പ്രണയപ്പക എന്ന് പേരിട്ട് കൊലപാതക പരമ്പരകളിലൂടെയാണ് നമ്മുടെ നാട് ഇപ്പോള്‍ കടന്നു പോകുന്നത്. ഒരു നോ പോലും താങ്ങാന്‍ കഴിയാത്ത ആണ്‍കുട്ടികളും നോ പറയുന്ന പെണ്‍കുട്ടിയെ കൊല്ലണമെന്നും പ്രതികാരം തീര്‍ക്കണമെന്നും അവരുടെ മനസ്സില്‍ പകയൂട്ടുന്ന സമൂഹവുമാണ് ഇപ്പോഴുള്ളത്. പെണ്‍കുട്ടികളും സ്വയം തീരുമാനമെടുക്കാനും ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കാനും കഴിയുന്ന സ്വതന്ത്ര വ്യക്തികളാണെന്നും നമ്മുടെ സമൂഹം ഇന്നും അംഗീകരിച്ചിട്ടില്ല. വിള്ളല്‍ വീണബന്ധത്തില്‍ നിന്ന് പരസ്പരം കരിവാരി തേക്കാതെ പിരിഞ്ഞുപോകാനുള്ള പാകതയും നമ്മുടെ സമൂഹം ആരെയും പഠിപ്പിക്കുന്നില്ല. മോശമായ ഒരു ബന്ധത്തില്‍ നിന്ന് പിന്‍മാറിയ ഒരു പെണ്‍കുട്ടി കടന്നുപോയ മാനസികസംഘര്‍ഷങ്ങളെ പറ്റിയും അവള്‍ക്കെതിരെ മനസ്സു തിരിയാന്‍ ഇടയുള്ള ആ ആണ്‍കുട്ടിയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നതിനെ പറ്റിയും റാണി നൗഷാദ് പങ്കുവയ്ക്കുന്ന അനുഭവകുറിപ്പ്

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

ഇന്ന് എനിക്കു വന്ന ഒരു ഫോണ്‍ കോള്‍ ആണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. സ്വന്തം മകനെക്കുറിച്ച് ആ അമ്മയ്ക്കുള്ള അങ്കലാപ്പ് മുഴുവന്‍ ആ കോളില്‍ ഉണ്ടായിരുന്നു. അവരുടെ മകനും,അവന്റെ ഒപ്പം പഠിച്ച കുട്ടിയുമായി എട്ടാം ക്ളാസ് മുതല്‍ തുടങ്ങിയ ഇഷ്ടമാണ്. വീട്ടില്‍ അറിഞ്ഞപ്പോള്‍ രണ്ടു കുടുംബങ്ങളിലും അതു പ്രശ്‌നമായി. ഇരുകൂട്ടരെയും വീട്ടുകാര്‍ വിലക്കിയെങ്കിലും കുട്ടികള്‍ രഹസ്യമായി ആ ബന്ധം മുന്നോട്ട് കൊണ്ടുപോയ്‌ക്കൊണ്ടിരിന്നു.ഒന്നും രണ്ടുമല്ല നീണ്ട ആറു വര്‍ഷങ്ങള്‍. പക്ഷേ ഇപ്പോള്‍ പെണ്‍കുട്ടിക്കൊരു മാറ്റം. ആ മാറ്റത്തെ പയ്യന് ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുമില്ല. അവന്‍ സ്വന്തം വീട്ടില്‍ നിന്നും ഇളയച്ഛന്റെ വീട്ടിലോട്ട് താമസം മാറുകയും, നന്നായി പഠിച്ചുകൊണ്ടിരുന്നവന്‍ പഠനത്തില്‍ ശ്രദ്ധിക്കാത്ത അവസ്ഥയില്‍ എത്തുകയും ചെയ്തു. മകന്‍ എന്തെങ്കിലും ആപത്തു വരുത്തി വയ്ക്കും എന്ന ഭയത്തില്‍ നിന്നുമാണ് എന്നെ അവര്‍ വിളിക്കുന്നത്. ഞാന്‍ അവന്റെ കയ്യില്‍ നിന്നുമാണ് പെണ്‍കുട്ടിയുടെ നമ്പര്‍ വാങ്ങിയത്. ആ മോളോട് ഞാന്‍ ഇപ്പോഴത്തെ അവന്റെ അവസ്ഥ പറഞ്ഞു. അപ്പോള്‍ അവള്‍ എന്നോട് പറഞ്ഞ കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ എനിക്കാ പെണ്‍കുട്ടിയെ കുറ്റപ്പെടുത്താന്‍ തോന്നിയില്ല. 

