ന്തരിച്ച പ്രിയതമ ശൈലജയെക്കുറിച്ച് ഹൃദയത്തിൽ തൊടുന്ന കുറിപ്പ് പങ്കുവെച്ച് കവിയും മാധ്യമപ്രവർത്തകനുമായ നാലപ്പാടം പത്മനാഭൻ. ഒരുവർഷം മുമ്പാണ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഷൈലജയുടെ മരണം. 1984ൽ സ്കൂൾ കാലത്ത് ഷൈലജയെ ആദ്യമായി കണ്ടതിനെക്കുറിച്ചും പിന്നീട് കോളേജുകാലത്ത് തുടങ്ങിയ സൗഹൃദത്തെക്കുറിച്ചെല്ലാം പങ്കുവെക്കുകയാണ് അദ്ദേഹം. സുഹൃത്തായി വന്ന് ജീവിതസഖിയായ ഷൈലജയ്ക്കൊപ്പം ജീവിതത്തിൻ്റെ കയ്പും മധുരവും കുടിച്ച്  27 വർഷങ്ങൾ കടന്നുപോയെന്ന് അദ്ദേഹം കുറിക്കുന്നു. ഭാര്യ തന്നെ ഏല്പിച്ച കാര്യങ്ങൾ, കടമകൾ ചെയ്ത് തീർക്കാൻ വേണ്ടി മാത്രം മരിക്കാത്ത ഓർമ്മകളോടെ താൻ ജീവിക്കുകയാണെന്നും ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലുണ്ട്.

കുറിപ്പിന്റെ പൂർണ രൂപത്തിലേക്ക്...

1984-ൽ ഞാൻ ശൈലജയെ അടുത്ത് പരിചയപ്പെട്ടത് മുതൽ ഇന്നുവരെ ഒരു ദിവസം പോലും അവളെ ഓർമ്മിക്കാതിരുന്നിട്ടില്ല. അതിനാൽ ഇന്ന് ശൈലജയുടെ ഓർമ്മ ദിനം എന്ന വാചകത്തിനു തന്നെ പ്രസക്തിയില്ല. കഴിഞ്ഞ വർഷം ഡിസംബർ 7 ന് അവൾ എന്നെ വിട്ടുപോയപ്പോൾ ആശുപത്രിക്ക് മുമ്പിൽ തലതല്ലിക്കരഞ്ഞ നിമിഷത്തിൻ്റെ അത്രയും ദു:ഖം എൻ്റെ ജീവിതത്തിൽ അതിനു മുമ്പ് ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല.  ഞാൻ പുതിയകണ്ടം ജി.എൽ.പി.സ്ക്കൂളിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ശൈലജയെ ആദ്യമായി കണ്ടത്. അന്ന് അവൾ ഒന്നാം ക്ലാസ്സിലായിരുന്നു. മഞ്ഞപ്പൂക്കളുള്ള ഫ്രോക്കിട്ട് സ്ക്കൂൾ മുറ്റത്തുള്ള ആലിൻ്റെ വേര് വാശിയോടെ മറികടന്ന് ചാടുന്ന പെൺകുട്ടിയുടെയും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന എൻ്റെയും ചിത്രമാണ് ആദ്യത്തെ ഓർമ്മച്ചിത്രം. ശൈലജയുടെ അമ്മ മൂന്നാം ക്ലാസ്സിലെ എൻ്റെ ക്ലാസ്സ് ടീച്ചറായിരുന്നു. ടീച്ചറോടൊപ്പം സ്റ്റാഫ് റൂമിൽ ചെന്ന് ഇൻറർവെൽ  നേരത്ത് അവൾ സുഖിയനും, ഉണ്ടക്കായയും ഒക്കെ തിന്നുന്നത്  ഞാൻ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്. നാലാം ക്ലാസ് കഴിഞ്ഞ് ഞാൻ ദുർഗ്ഗാ ഹൈസ്ക്കൂളിലേക്ക് മാറി. അവൾ വെള്ളിക്കോത്തും. 

