ടെന്നീസ് കോര്‍ട്ടിലെ പെണ്‍കരുത്താണ് സെറീന വില്യംസ്. 23 ഗ്രാന്‍സ്ലാം കിരീടങ്ങളുമായി ചരിത്രനേട്ടം സ്വന്തമാക്കിയ സെറീന അമ്മയായതിന്റെ അങ്കലാപ്പിലാണ്. ഒരുപക്ഷേ ഗ്രാന്‍ഡ്സ്ലാം മത്സരങ്ങളെ പോലും ഇത്രയേറെ ഉത്കണ്ഠയോടെ അവര്‍ നേരിട്ടുകാണില്ല.

'എനിക്കൊരു കുഞ്ഞുണ്ടെന്ന കാര്യം വിശ്വസിക്കുന്നത് തന്നെ വല്ലാതെ വിചിത്രമായി തോന്നുന്നു, ഞാനൊരമ്മയാണ്, ഒരു യഥാര്‍ത്ഥ അമ്മ. ' കുഞ്ഞുണ്ടായ ആദ്യ നാളുകളില്‍ അവിശ്വസനീയതയില്‍ സെറീന തന്റെ മാനസികനില ആരാധകരുമായി പങ്കുവെച്ചത് ഈ വാക്കുകളിലൂടെയാണ്. ലോകം മുഴുവന്‍ ഉറ്റുനോക്കിയ കരുത്തിന്റെ പ്രതീകം മാതൃത്വത്തെ അല്പം ഭയത്തോടെയാണോ കാണുന്നതെന്ന് പോലും സംശയിച്ചു. 

ഗര്‍ഭിണി ആയത് മുതല്‍ മകള്‍ അലക്‌സിസ് ഒളിംപിയ ഒഹാനിയക്ക് ജന്‍മം നല്‍കുന്നത് വരെയുള്ള മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ സെറീന പങ്കുവെച്ചിരുന്നു. സെറീനയുടെ കുഞ്ഞിനൊപ്പമുള്ള മനോഹരനിമിഷങ്ങള്‍ വെര്‍ച്വല്‍ ലോകം അതിരറ്റ സന്തോഷത്തോടെയാണ് ലോകം സ്വീകരിച്ചത്. ഒപ്പം പുതിയ അമ്മയുടെ സംശയങ്ങളും ആവലാതികളും. 

' എത്രകാലം നിങ്ങള്‍ മുലയൂട്ടി. മുലയൂട്ടല്‍ നിറുത്തുന്നതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ ഞാന്‍ വികാരഭരിതയാകുന്നത് വിചിത്രമാണോ? തന്നെ പോലുള്ള അമ്മമാരുടെ ഉപദേശവും ആരാഞ്ഞ് കഴിഞ്ഞ ആഴ്ചയാണ് സെറീന ട്വീറ്റ് ചെയ്തത്. സെറീനയുടെ ട്വീറ്റ് ശ്രദ്ധയില്‍ പെട്ട അമ്മമാരെല്ലാം ഉപദേശങ്ങളുമായി സെറീനക്ക് മറുപടി ട്വീറ്റ് നല്‍കി. അമ്മയെയും കുഞ്ഞിനെയും ആശ്രയിച്ചാണ് മുലയൂട്ടലിന്റെ കാലാവധിയെന്നായിരുന്നു ഭൂരിഭാഗം അമ്മമാരുടെയും മറുപടി. 

 

മകള്‍ക്ക് പല്ലുമുളച്ചുതുടങ്ങിയ പുതിയ വാര്‍ത്തയും അത് മകളെ അസ്വസ്ഥയാക്കുന്നതുമാണ് സെറീനയുടെ ഇപ്പോഴത്തെ ഉത്കണ്ഠ. കുഞ്ഞ് ഉറങ്ങുന്നില്ലെന്നും നിര്‍ത്താതെ കരയുകയാണെന്നും സെറീന ട്വീറ്റിലൂടെ പറയുന്നു. കുഞ്ഞിനെ സാന്ത്വനിപ്പിക്കാനുള്ള വഴികളാരാഞ്ഞാണ് സെറീനയെന്ന അമ്മയുടെ പുതിയ ട്വീറ്റ്.  

 

കുഞ്ഞിന്റെ കരച്ചില്‍ മാറ്റാന്‍ ചെയ്തതൊന്നും ഫലപ്രദമായില്ലെന്നും അത് തന്റെ ഹൃദയം തകര്‍ക്കുന്നുവെന്നും അവര്‍ പറയുന്നു. 'അമ്മ വന്ന് തന്നെ ചേര്‍ത്തുപിടിച്ച് ഉറക്കിയിരുന്നെങ്കില്‍, ഞാന്‍ വല്ലാത്ത മന:ക്ലേശത്തിലാണ്, സഹായിക്കൂ, ആരെങ്കിലും?' സെറീന കുറിച്ചു.   

തങ്ങളുടെ പ്രിയ താരത്തെ വിഷമിപ്പിക്കാന്‍ ഒരുക്കമല്ലാത്തതിനാല്‍ ആരാധകരില്‍ പലരും ആശ്വാസവുമായി രംഗത്തെത്തിയിട്ടുണ്ട്. ആദ്യമായി അമ്മയാകുമ്പോള്‍ എല്ലാവര്‍ക്കുമുണ്ടാകുന്നതാണ് ഇത്തരം ഉത്കണ്ഠകളെന്ന് ആരാധകര്‍ പറയുന്നു. കുഞ്ഞിന്റെ അസ്വസ്ഥതകള്‍ മാറ്റാനുള്ള പോംവഴികളും അവരില്‍ പലരും നിര്‍ദേശിക്കുന്നുണ്ട്. 

Content Highlights: Serena Williams, Alexix Olympia, Teething Pain, Stressed Mom