ഒരു പെണ്‍കുഞ്ഞിന്റെ വളര്‍ച്ചയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച ഡോ.ഷിംന അസീസ് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാണ്. ഉത്കണ്ഠാകുലരായ അമ്മമാരുടെ ആശങ്കകളെ ചെറുതായിട്ടെങ്കിലും ലഘൂകരിക്കുന്ന ഒന്ന്. 

പോസ്റ്റിന്റെ പൂര്‍ണരൂപം

ഇപ്പോള്‍ ആശൂത്രീല്‍ പോണേലും കൂടുതല്‍ സ്‌കൂളില്‍ പോകുന്നത് കൊണ്ട് പേഷ്യന്റ്‌സല്ല, പാരന്റ്‌സാണ് കൂടുതല്‍. അത് കൊണ്ട് തന്നെ മക്കളെക്കുറിച്ചുള്ള സകല ആധിക്കും ഉത്തരം പറയുന്നത് കൂടി ദിനചര്യയില്‍ പെടുന്നു.ഈയിടെ ആര്‍ത്തവാരംഭത്തിന് തയ്യാറായ ശരീരത്തോട് കൂടിയ ഒരൊന്‍പത് വയസ്സുകാരിയുമായി അടുത്ത് വന്നിരുന്ന അമ്മയോട് പറഞ്ഞ ചിലതെല്ലാം ഇവിടെ ഒട്ടിക്കുന്നു...

ഒരു പെണ്‍കുട്ടി ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അവളുടെ യോനിയില്‍ നിന്ന് രക്തം കലര്‍ന്ന സ്രവം വരുന്നത് സാധാരണമാണ്. ഇത് കണ്ട് കുഞ്ഞിനു ജനിച്ചപ്പോഴേ പ്രായപൂര്‍ത്തി ആയി എന്നൊന്നും ചിന്തിക്കരുത്. അമ്മയുടെ ഹോര്‍മോണ്‍ സ്വാധീനം കൊണ്ടുണ്ടാകുന്ന ഒരു അവസ്ഥാവിശേഷം മാത്രമാണിത്.

എന്നാല്‍, കുഞ്ഞിനു എട്ടു വയസ്സ് ആകും മുന്‍പേ ഉണ്ടാകുന്ന സ്വകാര്യഭാഗങ്ങളിലെ രോമവളര്‍ച്ച, സ്തനവളര്‍ച്ച, ആര്‍ത്തവാരംഭം എന്നിവ രോഗമാകാം. കഴിവതും വേഗം ഡോക്ടറെ കാണുകയും വേണം.സ്തനവളര്‍ച്ചയുടെ ആരംഭം അടുത്ത് തന്നെ വന്നു ചേരാനുള്ള ആര്‍ത്തവത്തിന്റെ മുന്നോടി ആണെന്നതിനാല്‍, ഈ സമയത്ത് അമ്മമാര്‍ ചെയ്യേണ്ടുന്ന രണ്ടു പ്രധാനകാര്യങ്ങള്‍ ഉണ്ട്.

1) കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം നല്‍കുക. കാരണം, ആര്‍ത്തവം തുടങ്ങുന്നതിനു തൊട്ടു മുന്‍പാണ് അവര്‍ ഏറ്റവും നന്നായി വളരുന്നത്. പോഷകം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രോട്ടീനും അന്നജവും ഇരുമ്പും മറ്റു ധാതുക്കളും ആവശ്യത്തിനുള്ള വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ്. പാക്കറ്റ് ഭക്ഷണവും, ഹോട്ടല്‍ പാര്‍സലുകളും വിപരീതഫലമാണ് ചെയ്യുക. കൃത്യസമയത്ത് അവര്‍ കഴിക്കുന്നു എന്ന് ഉറപ്പു വരുത്തുക.

2) അമ്മ അടുത്തില്ലാത്ത സമയത്താണ് ആദ്യ ആര്‍ത്തവം സംഭവിക്കുന്നത് എങ്കില്‍ ആശങ്ക കൂടാതെ ആ സാഹചര്യം നേരിടാനുള്ള മുന്‍കരുതലുകളും ധൈര്യവും കുഞ്ഞിനു നല്‍കണം. അധ്യാപികയോടോ മുതിര്‍ന്ന വിശ്വസ്തയായ സ്ത്രീകളോടോ കാര്യങ്ങള്‍ തുറന്നു പറയാന്‍ മക്കളെ പ്രാപ്തരാക്കേണ്ട കടമ അമ്മക്കുണ്ട്.

