വാക്‌സിന്‍ വിരുദ്ധ പ്രചാരണത്തിനെതിരെ സ്വയം കുത്തിവെപ്പെടുത്ത് ഡോക്ടര്‍ ഷിംന അസീസ്. കൊണ്ടോട്ടിക്കടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസിനിടയിലാണ് സംഭവം. ക്ലാസിനിടയില്‍ ഒരു രക്ഷിതാവില്‍ നിന്ന് ഡോക്ടറും കുത്തിവെപ്പെടുക്കുമോ എന്ന ചോദ്യം ഉയര്‍ന്നു. വാദിക്കുന്ന സംഗതി നിങ്ങളെന്തേ ചെയ്യുന്നില്ല എന്ന് ചോദിച്ചതോടെ സ്വയം കുത്തിവെപ്പെടുക്കാന്‍ ഡോക്ടര്‍ തയ്യാറാവുകയായിരുന്നു.

താന്‍ കുത്തിവെപ്പെടുക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും മലപ്പുറത്തെ ആരോഗ്യപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ഡോക്ടര്‍ ഫെയ്‌സ്ബുക്കില്‍ ഇട്ട കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ തംരഗമായിക്കഴിഞ്ഞു. നിരവധി പേരാണ് ഡോക്ടര്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. 

 

Shimnaഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'എന്താ ഡോക്ടറേ ഈ രോഗങ്ങള്‍ക്ക് പതിനഞ്ച് വയസ്സ് വരെയുള്ളവര്‍ക്ക് മാത്രം കുത്തിവെപ്പ് മതിയോ' വളരെ പോസിറ്റീവായാണ് ആ പര്‍ദ്ദക്കാരി ഉമ്മ ചോദിച്ചത്.
ചിരിച്ചു കൊണ്ട് മൈക്കില്‍ മറുപടി പറഞ്ഞു തുടങ്ങി. പറയുന്ന കൂട്ടത്തില്‍ 'ഗള്‍ഫ് രാജ്യങ്ങളില്‍ മുപ്പത്തഞ്ച് വയസ്സ് വരെ കൊടുക്കുന്നുണ്ട്, ഞാനും റുബല്ലക്ക് കുത്തിവെപ്പ് എടുക്കണമെന്ന് കരുതിയിരിക്കുന്നു കുറേ കാലമായിട്ട് '.
ഉടന്‍ ആ നീല ഷര്‍ട്ടിട്ട മധ്യവയസ്‌കന്‍ ചാടിയെഴുന്നേറ്റ് 'നിങ്ങള്‍ ആ വര്‍ത്താനം പറയരുത്, നിങ്ങളത്രക്ക് വാദിക്കുന്ന ഒരു സംഗതി നിങ്ങളെന്തേ ചെയ്യുന്നില്ല?' എന്ന് ചോദിച്ചു.
'ഈ പദ്ധതിപ്രകാരം പതിനഞ്ച് വയസ്സ് വരെയേ കുത്തിവെപ്പ് നല്‍കാന്‍ സാധിക്കൂ. എനിക്ക് പ്രായം അതിലേറെയുള്ളത് കൊണ്ട്. എന്റെ കുട്ടികള്‍ക്ക് നല്‍കുന്നത് നിങ്ങള്‍ക്ക് ഞാന്‍ കാണിച്ച് തന്നല്ലോ' എന്ന മറുപടിയില്‍ അയാള്‍ തൃപ്തനായില്ല. അത് വരെ ക്ലാസിലിരുന്ന് വസ്തുതകള്‍ മനസ്സിലാക്കിയവര്‍ പോലും എന്നെ സംശയത്തോടെ നോക്കിത്തുടങ്ങി.
'ഞാനെടുക്കാം.'...
ആ മറുപടി അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല. വന്നതില്‍ 99% പേരും കുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ രക്ഷിതാക്കളായിരുന്നു. അവരില്‍ മിക്കവരും തിരിച്ചു ചിന്തിച്ചു. 310 കുട്ടികള്‍ മീസില്‍സില്‍ നിന്നും റുബല്ലയില്‍ നിന്നും തങ്ങളുടെ ഭാവി സുരക്ഷിതമാക്കി.

ഇതൊരു ക്രെഡിറ്റായല്ല പറയുന്നത്, മലപ്പുറത്തെ ആരോഗ്യപ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ ശക്തമായ രേഖപ്പെടുത്തലാണിത്. ഞങ്ങള്‍ ശ്രമിക്കാഞ്ഞിട്ടാണ്, ബോധവല്‍ക്കരിക്കാഞ്ഞിട്ടാണ് എന്നൊക്കെ പറയുന്നവര്‍ ഞങ്ങളുടെ ഈ ദുരവസ്ഥ ദയവ് ചെയ്ത് കാണാതെ പോകരുത്.
ഞങ്ങളുടെ കൂടെ നില്‍ക്കുന്ന പ്രിയമാധ്യമങ്ങള്‍ക്ക് ഹാര്‍ദ്ദമായ നന്ദി.