കോവിഡിനു തൊട്ടു മുമ്പുള്ള 2019 ജനുവരിയിലെ ഒരു സ്‌കൂള്‍ വാര്‍ഷികാഘോഷം. ഭാരതീയ വിദ്യാഭവന്‍ ചേവായൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപികയും എഴുത്തുകാരിയുമായ രജനി സുരേഷ്  രസകരവും ഒപ്പം ഹൃദയസ്പര്‍ശിയുമായ ഒരോര്‍മ പങ്കുവെയ്ക്കുന്നു

കോവിഡ് കാലത്ത് സ്‌കൂളുകളില്‍ ചതുരക്കള്ളിയില്‍ തെളിയുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകള്‍. ഒരേ താളക്രമത്തില്‍ ശബ്ദഘോഷങ്ങളില്ലാതെയുള്ള നിര്‍ജീവമായ ദിനാചരണങ്ങള്‍. എത്ര നിറപ്പകിട്ടുണ്ടെന്ന് അവകാശപ്പെട്ടാലും ജീവന്‍ തുടിക്കുന്ന പ്രകടനങ്ങളോ അനുഭവങ്ങളോ ഇല്ലല്ലോ!

കോവിഡിന് തൊട്ടു മുമ്പുള്ള ഒരു സ്‌കൂള്‍ വാര്‍ഷികാഘോഷം.

നാടകമായാലും സംഘനൃത്തമായാലും ഒപ്പനയായാലും  ഒരു കുറവുമില്ല... ശ്രീവിദ്യ ടീച്ചറോടു ചോദിച്ചാല്‍ ഒരുപറ്റം അഭിനേതാക്കളെയും അഭിനേത്രികളെയും ആര്‍ക്കും കിട്ടും.

പ്ലസ് വണ്‍, പ്ലസ് ടു വാര്‍ഷിക പരീക്ഷകള്‍ അടുക്കുമ്പോഴാണ് സ്‌കൂള്‍ വാര്‍ഷികം കടന്നു വരുക. അതുകൊണ്ടു തന്നെ ആ യുവജനതയ്ക്ക് കലാപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ ഒരുപാട് അവസരങ്ങള്‍ ലഭിക്കാറില്ല. വാര്‍ഷികത്തിന് ഒമ്പത്, പത്ത് ക്ലാസ്സുകളില്‍ നിന്നാണ് കലാപരിപാടിക്കും വളണ്ടിയര്‍ ആക്കാനുമൊക്കെ കുട്ടികളെ ചാക്കിട്ട് പിടിക്കുക. അതിന് എന്റെ സുഹൃത്ത് ശ്രീവിദ്യയ്ക്ക് അനിതരസാധാരണമായ കഴിവുണ്ട്.

കാരണമുണ്ട്... കെമിസ്ട്രി അധ്യാപിക സന്ധ്യയും ഞാനും തമ്മിലുള്ള ചങ്ങാത്തത്തില്‍ മൂന്നാലുവര്‍ഷം ഇടതടവില്ലാതെ വാര്‍ഷികാഘോഷസ്റ്റേജില്‍ നാടകം അരങ്ങേറി. ഞങ്ങളുടെ പ്രിയ വിദ്യാര്‍ഥി അച്യുത് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടെന്നാണ് ആ സൗഹൃദത്തെ വിശേഷിപ്പിച്ചത്. ഞങ്ങളോടൊപ്പം അരയും തലയും മുറുക്കി എന്നും ശ്രീവിദ്യ ടീച്ചറുമുണ്ടാകും. നാടകത്തിനുള്ള കുട്ടികളെ കണ്ടെത്താന്‍ ടീച്ചര്‍ അഗ്രഗണ്യയാണ്.

കെമിസ്ട്രി ടീച്ചറില്‍ വലിയൊരു ഭാവന ഒളിച്ചിരിപ്പുണ്ടെന്ന് എനിക്കറിയാം. ഇടയ്ക്ക് ആ ഭാവന സ്റ്റാഫ്‌റൂമില്‍ അണപൊട്ടിയൊഴുകും. അതിന് നിറം പകര്‍ന്ന് ഏഴഴകും തെളിയുന്ന മാരിവില്ലാക്കാന്‍ പ്രിയ സുഹൃത്ത് പറയുമ്പോള്‍ ഞാന്‍ വഴങ്ങാതെ വയ്യ . അന്നു തന്നെ ഞാന്‍ സ്‌ക്രിപ്റ്റ്  തയ്യാറാക്കും. കഥാപാത്രങ്ങളാകേണ്ട വിദ്യാര്‍ത്ഥികള്‍ ശ്രീവിദ്യ ടീച്ചറുടെ  മനസ്സില്‍ മിന്നിത്തെളിയും.

