കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് ബോളിവുഡ് നടി സോണാലി ബിന്ദ്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ആരുടെയും ഹൃദയത്തെ കീഴടക്കുന്നതാണ്. നാല്‍പത്തഞ്ചുകാരിയായ താന്‍ എങ്ങനെയാണ് കാന്‍സറിനോട് പൊരാടിയതെന്നും വിജയിച്ചതെന്നും സൊണാലി ആ വീഡിയോയിലൂടെ പറയുന്നു. 

2018 ലാണ് സൊണാലി കാന്‍സര്‍ ബാധിതയാവുന്നത്. കാന്‍സറാണെന്ന് അറിഞ്ഞപ്പോള്‍ തന്റെ ജീവിതം എങ്ങനെ മാറി മറിഞ്ഞെന്നും സൊണാലി വീഡിയോയിലൂടെ പങ്കുവയ്ക്കുന്നു. 'നമ്മള്‍ ഒരു തുരങ്കത്തില്‍ പെട്ടുപോയാല്‍ അതിനപ്പുറത്ത് വെളിച്ചം കണ്ടെത്തുന്നതുവരെ ക്ഷമയോടെ നടക്കില്ലേ.. അതുപോലെയാണ് കാന്‍സര്‍ രോഗകാലം.' വീഡിയോയുടെ അവസാനം പറയുന്ന വാക്കുകളും ശ്രദ്ധേയമാണ്. നമ്മളെ കീഴടക്കാന്‍ ഒരിക്കലും കാന്‍സറിനെ അനുവദിക്കരുതെന്നാണ് സൊണാലിയുടെ മുന്നറിയിപ്പ്.

'ശ്രദ്ധിക്കാം, ശരീരം തരുന്ന മുന്നറിയിപ്പുകള്‍ കേള്‍ക്കാം, പരിശോധനകള്‍ മുടക്കരുത്, നേരത്തെ കണ്ടെത്തിയാല്‍ ചികിത്‌സ എളുപ്പമാണ്.' പോസ്റ്റിന്റെ ക്യാപ്ഷന്‍ സൊണാലി നല്‍കിയത് ഇങ്ങനെയാണ്.  

വീഡിയോയിലൂടെ സൊണാലി ജീവിത്തിലെ മാറ്റങ്ങളെ കുറിച്ചും പങ്കു വയ്ക്കുന്നു. 'മാറ്റങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണ്, ഈ രണ്ട് വര്‍ഷങ്ങള്‍ എന്നെ പഠിപ്പിച്ചത് നിരവധിപാഠങ്ങളാണ്. തുരങ്കത്തിനപ്പുറത്തെ വെളിച്ചം തിരയാനുള്ള ക്ഷമ ഞാന്‍ പഠിച്ചു. ഞാന്‍ ആരാണെന്നും എത്ര പ്രധാനപ്പെട്ടയാളാണെന്നും തിരിച്ചറിഞ്ഞു. അതുകണ്ട് നമ്മള്‍ തിരിച്ചറിയണം കാന്‍സര്‍ അല്ല നമ്മുടെ ജീവിതം തീരുമാനിക്കുന്നത് എന്ന്.' 

പോസ്റ്റിന് അനുഷ്‌ക ശര്‍മ, ദിയ മിര്‍സ തുടങ്ങി നിരവധി താരങ്ങള്‍ പ്രതികരണവുമായി എത്തി. നിങ്ങള്‍ സുന്ദരിയും ധൈര്യവതിയുമായ സ്ത്രീയാണ്.. കാന്‍സര്‍ സര്‍വൈവറായ താഹിറ കശ്യപ് പോസ്റ്റിന് കമന്റ് നല്‍കി. 

2018 ല്‍ കാന്‍സര്‍ തിരിച്ചറിഞ്ഞ ശേഷം സൊണാലി സോഷ്യല്‍ മീഡിയയില്‍ വളരെ ദൈര്‍ഘ്യമുള്ള ഒരു പോസ്റ്റ് ഇട്ടത് ചര്‍ച്ചയായിരുന്നു. ഓരോ നിമിഷവും ഞാന്‍ പോരാടും എന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. ന്യൂയോര്‍ക്കിലെ ചികിത്സാകാലത്ത് ഭര്‍ത്താവ് ഗോള്‍ഡി ഭേലും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇക്കാലത്തും രോഗിയായി ഒതുങ്ങിക്കൂടുകയല്ല സൊണാലി ചെയ്തത്. തന്റെ വെബ്‌സൈറ്റായ ബുക്ക് ക്ലബിലൂടെ യുവ എഴുത്തുകാരുമായി സംവാദങ്ങളും സംഭാഷണങ്ങളും നടത്താനും അവര്‍ സമയം കണ്ടെത്തിയിരുന്നു.  

സൊണാലിയുടെ ഉറ്റസുഹൃത്തുക്കളായ സൂസന്നെ ഖാന്‍, ഗായത്രി ജോഷി, ഹൃതിക് റോഷന്‍ എന്നിവര്‍ അവരെ സന്ദര്‍ശിച്ചതും വാര്‍ത്തയായിരുന്നു. 

Content Highlights: Sonali Bendre shares her cancer survival story