പെണ്‍കുട്ടികളെ പ്രായമാകുമ്പോള്‍ വിവാഹം കഴിപ്പിച്ചയക്കാനല്ല, ആദ്യം സ്വന്തംകാലില്‍ നില്‍ക്കാനും സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കാനുമാണ് ഓരോ മാതാപിതാക്കളും പഠിപ്പിക്കേണ്ടത്. വിദ്യാഭ്യാസത്തിന്റെയും അതിലൂടെ പരാശ്രയമില്ലാതെ പെണ്‍മക്കളെ ജീവിക്കാന്‍ പ്രാപ്തമാക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഒരമ്മ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 

ഹ്യൂമന്‍സ് ഓഫ് ബോംബെ പേജിലൂടെയാണ് അമ്മ പെണ്‍മക്കള്‍ ജോലി നേടിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അനുഭവസഹിതം കുറിക്കുന്നത്. വിവാഹസമയത്ത് പഠനം പൂര്‍ത്തിയാക്കണമെന്ന് അമ്മ പറഞ്ഞ കാര്യം തനിക്ക് മക്കളുണ്ടായപ്പോള്‍ അവര്‍ക്കും പകര്‍ന്നു നല്‍കിയെന്ന് ആ അമ്മ പറയുന്നു. 1960കളില്‍ സ്ത്രീ സജീവമായി ജോലിക്കു പോകാത്ത കാലത്ത് അധ്യാപികയായ തന്നെ പലരും അത്ഭുതത്തോടെയാണ് കണ്ടിരുന്നതെന്നും എന്നാല്‍ മക്കളുടെ വിദ്യാഭ്യാസ കാര്യത്തില്‍ വിട്ടുവീഴ്ച്ച വരുത്താതിരുന്ന അമ്മയാണ് താനെന്നും അവര്‍ പറയുന്നു. പെണ്‍കുട്ടികള്‍ക്ക് എന്തും നേടിയെടുക്കാന്‍ കഴിയുമെന്ന് അവരെ ബോധ്യപ്പെടുത്തലാണ് ഒരമ്മ എന്ന നിലയില്‍ ചെയ്തിരിക്കേണ്ട പ്രധാന കാര്യമെന്നും അവര്‍ കുറിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപത്തിലേക്ക്...

എനിക്ക് ഒമ്പതു വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അവിടുന്നു തൊട്ട് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അമ്മ പറയാത്ത ഒരുദിനം പോലും കടന്നുപോയിട്ടില്ല. അമ്മ വളരെ പുരോഗമന കാഴ്ച്ചപ്പാടുള്ളയാളായിരുന്നു. 1940കളില്‍ തന്നെ ബിരുദം പൂര്‍ത്തിയാക്കിയിരുന്നു. ഞാന്‍ പഠനത്തില്‍ മിടുക്കിയായിരുന്നു. ബിരുദം പൂര്‍ത്തിയായതോടെ ഞാന്‍ മാസ്റ്റേഴ്‌സ് ചെയ്യാന്‍ തീരുമാനിച്ചു. അന്നത്തെക്കാലത്ത് സ്ത്രീകള്‍ ഇത്രയും പഠിക്കുന്നതൊക്കെ കുറവായിരുന്നു. അവസാനവര്‍ഷത്തിലാണ് എന്റെ വിവാഹം ഉറപ്പിക്കുന്നത്. ഭര്‍ത്താവ് ഡല്‍ഹിയില്‍ നിന്നായിരുന്നു. പക്ഷേ അങ്ങോട്ടു പോവുംമുമ്പ് ബിരുദം പൂര്‍ത്തിയാക്കാനായി അമ്മയ്‌ക്കൊപ്പം നില്‍ക്കുന്ന കാര്യം തീരുമാനിച്ചിരുന്നു. 

ഒരുസ്വകാര്യ സ്ഥാപനത്തിലെ മാനേജരായിരുന്നു ഭര്‍ത്താവ്. ഇടത്തരം കുടുംബമായിരുന്നു ഞങ്ങളുടേത്. സാമ്പത്തികമായി സഹായിക്കണമെന്ന ചിന്ത വന്നപ്പോഴാണ് വിദ്യാസമ്പന്നയായ എനിക്ക് എന്തുകൊണ്ട് ജോലിക്ക് പൊയ്ക്കൂടാ എന്നു ചിന്തിക്കുന്നത്. അങ്ങനെ ജോലി തേടി നടക്കുകയും വൈകാതെ ഒരു സ്‌കൂളില്‍ അധ്യാപികയായി ജോലി ലഭിക്കുകയും ചെയ്തു. 

പക്ഷേ 1960കളില്‍ ഒരു വിവാഹിതയായ പെണ്‍കുട്ടി ജോലിക്ക് പോകുന്നതിനെ അയല്‍ക്കാരും മറ്റും അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ബന്ധുക്കളൊക്കെ അടക്കം പറഞ്ഞത് കേട്ടു. ഭര്‍തൃമാതാവ് പോലും ചില സമയങ്ങളില്‍ അപമാനിച്ചു. എല്ലാ വീട്ടുജോലികളും അവരുടെ ചുമലിലായതിന്റെ പേരില്‍. പക്ഷേ എനിക്കിഷ്ടമുള്ളത് ചെയ്‌തോളൂ, പിന്തുണയുമായി കൂടെയുണ്ട് എന്നാണ് ഭര്‍ത്താവ് പറഞ്ഞത്. 

