ന്നായി ഒന്ന് അണിഞ്ഞൊരുങ്ങിയാൽ മുഴുവൻ മേക്കപ്പാണല്ലേ എന്ന പരിഹാസം കേൾക്കുന്ന സ്ത്രീകൾ നിരവധിയാണ്. ഇനി വിവാഹം കഴിഞ്ഞ സ്ത്രീയാണെങ്കിലോ അവർക്കിഷ്ടമുള്ള ഡ്രസ്സിട്ടൊരുങ്ങി നടക്കുന്നത് ഭർത്താവിനും മക്കൾക്കുമൊപ്പം മാത്രമായിരിക്കണം എന്നു കരുതുന്നവരുമുണ്ട്. ഇത്തരത്തിൽ ചിന്തിക്കുന്നവർ‌ക്കെല്ലാം ചുട്ടമറുപടി നൽകിയ ഒരു യുവതിയുടെ കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. നടി നിത്യാദാസിന്റെ വീഡിയോക്ക് കീഴെ വന്ന നെ​ഗറ്റീവ് കമന്റുകളുടെ പശ്ചാത്തലത്തിൽ ടുലു റോസ് ടോണി എന്ന യുവതിയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 

പ്രസവം കഴിഞ്ഞ പെണ്ണുങ്ങൾ  കരിയും പുരണ്ട്, ഉണങ്ങി,വയറും ചാടി,തടിയും വെച്ച് തന്നെ ഇരുന്നേ പറ്റൂ എന്ന് ചിന്തിക്കുന്നവർക്കുള്ള മറുപടിയാണ് കുറിപ്പിൽ പറയുന്നത്. കട്ടികൾ വലുതായി, അവരവരുടെ കാര്യം തനിയെ നോക്കാറാകുന്ന ഒരു സാഹചര്യമെത്തുമ്പോൾ പെണ്ണുങ്ങൾ അനുഭവിക്കുന്ന ഒരു സ്വാതന്ത്ര്യമുണ്ടെന്നും  പ്രസവം കഴിഞ്ഞാൽ പെണ്ണുങ്ങൾ അണിഞ്ഞൊരുങ്ങി നടക്കുവാൻ പാടില്ല എന്ന് ഏത് നിയമത്തിലാണ് പറഞ്ഞിരിക്കുന്നത് എന്നും കുറിപ്പിൽ ചോദിക്കുന്നു.

കുറിപ്പിലേക്ക്...

ഒരു കോമഡി പറയട്ടേ? 
നമ്മുടെ ഒരു നാട്ട് നടപ്പനുസരിച്ച് കല്യാണം കഴിഞ്ഞ് ഒന്ന് പെറ്റാൽ പെണ്ണുങ്ങൾ ആദ്യത്തേക്കാൾ കുറച്ച് തടിയൊക്കെ കൂടും. ചിലർ കുറേ കുറേ കൂടും. ഇനി ചിലർ ചെറുതായി ഒന്ന് മിനുങ്ങുക മാത്രം ചെയ്യും. അതവരുടെ പാരമ്പര്യം. 
ചിലർ പ്രസവം കഴിഞ്ഞ് വെച്ച തടിയൊക്കെ കുറക്കും. ചിലർക്ക് തടി ഒരു പ്രശ്നം അല്ലാത്തത് കൊണ്ട് അവരതിൽ ഹാപ്പി ആയി മുന്നോട്ട് പോകും.

ചില പെണ്ണുങ്ങൾ രണ്ടും മൂന്നും പ്രസവിച്ചതിന് ശേഷവും, നല്ല ഭംഗിയിൽ ഡ്രെസ്സൊക്കെ ചെയ്ത് നടക്കുന്നത് കാണുമ്പോൾ നമ്മുടെ ചില പ്രത്യേക തരം ആളുകൾക്ക് ഒരു വല്ലാത്ത ചൊറിച്ചിൽ വരുന്നതിന്റെ ഗുട്ടൻസ് എന്തായിരിക്കും!?
ചിലരുടെ കമന്റ്സ്: 
1. മൊത്തം മേക്കപ്പാ.
2. അയ്യയ്യേ എന്ത് വേഷം കെട്ടലാണിത്? ഇവൾക്ക് നാണമില്ലേ?
3. കെട്ടും കഴിഞ്ഞ് പേറും കഴിഞ്ഞിട്ടും ഇവൾക്കൊന്നും അടങ്ങിയൊതുങ്ങി ഇരിക്കാൻ വയ്യേ?
4. ഞങ്ങടെ മഞ്ചു ചേച്ചിയെ കണ്ട് പഠിക്കെടീ എങ്ങനെ മാന്യമായി ഡ്രെസ്സ് ചെയ്യാമെന്ന്.(comment of the week huh)
5.മുഖത്ത് നല്ല പ്രായം ഉണ്ട്.അത്കൊണ്ട് എന്ത് ഡ്രെസ്സിട്ടിട്ടും കാര്യമില്ല.
6.ഇവളെയൊക്കെ ഇങ്ങനെ വിടുന്ന കെട്ട്യോന്മാരെ പറഞ്ഞാ മതി.
7.ഔട്ട്ഡേറ്റഡ് ആയി പോയതിന്റെ വിഷമം ഇങ്ങനെ തീർക്കുവാ അമ്മച്ചി.
ഇങ്ങനെ എത്രയെത്ര കോൾമയിർ അഭിപ്രായങ്ങൾ!! അല്ല, ശരിക്കും ഇവർക്കൊക്കെ ഇങ്ങനെ പറയുമ്പോൾ കിട്ടുന്ന ആ ഒരു സുഖം എന്തായിരിക്കും?

