സോഷ്യല്‍ മീഡിയയിലൂടെ താരപ്പകിട്ടിലേക്ക് വളര്‍ന്ന ഗായികയാണ് റാണു മൊണ്ഡല്‍. റാണുവിന്റെ മേക്കോവറാണ് സോഷ്യല്‍ മീഡിയയിലെപുതിയ ചര്‍ച്ച. കാണ്‍പൂരിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ സന്ധ്യയാണ് തന്റെ സലൂണ്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായി റാണുവിനെ സലൂണിലേക്ക് ക്ഷണിച്ച് മേക്കോവര്‍ നടത്തിയത്. പീച്ച് നിറത്തിലുളള ലഹങ്കയും അതിന് അനുസരിച്ചുളള ആഭരണങ്ങളുമണിഞ്ഞ് നില്‍ക്കുന്ന റാണുവിന്റെ ചിത്രങ്ങളും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. എന്നാല്‍ റാണുവിന്റെ പുതിയ രൂപമാറ്റത്തെ ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും സാധിച്ചില്ല. കടുത്ത വിമര്‍ശനങ്ങളുമായാണ് പലരും ഈ ചിത്രങ്ങളോട് പ്രതികരിച്ചത്.

താഴെത്തട്ടില്‍ നിന്നും ഉയര്‍ന്നുവരുന്നവര്‍ തങ്ങള്‍ നിശ്ചയിച്ച രീതിയില്‍ നിന്ന് ഒരുപടി കടന്ന് ജീവിക്കുന്നത് കണ്ടാല്‍ അസ്വസ്ഥരാകുന്ന ഒരു വിഭാഗമാണ് റാണുവിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളുമായി അണിനിരന്നത്. റാണുവിനെതിരായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ഷൈനി ജോണ്‍ എന്ന യുവതി എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് സോഷ്യല്‍ മീഡിയ ഒരു വ്യക്തിയെ വളര്‍ത്തുന്നതും തളര്‍ത്തുന്നതും എങ്ങനെയെന്ന് വ്യക്തമാക്കുന്ന ഒന്നാണ്. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

റെഡ്കാര്‍പെറ്റില്‍ നടക്കുന്ന സുന്ദരിമാരായ താരങ്ങളുടെ ഗൗണ്‍ കോടികള്‍ വരെ വിലയുള്ളതായിരിക്കും.
സ്വര്‍ണവും രത്‌നവും തുന്നിച്ചേര്‍ത്തവ..
ശിരോലങ്കാരം, പാദുകം, ആഭരണങ്ങള്‍ തുടങ്ങി ലക്ഷങ്ങള്‍ തിരിച്ചുള്ള കണക്ക് വേറെ...
ലക്ഷങ്ങള്‍ എണ്ണി വാങ്ങിയ ഡിസൈനര്‍മാരെ പറ്റി തള്ളി മറിച്ചിടുന്നത് വേറെ.
ഓസ്‌ക്കാര്‍ അവാര്‍ഡിനെ കുറിച്ചല്ല... ഓസ്‌ക്കാര്‍ വേദിയില്‍ താരങ്ങള്‍ അണിഞ്ഞ വസ്ത്രങ്ങളെ / ഫാഷനെക്കുറിച്ചാണ് കൂടുതല്‍ ചര്‍ച്ചകള്‍ ..
കൈയ്യടികള്‍ അവര്‍ക്ക് അവകാശപ്പെട്ടതാണല്ലോ.

അതേ സമയം
വേറൊരു വിഭാഗമുണ്ട്..
താഴേതട്ടില്‍ നിന്ന് ഉയര്‍ന്നു വന്ന ചില 'താരങ്ങള്‍.'
മുള്ളവരുടെ സഹായം സ്വീകരിക്കേണ്ടി വന്നചില പാവപ്പെട്ട മനുഷ്യര്‍
അവര്‍ വാര്‍ത്തകളില്‍ എത്തുമ്പോള്‍ സമൂഹം അവരെ എടുത്തു പൊക്കി മാളികപ്പുറത്ത് ആഘോഷമായി പ്രതിഷ്ഠിക്കും.
പക്ഷേ എന്തൊക്കെ ആയാലും നീയൊക്കെ കുപ്പത്തൊട്ടിയില്‍ നിന്ന് വന്നതല്ലേ എന്നാണ് ഭാവം.
ആ പ്രശസ്തിക്ക്/ഉയര്‍ച്ചയ്ക്ക് പിന്നില്‍ ഉള്ളത് തങ്ങളാണെന്ന പൊതുബോധം.
അവര്‍ സ്വന്തം കഴിവ് കൊണ്ട് / മറ്റുള്ളവരുടെ സഹായം കൊണ്ട് ഒരു ഭേദപ്പെട്ട നിലയിലെത്തിയാല്‍
അവര്‍ എങ്ങനെ ജീവിക്കണമെന്ന് ആളുകള്‍ക്ക് ഒരു അലിഖിത നിയമമുണ്ട്.
അങ്ങ് ഒതുങ്ങിയേക്കണം.
അവരുടെ മുഖത്തും പ്രവൃത്തിയിലും ജീവിത രീതിയിലും ആ പഴയ 'എളിമ ' / ഞാനൊരു ദാരിദ്യം പിടിച്ചവനാണേ/ സഹായിക്കണേ തുടങ്ങിയ ഭാവം .. തീര്‍ച്ചയായും ഉണ്ടായിരിക്കണം.
അവരുടെ ജീവിത സാഹചര്യം മാറിയതിന് അനുസരിച്ച് അവര്‍ അവര്‍ക്കിഷ്ടപ്പെട്ട വേഷം ധരിയ്ക്കുകയോ
പ്രവര്‍ത്തിക്കുകയോ ചെയ്താല്‍
സമൂഹം ഇടങ്കോലിടുകയായി
എന്നു വച്ചാല്‍ ..
കോരന്‍ എന്നും കഞ്ഞി കുമ്പിളില്‍ കുടിക്കണമെന്നാണല്ലോ..

ഒരു ജിഷയുടെ അമ്മയും റാണയും മാത്രമല്ല ഈ ചൊറിച്ചിലിന്റെ ഇരകള്‍..
സാധാരണക്കാരന്റെ മക്കള്‍ക്കും ഈ 'വിലക്ക് ' നിലനില്‍ക്കുന്നുണ്ട്.
അതുകൊണ്ടാണ് പണമില്ലാത്തവന്റെ വീട്ടിലെ പെണ്‍മക്കള്‍ അണിഞ്ഞൊരുങ്ങിയാല്‍ ' പോക്കു കേസാണ് ' എന്ന് വിധിക്കപ്പെടുന്നത്.
മുടി വളര്‍ത്തിയതിന്റെ പേരില്‍ വിനായകന്‍മാര്‍ മരണം വരിക്കേണ്ടി വരുന്നതും പാവപ്പെട്ട വീട്ടിലെ ഫ്രീക്കന്‍മാര്‍
അത്യാവശ്യം ക്രിമിനലുകളായി ചിത്രീകരിക്കപ്പെടുന്നതും.

പിന്നെ എഫ്.ബി ഭഗവാന്‍മാരുടെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍
രണ്ടു നാലു ദിനം
കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍
മാളികപ്പുറത്തേറിയ മന്നന്റെ
തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍..'

 

Content Highlights: Ranu mondal makeover, people are trolling Ranu on social media