പിറ്റേന്ന് സ്‌ക്രിപ്റ്റ് വായിച്ച് കേള്‍പ്പിക്കേണ്ടതും എന്റെ ഡ്യൂട്ടി.  കെമിസ്ട്രിക്കാരിയുടെ മുഖത്ത് സമ്മിശ്ര ഭാവങ്ങള്‍ അലതല്ലുന്നതു കാണാന്‍ നല്ല ഭംഗിയാണ് ! വ്യത്യസ്ത കോമ്പൗണ്ട്‌സ് ചേരുമ്പോള്‍ വിവിധ വര്‍ണങ്ങളിലുള്ള ഉത്പന്നങ്ങള്‍ ഉണ്ടാവുന്നതു പോലെ എത്രത്തോളം വികാര വിസ്‌ഫോടനം കലര്‍ത്തി വായിക്കാമോ, അത്രത്തോളം ഞാന്‍ വായന ഭാവസാന്ദ്രമാക്കും.  പരിപൂര്‍ണ സംതൃപ്തി വന്നാല്‍ വെളുക്കെ ചിരിച്ച് കുട്ടികള്‍ സമ്മാനിച്ച മിഠായി എനിക്കും ശ്രീവിദ്യയ്ക്കും പാരിതോഷികമായി ലഭിക്കും.

മൊയ്തീനും, ഫത്തിക്കും, നളനും ദമയന്തിയും എല്ലാം സ്‌കൂള്‍ വേദികളില്‍ തകര്‍ത്താടി നിന്ന സമയം.

2019 സ്‌കൂള്‍ വാര്‍ഷികം സമാഗതമായി. ആ വര്‍ഷം നവരസങ്ങള്‍ വിഷയമാക്കിയായിരുന്നു നാടകം. നാടകക്കമ്മിറ്റി രൂപവത്ക്കരിച്ച് കൊടുമ്പിരിക്കൊണ്ട ചര്‍ച്ച. ഞങ്ങളുടെ പ്രിയ സ്‌നേഹിത കണക്കധ്യാപിക രശ്മി ടീച്ചര്‍ക്ക് പ്രോഗ്രാം കമ്മിറ്റിയില്‍, പ്രത്യേകിച്ച് നാടകക്കമ്മിറ്റിയില്‍ നറുക്കു വീണു.

പ്രോഗ്രാം കമ്മിറ്റി മീറ്റിംഗ് കഴിഞ്ഞ് സ്റ്റാഫ് റൂമില്‍ കയറിയ രശ്മിയുടെ മുഖം വാടിയിരുന്നു.

'രശ്മി ടീച്ചര്‍ക്ക് എന്തുപറ്റി? ഇന്നെന്താ ...ഇക്വേഷന്‍ സോള്‍വ്  ആയില്ലേ ?' അടുത്തിരിക്കുന്ന മറ്റൊരു കണക്കധ്യാപിക മീരയുടെ ചോദ്യത്തിനുത്തരമില്ല.

രശ്മി പതിവില്ലാത്ത വണ്ണം എന്റെ ടേബിളിനു മുന്നിലുള്ള സീറ്റില്‍ വന്ന് ഇരിപ്പുറപ്പിച്ചു. കഷ്ടപ്പെട്ട് ക്ലാസ്സ് ആവറേജ് കണക്കാക്കുന്ന എന്നെ സഹായിച്ച്, നിമിഷങ്ങള്‍ക്കകം ഒരു മായാജാലം പോലെ കറക്കിക്കുത്തി ക്ലാസ്സ് ആവറേജ് കണ്ടെത്തിത്തന്നു. പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ അര്‍ദ്ധ വാര്‍ഷികപ്പരീക്ഷയിലെ പ്രകടനം വിലയിരുത്തിയപ്പോള്‍ ഒരു ദീര്‍ഘനിശ്വാസത്തോടു കൂടി ഞാന്‍ രശ്മിയെ നോക്കി ഒന്നു മന്ദഹസിച്ചു. സഹപ്രവര്‍ത്തക എന്നതിലുപരി എന്റെ ആത്മ സ്‌നേഹിതയുമാണ് രശ്മി.

രശ്മിയ്ക്ക് ഇന്നെന്താ എന്തെന്നില്ലാത്തസ്‌നേഹം ... ആലോചിക്കാതെയിരുന്നില്ല.

