ല്ല ഒരു വ്യക്തിയെ.. ഒരു സ്ത്രീയെ ബഹുമാനിക്കാന്‍, അവര്‍ എന്തെങ്കിലും നല്ലത് ചെയ്താല്‍ അംഗീകരിക്കാന്‍... എല്ലാം അവര്‍ക്ക് അമ്മ എന്ന പദവി ചാര്‍ത്തികൊടുക്കുന്നത് നമ്മുടെ സമൂഹത്തിന്റെ രീതിയാണ്. എന്തിന് വേണ്ടിയാണത്. അല്ലാതെ അവരെ സ്‌നേഹിക്കാനും ബഹുമാനിക്കാനും കഴിയില്ലേ എന്ന് ചോദിക്കുകയാണ് ഡോ.നെല്‍സണ്‍ ജോസഫ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ 

ഫേസ്ബുക്ക് കുറിപ്പിലേക്ക്....

ഇക്കഴിഞ്ഞ വനിതാദിനത്തിന് ഒരു പേജില്‍ കണ്ട പോസ്റ്ററാണ് ഇടതുവശത്ത് പിങ്ക് നിറത്തിലുള്ളത്. കണ്ടിട്ട് എന്തെങ്കിലും പ്രശ്‌നം തോന്നിയോ?

ഒന്നും തോന്നിയില്ലെങ്കില്‍ അതിന്റെ ചെറുതായൊന്ന് എഡിറ്റ് ചെയ്ത രൂപം വലതുവശത്തുണ്ട്..നീല നിറത്തില്‍.ചെറ്യ വ്യത്യാസമുണ്ട് അല്ലേ?

ഇടതു വശത്തെ പോസ്റ്ററിന് ഒരു ചെറിയ കുഴപ്പമേയുള്ളൂ. അത് സ്ത്രീയെ ആരുടെയെങ്കിലും അമ്മയോ മകളോ സുഹൃത്തോ ഭാര്യയോ ഒക്കെയായേ കാണുന്നുള്ളൂ. ഒരു വ്യക്തിയായിട്ട് കാണുന്നില്ല.

ഇത് ആ പോസ്റ്ററില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. മറ്റൊരാള്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ പത്തുപന്ത്രണ്ട് കൈകളുള്ള  എല്ലാ കൈകളും കൊണ്ട് വീട്ടുജോലികള്‍ ചെയ്യുന്നൊരാളായാണ് സ്ത്രീയെ ചിത്രീകരിച്ചത്.

വീട് നോക്കുന്നത് മോശമാണെന്നോ അത് എളുപ്പമുള്ള ഒരു ജോലിയാണെന്നോ അല്ല പറഞ്ഞുവരുന്നത്.സമൂഹം സ്ത്രീയെ കാണുന്നത് എങ്ങനെയാണെന്നാണ്.

അടുക്കളയ്ക്കപ്പുറം ഒരു ജോലിയോ സ്വതന്ത്രയായ ഒരു വ്യക്തിത്വമോ സ്ത്രീയ്ക്ക് നല്‍കാന്‍ ആണ്‍ കോയ്മയുള്ള സമൂഹത്തിന് ഇന്നുമുള്ള ബുദ്ധിമുട്ടിനെക്കുറിച്ചാണ്.

woman

കഴിഞ്ഞ വര്‍ഷം നമുക്ക് മാതൃകകള്‍ ഇല്ലാഞ്ഞിട്ടല്ല. വലിയ നേട്ടങ്ങള്‍ കൈവരിച്ച വനിതകള്‍ പലരും നമ്മുടെ മുന്നിലുണ്ടായിരുന്ന വര്‍ഷമാണ്. തമോഗര്‍ത്തത്തിന്റെ ചിത്രമെടുക്കാന്‍ സഹായിച്ച പെണ്‍കുട്ടിയും അമ്മയായ ശേഷം തിരിച്ചുവന്ന് സ്വര്‍ണമണിഞ്ഞ ഷെല്ലി ആന്‍ ഫ്രേസറും സന്ന മാരിനും ജസിന്‍ഡ ആര്‍ഡനുമെല്ലാം തിളങ്ങിനിന്ന വര്‍ഷമാണ്.