കഴിഞ്ഞ ആറുവര്‍ഷങ്ങളായി അവനു വേണ്ടി ജീവിച്ചവള്‍. അവനോടുള്ള ഇഷ്ടം മാത്രം മുന്‍നിര്‍ത്തി ആറു വര്‍ഷവും അവള്‍ അവനോട് മിണ്ടിക്കൊണ്ടേ ഇരുന്നു. അവന്‍ പല തവണ ബ്രേക്ക് അപ്പ് ആയി. പിന്നെയും തിരിച്ചു വന്നു. എപ്പോഴെങ്കിലും ഫോണ്‍ വിളിക്കേണ്ടത് അവളുടെ മാത്രം ജോലിയായി. അവന്റെ ബര്‍ത്‌ഡേകള്‍ അവള്‍ ഓര്‍ത്തു വച്ചു വിഷ് ചെയ്തു, സമ്മാനങ്ങള്‍ കൊടുത്തു. അവന്റെ ഒരു കോളിനു വേണ്ടി രാത്രി രണ്ടു മണിക്കും, മൂന്നുമണിക്കും അവള്‍ ഉണര്‍ന്നിരുന്നു. ഡിപ്രഷന്റെ നിമ്‌ന്നോന്നതികള്‍ അവള്‍ കണ്ടു. പലപ്പോഴും അവനു വേണ്ടി കരഞ്ഞു തീര്‍ത്ത നേരങ്ങളില്‍ ഇപ്പോള്‍ നിന്റെ മൂഡ് ശരിയല്ല ഞാന്‍ പിന്നെ വിളിക്കാം എന്നു പറഞ്ഞ് അവന്‍ തിരിഞ്ഞു നടന്നു. അവന്റെ കുടുംബത്തിനുള്ളിലെ പ്രശ്‌നങ്ങള്‍ പലപ്പോഴും അവന്റെ ചിന്തകളെ താളം തെറ്റിക്കുമ്പോള്‍ താങ്ങായി അവന്റെ ഒപ്പം അവള്‍ നിന്നു. എന്നും നല്ല കൂട്ടുകാരിയായി തന്നെ അവന്റെ ഒപ്പമവള്‍ ഉണ്ട് എന്നത്,അവനോടൊ പ്പം അവള്‍ കൂടെ ഉണ്ടായിരുന്ന കാലത്ത് അവന്‍ അറിഞ്ഞിരുന്നില്ല.

അവളുടെ വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം പാസ്സ്വേടുകള്‍ അവന്റേതുകൂടിയായിരുന്നു. അവള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ പോലും പലപ്പോഴും അവനെ അസ്വസ്ഥതപ്പെടുത്തി. ഒരിക്കല്‍ കൂട്ടുകാര്‍ക്കൊപ്പം അവര്‍ ഒരു മാളില്‍ പോയ കഥ അവളെന്നോട് പറഞ്ഞു. അന്ന് ഒരു കോഫി ഷോപ്പിലെ ചെയറില്‍ ഇരിക്കുമ്പോള്‍ ഒരു കാലിനു മുകളില്‍ അവളുടെ അടുത്ത കാല്‍ കയറ്റി വച്ചിരുന്നു എന്ന കാരണത്താല്‍ അങ്ങനെ ഇരിക്കുന്നതിനെ  കൂട്ടുകാരുടെ മുന്നില്‍ വച്ച് അവന്‍ വിമര്‍ശിച്ചു.എത്രയോ നാളുകള്‍ക്കിപ്പുറം ഒരുമിച്ചു കണ്ടു മുട്ടിയ നിമിഷങ്ങളെ നിറഞ്ഞ കണ്ണുകളോടെ അവള്‍ നേരിട്ടു. അവിടെ നിന്നും എത്രയും വേഗം വീട്ടില്‍ എത്തിയാല്‍ മതി എന്നതായിരുന്നു അവളുടെ ആ നിമിഷത്തെ ചിന്തകള്‍ പോലും.അവളുടെ ഫോണ്‍ ബിസി ആയാല്‍ അവന്‍ വഴക്കിട്ടു.അച്ഛനമ്മമാരോടാണെങ്കില്‍ പ്പോലും. സുഹൃത്തുക്കളെ വിളിക്കാന്‍ പാടില്ല എന്ന് പറഞ്ഞു.സത്യത്തില്‍ ആ കുട്ടി ഓരോ ദിവസവും അനുഭവിച്ച മെന്റല്‍ സ്ട്രെസ് ചെറുതൊന്നുമായിരുന്നില്ല. ഇത്രയും ചെറിയ പ്രായത്തില്‍, മനോഹരമാക്കേണ്ട കൗമാര കാലം മുഴുവന്‍ കരഞ്ഞും, അപ്പോളജയ്‌സ് ചെയ്തും, ആവശ്യമില്ലാത്ത പ്രോമിസുകള്‍ കൊടുത്തുകൊണ്ടും  ഉറപ്പില്ലാത്ത ഒരു ബന്ധത്തെ കെട്ടിപ്പൊക്കുകയായിരുന്നു....
ഒടുവില്‍ സൈക്കോളജിസ്റ്റിന്റെ അടുത്തുനിന്നും കൗണ്‍സിലിങ്ങും, അതില്‍ ഒതുങ്ങാതെ സൈക്യാട്രിസ്റ്റിന്റെ അടുത്തേക്കുമവള്‍ എത്തപ്പെട്ടു.അദ്ദേഹം ചെറിയ ഡോസില്‍ മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്തുകൊണ്ട് ഈ ഒരു റിലേഷന്‍ഷിപ്പില്‍ നിന്നും തിരിഞ്ഞു നടക്കാന്‍ ശ്രമിക്കൂ എന്നുപദേശിക്കുന്നു.