രശ്മി അടക്കിപ്പിടിച്ച് സ്വകാര്യം പറഞ്ഞു.
'സ്‌കൂള്‍ വാര്‍ഷികത്തിലെ നാടകത്തില്‍ ടീച്ചര്‍ എന്റൊപ്പം നില്‍ക്കണേ ...' 

'അറിയില്ല രശ്മീ...വേറെ എന്തെങ്കിലും ഡ്യൂട്ടി ആണെങ്കിലോ... ചീഫ് ഗസ്റ്റിനെ കണ്ടെത്തലോ, റിസപ്ഷനോ മറ്റോ ആണെങ്കില്‍ ...?'

'എന്തായാലും രജനി ടീച്ചര്‍ നാടകത്തിലും വേണമെന്ന് ഞാന്‍ മീറ്റിംഗില്‍ പറയും. '

രശ്മിയുടെ ദൃഢ സ്വരം കേട്ടപ്പോള്‍ കാര്യം പിടികിട്ടി. കക്ഷിയാണ് ഏതോ ഒരു ഡ്രാമയുടെ ഇന്‍ ചാര്‍ജ്ജ്.

'അപ്പൊ സംവിധായിക സന്ധ്യയ്ക്ക് ഇപ്രാവശ്യം നാടകമൊന്നുമില്ലേ ?'

'സന്ധ്യയ്ക്ക് കരുണം. 'പൊടുന്നനെയായിരുന്നു രശ്മി ടീച്ചറുടെ മറുപടി.

'കരുണമോ?' ഞാന്‍ ചോദിച്ചു.

'ങ്ഹും... എനിക്ക് ശൃംഗാരം. '

'രശ്മിയെന്താ ഒരു മാതിരി നവരസങ്ങളൊക്കെ പറയുന്നുണ്ടല്ലോ?'

'ങ്ഹാ... അതാണ് ഡ്രാമ. നമുക്ക് ശൃംഗാരം. '

'രശ്മി .... എന്തിനാ അവിടെ ഒരു ബഹുവചനം ... ' ഞാന്‍ ചിരിച്ചു കൊണ്ട് അന്വേഷിച്ചു.

'ടീച്ചര്‍ എന്റൊപ്പമാണല്ലോ. ' കണക്കധ്യാപിക മലയാളത്തെ കൂട്ടുപിടിക്കുകയാണ്.

സംഗതിയുടെ കിടപ്പുവശം പിടി കിട്ടി.
'രശ്മീ... ഞാനൊന്ന് .. '

'ഒന്നുമില്ല... രണ്ടുമില്ല. സ്‌ക്രിപ്റ്റ് എഴുതിക്കോളു. പിന്നെ ശ്രീവിദ്യ, ലക്ഷ്മി ടീച്ചര്‍, പ്രീജ ടീച്ചര്‍, മധുസാര്‍ ഒക്കെണ്ട്. ങ്ഹാ... പിന്നെ പറഞ്ഞില്ലെന്നു വേണ്ട. കുറച്ച് സംസ്‌കൃതവും കലര്‍ത്തണേ.'

'ഇംഗിതം പോലെ ... 'ഞാന്‍ ഹാസ്യം കലര്‍ത്തി പറഞ്ഞെങ്കിലും രശ്മി  അപ്പോഴും സാധാരണ നിലയിലെത്തിയിട്ടില്ലെന്നു തോന്നി.

'ശൃംഗാരത്തിന്റെ തുടര്‍കാര്യങ്ങള്‍ അടുത്ത മീറ്റിംഗ് കഴിഞ്ഞാല്‍ പറയുന്നതാണ്.'

രശ്മിയുടെ പ്രഖ്യാപനത്തില്‍ അധികാരത്തോടൊപ്പം സൗഹൃദവും  സ്‌നേഹവും സ്ഫുരിച്ചിരുന്നു.

'ഗസ്റ്റിനെയൊക്കെ വീട്ട്ന്ന് വിളിച്ചാ മതി. ഇവിടെ ശൃംഗാരം. '

ദൈവേ... രശ്മി ശൃംഗാരത്തില്‍ മുഴുകിയിരിക്കുന്നു.

പിറ്റേന്ന് മീറ്റിംഗ് കഴിഞ്ഞ് സ്റ്റാഫ് റൂമിലെത്തിയ രശ്മി...

'പിന്നേ ... ശകുന്തളേം ദുഷ്യന്തനും. സ്‌ക്രിപ്റ്റ് എഴുതിക്കോളു ട്ടൊ.'