വിജയിക്കുന്ന സ്ത്രീയുടെ പോലും നേട്ടത്തെ, നേതൃപാടവത്തെ അതേപടി അംഗീകരിച്ചുകൊടുക്കാന്‍ മടിക്കുന്നതും കാണാം..

നൊബേല്‍ സമ്മാനജേതാവ് അഭിജിത് ബാനര്‍ജിയും ' ഭാര്യയും 'എന്ന തലക്കെട്ട് എസ്‌തേര്‍ ഡഫ്‌ലോയെ അപമാനിക്കലാണെന്ന് നമുക്ക് മനസിലാവുന്നില്ല. നന്നായി പെര്‍ഫോം ചെയ്യുന്ന ക്രിക്കറ്ററെ സൗന്ദര്യത്തിന്റെ പേരില്‍ അഭിനന്ദിക്കുന്നത് അവരുടെ കഴിവിനോടുള്ള അവഗണനയാണെന്ന് മനസിലാവുന്നില്ല.

നല്ല ഒരു ജനപ്രതിനിധിയായ, നേതൃപാടവത്തിന്റെ പേരില്‍ അംഗീകരിക്കപ്പെട്ട ഒരു ആരോഗ്യമന്ത്രിയെ അമ്മയെന്ന് ചേര്‍ത്ത് വിളിക്കുന്നത് അവര്‍ക്ക് ഭരണാധികാരി എന്ന നിലയില്‍ കിട്ടേണ്ട അംഗീകാരത്തെയാണ് തട്ടിത്തെറിപ്പിക്കുന്നത്.

ടീച്ചറമ്മേ എന്ന വിളി സ്‌നേഹം കൊണ്ടാണെന്ന് പലരും ന്യായീകരിച്ചുകണ്ടു.അമ്മയെ മാത്രമേ സ്‌നേഹിക്കാന്‍ പറ്റുകയുള്ളൂ എന്നാണോ? അങ്ങനാണെങ്കില്‍ മുഖ്യമന്ത്രിയെ അച്ഛാ എന്ന് വിളിക്കാത്തതെന്താ? സ്‌നേഹമില്ലേ? ഡോണ്ട് യൂ ലൈക്ക്?

എല്ലാ അമ്മമാരും സ്‌നേഹത്തിന്റെ നിറകുടമൊന്നുമല്ല എന്നത് ഒരു വാസ്തവമാണ്. അപ്പൊ അമ്മയെക്കാളും ഭാര്യയെ ഇഷ്ടമുള്ള ഒരാള്‍ സ്‌നേഹം അല്ലെങ്കില്‍ ബഹുമാനം പ്രകടിപ്പിക്കേണ്ടവരെയൊക്കെ സഹധര്‍മിണീ എന്ന് വിളി തുടങ്ങിയാല്‍ എങ്ങനുണ്ടാവും?

മിനിസ്റ്ററേ എന്ന് വിളിച്ചാലും ആ സ്‌നേഹത്തിലും ബഹുമാനത്തിലും എന്ത് കുറവാണ് വരിക?

ഞാനടക്കമുള്ളോര്‍ വരുത്തിയിട്ടുള്ള തെറ്റുകള്‍ തന്നെയാണ്. നമുക്ക് അതില്‍ അസ്വഭാവികത തോന്നാത്തതിന് ഒരു കാരണമുണ്ട്..