എന്നോട് സംസാരിക്കുമ്പോള്‍ അവള്‍ പാകപ്പെട്ടുകഴിഞ്ഞിരുന്നു. കാരണം ആറുമാസങ്ങള്‍ക്ക് മുന്നേ അവള്‍ അവനില്‍ നിന്നും തിരിച്ചു നടന്നു തുടങ്ങിയിരുന്നു. അവള്‍ നടന്നുനടന്ന് പകുതിയിലധികം ദൂരം പിന്നിട്ടപ്പോഴും അവനതറിഞ്ഞിരുന്നില്ല. ഇന്ന് അവള്‍ അവളിലേക്ക് എത്തപ്പെട്ടു കഴിഞ്ഞപ്പോള്‍ അവനറിഞ്ഞു. അവളുടെ അസാന്നിധ്യം. ഇപ്പോള്‍ അവന്‍ വെറിപൂണ്ട് നില്‍ക്കുന്നു. ഇനി സ്‌നേഹിച്ചോളാന്ന്. ഇനി അങ്ങനെ ഉണ്ടാകില്ലാന്ന്. ഇപ്പോള്‍ അവനും കുടുംബത്തിനും മറ്റൊരു സംശയം കൂടിയുണ്ട്...
പെട്ടെന്ന് എന്താണ് അവള്‍ക്ക് ഇങ്ങനൊരു മാറ്റമെന്ന്. അതും ഞാന്‍ ചോദിച്ചല്ലോ അവളോട്....

പെട്ടന്നല്ലല്ലോ ആറുമാസം കൊണ്ടല്ലേ. സ്‌നേഹത്തിന്റെ കുറവുകള്‍ മനസിലാക്കാതെ പോയത് എന്റെ കുഴപ്പമാണോ എന്ന അവളുടെ ചോദ്യത്തിന് അല്ല കുട്ടീ നീയാണ് ശരി എന്നു തന്നെയാണ് എന്റെ ഉത്തരം... ഇനി മാറ്റാരോടെങ്കിലും ഇഷ്ടം തോന്നിയിട്ടാണോ എന്നു ചോദിച്ച എന്നോട്,,,ആറു വര്‍ഷം കൊണ്ടു തന്നെ ഞാന്‍ മടുത്തു പോയിട്ടുണ്ട്....

ഈ വേദനക്കുള്ള മരുന്നുകള്‍ ഇനിയും ഞാന്‍ പുരട്ടിയിട്ടില്ല. നൊന്തുനോന്ത് ജീവിക്കയാണ് ആന്റ്റീ എന്നായിരുന്നു അവളുടെ മറുപടി. ഫോണ്‍ വയ്ക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് അവള്‍ ഒന്നു കൂടി പറഞ്ഞു. അവനോട് ഇനി എന്നെ വിളിക്കരുത് എന്നുപറയണം. ഒപ്പമുണ്ടായിരുന്നപ്പോള്‍ ഒരിയ്ക്കലും വേണ്ടാത്തയാള്‍, ഇപ്പോള്‍ എനിക്കുവേണ്ടി മുറിക്കകത്തിരുന്ന് കരയണ്ടെന്നു പറയണം. ഇനി എനിക്കു തിരിച്ചു പോകാന്‍ കഴിയില്ല. ഞാന്‍ drained ആണ്. എന്റെ സ്‌നേഹത്തിന്റെ അവസാന തുള്ളിപോലും ഞാന്‍ അവനില്‍ നിക്ഷേപിച്ചുപോയതാണ്. അന്നവന്‍ അതറിഞ്ഞില്ല. എനിക്കുവേണ്ടി ഒരു നേര്‍ച്ച പോലെ അവന്‍ കാണിച്ചുപോന്നതിനെ എങ്ങനെ സ്‌നേഹമെന്നു വിളിക്കും. ഇപ്പോള്‍ ഞാന്‍ move on ചെയ്തു കഴിഞ്ഞു...