പിന്നീട് ഞാൻ അവളെ കാണുന്നത് ഞാൻ നെഹ്റു കോളേജിൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ അവൾ പ്രീഡിഗ്രിക്ക് ചേർന്ന സമ യത്താണ്. പെൺകുട്ടികളോട് സംസാരിക്കാൻ ധൈര്യമില്ലാതെ അന്തർമുഖനായി നടന്ന എന്നെ നിരന്തരം സംസാരിച്ച് ബഹിർമുഖനാക്കിയത് അവളാണ്. ആ വർഷം മടിക്കൈയ്യിൽ നടന്ന എൻ.എസ്.എസ്.ക്യാമ്പ് ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കി. അന്ന് മോഹൻകുമാർ സാറിൻ്റെ ചിത്ര പ്രദർശനം വിവരിച്ചു കൊടുക്കാൻ ഞങ്ങളെയാണ് ചുമതലപ്പെടുത്തിയത്. ഗർഭിണിയായ ഒരമ്മയുടെയും രണ്ടു കുഞ്ഞുങ്ങളുടെയും ചിത്രത്തിന് ഒരമ്മയും മൂന്ന് കുഞ്ഞുങ്ങളും എന്ന അടിക്കുറിപ്പ് കണ്ട് ആൾക്കാർ ഒരു കുഞ്ഞ് എവിടെ? എന്ന് ചോദിക്കുമ്പോൾ ലജ്ജയാൽ അതിന് മറുപടി പറയാൻ പറ്റാതെ, എൻ്റെ അടുത്തേക്ക് ചിരിച്ചു കൊണ്ട് ഓടിവന്ന് പപ്പേട്ടാ, അവർ ഒരു കുഞ്ഞെവിടെ എന്ന് ചോദിക്കുന്നു എന്ന് പറയും. ഒരു കുഞ്ഞ് വയറ്റിലുണ്ട് എന്ന് ഞാൻ അവരോട് പോയി പറയും. അന്നു മുതൽ ഞാൻ അവളെ Shy - ലജ്ജ എന്ന് കളിയാക്കിത്തുടങ്ങി. 

പിന്നീട് അവൾ കോഴിക്കോട് ലോ കോളേജിൽ ചേർന്നു. അപ്പോഴാണ് എൻ്റെ സമയവൃത്തം എന്ന കവിത മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവന്നത്. അവൾ എൻ്റെ പപ്പേട്ടൻ്റെ കവിത എന്ന് പറഞ്ഞ്  ഹോസ്റ്റലിലെ പെൺ സുഹൃത്തുക്കളെയെല്ലാം കവിത പാടിക്കേൾപ്പിച്ചു. പിന്നീട് ഞാൻ കോഴിക്കോട് ആകാശവാണിയിൽ കവിത വായിക്കാൻ പോകുമ്പോഴെല്ലാം അവളെ കണ്ട് ഏല്പിക്കാൻ അവളുടെ അച്ഛൻ, കവിയും അദ്ധ്യാപകനുമായ ഗോപാലൻ മാസ്റ്റർ എൻ്റെ കൈവശം പണം തന്ന് വിടാറുണ്ടായിരുന്നു. അത് ഞങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് കാരണമായി. എൻ്റെ കവിതാ സമാഹാരം പ്രകാശനത്തിന് കൈതപ്രം ദാമോദരേട്ടനെ ക്ഷണിക്കാൻ കോഴിക്കോട് മാതൃഭൂമി ഓഫീസിലേക്ക് അവളും കൂടെ വന്നിരുന്നു. അപ്പോഴെല്ലാം ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നു. അന്നത്തെ കാലത്ത് ഒരാണിനും പെണ്ണിനും സുഹൃത്തുക്കളായി ജീവിക്കാൻ സാധിക്കില്ലായിരുന്നു. അത് മനസ്സിലാക്കിക്കൊണ്ട് വിവാഹം ചെയ്ത് നല്ല സുഹൃത്തുക്കളായി ജീവിക്കാൻ വേണ്ടി അവളാണ് എന്നോട് ആദ്യമായി ഇഷ്ടം തുറന്നു പറയുന്നത്. ഞാൻ ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച ദിവസമായിരുന്നു അത്. 

പിന്നീടെല്ലാം വഴിപോലെ, വിവാഹം എന്ന സ്വപ്നം യാഥാർത്ഥ്യമായി, ജീവിതത്തിൻ്റെ കയ്പും മധുരവും കുടിച്ച്  27 വർഷങ്ങൾ കടന്നു പോയി. അവളുടെ ആത്മാംശമായ  രണ്ട് പെൺമക്കളെ എന്നെ ഏല്പിച്ച് കഴിഞ്ഞ ഒരു വർഷമായി അവളെൻ്റെ കൈയകലത്തിൽ നിന്നും മാറി നിൽക്കുകയാണ്. എനിക്കവളെ കാണാം, അവളുടെ ശബ്ദം കേൾക്കാം, അവളോട് സംസാരിക്കാം. ഇതു പോലെ അടുത്തിരുത്തി ചേർത്ത് പിടിക്കാൻ മാത്രം സാധിക്കുന്നില്ല. ജീവിച്ചിരിക്കുക എന്നതിൻ്റെ തെളിവ് സ്പർശം മാത്രമാണ് എന്ന് ഞാൻ തിരിച്ചറിയുകയാണ്. അവൾ എന്നെ ഏല്പിച്ച കാര്യങ്ങൾ, കടമകൾ ചെയ്ത് തീർക്കാൻ വേണ്ടി മാത്രം ഞാനും ജീവിച്ചിരിക്കുന്നു... മരിക്കാത്ത ഓർമ്മകളോടെ.

Content Highlights:  nalappadam padmanabhan touching note about wife