നിപ വൈറസ് ജീവനെടുത്ത സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകളില്‍ വിതുമ്പി ഭര്‍ത്താവ് സജീഷ് പുത്തൂറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. മകന്‍ റിതുലിന്റെ ജന്മദിനത്തില്‍ എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയേയും കണ്ണീരിലാഴ്ത്തുന്നത്. ലിനിയില്ലാത്ത ആദ്യ പിറന്നാളാണ് റിതുലിനിത്. 

" റിതുലിന്റെ ആറാം പിറന്നാള്‍
ജന്മദിനങ്ങള്‍ നമുക്ക് എന്നും സന്തോഷമുളള ദിവസമാണ് അത് മക്കളുടേതാണെങ്കില്‍ അതിലേറെ സന്തോഷവും ഒരു ഓര്‍മ്മപ്പെടുത്തലുമാണ്.
ലിനി.... നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാള്‍. 
അവന് ഇന്ന് പുതിയ ഡ്രസ്സും കേക്കും കിട്ടിയതിന്റെ സന്തോഷത്തിലാ...
ചെറുതായി പനി ഉണ്ടെങ്കിലും
അവന്റെ കൂട്ടുകാര്‍ക്കൊക്കെ സമ്മാനമായി പെന്‍സിലും റബ്ബറും ഒക്കെ വാങ്ങിയിട്ടാണ് സ്‌കൂളില്‍ പോയത്.
കളിയും ചിരിയും കുസൃതിയും നിറഞ്ഞ ആറു വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല. 
മോന് ഒരായിരം ജന്മദിനാശംസകള്‍ നേരുന്നു.."

sajeesh

നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മെയ് 21നാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്‌സായ ലിനി പുതുശ്ശേരി മരണപ്പെട്ടത്. മനാമയില്‍ അക്കൗണ്ടന്റായിരുന്ന ലിനിയുടെ ഭര്‍ത്താവ് ലിനിക്ക് നിപ്പ സ്ഥിരീകരിച്ചതോടെ നാട്ടിലെത്തിയിരുന്നു. ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഏതാനും ദിവസം ബാക്കി നില്‍ക്കെയായിരുന്നു ലിനിയുടെ വേര്‍പാട്.

ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് വര്‍ക്ക് ഫോഴ്സ് ഡയറക്ടര്‍ ജിം ക്യാംബെല്‍ ലിനിയെ അനുസ്മരിച്ച് ട്വിറ്ററില്‍ കുറിച്ചിരുന്നു. മരണക്കിടക്കയില്‍ വെച്ച് ലിനി ഭര്‍ത്താവ് സജീഷിനെഴുതിയ കത്തുള്‍പ്പെടെ പ്രസിദ്ധീകരിച്ചാണ് ലോകപ്രശസ്ത വാരികയായ ദ ഇക്കണോമിസ്റ്റ് ആദരമര്‍പ്പിച്ചത്.

ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ കോഴിക്കോട് ഡിഎംഒ ഓഫീസില്‍ എല്‍ഡി ക്ലര്‍ക്കായി ജോലി നല്‍കിയിരുന്നു. രണ്ട് കുട്ടികളുടെയും പഠനത്തിനും ചെലവിനുമായി പത്തു ലക്ഷം രൂപ വീതം നിക്ഷേപിക്കുകയും ചെയ്തു.

ആതുരസേവനത്തിന് വേണ്ടി ജീവന്‍ ത്യജിക്കേണ്ടി വന്ന ലിനിയെ രക്തസാക്ഷിയായ മാലാഖ എന്നായിരുന്നു വിശേഷിപ്പിച്ചത്. ലിനിക്കുള്ള ആദരമായി മികച്ച നേഴ്‌സിനുള്ള സംസ്ഥാന പുരസ്‌കാരം ലിനിയുടെ പേരില്‍ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Content Highlight: Nurse Lini, Lini Sajeesh, Sajeesh Puthur, Lini Nipah Virus, Nipah Virus