കുട്ടിക്കാലത്ത് ഏറെയിഷ്ടമായിരുന്ന ഒരു സുഹൃത്തിനെ കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടില്ലേ? പണ്ടൊക്കെയായിരുന്നെങ്കില്‍ ഫോണ്‍ നമ്പര്‍ തപ്പിപ്പിടിച്ച് ആളെ കണ്ടെത്തും അതും കിട്ടിയില്ലെങ്കില്‍ വഴിയടഞ്ഞെന്നു കരുതി അതങ്ങു മറന്നു കളയും. എന്നാല്‍ ഇന്നതല്ല സ്ഥിതി, ആരെ വേണമെങ്കിലും കണ്ടെത്താന്‍ സാമൂഹിക മാധ്യമത്തിന്റെ മാത്രം സഹായം മതി. അത്തരത്തില്‍ രണ്ടു സുഹൃത്തുക്കള്‍ കാലങ്ങള്‍ക്കിപ്പുറം വീണ്ടും കണ്ടുമുട്ടിയ കഥയാണ് സാമൂഹിക മാധ്യമത്തില്‍ നിറയുന്നത്. 

ബ്രയാന്‍ക്രൈ എന്ന ട്വിറ്റര്‍ ഉപയോക്താവില്‍ നിന്നു വന്ന ട്വീറ്റ് ആണ് എല്ലാത്തിനും തുടക്കമായത്. ഒരു പെണ്‍കുട്ടിക്കൊപ്പമുള്ള ചിത്രമായിരുന്നു അത്. ഒപ്പം ഈ പെണ്‍കുട്ടിയെ കണ്ടെത്താന്‍ സഹായിക്കുമോ എന്നു കുറിക്കുകയും ചെയ്തു. 2006ല്‍ ഹവായിയില്‍ വച്ചാണ് ഇരുവരും തമ്മില്‍ ആദ്യമായി കണ്ടുമുട്ടിയിരുന്നതെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. 

'' ഹേയ് ട്വിറ്റര്‍, 2006ല്‍ ഒരു ഡിന്നറിനിടയിലാണ് ഞാന്‍ ഈ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. ആ രാത്രിയില്‍ എന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്ന ഈ പെണ്‍കുട്ടിയെ കണ്ടെത്താന്‍ സഹായിക്കാമോ? ഞാന്‍ അവളെ മിസ് ചെയ്യുന്നുണ്ട്, ഇപ്പോള്‍ അവള്‍ എന്തു ചെയ്യുകയായിരിക്കുമെന്ന് അറിയാന്‍ ആഗ്രഹിക്കുന്നുണ്ട്. ദയവുചെയ്ത് റീട്വീറ്റ് ചെയ്ത് ഞങ്ങളെ ഒന്നിക്കാന്‍ അനുവദിക്കൂ. ''- ഇതായിരുന്നു പെണ്‍കുട്ടി ട്വീറ്റ് ചെയ്തിരുന്നത്. 

ട്വീറ്റ് അധികം വൈറലാകുന്നതിനു മുമ്പു തന്നെ പെണ്‍കുട്ടിയെ കണ്ടെത്താനും കഴിഞ്ഞു. 'നീ എന്നെ തിരയുന്നുണ്ടെന്നു കേട്ടു' എന്ന ക്യാപ്ഷനോടെ ഹെയ് എന്ന പേരുള്ള പെണ്‍കുട്ടി താന്‍ തന്നെയാണ് ചിത്രത്തിലുള്ളതെന്ന് വ്യക്തമാക്കി ട്വീറ്റ് ചെയ്യുകയായിരുന്നു.  ഇരുവരും ഒന്നിച്ചുള്ള പഴയ ചിത്രം പങ്കുവെക്കുകയും ചെയ്തു. 

എന്തായാലും ഇരുവരെയും ഒന്നിപ്പിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് സാമൂഹിക മാധ്യമത്തിലെ പലരും. എന്നാണ് ഇനിയൊരു ഡിന്നറിന് ഒന്നിച്ചു പോകുന്നതെന്നാണ് ഇരുവരോടും ഇപ്പോള്‍ പലരും ചോദിക്കുന്നത്. 

Content Highlights: socialmedia helped to unite two best friends