മഴദിനത്തില്‍ നിങ്ങള്‍ക്കരികെ എല്ലായ്പ്പോഴുമുണ്ട്. കനത്തമഴക്കിടെ റോഡിലേക്ക് കടപുഴകി വീണ മരത്തിനരികില്‍ നാട്ടുകാര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തുന്ന ബുലന്ദ്ഷഹര്‍ കോട്ട്വാലി നഗര്‍ ഇന്‍സ്പെക്ടര്‍ അരുണ റായിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് യുപി പോലീസ് ഫെയ്സ്ബുക്കില്‍ കുറിച്ച വാചകമാണിത്.
നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ഗതാഗത തടസ്സം സൃഷ്ടിച്ച കാര്‍ തള്ളി നീക്കുന്നതും, മറിഞ്ഞുവീണ മരത്തിന് മുകളിലൂടെ അരുണ ചാടിയിറങ്ങുന്നതുമായ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍പ്രചാരമാണ് ലഭിച്ചത്. കടപുഴകി വീണ മരത്തിനടിയില്‍ കുടുങ്ങിയ മൂന്ന് ഇ റിക്ഷാ യാത്രക്കാരെ നാട്ടുകാരും അരുണയുള്പ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപ്പെടുത്തി.
ഇതാദ്യമായല്ല അരുണ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. 2019 മെയ്മാസം പാലിയ എന്ന കുറ്റവാളിയെ സിനിമാസ്റ്റൈലില്‍ പിന്തുടര്ന്ന് അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഉത്തര്‍പ്രദേശിലെ ഥാനയില്‍ വച്ചായിരുന്നു സംഭവം. പതിവുപോലെ വാഹനപരിശോധനക്കിറങ്ങിയതായിരുന്നു അരുണ റായിയുടെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍. ഇതിനിടയില്‍ കാര്‍ പരിശോധിക്കാന്‍ തുടങ്ങിയ കോണ്‍സ്റ്റബിളിനെ കാറിനുള്ളിലിരുന്ന വ്യക്തി ആക്രമിച്ചു.
പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള പാലിയ എന്ന കുറ്റവാളിയാണ് അതെന്ന് പിന്നീടാണ് പോലീസ് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. കോണ്‍സ്റ്റബിളിനെ മര്‍ദിച്ച് അവിടെ നിന്ന് കാറില്‍ കടന്ന പാലിയയെ അരുണയുടെ നേതൃത്വത്തിലുള്ള സംഘം പിന്തുടര്ന്നു. ഒരു ഘട്ടത്തില്‍ അയാള്‍ കാറില്‍ നിന്നിറങ്ങി തെരുവിലൂടെ ഓടി. അയാളെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പിച്ച അരുണ പോലീസ് വാഹനത്തില്‍ നിന്നിറങ്ങി തോക്കുമായി അയാള്‍ക്ക് പുറകെ തെരുവിലൂടെ ഓടി. 40 മിനിട്ട് നീണ്ടുനിന്ന പിന്തുടരലിന് ശേഷം പാലിയയെ അരുണയും സംഘവും അറസ്റ്റ് ചെയ്തു.
തോക്കുമേന്തി കൂളിങ് ഗ്ലാസ് ധരിച്ച് കുറ്റവാളിക്ക് പുറകെ ഓടുന്ന അരുണയുടെ ചിത്രം അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ സംഭവത്തോടെ മാധ്യമങ്ങള്‍ അരുണയെ 'ലേഡി സിങ്ക'മെന്നാണ് വിശേഷിപ്പിക്കുന്നത്.
Content Highlights: Kotwali Nagar Inspector Aruna Rai rescues people stranded under a fallen tree