കൊറോണയും അവധിക്കാലവും ഒന്നിച്ചുവന്ന സങ്കടത്തിലാണ് പല കുട്ടികളും. മാതാപിതാക്കള്‍ക്കാകട്ടെ ഇരുപത്തിനാലുമണിക്കൂറും എങ്ങനെ മക്കളെ പുറത്തേക്കു വിടാതെ അടക്കിയിരുത്തുമെന്ന ആശങ്കയും. പിരുപിരിപ്പുള്ള മക്കളുടെ കാര്യമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. തുടര്‍ച്ചയായി ഇത്തരം അരുതുകളും ഭീതിപ്പെടുത്തുന്ന വാര്‍ത്തകളും കേള്‍ക്കുന്നത് കുട്ടികളുടെ മാനസികനിലയെ ബാധിക്കാമെന്നും അത് അവരില്‍ ഉത്കണ്ഠാ രോഗം ഉണ്ടാക്കാമെന്നും പറയുകയാണ് നടിയും രണ്ടുകുട്ടികളുടെ അമ്മയുമായ സമീറ റെഡ്ഡി.
മകന് ഹന്‍സിനെ ഇത്തരം വാര്‍ത്തകള്‍ എത്രത്തോളം അലട്ടുന്നുവെന്നു പറഞ്ഞ് വിങ്ങിപ്പൊട്ടിയാണ് സമീറ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ലോക്ഡൗണിലായിരിക്കുന്ന ഓരോ കുട്ടികള്‍ക്കും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഹന്‍സ് പിച്ചുംപേയും പറയുകയും ഭയം കാണിക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം കാണുന്ന മുതിര്‍ന്നവര്‍ക്ക് ഇത്ര ഉത്കണ്ഠാ പ്രശ്നം ഉണ്ടെങ്കില്‍ അത് കുട്ടികളെ എത്രത്തോളം ബാധിച്ചിട്ടുണ്ടാകുമെന്ന് ആലോചിച്ചുനോക്കൂ.. കുട്ടികള്‍ ഇതെല്ലാം കാണേണ്ടിവരുന്നു എന്നത് വിഷമകരമാണ്''- സമീറ പറയുന്നു.
കുട്ടികളില്‍ ഉത്കണ്ഠാ രോഗങ്ങള്‍ പ്രകടമാകുന്നതിന്റെ ലക്ഷണങ്ങളും സമീറ പങ്കുവെക്കുന്നു. ശ്രദ്ധയില്ലായ്മ, ഉറക്കക്കുറവ്, ഉറക്കത്തില്‍ പേടിസ്വപ്നം കണ്ട് എഴുന്നേല്ക്കല്, ഭക്ഷണം കഴിക്കാന്‍ മടി, പെട്ടെന്ന് ദേഷ്യം വരിക, പൊട്ടിത്തെറിക്കുക, എല്ലായ്പ്പോഴും നെഗറ്റീവായി സംസാരിക്കുക, പേടി തോന്നുക, ഇടയ്ക്കിടെ ടോയ്ലറ്റില് പോവുക, കരയുക, അസുഖമാണെന്ന് ഇടയ്ക്കിടെ പരാതിപ്പെടുക തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ കുട്ടികള്‍ക്ക് പ്രത്യേകശ്രദ്ധ കൊടുക്കണമെന്നും സമീറ പറയുന്നു.
കുട്ടികളെ ഈ അവസ്ഥയില്‍ നിന്ന് മുക്തരാക്കാനുള്ള വഴിയും സമീറ വീഡിയോയില്‍ പങ്കുവെക്കുന്നുണ്ട്. അവരോട് എല്ലായ്പ്പോഴും സംസാരിക്കുകയും കൂടെയിരിക്കുകയും ചെയ്ത് സുരക്ഷിതത്വബോധം വളര്‍ത്തിയെടുക്കണം. നിങ്ങള്‍ കൂടെയുണ്ടെന്ന തോന്നലുണ്ടാക്കിയാല്‍ കുട്ടികള്‍ക്ക് ഈ പ്രശ്നത്തെ മറികടക്കാന്‍ കഴിയുമെന്നും സമീറ കൂട്ടിച്ചേര്‍ക്കുന്നു. ഹന്സിനെക്കൂടാതെ അടുത്തിടെ പിറന്ന നൈര എന്ന മകളും സമീറയ്ക്കുണ്ട്.
Content Highlights: Sameera Reddy speaks about 'deep anxiety among children