വിവാഹ ചടങ്ങിനിടയില്‍ മകളുടെ കവിളില്‍ വാത്സല്യത്തോടെ ചുംബിക്കുന്ന അച്ഛന്. ഷാഹിദ് കപൂറിന്റെ ഭാര്യ മിറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം തരംഗമാവുകയാണ്. എന്റെ കരുത്തും ദൗര്‍ബല്യവും എന്ന കുറിപ്പോടെയാണ് മിറ അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്.
അച്ഛനും മകളും തമ്മിലുള്ള അതിമനോഹരമായ നിമിഷം അവരറിയാതെയാണ് ഫോട്ടോഗ്രാഫര്‍ ക്യാമറയില്‍ ഒപ്പിയെടുത്തിരിക്കുന്നത്. ചിത്രം കുറച്ച് പഴയതാണെങ്കിലും അച്ഛനും മകളും തമ്മിലുള്ള ആ വാത്സല്യനിമിഷത്തിന്റെ കൗതുകമാകാം ചിത്രം ആരാധകര്‍ ഏറ്റെടുക്കാന്‍ കാരണമായത്.
2015-ലായിരുന്നു മിറയുടെയും ഷാഹിദ് കപൂറിന്റെയും വിവാഹം. ഇവരുടെ മകള്‍ മിഷയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത് കഴിഞ്ഞ സെപ്റ്റംബറില്‍ ആയിരുന്നു. അടുത്ത കാലത്തായി ഇന്‍സ്റ്റഗ്രാമില്‍ ചേര്‍ന്ന മിറ ഷാഹിദിനൊപ്പവും മകള്ക്കൊപ്പവുമുള്ള ചിത്രങ്ങള്‍ സ്ഥിരമായി പങ്കുവെക്കാറുണ്ട്.
പല ചിത്രങ്ങളും ഫോളോവേഴ്സിനിടയില്‍ തരംഗം സൃഷ്ടിക്കുന്നതും പതിവാണ്. ഒരാഴ്ച മുമ്പ് ഷാഹിദിനും മിഷക്കും ഒപ്പം മിറ പോസ്റ്റ് ചെയ്ത ചിത്രവും വളരെയധികം ശ്രദ്ധ നേടിയിരുന്നു.
