ർഭഛിദ്രം ചെയ്തതോർത്ത് ഖേ​ദിക്കുന്നില്ല, കാരണം ഞാൻ അമ്മയാവാൻ തയ്യാറായിരുന്നില്ല. നിൻജ സിങ് എന്ന പ്രശസ്ത മോഡലിന്റെ വാക്കുകളാണിത്. ഹ്യൂമൻസ് ഓഫ് ബോംബെ പേജിലൂടെയാണ് നിൻജയുടെ കഥ പുറംലോകമറിയുന്നത്. ഫാഷൻ ലോകത്ത് തന്റേതായ ഇടം കെട്ടിപ്പടുക്കും മുമ്പ് ജീവിതത്തിൽ നേരിട്ട ആഘാതത്തെക്കുറിച്ച് പങ്കുവെക്കുകയാണ് നിൻജ. ​കാമുകനിൽ നിന്ന് ​ഗർഭം ധരിച്ചതും അത് അയാളുടേതാണെന്ന് തെളിയിക്കാൻ ആവശ്യപ്പെട്ടതുമൊക്കെ നിൻജ പങ്കുവെക്കുന്നു. ഒടുവിൽ അമ്മയാവാൻ തയ്യാറല്ലെന്ന് തിരിച്ചറിഞ്ഞ താൻ  ഗർഭഛിദ്രം ചെയ്യാൻ തീരുമാനിച്ചതിനെക്കുറിച്ചും കരിയറിൽ തിരിച്ചുവരവ് നടത്തിയതിനെക്കുറിച്ചും പങ്കുവെക്കുന്നുണ്ട‍് നിൻജ.

കുറിപ്പിലേക്ക്...

ഇരുപത്തിരണ്ടാം വയസ്സിലാണ് ഞാൻ ​ഗർഭിണിയാവുന്നത്. അതറിഞ്ഞ കാമുകൻ വ്യക്തമായി തന്നെ പറഞ്ഞു അദ്ദേഹത്തിന് ആ കുഞ്ഞിനെ വേണ്ടെന്ന്. സത്യസന്ധമായി പറയട്ടെ, ഞാനും അമ്മയാവാൻ തയ്യാറായിരുന്നില്ല. പക്ഷേ കാമുകൻ എന്നെ പിന്തുണയ്ക്കും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, എന്നാൽ എന്നെ വേശ്യ എന്നു വിളിക്കുകയും കുഞ്ഞ് അയാളുടേതാണെന്ന് തെളിയിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. അതെന്നെ തകർത്തുകളഞ്ഞു. 

എന്റെ കുടുംബം എന്തായിരിക്കും പറയുക എന്നോർത്ത് ഞാൻ ഭയന്നിരുന്നു. അങ്ങനെ എന്റെ ആത്മാർഥ സുഹൃത്തിനോട് വിവരം പറയുരയും അവൾ എന്നെ അബോർഷൻ ക്ലിനിക്കിൽ എത്തിക്കുകയും ചെയ്തു. ഏഴ് ആഴ്ചയായിരുന്ന ​ഗർഭത്തിന്റെ പ്രായം എന്നതിനാൽ സർജിക്കൽ അബോർഷനിലൂടെയാണ് കടന്നുപോവേണ്ടി വന്നത്. പ്രക്രിയ തുടങ്ങും മുമ്പേ ഡോക്ടർ ഞാൻ വലിയൊരു പാതകം ചെയ്ത സ്വരത്തിലാണ് സംസാരിച്ചത്. അതെന്നെ വീണ്ടും വേദനിപ്പിച്ചു. 

സർജറിക്കുശേഷം സുഹ‍ൃത്തിനൊപ്പമാണ് ഞാൻ താമസിച്ചത്. നീയൊരു ജീവനെ ഇല്ലാതാക്കി, നിന്റെ സ്വന്തം കുഞ്ഞിനെ എന്ന ചിന്ത എന്നെ വിടാതെ പിന്തുടർന്നിരുന്നു. ഒരു കൊലപാതകിയെപ്പോലെ സ്വയം തോന്നിയ ഞാൻ അമ്പലങ്ങൾ കയറിയിറങ്ങി തെറ്റുപൊറുക്കാൻ പ്രാർഥിച്ചു. വീട്ടിൽ ആർക്കും ഈ വിവരം അറിയുമായിരുന്നില്ല. അവിടെ ഞാൻ സന്തോഷം അഭിനയിച്ചു നടന്നു. ഓരോ ദിവസവും ഈ മാനസികാഘാതവും പേറിയാണ് ഞാൻ ജീവിച്ചത്. എന്നെ ഒന്നിനും കൊള്ളാത്തവളാണെന്ന് ഞാൻ സ്വയം കരുതി. 

