിക്കരിഞ്ഞു കിടക്കുന്നതായി ചിന്തിക്കാന്‍ കഴിയില്ല.. പ്രണയം ഒരേ സമയം സ്വാതന്ത്ര്യവും അസ്വാതന്ത്ര്യവുമാണ്. പ്രണയിക്കാനായി ഒരുമിച്ചു ജീവിക്കണമെന്നില്ലല്ലോ. വിവാഹമോ കുടുംബമോ പ്രായമോ ഒന്നും അതിനു പ്രതിബന്ധങ്ങളല്ലെന്നിരിക്കെ ഇടക്ക് വെച്ച് അതിങ്ങനെ കരിച്ചും പുകച്ചും കളഞ്ഞ് ഭയപ്പെടുത്തേണ്ടതുണ്ടോ?

മറ്റാരോ ഉണ്ടാക്കിയെടുത്ത പാതയില്‍ നമുക്കാവശ്യമില്ലാത്ത ഒരിടത്തേക്ക് പോകേണ്ടതില്ല എന്നറിയുന്ന പെണ്‍കുട്ടികളുടെ കാലമാണിത്. പകരം നമുക്ക് പോകേണ്ടയിടത്തേക്ക് ഉള്ള വഴി സ്വയം നിര്‍മ്മിക്കുക യഥാര്‍ഥ മനുഷ്യാവകാശമാണ്‌ എന്നവര്‍ തിരിച്ചറിയുന്നു. വിവാഹം പോലെ തന്നെ മറ്റൊരു സ്ഥാപനമാകാനും അധികാരം സ്ഥാപിക്കാനും വരുന്ന പ്രണയത്തെ ചിലപ്പോള്‍ തങ്ങളുടെ റിപ്പബ്ലിക്കില്‍ അവര്‍ പ്രവേശിപ്പിച്ചേക്കില്ല. വരാനിരിക്കുന്ന ഇടിമുഴക്കങ്ങളെയും കലക്കങ്ങളെയും അവള്‍ അവഗണിച്ചെന്നുമിരിക്കും.

പ്രണയിയുടെ ഭാരത്തെ ചുമക്കാന്‍ വയ്യ എന്ന് പ്രണയികളില്‍ ഒരാള്‍ തീരുമാനിച്ചാല്‍  ആ വ്യക്തിയുടെ സ്വാധികാരത്തെ ബഹുമാനിക്കുവാനും അംഗീകരിക്കുവാനും മറുകക്ഷിക്ക് കഴിയുമ്പോഴാണ് പ്രണയം സാര്‍ത്ഥകമാകുക. പ്രണയത്തിലായാലും വിവാഹത്തിലായാലും അലംഘനീയമായ കരാറുകള്‍ ഇല്ലാതിരിക്കുന്നതാണ് നല്ലത്.

അച്ഛനമ്മമാരും അധ്യാപകരും സദാചാരപോലീസ് ചമഞ്ഞ് കാവലിരിക്കുന്നതിനു പകരം കുട്ടികളെ ആരോഗ്യകരമായ ബന്ധങ്ങളിലേക്ക് സഞ്ചരിക്കാന്‍ സഹായിക്കൂ. നമ്മുടെ കുഞ്ഞു പ്രണയികള്‍ പ്രണയം മടുക്കുമ്പോള്‍ ആരോഗ്യകരമായി കൈ കൊടുത്തു പിരിയട്ടെ. എന്നിട്ട് പ്രണയത്തില്‍ നിന്ന് പ്രണയത്തിലേക്ക് ചിറകു നീര്‍ത്തി ഉയരട്ടെ.

ഓരോ പ്രണയത്തിനൊടുവിലും വാശിയും പകയുമായി അവര്‍ ചങ്ക് തകര്‍ന്നു നില്‍ക്കരുത്. വായുവും ജലവും പോലെ, സാന്ദ്രത കൂടിയ ഇടങ്ങളുപേക്ഷിച്ച് സാന്ദ്രത കുറഞ്ഞ ഇടങ്ങളിലേക്ക് സ്വയം പ്രവഹിക്കുന്ന പ്രണയത്തെ കുറിച്ച് സ്നേഹമായി അവരോടു സംസാരിക്കൂ.. അങ്ങനെ വേണ്ടാത്ത പ്രണയത്തില്‍ നിന്ന് അങ്ങേയറ്റം സ്വാഭാവികമായി അവര്‍ മോചിതരകട്ടെ..

പകുത്താലും പകുത്താലും തീരാത്തത്ര പ്രണയങ്ങളിലേക്ക് വളരട്ടെ നമ്മുടെ കുഞ്ഞുങ്ങള്‍. ഒരു കാട് കൊഴിയുമ്പോള്‍ മറ്റൊരു കാട് വിരിയണം. ഒരേ കാട്ടില്‍ തന്നെ കൊഴിയലും വിരിയലും നിരന്തരം. ഒരു തിരിയില്‍ നിന്ന് കൂടുതല്‍ തെളിച്ചമുള്ള ഒട്ടേറെ തിരികളിലേക്ക്. നൂറായി പങ്കു വെച്ചാല്‍ നൂറു ജ്വാലയിലും തിളങ്ങണം ആ അഗ്നി. 

പകരുന്തോറും ആളുന്ന അതിന്‍റെ നാളത്തിന് പെട്രോളും മണ്ണെണ്ണയുമല്ല, ജീവിതാസക്തിയാണ് ഇന്ധനമാകേണ്ടത്. ഒരാളിലേക്ക് ചുരുക്കി ഒടുക്കിക്കളയല്ലേ പ്രണയത്തെ. നമ്മുടെ കുട്ടികളുടെ പ്രണയത്തിനു കൂട്ടിരിക്കാന്‍ പാകത്തില്‍ നമ്മള്‍ വളരേണ്ടിയിരിക്കുന്നു.

( കുറച്ചു വർഷങ്ങൾക്കു മുൻപ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ട്രൂ കോപി പേജിൽ എഴുതിയത് ചെറിയ എഡിറ്റിങ് വരുത്തിയത് )

Content Highlights: thikkodi murder, murder of krishnapirya, violence against women, rejection violence