അങ്ങനെ പ്രിയ കൂട്ടാളി കണക്കധ്യാപികയ്ക്കുവേണ്ടി ശൃംഗാരം എഴുതി. നാടകത്തിനിടയില്‍ ചേര്‍ക്കേണ്ട പാട്ടുകളെല്ലാം രശ്മി തന്നെ രാത്രി ഉറക്കമൊഴിച്ച് കണ്ടെത്തി പിറ്റേന്ന് കൊണ്ടുവന്നിരിക്കുന്നു !

'ടീച്ചര്‍ ആള് കൊള്ളാം ട്ടൊ. കയ്യില് അത്യാവശ്യം കലയും സാഹിത്യവുമൊക്കെയുണ്ട്.'
ശ്രീവിദ്യ സര്‍ട്ടിഫിക്കറ്റ് നല്‍കി. രശ്മി ടീച്ചര്‍ രശ്മി പൊഴിയുന്ന ചിരി ചിരിച്ചു.

സ്‌ക്രിപ്റ്റുമായി വീണ്ടും രശ്മി   പ്രോഗ്രാം കമ്മിറ്റി മീറ്റിംഗില്‍. മീറ്റിംഗിന് കയറുമ്പോള്‍ യാചിക്കും പോലെ എന്നോടു ചോദിച്ചു. 'ഒന്നു വരോ...? എന്തെങ്കിലും കൂടുതല്‍ ചോദിച്ചാല്‍...'

ഒന്നും പേടിക്കേണ്ട. ഞാന്‍ ധൈര്യം പകര്‍ന്നു.

ഓരോ തവണ മീറ്റിംഗിന് കയറുമ്പോഴും രശ്മിയെ ഞാനും സന്ധ്യയും ചേര്‍ന്ന് ശാകുന്തളം പഠിപ്പിക്കുന്ന ഭഗീരഥപ്രയത്‌നം തുടര്‍ന്നു.

അങ്ങനെ ഞങ്ങളുടെ ചങ്ക് കൂട്ടുകാരി സന്ധ്യ കരുണത്തിനിടയിലും ശൃംഗാരത്തില്‍ കയറി. ആ 'സാന്ദ്രസൗഹൃദം' അത്തരത്തിലായിരുന്നല്ലോ.

ഒരു ദിവസം ...
പ്രോഗ്രാം കമ്മിറ്റി മീറ്റിംഗ്.
അപ്രതീക്ഷിത ചോദ്യം രശ്മിയ്ക്കു നേരെ...
'എവിടെ വെച്ച് ശൃംഗാരം നിര്‍ത്തുന്നു രശ്മി ടീച്ചര്‍?'

ഉടനെ എനിക്കൊരു ഫോണ്‍ കോള്‍ .. ഭാഗ്യത്തിന് സ്റ്റാഫ് റൂമിലുണ്ടായിരുന്നതിനാല്‍ എടുത്തു.

രശ്മിയാണ്...

'ഹലോ ... ശൃംഗാരം എവിടെയാ അവസാനിക്കുക?'

ഒന്നു കത്താന്‍ സമയമെടുത്തു. ഓ...രശ്മി  ശാകുന്തളം തലയില്‍ ചുമന്നുകൊണ്ടു നടക്കുകയാണല്ലോ.  ഡ്രാമയുടെ കാര്യമായിരിക്കും ചോദിക്കുന്നത് എന്നൂഹിച്ച് മറുപടി കൊടുത്തു.

'കണ്വാശ്രമത്തില്‍ വെച്ച് ഗാന്ധര്‍വവിധിപ്രകാരം ദുഷ്യന്തന്‍ ശകുന്തളയെ വേളി കഴിച്ച് പോകുന്ന രംഗത്തില്‍ നിര്‍ത്തും.'

രശ്മി ഞാന്‍ പറഞ്ഞ വാക്യം മീറ്റിംഗില്‍ അവതരിപ്പിച്ചു. വിജയശ്രീലാളിതയായി നിന്നു.

സ്‌ക്രിപ്റ്റ് റെഡിയായതോടു കൂടി ശ്രീവിദ്യ ടീച്ചര്‍ ഒമ്പത്, പത്ത് ക്ലാസ്സുകളിലെ കുട്ടികളെ വലവീശിപ്പിടിച്ച് എനിക്കു മുന്നില്‍ അണിനിരത്തി. ദുഷ്യന്തനേയും ശകുന്തളയേയും രശ്മി തന്നെ തപ്പിപ്പിടിച്ച് കൊണ്ടുവന്നു. സ്‌കൂള്‍ അസിസ്റ്റന്റ് ഹെഡ് ബോയ് യയാതിയെ രശ്മി പിടിച്ച പിടിയാലെ കൊണ്ടുവന്നു.

ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം കമ്മിറ്റിക്കാര്‍ യയാതിയുടെ അഭിനയത്തികവ് മണത്തറിയുന്നതിനു മുമ്പേ രശ്മി യയാതിയെ ദുഷ്യന്തനായി വാഴ്ത്തി, പ്രഖ്യാപിച്ചു.

കണ്വ മഹര്‍ഷി, മുനി സംഘങ്ങള്‍, അനസൂയ, പ്രിയംവദ തുടങ്ങി എട്ടംഗ തോഴിമാരെയും ശ്രീവിദ്യ എനിക്കു മുന്നില്‍ നിര്‍ത്തി.

'ഇനിയും വേണോ... അഭിനേതാക്കളെ. 'ശ്രീവിദ്യ ടീച്ചര്‍ ചോദിച്ചു.

'വേണം... ആശ്രമ പരിസരത്തിലൂടെ ഒരു മാന്‍ വേഷം ഓടിക്കൊണ്ടിരിക്കണം.' ഞാന്‍ പറഞ്ഞു.

'അതിനാണോ പ്രയാസം? ഒമ്പത് ബിയിലെ കേശവിനെ വിളിക്കാം. ഒരു ഭാഗത്തിരിക്കില്ല അവന്‍.'

കേശവിനെ വിളിക്കാന്‍ ശ്രീവിദ്യ ക്ലാസ്സ് റൂമിലേക്ക് പ്യൂണിനെ അയച്ചു. ഞങ്ങളുടെ സംഭാഷണം ശ്രദ്ധിച്ചു നില്‍ക്കുകയായിരുന്ന പ്യൂണ്‍ ഗോവിന്ദന്‍ ക്ലാസ്സ് റൂമില്‍ പോയി കാര്യം വിവരിച്ചു.

സ്റ്റാഫ് റൂമില്‍ ഒരു മാനിനുപകരം മാന്‍കൂട്ടങ്ങള്‍ ചാടിത്തുള്ളിയെത്തി.

പിന്നെ ശ്രീവിദ്യ തന്നെ മാന്‍കൂട്ടങ്ങളെ ആട്ടിയോടിച്ചു. പോകാതെ ചുറ്റിപ്പറ്റി നിന്ന മാന്‍ കുട്ടികളോട് ഗ്രൗണ്ടില്‍ പോയി പത്തു മിനുട്ട് കളിച്ചോളാന്‍ നിര്‍ദേശിച്ചപ്പോള്‍ സ്റ്റാഫ് റൂമില്‍ ഒറ്റയെണ്ണത്തിന്റെ പൊടിപോലുമില്ല. കേശവിനെ സ്റ്റാഫ് റൂമില്‍ കെട്ടിയിടേണ്ട അവസ്ഥയായി.

ശൃംഗാരം... ശാകുന്തളം ഡ്രാമ പഠിച്ച് പഠിച്ച് ടീച്ചര്‍മാരും കുട്ടികളും അതില്‍ നിന്നൂരി വരില്ലേ? സന്ദേഹമില്ലാതായില്ല.

സ്‌ക്രിപ്റ്റ് റൈറ്റര്‍ രജനി പിന്നെ ഏതു രസവും എളുപ്പം പകരുമെന്ന് പറഞ്ഞ് സന്ധ്യ ചിരിയോടു ചിരി.

സന്ധ്യയുടെ 'കരുണം' ഒരു വഴിയിലൂടെ പോകുന്നുണ്ടെങ്കിലും ഇടയ്ക്ക് ശൃംഗാരത്തില്‍ തലയിടും. ചലച്ചിത്ര സഖ്യം ഇപ്രാവശ്യം ഉണ്ടായില്ലെങ്കിലും ഞങ്ങള്‍ ഫോണ്‍ ചെയ്ത് അത് ദൃഢമാക്കിക്കൊണ്ടിരുന്നു.

ഡ്രാമ പഠനം  പുരോഗമിക്കുന്ന വേളയില്‍ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന പ്രോഗ്രാം കമ്മിറ്റി മീറ്റിംഗിലും ചര്‍ച്ചയിലും രശ്മി പങ്കെടുക്കും.

മീറ്റിംഗ് ഉണ്ടെന്നറിഞ്ഞാല്‍ ഒരു കാര്യം ഉറപ്പാണ്. രശ്മിയുടെ വക അവിടെ നിന്ന് ഒരു ഫോണ്‍ കോള്‍ എനിക്കു പ്രതീക്ഷിക്കാം. രശ്മി  ഒരിക്കലും പ്രതീക്ഷ തെറ്റിച്ചിട്ടുമില്ല.