ഏത് നിയമത്തിലാണ് പറഞ്ഞിരിക്കുന്നത്, പ്രസവം കഴിഞ്ഞാൽ പെണ്ണുങ്ങൾ അണിഞ്ഞൊരുങ്ങി നടക്കുവാൻ പാടില്ല എന്ന്? അവർ അവർക്കിഷ്ടമുള്ള രീതിയിൽ മേക്കപ്പ് ഇട്ട്, ഡ്രെസ്സ് ചെയ്ത് നടക്കുവാൻ പാടില്ല എന്ന്? അഥവാ ഒരുങ്ങി നടക്കുകയാണെങ്കിൽ അത് അവരുടെ ഭർത്താവിന്റെയും മക്കളുടേയും കൂടെ മാത്രമേ പറ്റൂ എന്ന്?

ഇന്ന് നിത്യാ ദാസ് എന്ന നടിയുടെ ഒരു വീഡിയോയിൽ വന്നിരിക്കുന്ന കമന്റ്സ് കണ്ടത് കൊണ്ടാണിവിടെ പറയുന്നത്. എന്തും മാതിരി ആട്ടുംകാട്ടങ്ങളാണ് ഈ സോഷ്യൽ മീഡിയയിൽ!

നിത്യ രണ്ട് പെറ്റിട്ടും ഇപ്പോഴും നല്ല ഭംഗിയിൽ ഇരിക്കുന്നുണ്ടെങ്കിൽ അതവരുടെ മാത്രം മിടുക്കാണ്. അതില് അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല. ഈ ഡയലോഗ് ഞാനെന്നോട് തന്നെ എപ്പോഴും പറയുന്നതാണ്. കാരണം, ഞാനും ഒരു മനുഷ്യനാണല്ലോ.എനിക്കും ഉണ്ടല്ലോ കുശുമ്പും കുന്നായ്മയും ഒക്കെ. 

ഒരു രണ്ട് മൂന്ന് പ്രസവമൊക്കെ കഴിഞ്ഞ്, കുട്ടികൾ കുറച്ചൊക്കെ വലുതായി, അവരവരുടെ കാര്യം തനിയെ നോക്കാറാകുന്ന ഒരു സിറ്റുവേഷനിൽ പെണ്ണുങ്ങൾ അനുഭവിക്കുന്ന ഒരു ഫ്രീഡം ഉണ്ട്. 

ഹാവൂ ഇനിയൊന്ന് ഞാനെന്നെ നോക്കട്ടെ! എന്നെ ഞാനൊന്നിനി സന്തോഷിപ്പിക്കട്ടെ! ആ ഒരു തോന്നലിൽ നിന്നുമാണ് പെണ്ണുങ്ങൾ ഉയിർത്തെഴുന്നേൽക്കുന്നത്. അത് ഇവിടെയിരുന്ന് കമന്റിട്ട് സ്വയം പുളകിതരാകുന്നവർക്ക് മനസ്സിലാകില്ല. അല്ല, അവരെയൊന്നും മനസ്സിലാക്കിക്കാനുള്ള സമയവും പെണ്ണുങ്ങൾക്കില്ല. 

