ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിയെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തക റോഹിണി സിങ് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ താന്‍ ചെയ്യുന്നത് ധീരത കൊണ്ടല്ലെന്നും അതാണ് മാധ്യമപ്രവര്‍ത്തനം എന്ന് കരുതുന്നുതുകൊണ്ടാണെന്നും രോഹിണി കുറിപ്പില്‍ പറയുന്നു. 

ജയ് ഷായുടെ കമ്പനി രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അധികവരുമാനം നേടിയെന്ന ഓണ്‍ലൈന്‍ മാധ്യമമായ 'ദ വയറി'ലെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നൂറുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജയ് ഷാ അപകീര്‍ത്തിക്കേസ് നല്‍കിയിരുന്നു. വാര്‍ത്ത എഴുതിയ രോഹിണി സിങ്, ദ വയറിന്റെ സ്ഥാപക എഡിറ്റര്‍മാരായ സിദ്ധാര്‍ഥ് വരദരാജന്‍, സിദ്ധാര്‍ഥ് ഭാട്ട എന്നിവരുള്‍പ്പെടുന്ന ഏഴാളുകളുടെ പേരിലാണ് കേസ്. 

രോഹിണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 

മറ്റുള്ള പത്രപ്രവര്‍ത്തകര്‍ എന്തുചെയ്യണമെന്ന് കാപട്യത്തോടെ എഴുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് വേണ്ടി സംസാരിക്കാന്‍ മാത്രമേ എനിക്ക് സാധിക്കൂ. അധികാരത്തോട് സത്യത്തിന്റെ ഭാഷയില്‍ സംസാരിക്കുക എന്നുള്ളതാണ് എന്റെ പ്രാഥമികമായ ജോലി. 

ഓരോ കാലത്തെ സര്‍ക്കാരിനെ ചോദ്യം ചെയ്യുക എന്നുള്ളതും. 2011-ല്‍ റോബര്‍ട്ട് വധേരയുടെ ഡിഎല്‍എഫ് ബന്ധങ്ങളെ കുറിച്ച് ഞാന്‍ ലേഖനമെഴുതിയിരുന്നു. ഇന്ന് നേരിട്ടതുപോലുള്ള ശക്തിയേറിയ പ്രതികരണങ്ങളൊന്നും ഞാനന്ന് നേരിട്ടതായി ഒാര്‍ക്കുന്നില്ല. വാട്‌സാപ്പ്, ഫെയ്‌സ്‌ടൈം ഓഡിയോ എന്നിവ വഴി മാത്രമേ ഇനിമുതല്‍ സംസാരിക്കാനാകൂ എന്ന് വാര്‍ത്താ കേന്ദ്രങ്ങളില്‍ നിന്ന് സന്ദേശവും ഉണ്ടായിരുന്നില്ല. കൂടിക്കാഴ്ചകളുടെ വേദി ഇരുട്ടറകളിലേക്ക് മാറ്റണമെന്ന ആവശ്യങ്ങളോ അഭ്യര്‍ത്ഥനകളോ അന്ന് ഉണ്ടായിരുന്നില്ല. 

മുതിര്‍ന്ന ബിജെപി നേതാവിനോട് അടുത്ത ഒരാള്‍ ഫോണ്‍കോള്‍ രേഖകള്‍ പാര്‍ട്ടിയിലെ ഉന്നതരുടെ കൈയിലെത്തിയിട്ടുണ്ടെന്ന് മേനിപറഞ്ഞിരുന്നു.(അതവര്‍ക്ക് നല്ലതാണെന്ന് ഞാന്‍ പറയുന്നു.) മാത്രമല്ല, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപങ്ങളുടെ കാര്യം കൂടിയുണ്ട്. 

വിരട്ടലും, ഉപദ്രവവുമാണ് മാധ്യമപ്രവര്‍ത്തകരെ വരുതിയില്‍ നിര്‍ത്താനായി അധികാരവര്‍ഗം എപ്പോഴും ഉപയോഗിക്കാറുള്ള ഉപകരണങ്ങള്‍. ആരോ ഒരിക്കല്‍ പറഞ്ഞ കാര്യം ഞാന്‍ വീണ്ടും വ്യാഖ്യാനിക്കട്ടെ, വാര്‍ത്ത എന്നുപറയുന്നത് ആരോ ഒരാള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഒന്നാണ്. മറ്റുള്ളതെല്ലാം പരസ്യങ്ങള്‍ മാത്രം. മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല, പക്ഷേ അതിന് പിറകെ നടന്ന് ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ന് എനിക്കുചുറ്റിലും ഞാന്‍ കണ്ടുവരുന്ന റിപ്പോര്‍ട്ടിങ് രീതികള്‍ സ്വീകരിക്കുന്നതിനേക്കാള്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു. 

നിങ്ങളില്‍ പലരും എന്നോട് വളരെ ദയയോടെ പെരുമാറുകയും എനിക്കില്ലാത്ത കഴിവുകളില്‍ പോലും പ്രതീക്ഷയര്‍പ്പിച്ചവരും ആണ്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ഞാന്‍ ചെയ്യുന്നത് ഞാനൊരു ധൈര്യശാലി ആയതുകൊണ്ടല്ല. ഞാനത് ചെയ്യുന്നത് അതാണ് മാധ്യമപ്രവര്‍ത്തനം എന്നുള്ളതുകൊണ്ടാണ്, അല്ലാതെ ധീരതയല്ല.