'മുല്ലവള്ളിയും തേന്‍മാവും കണ്ട് ശകുന്തള വിഷമിക്കുന്നതിനു ശേഷം എന്താണ് സീന്‍? രാജാവിനെ സ്വീകരിക്കാന്‍ പൂജാസാമഗ്രികള്‍ എടുക്കുവാന്‍ ആശ്രമത്തിന്റെ അകത്തേക്കു പോയ ശകുന്തള പെട്ടെന്ന് തിരിച്ചു വരുമോ?' രശ്മിയുടെ ചോദ്യങ്ങള്‍ നീളും.

'പെട്ടെന്ന് തിരിച്ചു വന്നാല്‍ പറ്റില്ല രശ്മി. തോഴികളോട് ശകുന്തളയെക്കുറിച്ച് ചോദിച്ച് ചോദിച്ച് ദുഷ്യന്തന്റെ ഇഷ്ടത്തിന് ആധിക്യം വരുത്തേണ്ടെ?' ഞാന്‍ പറയും.

'ഓ... അങ്ങനെ വരട്ടെ. പെട്ടെന്ന് വിവാഹം പാടില്ല ...അല്ലേ?'

'പാടില്ല. അനുരാഗം  പതുക്കെപ്പതുക്കെ കത്തി പിന്നെ ആളിക്കത്തണം.' ഞാന്‍ പറഞ്ഞു.

'അല്ല ... കമ്മിറ്റിയില്‍ ചോദിച്ചിരുന്നു .. നമ്മള്‍ എവിടെയാ ശൃംഗാരം നിര്‍ത്തുന്നതെന്ന്? അവര്‍ക്ക് കുട്ടിയുണ്ടായിട്ടാണോ?' രശ്മിയുടെ ചോദ്യത്തിന് ഉത്തരം പറയേണ്ട ബാധ്യതയുണ്ട്.

'കുട്ടിയുണ്ടാവും. പക്ഷേ ഇവിടെ നമ്മള്‍ അതു കാണിക്കില്ല.'

'അതെന്താ?'

'അതുവരെ പറഞ്ഞാല്‍ ശ്യംഗാരം കൊഴുക്കില്ല.'

മിക്ക രാത്രികളിലും 
രശ്മിയുടെ ഫോണ്‍ ഉറപ്പാണ്.

ശകുന്തളയില്‍ പ്രേമാധീനനായ ദുഷ്യന്തന്‍ തന്നെയാണ് വിഷയം.

'സത്യത്തില്‍ അവര്‍ക്ക് കുട്ടിയുണ്ടാവുന്നുണ്ടോ?'

'ആര്‍ക്ക്????'

'അല്ല... നമ്മുടെ ഡ്രാമയില്‍.. ദുഷ്യന്തനും ശകുന്തളയ്ക്കും.'

'ഉണ്ടല്ലോ രശ്മി.'  രശ്മിയ്ക്ക് ഒരു വിധം ശാകുന്തളം വിവരിച്ചു കൊടുത്തു.

രശ്മി ഒരു ലോഡ് ആടയാഭരണങ്ങളുമായി സ്‌കൂളില്‍ വന്നിറങ്ങി. ലക്ഷ്മി ടീച്ചര്‍ ശകുന്തള പ്രിയം വദമാരുടെ വസ്ത്രങ്ങള്‍ തിരിച്ചും മറിച്ചും പരീക്ഷിച്ച് സംതൃപ്തിയടഞ്ഞു.

തകൃതിയായ മേക്കപ്പ് .. കണ്ണെഴുത്ത്, ചാന്തുപൊട്ട്, ലിപ്സ്റ്റിക്, മുല്ലപ്പൂമാല, താടി, ജട, മുടി... ഒരു കൊച്ചു കണ്വാശ്രമം തന്നെ.

എന്നെ കണ്ട മാത്രയില്‍ ദുഷ്യന്തന്‍  അടുക്കലേക്ക് ഓടി വന്ന് അവസാന നിമിഷത്തെ ഡയലോഗ് കാച്ചി. ഉരുവിട്ടു. ആവര്‍ത്തിച്ച് അഭിനയിച്ച് ഞങ്ങള്‍ ബാക്ക് സ്റ്റേജില്‍ തകര്‍ത്തു.

ദുഷ്യന്തന്റെ അമ്മയും അച്ഛനും (എന്റെ സുഹൃത്തുക്കളാണ്) ഞങ്ങളുടെ അവസാന റിഹേഴ്‌സില്‍ ഫോട്ടോയിലും വീഡിയോയിലും പകര്‍ത്തിയിട്ടുണ്ട്.