പക്ഷേ എന്റെ ഹൃദയത്തിൽ ഞാൻ ശരിയായ തീരുമാനമാണ് എടുത്തതെന്ന് അറിയാമായിരുന്നു, കാരണം എനിക്കൊരു നല്ല അമ്മയാകാൻ കഴിയുമായിരുന്നില്ല. ​ഗർഭിണിയാവും മുമ്പ് മോഡൽ എന്ന നിലയ്ക്ക് നല്ലൊരു ജീവിതം നയിക്കുകയായിരുന്നു ഞാൻ. പിന്നീട് സ്വയം എന്നെ ആശ്വസിപ്പിച്ചു തുടങ്ങി. ഭൂതകാലം ഒരിക്കലും എന്റെ ഭാവിയെ ബാധിക്കാൻ അനുവദിക്കരുതെന്ന് നിശ്ചയിച്ചു. പതിയെ ഞാൻ ജോലിയിലേക്കു തിരികെ വരികയും എനിക്ക് സന്തോഷം നൽകുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കാൻ തുടങ്ങുകയും ചെയ്തു. അത് ഫാഷൻ ലോകമായിരുന്നു. റൺവേയിലെ ചുവടുകൾ എനിക്ക് ആത്മവിശ്വാസം പകരുകയും സമ്പാദിക്കുന്നത് എന്നെ സ്വയം പ്രാപ്തയാക്കുകയും ചെയ്തു. വിദേശത്തും മോഡൽ എന്ന നിലയ്ക്ക് പേരെരുട്ടതോടെ ഞാൻ എന്നിൽ കൂടുതൽ വിശ്വസിച്ചു. സമ്പാദ്യം കൊണ്ട് സ്വന്തമായൊരു മോഡലിങ് ഏജൻസി തുടങ്ങുകയും ചെയ്തു. 

അഞ്ചുവർഷത്തോളം എടുത്താണ് ഞാൻ അബോർഷനെക്കുറിച്ച് വീട്ടിൽ പറയുന്നത്. അതവർക്ക് ദഹിക്കാൻ അൽപം സമയമെടുത്തു. ഇക്കാര്യം ആരോടും പറയരുതെന്നും പറഞ്ഞാൽ ആരും വിവാഹം കഴിക്കാൻ വരില്ലെന്നും അവർ പറഞ്ഞു. ഞാൻ എനിക്ക് നിരാശയാണ് തോന്നിയത്. പക്ഷേ നടന്നു കഴിഞ്ഞതിനെ ഇല്ലാതാക്കാൻ എനിക്ക് കഴിയില്ലല്ലോ. അങ്ങനെ ബിസിനസ്സിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. 

കഠിനാധ്വാനത്തിന്റെ ഫലമെന്നോണം ഏഴുവർഷങ്ങൾക്കിപ്പുറം എന്റെ കമ്പനി മുൻനിര ഫാഷൻ ഏജൻസികളിൽ ഇടംനേടി. ഇന്നും അബോർഷൻ ചെയ്യാനുണ്ടായ തീരുമാനത്തെയോർത്ത് ഞാൻ ഖേദിക്കുന്നില്ല. കാരണം ലളിതമാണ്, ഞാനൊരു അമ്മയാവാൻ തയ്യാറായിരുന്നില്ല. അതിൽ മറ്റാരുടെയെങ്കിലും അഭിപ്രായം പരി​ഗണിക്കേണ്ടതുണ്ടെന്ന് കരുതുന്നുമില്ല. 

Content Highlights: Ninja Singh sharing experience, abortion laws in india for unmarried, abortion laws, humans of bombay