“My father passed away when I was 9. Then on, Maa didn’t miss a chance to tell me how important it is to be educated,...

Posted by Humans of Bombay on Sunday, September 20, 2020

ഞാനെന്റെ ജോലിയെ ഇഷ്ടപ്പെട്ടിരുന്നു. മക്കളെ ഗര്‍ഭം ധരിച്ചപ്പോള്‍ പോലും ഞാന്‍ ജോലി തുടര്‍ന്നു. രണ്ട് പെണ്‍മക്കളും ഒരു മകളുമാണുള്ളത്. ഞാന്‍ നേരത്തേ ജോലിക്ക് പോകുമായിരുന്നു. മക്കള്‍ക്കു വേണ്ട ഭക്ഷണം തയ്യാറാക്കി അവരെ ഒരുക്കി സ്‌കൂളിലേക്ക് വിടുന്നത് ഭര്‍ത്താവായിരുന്നു. 

ഞങ്ങളെ സംബന്ധിച്ചിടത്തോളം ഓരോ രൂപയും മൂല്യമുള്ളതായിരുന്നു. സ്‌കൂള്‍ വിട്ടാല്‍ നാല്‍പതു മിനിറ്റ് നടന്നാണ് വീട്ടിലെത്തുക, അപ്പോള്‍ 50 പൈസ ഓട്ടോറിക്ഷയ്ക്ക് കൊടുക്കേണ്ടല്ലോ. എന്റെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാനാണ് സമ്പാദിച്ചത്. എന്റെ പെണ്‍മക്കളും സാമ്പത്തികമായി സ്വതന്ത്രരായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അതാണ് എനിക്കുണ്ടായിരുന്ന ഒരേയൊരു സമ്പത്ത്. മകന്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന സമയത്ത് അവന് സ്വസ്ഥമായി പഠിക്കാന്‍ ഉടമയോട് പ്രത്യേകമുറി വേണമെന്ന് ഞാന്‍ കെഞ്ചിയിരുന്നു. 

മകള്‍ ആരതിയും അവസാന വര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് വിവാഹം കഴിഞ്ഞത്. ശേഷം ന്യൂയോര്‍ക്കിലേക്ക് പോകാനിരിക്കുകയായിരുന്നു. അമ്മയുടെ അതേ വാക്കുകള്‍ തന്നെ ഞാന്‍ അവളോടും ആവര്‍ത്തിച്ചു. കറങ്ങിത്തിരിഞ്ഞോളൂ, പക്ഷേ പഠനം പൂര്‍ത്തിയാക്കണം എന്നതായിരുന്നു അത്. അങ്ങനെ ഗര്‍ഭകാല വിശ്രമസമയത്ത് ആരതി മാസ്റ്റേഴ്‌സ് പൂര്‍ത്തിയാക്കി. അവളുടെ മകള്‍ രാധികയോടും ഇതേകാര്യം പറഞ്ഞു. ഇന്ന് ആരതി ഡല്‍ഹിയിലെ ഒരു സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ആണ്. രാധിക ഒരു മ്യൂച്വല്‍ ഫണ്ട് സ്ഥാപനത്തിലെ സിഇഒയും. 

മുപ്പത്തിയാറ് വര്‍ഷം ജോലി ചെയ്തതിനു ശേഷം 2000ത്തിലാണ് ഞാന്‍ വിരമിക്കുന്നത്. ഞാനൊരിക്കലും ചെയ്യാതിരുന്ന ചെറിയ കാര്യങ്ങളില്‍ ഇന്ന് ആസ്വാദനം കണ്ടെത്തുന്നുണ്ട്. പുതിയ വിഭവങ്ങള്‍ പരീക്ഷിക്കുക, കൊച്ചുമക്കള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കുക അങ്ങനെയങ്ങനെ. അടുത്തിടെയാണ് എനിക്ക് എണ്‍പതു വയസ്സ് പൂര്‍ത്തിയായത്. പക്ഷേ ഇപ്പോഴും ഞാന്‍ സ്‌കൂളിലെ കാര്യങ്ങളില്‍ സജീവമായി പങ്കുകൊള്ളാറുണ്ട്. 

ആഗ്രഹിക്കുന്നതെന്തും ചെയ്യാനും നേടിയെടുക്കാനും കഴിയുമെന്ന് പെണ്‍മക്കളെ പഠിപ്പിക്കലാണ് ഒരു സ്ത്രീയെന്ന നിലയ്ക്ക് കൈമാറാന്‍ കഴിയുന്ന ഏറ്റവും വലിയ സ്വത്ത്. ഇന്നത്തെ പെണ്‍കുട്ടികളാണ് നാളത്തെ സ്ത്രീകള്‍. അവരെക്കൊണ്ട് എന്തിനും കഴിയുമെന്ന് തിരിച്ചറിയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.

Story Of Courtesy: humans of bombay

Content Highlights:  The greatest asset to give to daughters is education mother sharing experience