അരങ്ങില്‍... കണ്വാശ്രമം, കണ്വ മഹര്‍ഷി, മുനിമാര്‍, ശകുന്തള, അനസൂയ പ്രിയംവദമാര്‍, ദുഷ്യന്തന്‍, മാന്‍കുട്ടി കൂടാതെ ഒരു പറ്റം തോഴിമാരും.

പ്രേക്ഷകരുടെ ശരീരത്തിലെ ഓരോ രോമകൂപങ്ങളിലും പുളകച്ചാര്‍ത്തുകള്‍ അണിയിച്ച് ശൃംഗാരം തീര്‍ന്നു. വെളിച്ചത്തിന്റെയും ശബ്ദത്തിന്റെയും കവിഞ്ഞൊഴുക്കില്‍ ദുഷ്യന്തനും ശകുന്തളയും, എന്തിന് ... മാന്‍കുട്ടി വരെ തിളങ്ങി നിന്നു.

രശ്മിയും ഞാനും പരസ്പരം അഭിനന്ദിച്ച് ആനന്ദാശ്രുക്കള്‍ പൊഴിച്ചു.

കരുണത്തിലെ, ഞങ്ങളുടെ പ്രിയ ചങ്ങാതി സന്ധ്യ  പൂര്‍ണചന്ദ്രനെപ്പോലെ ചിരിച്ച് അനുമോദനങ്ങള്‍ അറിയിച്ചു.

പ്രേക്ഷകരുടെ നീണ്ട കരഘോഷങ്ങള്‍ ...

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും കാഴ്ചയില്‍ സാധാരണക്കാരനായ ഒരു വ്യക്തി എന്റെ മുന്നിലേക്ക് ഓടി വന്നു. ഷര്‍ട്ടും മുണ്ടുമാണ് വേഷം.

'ടീച്ചറെ മോനും ഞാനും ജീവിതത്തില്‍ മറക്കില്ല. അത് എന്റെ മോനാണ്.'

'ആര്?' ഞാന്‍ ചോദിച്ചു.

'ആ മുനികുമാരന്‍.'

അയാള്‍ ചൂണ്ടിയ ഭാഗത്തേക്ക് ഞാന്‍ നോക്കി. ലൈറ്റിന്റെ മഞ്ഞളിപ്പില്‍ അഞ്ചാറു മുനികുമാരന്‍മാരെ അവ്യക്തമായി കണ്ടു. 

ഇതില്‍ ആരായിരിക്കും ഇദ്ദേഹത്തിന്റെ മകന്‍?

ഞാന്‍ നോക്കിനില്‍ക്കേ അയാള്‍ വീണ്ടും മോനെ ഡ്രാമയില്‍ ചേര്‍ത്തതിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടേയിരുന്നു.

'ആദ്യമായാണ് അവന്‍ സ്റ്റേജില്‍ കയറുന്നത് ടീച്ചര്‍. ടീച്ചറെ ഞാന്‍ പല പരിപാടികളിലും കണ്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഒരാശംസാ പ്രസംഗത്തില്‍ ... അവിടെയും ഞങ്ങളുടെ ലൈറ്റ് ആന്റ് സൗണ്ട് സിസ്റ്റമായിരുന്നു.'

അപ്പോള്‍ ?

ഞാന്‍ അറിയാതെ എന്നില്‍ നിന്ന് വാക്കുകള്‍ അടര്‍ന്നു ...

'ഞാനല്ല അവനെ തിരഞ്ഞെടുത്തത്. അതാ, ആ നില്‍ക്കുന്ന ടീച്ചറാ...'

ഞാന്‍ ശ്രീവിദ്യ ടീച്ചറുടെ നേരെ വിരല്‍ ചൂണ്ടി.

ശ്രീവിദ്യ ടീച്ചര്‍ തന്റെ കുട്ടികളെ പ്രശംസിച്ച് മതിവരാതെ അവരോടൊപ്പം റിഹേഴ്‌സല്‍ അനുഭവങ്ങള്‍ പങ്കിട്ട് പൊട്ടിച്ചിരിക്കുകയാണ്.

'അതവന്റെ ക്ലാസ്സ് ടീച്ചറാണ്.' അയാള്‍ പറയുന്നുണ്ടായിരുന്നു.

ഞാന്‍ ഓര്‍ത്തു. 

