ഗൃഹലക്ഷ്മിയുടെ മറയില്ലാതെ മുലയൂട്ടാം ക്യാമ്പെയ്‌നെ പിന്തുണച്ച്  എഴുത്തുകാരി ശാരദക്കുട്ടി. 'ഭാഷാപരമായ, ശരീരപരമായ ഒരു പ്രതിസന്ധിയെ മറികടക്കാന്‍ കൂടിയാണ് ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്ര വിവാദം ഇടയാക്കിയത്. പറഞ്ഞു പറഞ്ഞു നാണം തീരട്ടെ. നോക്കിയും കണ്ടും പറഞ്ഞും അറപ്പു തീരട്ടെ.' ശാരദക്കുട്ടി എഴുതുന്നു. 

ശാരദക്കുട്ടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം 

പണ്ടൊരധ്യാപിക മലയാളം ക്ലാസില്‍ അധ്യാത്മ രാമായണത്തിലെ കൈകേയിയുടെ കോപാലയ പ്രവേശഭാഗം പഠിപ്പിക്കുകയാണ്. 'കണ്ണുനീരാലേ മുഖവും മുലകളും നന്നായ് നനച്ചു കരഞ്ഞു കരഞ്ഞുടന്‍' എന്ന ഭാഗം വന്നപ്പോള്‍ ആയിടെ പ്രസവം കഴിഞ്ഞു വന്ന അവര്‍ക്ക് വല്ലാത്തൊസ്വസ്ഥത. വേറൊന്നുമല്ല, മുല എന്നു പറയാന്‍ മടി  നാണം. വല്ലാത്തൊരു കുണുക്കത്തോടെ അവര്‍ കണ്ണുനീരാലേ മുഖവും .. മുഖവും.... ഉം ഉം..ശരീരവും എന്നാക്കി തിരുത്തി. കൊങ്ക, സ്തനം, പയോധരം എന്നൊക്കെയുള്ള വാക്കുകളാലാണ് ഈ മനോഹരാവയവത്തെ മണിപ്രവാള മഹാശയനായ ചെറുശേരി പോലും വര്‍ണ്ണിക്കുന്നത്. എഴുത്തഛന്റെ ഈ മുലപ്രയോഗം അതിനാല്‍ രസകരമായിത്തോന്നി.

'മൊലപ്പാലൊണ്ടോ ഇത്തിരി കണ്ണിലൊഴിക്കാനാ' എന്നു പറഞ്ഞ് പ്രസവിച്ച സ്ത്രീകളുള്ള വീട്ടിലേക്ക് ഗ്ലാസുമായി കടന്നു വന്നിരുന്ന നാട്ടിന്‍ പുറത്തെ സ്ത്രീകള്‍ക്ക് സംസ്‌കാര സമ്പന്നതയുടെ ഇത്തരം അസ്‌ക്യതകളില്ലായിരുന്നു.

മുലയൂട്ടലിനോട് ചേര്‍ത്തല്ലാതെ ഈ പദം ആരോഗ്യകരമായ രീതിയില്‍ ഉപയോഗിച്ചു കണ്ടിട്ടില്ല. മുലക്കരമെന്നൊക്കെ സാധാരണക്കാര്‍ക്ക് പറയേണ്ട സാഹചര്യങ്ങള്‍ കുറവായിരുന്നുവല്ലോ. ബ്രസ്റ്റ് നല്ലൊരു അന്തസ്സു കൂടിയ വാക്കു തന്നെ. മുല ലജ്ജാവഹം.

കഴിഞ്ഞ രണ്ടു ദിവസമായി ഒരു തരം മടിയും ഇന്‍ഹിബിഷനും കൂടാതെ ആണ്‍ പെണ്‍ കുഞ്ഞുകുട്ടികളടക്കം മുല മുല മുല എന്നു പറഞ്ഞു കൊണ്ടിരിക്കുന്നു. നിപ്പിള്‍ എന്നല്ലാതെ മുലക്കണ്ണ് എന്നു പറയുന്നു. ഭാഷാപരമായ, ശരീരപരമായ ഒരു പ്രതിസന്ധിയെ മറികടക്കാന്‍ കൂടിയാണ് ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്ര വിവാദം ഇടയാക്കിയത്. പറഞ്ഞു പറഞ്ഞു നാണം തീരട്ടെ. നോക്കിയും കണ്ടും പറഞ്ഞും അറപ്പു തീരട്ടെ. വീട്ടുകാരെല്ലാമെതിര്‍ത്തിട്ടും ജിലു നമുക്കാര്‍ക്കുമില്ലാത്ത ധൈര്യമാണ് കാണിച്ചത്. ഇത് ശരീര വിപ്ലവത്തിന്റെ മറ്റൊരു ഘട്ടമാണ്.

അതൊരശ്ലീലാവയവമോ അശ്ലീല പദമോ അല്ല.. ഏറ്റവും ചന്തമുള്ള പെണ്ണവയവമാണ്. ആധിപത്യ ധാര്‍ഷ്ട്യങ്ങള്‍ ചതച്ചു ഞെരിച്ചു കളഞ്ഞ വടുക്കള്‍ നിറഞ്ഞ ക്ഷതമേറ്റ മുലകള്‍ തുറന്നു കാട്ടിക്കൊണ്ട്' ഇതാ ഇതാണ് നീ കാണിക്കേണ്ട മുലകള്‍' എന്ന് മുലകളെ ക്ഷോഭിപ്പിക്കാനറിയാത്ത നടിയോട് സാറാ ജോസഫിന്റെ കഥാപാത്രം പറയുന്നുണ്ട്. അതിനുമുണ്ടൊരു രാഷ്ട്രീയം. തായ് കുലത്തില്‍ പറയുന്നതുപോലെ അവ പാല്‍ വേരുകള്‍ കൂടിയാണ്. എന്നാല്‍ അതു മാത്രവുമല്ല.

ജിലുവിന്റേത് കഥയുമല്ല, കഥാപാത്രവുമല്ല. സ്വന്തം ശരീരമാണ്. പരസ്യ മോഡലിങ് ആ കുട്ടിയുടെ തൊഴിലാണ്. ഭാഷ, അധ്യാപികക്ക് ഉപകരണമെന്നതു പോലെ ശരീരം മോഡലിന്റെ ഉപകരണം. അവള്‍ക്ക് തലയെടുപ്പോടെ സമ്മതം എന്നു പറയാമെങ്കില്‍ ബാക്കിയുള്ളവര്‍ക്ക് അതിലൊരു കാര്യവുമില്ല. കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന മതാചാരങ്ങളോടും വിദ്യാഭ്യാസ പദ്ധതികളോടും ഇല്ലാത്ത ചൊരുക്കൊന്നും ഈ പരസ്യത്തിലെ കുഞ്ഞിനോടാവശ്യമില്ല താനും. കാരണം അതു വിശപ്പറിയാത്ത കുഞ്ഞാണെന്ന് കണ്ടാലറിയാം. വയറു നിറഞ്ഞ് ഉറങ്ങിക്കിടക്കുന്ന കുഞ്ഞാണ്. അതൊരു പരസ്യചിത്രമാണ്. അതു മാത്രമാണ്.


Content Highlights: Grihalakshmi Breastfeeding Campaign, Breastfeeding in Public