ഒരു പെണ്‍കുഞ്ഞ് പിറന്ന് വീഴുന്ന അന്ന് ' ഇവളെ ആരുടെയെങ്കിലും കയ്യില്‍ ഏല്പിച്ചിട്ട് വേണം കണ്ണടയ്ക്കാന്‍ ' എന്ന് ആരെങ്കിലും പറഞ്ഞാല്‍ നമുക്ക് അസ്വഭാവികത തോന്നില്ല. ഇരുപത്തിനാല് മണിക്കൂര്‍ തികയുന്നതിനു മുന്‍പ് ഇരുപത്തിനാലാം വയസില്‍ നടക്കേണ്ട കല്യാണം പെണ്ണിന്റെ ഫൈനല്‍ ഡെസ്റ്റിനേഷനായി നിശ്ചയിക്കുന്നവരാണ് നമ്മള്‍.

അത് കഴിഞ്ഞ് പറഞ്ഞ് പഠിപ്പിക്കുന്നതോ? മറ്റൊരു വീട്ടില്‍ ചെന്ന് കയറേണ്ട പെണ്ണാണ്. അതായത് ആരുടെയെങ്കിലും ഭാര്യയാവേണ്ടവളാണ്.

അല്ലാതെ പൈലറ്റാവേണ്ടവളാണ്....ഡോക്ടറാവേണ്ടവളാണ്...കളക്ടറാവേണ്ടവളാണ്...ബിസിനസ് നടത്തേണ്ടവളാണ് എന്ന് എത്ര പേര്‍ എത്ര തവണ കേള്‍ക്കുന്നുണ്ടാവും?

വിവാഹം കഴിഞ്ഞാല്‍ പിന്നെ നെക്സ്റ്റ് സ്റ്റോപ്പ് അമ്മയാണ്.

കുഞ്ഞുള്ളപ്പോള്‍ ജോലിക്ക് പോവേണ്ടെന്ന് നിരുല്‍സാഹപ്പെടുത്തുന്ന, കുഞ്ഞിനെ നോട്ടത്തിനു മേല്‍ കരിയര്‍ നോക്കിയാല്‍ ' എന്തൊരു സാധനം ' ആണെന്ന് അടക്കം പറയുന്ന ഒരു പ്രത്യേക ടൈപ്പ് ബഹുമാനിക്കലാണ് നമ്മുടേത്..

സ്ത്രീ ആണെങ്കില്‍ റോളുകള്‍ അമ്മയും ഭാര്യയും പെങ്ങളുമൊക്കെയാണെന്ന്. ' ന സ്ത്രീ സ്വാതന്ത്യ്രമര്‍ഹതി ' എന്ന് ഉറച്ചുപോയതുകൊണ്ടാണ് ബഹുമാനിക്കാന്‍ അമ്മ തന്നെ ആവണം എന്ന് നമുക്ക് നിര്‍ബന്ധമുണ്ടാവുന്നത്..

അതുകൊണ്ട് തന്നെയാണ് അവര്‍ സ്വന്തം അഭിപ്രായം പറയുമ്പൊ കുരു പൊട്ടുന്നതും..

അച്ഛന് ഡോക്ടറാവാം, മന്ത്രിയാവാം, ഡ്രൈവറാവാം....ബഹുമാനം കിട്ടേണ്ടതുപോലെ കിട്ടും..അച്ഛനായി മാത്രം നില്‍ക്കേണ്ട കാര്യമില്ല..

ഒരു മികച്ച ജനപ്രതിനിധിയെ സ്‌നേഹിക്കാം ബഹുമാനിക്കാം..ഒരു നല്ല കളക്ടറെ, നല്ല ബസ് കണ്ടക്ടറെ, നല്ല ലോട്ടറി വില്പനക്കാരിയെ, നല്ല ഡോക്ടറെ, നല്ല നഴ്‌സിനെ , നല്ല അറ്റന്‍ഡറെ, നല്ല അദ്ധ്യാപികയെ, ജേര്‍ണലിസ്റ്റിനെ, വക്കീലിനെ, ഗായികയെ, അഭിനേത്രിയെ, നല്ല ഒരു വ്യക്തിയെ...  അമ്മയാക്കണമെന്നില്ല..ബഹുമാനിക്കാന്‍

Content Highlights: Respect Towards Women