ഡ്രാമ പ്രാക്ടീസ് സമയത്ത് അധികം സംസാരമില്ലാതെ ഒരുഭാഗത്ത് ഒതുങ്ങി ഒറ്റയ്ക്കു നിന്ന് തന്റെ റോളായാല്‍ മാത്രം അരങ്ങില്‍ കയറുന്ന മുനികുമാരന്‍. ചില ദിവസങ്ങളില്‍ അവനെ പ്രാക്ടീസിന് കാണാതായപ്പോള്‍ ഞങ്ങള്‍ വേറൊരു മുനികുമാരനെ പരതാന്‍ ശ്രമിച്ചതും പിറ്റേന്ന് ഈ മുനികുമാരന്‍ തന്നെ പ്രത്യക്ഷപ്പെട്ടതുമായ രംഗങ്ങള്‍... ഡ്രാമയിലെ സീനില്‍ തെളിഞ്ഞ കഥാപാത്രത്തേക്കാള്‍ തെളിച്ചത്തോടുകൂടി എന്റെ മുന്നില്‍ വന്നു.

അവന്റെ മുഖത്ത് തെളിമയുള്ള ഒരു ചെറുപുഞ്ചിരി എന്നും നിഴലിച്ചിരുന്നു.

അയാള്‍ ശ്രീവിദ്യ ടീച്ചറുടെ സമീപത്തേക്കു നടന്നു.

ഞാന്‍ എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് ശ്രീയെ നോക്കി. ദീപാലങ്കാരങ്ങളുടെ തെളിച്ചത്തില്‍ ശ്രീവിദ്യ ടീച്ചര്‍ക്ക് ഒരു ഈശ്വര ചൈതന്യം കൈവന്നതുപോലെ.

രതി, ഹാസം, ശോകം, ക്രോധം, ഉത്സാഹം, ഭയം, ജുഗുപ്‌സ, വിസ്മയം, ശമം തുടങ്ങിയവ പ്രേക്ഷകരില്‍ ഉദ്ദീപിപ്പിച്ചു കൊണ്ട് നവരസങ്ങള്‍ വിളയാടുമ്പോഴും മനസ്സില്‍ സ്റ്റേജിന്റെ  ഒരു കോണില്‍ മിന്നിമറഞ്ഞ മുനികുമാരന്റെ നിഷ്‌കളങ്ക മുഖമായിരുന്നു.

പിന്നീടൊരിക്കല്‍ ...

ചാലപ്പുറത്ത് ഒരു പരിപാടിയില്‍ പങ്കെടുത്തു മടങ്ങുമ്പോള്‍ ...

'ടീച്ചര്‍... എന്നെ ഓര്‍മയില്ലേ?'

മുനികുമാരന്റെ പിതാവ്.

'എനിക്കോര്‍മയുണ്ട്. ശാകുന്തളത്തിലെ മുനികുമാരന്‍ അവനല്ലായിരുന്നെങ്കില്‍ ആ നാടകം ഇത്രയേറെ മികവ് പുലര്‍ത്തില്ലായിരുന്നു.'

അയാള്‍ ചിരിച്ചു.

'ശ്രീവിദ്യ ടീച്ചറാണ് അവനിലെ അഭിനേതാവിനെ കണ്ടെത്തിയത്.'  ഞാന്‍ അത്യാഹ്ലാദപൂര്‍വം പറഞ്ഞു.

ലോഭം കൂടാതെയുള്ള വെളിച്ചത്തിന്റെ ധാരാളിത്തത്തില്‍ നില്‍ക്കുന്ന ശ്രീവിദ്യ ടീച്ചറുടെ മുഖം ഒരിക്കല്‍ കൂടി മനസ്സില്‍ തെളിയുകയുണ്ടായി.

കാറില്‍ കയറിയപ്പോള്‍ ശ്രീവിദ്യയുടെ സ്വരം കേള്‍ക്കുവാന്‍  ആഗ്രഹം തോന്നി വിളിച്ചു.

'ഹലോ... എന്തിനാ വിളിച്ചത്...?'
ശ്രീവിദ്യ ടീച്ചര്‍ തിരക്കിലാണ്.

' ഒന്നുമില്ല. വെറുതെ... ആ ശബ്ദം കേള്‍ക്കാന്‍.'

സുഹൃത്ത് ശ്രീയുടെ സ്വതസിദ്ധമായ ചിരി കാറില്‍ മുഴങ്ങുമ്പോള്‍, ഞാന്‍ ശാകുന്തളം കഴിഞ്ഞ് കുട്ടികള്‍ക്ക് ചുറ്റും പ്രഭാവലയം തീര്‍ത്ത് പൊട്ടിച്ചിരിക്കുന്ന ശ്രീവിദ്യ ടീച്ചറെ മുന്നില്‍ കാണുകയായിരുന്നു.

Content Highlights: Rajani Suresh shares her experience with children and other teachers, Women