യാത്ര ചെയ്യാനിഷ്ടപ്പെടുന്ന സ്ത്രീകള്‍ പലപ്പോഴും യാത്ര മാറ്റിവെക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ആര്‍ത്തവകാലമാണ്. ആര്‍ത്തകാലത്തെ ശാരീരിക വൈഷമ്യങ്ങളേക്കാള്‍ നിശ്ചിത മണിക്കൂറുകള്‍ക്കിടയില്‍ സാനിറ്ററി നാപ്കിന്‍ മാറ്റേണ്ടതുള്‍പ്പടെയുള്ള ശുചിത്വ പ്രശ്‌നങ്ങളാണ് പലരേയും പിറകോട്ട് വലിക്കുന്നത്. മെനസ്ട്രല്‍ കപ്പുകളുടെ ഉപയോഗം ഈ പ്രശ്‌നങ്ങള്‍ക്ക് ഒരു മികച്ച പ്രതിവിധിയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് യാത്രകള്‍ ഇഷ്ടപ്പെടുന്ന നസീബ. 

നസീബ എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

ഇതൊരു യാത്രാവിവരണമല്ല ,സ്ത്രീകള്‍ പ്രത്യേകിച്ച് യാത്ര ചെയ്യാനിഷ്ടപ്പെടുന്നവര്‍ ഏറ്റവുമധികം ഫോളോ ചെയ്യുന്ന ഗ്രൂപ്പായതുകൊണ്ട് ഉപകാരപ്രദമായേക്കാവുന്ന ഒരു പോസ്റ്റിടുന്നു.

Let's celebrate those days as well
# 'no pad' women challenge

ഈയടുത്ത് ഞങ്ങള്‍ മൂന്നു പെണ്ണുങ്ങള്‍ ഗോവ കാണാന്‍ പോയി. മൂന്നു ദിവസം കൊണ്ട് പരമാവധി ബീച്ചുകള്‍, ഇവ chapora ഫോര്‍ട്ട്, Bom Jesus ബെസിലിക, Old Goa (fontainhas) ഇത്രയും ലിസ്റ്റിലിട്ട് ദൂത് സാഗര്‍ വെള്ളച്ചാട്ടവും saloulim ഡാമും മണ്‍സൂണിലേക്ക് തള്ളി ട്രെയിനിലിരുന്ന് എടിപിടീന്ന് ഒരു പ്ലാനുണ്ടാക്കി. 

'വെള്ളം' അകത്തും പുറത്തും ... അതാണല്ലോ നമ്മുടെ ഗോവ.. ആദ്യ ദിവസം കലങ്ങോട്ടും ബാഗയും വാട്ടര്‍ സ്‌പോര്‍ട്ട്‌സും ആയി തീര്‍ന്നു.രണ്ടാം ദിനം ഒരു ഏര്‍ളി മോര്‍ണിംഗ് സണ്‍/സാഗര്‍ ബാത്തിനിറങ്ങാനിരുന്ന ഞാന്‍ ബാത്ത് റൂമിലിരുന്നു നിലവിളിച്ചു!സമയം തെറ്റി വന്നതല്ല, കലണ്ടര്‍ നോക്കാന്‍ വിട്ടതും അല്ല, ഒരല്‍പം ഓവര്‍ കോണ്‍ഫിഡന്‍സെടുത്ത് ''ആള്‍ ഈസ് വെല്‍' പറഞ്ഞു വീട്ടീന്നിറങ്ങിയതാ. പണ്ടു വീഗാലാന്‍ഡിലും ഇന്‍ഡോനേഷ്യയിലെ മാദക ബീച്ചുകളിലും നനയാതെ നോക്കി നില്‍ക്കേണ്ടി വന്ന ഹതഭാഗ്യ സീസണ്‍ 3.

എമര്‍ജന്‍സി പാഡെടുക്കാന്‍ ബാഗു തപ്പിയപ്പോഴാണ് മെന്‍സ്ട്രല്‍ കപ്പ് കയ്യില്‍ തടഞ്ഞത്. ഡ്രൈവിംഗ് ലൈസന്‍സുണ്ടേലും വളയം പിടിക്കാന്‍ ഒരാളുള്ളിടത്തോളം പാസഞ്ചര്‍ സീറ്റിലിരിന്ന് കാലം കഴിയ്ക്കുന്ന പോലെ മാസങ്ങളൊരുപാടായി ഐറ്റം സാനിറ്ററി പാഡിനിടയില്‍ കിടക്കുന്നു.
വരും ദിനങ്ങളിലെ കടല്‍കുളിയും, പാഡു മാറി ഡിസ്‌പോസ് ചെയ്യുന്ന തൊന്തരവും ഓര്‍ത്തപ്പോ പിന്നെ രണ്ടും കല്പിച്ച് മെന്‍സ്ട്രല്‍ കപ്പെടുത്തു. ജീവിതത്തില്‍ ഈയടുത്ത സംഭവിച്ച lifetime break. പിന്നീടുള്ള രണ്ടു ദിവസം പലപ്പോഴും പിരിയഡ്‌സാണെന്നു ഞാന്‍ ഓര്‍ത്തതേയില്ല.. 

കാര്‍ റെന്റിനെടത്ത് ഞങ്ങള്‍ എല്ലാ ഡെസ്റ്റിനേഷന്‍സും കവര്‍ ചെയ്തു. ഗോവ പൊളിച്ചടുക്കി എന്നതിനേക്കാളും സാനിറ്ററി പാഡിനായി സമയമോ കാശോ കളയേണ്ടതില്ലന്നും പ്രകൃതിയിലേക്ക് മാസം തോറും എന്റെ വക പ്ലാസ്റ്റിക് മാലിന്യം കുറയുമല്ലോ എന്ന ചിന്തയും വല്ലാത്ത ഒരു എനര്‍ജിയാണു മടക്കയാത്രയില്‍ നിറച്ചത്.

ഇനി മെന്‍സ്ട്രല്‍ കപ്പിനെക്കുറിച്ച് രണ്ടു വാക്ക്: തെര്‍മോപ്ലാസ്റ്റിക്ക്, സിലിക്കോണ്‍ എന്നിവയുപയോഗിച്ചുണ്ടാക്കിയ, ആര്‍ത്തവ രക്തം ശേഖരിക്കാനായി അകത്തേക്ക് കയറ്റി വയ്ക്കാവുന്ന കപ്പ് രൂപത്തിലുള്ള ഒരു കൊച്ചുപകരണമാണിത്. നിര്‍ദ്ദിഷ്ട ഇടവേളകളില്‍ (പരമാവധി 12 മണിക്കൂര്‍) പുറത്തെടുത്ത് വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാവുന്നതുകൊണ്ട് ഒരൊറ്റ കപ്പു തന്നെ മതിയാവും വര്‍ഷങ്ങളോളം. 

അണുവിമുക്തമായി സൂക്ഷിച്ചാല്‍ മറ്റു ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെയില്ലാത്ത വളരെ cost effective ആയ രീതിയാണിത്. യോജിച്ച അളവിലുള്ളത് കണ്ടു പിടിച്ച് അത് ഉപയോഗിച്ച് ശീലിക്കുന്നത് വരെയുള്ളൂ കടമ്പ. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റില്‍ വിവിധ ബ്രാന്‍ഡുകളില്‍ ലഭ്യമാണ്.