മുന്‍തലമുറയ്ക്ക് അച്ഛമ്മയും അമ്മമ്മയും മുത്തശ്ശിയുമെല്ലാം വീട്ടിലെ വിളക്കുകളായി നിലകൊണ്ടിരുന്നു. ഇന്ന് തന്നിലേക്കും താന്‍ തന്നെ തന്റെ ഫോണിലേക്കും ഒതുങ്ങുകയും അമ്മ ഉദ്യോഗസ്ഥയുമാകുമ്പോള്‍ വല്ലാത്തൊരു പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെടുന്നത്. ശരീരത്തിന്റെ വളര്‍ച്ചക്കൂടുതലും മനസ്സിന്റെ പാകക്കുറവും ഓരോ വര്‍ഷം മുന്നോട്ട് നീങ്ങുന്തോറും ഇന്നത്തെ കൗമാരത്തെ വ്യത്യസ്തമാക്കുന്നു.

ശ്രദ്ധിക്കേണ്ടത്, ശരീരവും മനസ്സും തമ്മിലുള്ള വിടവിലേക്കു ഒരു സാന്ത്വനമായി അമ്മ കടന്നു ചെല്ലണം എന്നതാണ്. ശരീരം പെട്ടെന്ന് വളരുമ്പോള്‍ കൂട്ടുകാര്‍ കളിയാക്കുന്നത്, അവളുടെ ബാഗില്‍ നിന്ന് സാനിട്ടറി നാപ്കിന്‍ അറിയാതെ കൂട്ടുകാര്‍ കണ്ടു പോയാലുള്ള വിഷമം എന്ന് തുടങ്ങി വളരെ ചെറിയ കാര്യങ്ങള്‍ തൊട്ടു പീഡനശ്രമങ്ങള്‍ വരെ ഈ പ്രായത്തില്‍ സര്‍വ്വസാധാരണമാണ്.

സാനിട്ടറി നാപ്കിന്‍ വൃത്തിയായി ഉപയോഗിക്കാത്തത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിരവധി. എത്ര കുറച്ചു രക്തസ്രാവം ഉള്ളുവെങ്കിലും എട്ട് മണിക്കൂറില്‍ ഒരിക്കല്‍ പാഡ് മാറ്റിയിരിക്കണം. ചില ബ്രാന്‍ഡുകള്‍ ചിലര്‍ക്ക് ചൊറിച്ചിലും നീറ്റലുമുണ്ടാക്കാം. അത്തരം സാഹചര്യങ്ങള്‍ നാണക്കേട് കൊണ്ട് കുഞ്ഞു പറയാതിരുന്ന് വലിയ അണുബാധയായി തീര്‍ന്ന അവസരങ്ങളുണ്ട്. എന്തും പറയാവുന്ന ഒരു ബന്ധം ബാല്യത്തിലെ ഉണ്ടാക്കിയെടുക്കാത്തതിന്റെ വിഷമതകള്‍ ആണിവയെല്ലാം.

പാഡ് മാറ്റേണ്ടി വരുമെന്ന് ഭയന്ന് മൂത്രം പിടിച്ചു വെച്ച് മൂത്രത്തില്‍ അണുബാധ, മൂത്രമൊഴിക്കാന്‍ പോകേണ്ടി വരുമെന്ന് കരുതി വെള്ളം കുടിക്കാതിരിക്കുക തുടങ്ങിയവയെല്ലാം അബദ്ധമാണ്. രണ്ടു നേരം കുളിക്കാനും, ആവശ്യത്തിനു വിശ്രമം നല്‍കാനും ശ്രദ്ധിക്കണം. പോഷകപ്രദമായ ഭക്ഷണം, പ്രത്യേകിച്ചു ആവശ്യത്തിനു ഇരുമ്പ് അടങ്ങിയ ഭക്ഷണം അത്യാവശ്യമാണ്. അവള്‍ക്കുണ്ടാകുന്ന രക്തനഷ്ടം ഇങ്ങനെ പരിഹരിക്കാം. എല്ലുകള്‍ക്ക് വേണ്ടി കാത്സ്യം ഉള്‍പ്പെടുത്താം. ഇലക്കറികള്‍, ഈന്തപ്പഴം, ഉണക്കമുന്തിരി, റാഗി, പാല്‍ ഉല്‍പ്പന്നങ്ങള്‍ , മത്സ്യമാംസാദികള്‍ തുടങ്ങിയവയില്‍ ഇവ ധാരാളമുണ്ട്.

അവള്‍ക്കു ഇരുമ്പോ കാല്‍സ്യമോ ഗുളിക രൂപത്തില്‍ നല്‍കേണ്ടി വന്നാല്‍ ഒരിക്കലും ഈ രണ്ടു ഗുളികകളും ഒന്നിച്ചു കൊടുക്കരുത്. കാത്സ്യം ഇരുമ്പിന്റെ ആഗിരണത്തെ തടയും.

അമ്മമാരുടെ ആയിരത്തി ഇരുന്നൂറ്റി പതിനാല് ആശങ്കകളില്‍ ഒന്നിനെ അഡ്രസ് ചെയ്യാന്‍ ശ്രമിച്ചെന്നേയുള്ളൂ...
ഇനിയും കഥ തുടരും... 

Content Highlights: Shimna Azeez, Menstruation, Girl Child, Parenting