ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് പിതൃസ്വത്തില് തുല്യാവകാശമുണ്ടെന്ന വിധി ഫലത്തില്‍ വരുത്താന്‍ ഇനിയും സാധിച്ചിട്ടില്ലെന്നും മുത്തലാഖ് സംബന്ധിച്ച വിധിക്ക് ഈ ഗതി വരാതിരിക്കാന്‍ സ്ത്രീകള്‍ ഉണര്‍ന്നിരിക്കണമെന്നും സുജ സൂസന് ജോര്‍ജ്. മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സുജയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. 1986-ല്‍ നടന്ന മേരി റോയി കേസിലെ വിധിയെ കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ് സുജയുടെ പോസ്റ്റ്.
പോസ്റ്റ് വായിക്കാം
മുത്തലാക്ക് നിയമപരമല്ലാതാകുന്നത് ഇന്ത്യയിലെ സ്ത്രീകളുടെ ഒരു വലിയ വിജയമാണ്. മുത്തലാക്കിന്റെ ഗുണം പുരുഷന്മാര്ക്ക് മാത്രമായിരുന്നു. എപ്പോള്‍ വേണമെങ്കിലും ലാഘവത്തോടെ ഉപേക്ഷിക്കപ്പെടാവുന്ന ആളാണ് താന്‍ എന്ന ഭീഷണിയുടെ കീഴില്‍ മുസ്ലിം സ്ത്രീകളെ നിറുത്താമെന്നതായിരുന്നു മുത്തലാക്കിന്റെ ഫലം. അതിനെതിരായി പോരാടിയ എല്ലാവര്ക്കും പ്രത്യേകിച്ചും കോടതിയില്‍ പോയ മുസ്ലിം സ്ത്രീകള്‍ക്ക് എന്റെ അഭിവാദനങ്ങള്‍.
കോടതി വിധിയുടെ ചരിത്രപരമായ പ്രാധാന്യം ഒട്ടും കുറച്ചു കാണാതെ തന്നെ ഒരു കാര്യം കൂടെ സൂചിപ്പിക്കാനാഗ്രഹിക്കുന്നു. മതാടിസ്ഥാനത്തിലുള്ള വ്യക്തിനിയമത്താല്‍ വിവേചനം അനുഭവിക്കുന്ന മറ്റൊരു വിഭാഗമാണ് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനി സ്ത്രീകള്‍. 1986 ല്‍ മേരി റോയി കേസില്‍ ചരിത്രപ്രധാനമായ വിധി ഉണ്ടായി. ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് പിതൃസ്വത്തില് തുല്യാവകാശമുണ്ടെന്നതാണ് ആ വിധിയുടെ നിയമപരമായ ഫലം. പക്ഷേ, മതസമുദായ നിയന്ത്രണം കൈവശം വച്ചിരിക്കുന്ന പുരുഷാധിപത്യം, വിധി വന്നു മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഈ വിധി ഫലത്തില്‍ വരുത്താതിരിക്കാന്‍ വിജയിച്ചു. മുത്തലാക്ക് സംബന്ധിച്ച ഈ വിധിക്ക് ഈ ഗതി വരാതിരിക്കാന്‍ സ്ത്രീകള്‍ ഇനിയും ഉണര്‍ന്നിരിക്കേണ്ടി വരും.