അതെ അവള്‍ എടുത്ത തീരുമാനം ശ്ലാഘനീയമാണ്. ഇങ്ങനെ ഒരു ബന്ധം മുന്നോട്ട് കൊണ്ടുപോയി, അന്ധമായ പ്രണയത്തിന്റെ പേരില്‍ വിവാഹമോ, അല്ലെങ്കില്‍ ഒളിച്ചോട്ടമോ ചെയ്ത് പാതി വഴിയില്‍ ഉപേക്ഷിക്കപ്പെടാതിരിക്കാന്‍, അസ്വാരസ്യങ്ങള്‍ നിറച്ച് ആത്മാഹുതി ചെയ്യപ്പെടാതിരിക്കാന്‍ നേരത്തെ തന്നെ തിരിച്ചറിവുകള്‍ ഉണ്ടാകുന്നത് നല്ലതാണ്....
ജീവിതത്തിന്റെ അവസാനവാക്ക് പ്രണയവും കല്യാണവും ഒന്നുമല്ല. അതൊക്കെയും ജീവിതയാത്രയില്‍ സംഭവിക്കേണ്ടത് മാത്രമാണ്. വെടക്കാക്കി തനിക്കാക്കാന്‍ നില്‍ക്കാതെ, തനിക്കു കിട്ടാത്തത് മറ്റാര്‍ക്കും കൊടുക്കില്ല എന്നു ചിന്തിക്കാതെ മുന്നോട്ടു പോകൂ....
ചെയ്യാനും, കൊടുക്കാനും നിങ്ങളെ കാത്തിരിക്കുന്ന മുഖമറിയാത്ത അനേകം മനുഷ്യരുണ്ട്. അവര്‍ക്ക് നിങ്ങളെ വേണ്ടതായുണ്ട്. നിങ്ങളുടെ പേരില്‍ ഒരു രാജ്യം തന്നെ അറിയപ്പെടുന്നുണ്ടാവാം. ജീവിതം ഒരു പെണ്ണിലോ, ഒരു ആണിലോ അവസാനിക്കുന്നില്ല. പ്രണയം ജീവിതത്തിന്റെ അവസാന വാക്കുമല്ല.പ്രണയത്തിന്റെ കേന്ദ്രം നിങ്ങളുടെ മുന്നിലുള്ള ആ വ്യക്തിയില്‍ ആണ് എന്ന ബോധ്യമാണ് മാറേണ്ടത്. പ്രണയമെന്നാല്‍ സ്വയം ഹൃത്തിനെ പ്രകാശിപ്പിക്കുന്നതാകണം...

അവളോട് സംസാരിച്ചു കഴിഞ്ഞ് ഞാന്‍ അവന്റെ അമ്മയെ വിളിച്ചു. മകനെ അനുജന്റെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ട് വരണമെന്നും. അവനെ നിങ്ങള്‍ ചേര്‍ത്തുപിടിക്കണമെന്നും പറഞ്ഞു. പിന്നെ ഒരാളെ പ്രണയിക്കുക എന്നാല്‍ അയാളുടെ മേല്‍ തന്നെ കണ്ണും നട്ടിരിയ്ക്കുക എന്നുമല്ല. അയാള്‍ ആരെ വിളിച്ചു, ആരോടൊക്കെ മിണ്ടി, ആര്‍ക്കൊക്കെ മെസ്സേജ് അയച്ചു എന്നും നോക്കിയിരിക്കാതെ രണ്ടു വ്യക്തികള്‍ ആണെന്നും, തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ ജീവിച്ചവരാണെന്നും മനസിലാക്കുക. പിന്നെയും പറഞ്ഞാല്‍ രണ്ടുപേര്‍ തമ്മില്‍ ഇഷ്ടപ്പെടുകയെന്നാല്‍ പങ്കാളികളാവുകയെന്നാല്‍ തമ്മില്‍ തമ്മില്‍ പാസ്വേഡ് കൈമാറ്റം ചെയ്യുകയെന്നല്ല. ട്രാന്‍സ്പേരെന്റ്‌റ് ആകുക എന്നാല്‍ എന്തും പറയാനും, ഒരാള്‍ക്ക് ഒരാളെ വിശ്വസിക്കാനും ആകണം എന്നേ ഉളളൂ. സ്വന്തം സ്‌പേസ് പോലും കൊണ്ടുപോയി മറ്റൊരാള്‍ക്ക് അടിയറവു വയ്ക്കുക എന്നൊന്നുമല്ല. ഇനിയെങ്ങാനും ഒറ്റയ്ക്കിരുന്ന് ചിന്തിച്ച് കൂട്ടി വല്ല അണുബോംബുമുണ്ടാക്കിയാലോ, രണ്ടു ജീവിതങ്ങള്‍ പാഴാക്കി കളഞ്ഞാലോ എന്ന പേടികൊണ്ട് ഞാന്‍ അവനെയും വിളിച്ചു

Content Highlights: rani naushad facebook post about breakup and love failure