പ്രസവം കഴിഞ്ഞ പെണ്ണുങ്ങൾ കരിയും പുരണ്ട്, ഉണങ്ങി,വയറും ചാടി,തടിയും വെച്ച് തന്നെ ഇരുന്നേ പറ്റൂ എന്ന് അടിവരയിട്ട് പഠിച്ച് ഇവിടെ അട്ടഹസിക്കുന്ന ചിലരോട് ഒരു കാര്യം വിനീതമായി അപേക്ഷിച്ച് കൊള്ളുന്നു. ആദ്യം നിങ്ങളൊക്കെ ഒന്ന് പ്രസവിച്ച്  കാണിക്ക്. അതുമല്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ ഭാര്യമാർ പ്രസവിച്ച് കഴിഞ്ഞ് അവരുടെ കൂടെ നിന്ന് കാര്യങ്ങൾ മനസ്സിലാക്ക്. ഇതൊന്നും ചെയ്യാതെ അവള് ശരിയല്ല, ഇവള് ശരിയല്ല എന്നൊക്കെ പറഞ്ഞങ്ങ് പോകാതെ.

എന്റെ രണ്ട് പ്രസവവും കഴിഞ്ഞ് ഞാൻ തരക്കേടില്ലാത്ത രീതീയിൽ തടി വെച്ചപ്പോൾ ഒരു ദിവസം സ്വന്തം കെട്ടിയവൻ എന്നോട് പറഞ്ഞു:
"നിന്നെ കാണാൻ മെലിഞ്ഞിരുന്നപ്പോഴാണ് ഭംഗി, ഇപ്പോ വയറൊക്കെ ചാടി." 
ആ പറഞ്ഞത് എന്റെ എവിടൊക്കെയാണ് കൊണ്ടത് എന്നെനിക്കറിയില്ല. പക്ഷേ, വിഷമിച്ച് നടക്കാൻ എനിക്കെവിടെയാ സമയം, രണ്ട് പീക്കിരികളുടെ പുറകെ ഓടി ഓടി നടക്കുന്നതിനിടയിൽ!
പക്ഷേ, ആ വാചകം ഞാൻ കൊരട്ടത്ത് എടുത്ത് വെച്ചിരുന്നു. എന്നെങ്കിലും എനിക്ക് ആവശ്യം വരും എന്നെനിക്കറിയാമല്ലോ. 
ആ അവസരം വന്നു! 
ഒരു ദിവസം...
കെട്ട്യോൻ: ഈ പെണ്ണുങ്ങളൊക്കെ മുപ്പത്തഞ്ച് കഴിഞ്ഞാൽ തള്ളകളായി.
കെട്ട്യോൾ: അതെന്താ ആണുങ്ങൾ തന്തകളാവില്ലേ?
കെട്ട്യോൻ: വയസ്സാകും തോറും ആണുങ്ങൾ ചെറുപ്പമാവുകയാണല്ലോ. പെണ്ണുങ്ങൾ അങ്ങനെയല്ലല്ലോ. അവരൊരുമാതിരി..
കെട്ട്യോൾ: ഞങ്ങൾക്കിനി പ്രസവിക്കാൻ സൗകര്യമില്ല എന്ന് പറയുന്നിടത്ത് തീരും മനുഷ്യാ നിങ്ങളുടെ ഈ അഹങ്കാരം.
പറഞ്ഞ് വന്നത് ഇതാണ്. പെണ്ണുങ്ങൾക്ക് മാത്രമേ പ്രസവിക്കാൻ പറ്റൂ. അപ്പോൾ പ്രസവം കഴിഞ്ഞ് പെണ്ണുങ്ങൾ  എങ്ങനെ നടക്കണം എന്ന് പെണ്ണുങ്ങൾ തന്നെ തീരുമാനിച്ചോളും. 
ഞാൻ ബ്യൂട്ടീ പാർലറിൽ പോകും.
ഞാൻ ജിമ്മിൽ പോകും.
ഞാൻ ഡാൻസ് ചെയ്യും.
ഞാൻ സ്ലീവ്ലെസ്സിടും.
ഞാൻ ക്രോപ് ടോപ്പുമിടും.
എന്റെ ഇഷ്ടം, എന്റെ മാത്രം ഇഷ്ടം.
മമ്മൂട്ടിയും മോഹൻലാലും സ്കിൻ ട്രീറ്റ്മെന്റ് ചെയ്താൽ 'ആഹ' നിത്യ ദാസ് മേക്കപ്പ് ഇട്ടാൽ 'ഓഹോ'😖
ഇതെന്തോന്നെടപ്പനേ!?
Note : പെണ്ണുങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിനെ വെറും മതില് ചാട്ടമായി കാണരുതേ എന്ന് മോങ്ങുന്നു. നിങ്ങൾ ആണുങ്ങളില്ലാതെ ഞങ്ങൾക്കെന്തോന്ന് അവിഹിതം ബ്രോ!?😎
*എല്ലാവരും അങ്ങനെ ആണെന്ന് അഭിപ്രായമില്ല.

Content Highlights: nithya das, social media attacks, Violence against women, Emotional and verbal abuse, nithya das videos, cyber bullying