അമ്മയുടെ ബാല്യത്തെപ്പറ്റി ഞാന്‍ പലപ്പോഴും അമ്മയോട് ചോദിക്കാറുണ്ട്. 'പണ്ടൊക്കെ എന്തുവായിരുന്നു' എന്ന ചിന്തകളും പ്രയോഗങ്ങളും എത്ര മണ്ടത്തരമായിരുന്നുവെന്ന് ശരിക്കും മനസ്സിലാക്കണമെന്നുള്ളവര്‍ വാട്‌സ് ആപ്പിലെ പഴംപുരാണം വായിക്കലും കവികളുടെ പഴംപെരുമ കേള്‍ക്കലും നിര്‍ത്തി അവരുടെ മുതിര്‍ന്ന തലമുറയോട് സംസാരിച്ചാല്‍ മതി. (കൂട്ടു) കുടുംബം, ആരോഗ്യം, ഭക്ഷണം, യാത്ര, ജോലി, വിദ്യാഭ്യാസം തുടങ്ങി ജീവിതത്തിലെ ഏതു വശം പരിശോധിച്ചാലും ഓരോ തലമുറയിലും കാര്യങ്ങള്‍ മുന്നോട്ടാണ് പോകുന്നത്.

അമ്മക്ക് ശരിക്കൊരു ബാല്യം പോലുമുണ്ടായിട്ടില്ല. പത്തു വയസ്സില്‍ പഠനം നിറുത്തി. പഠിക്കാന്‍ മോശമായതുകൊണ്ടോ പഠിപ്പിക്കാന്‍ സാമ്പത്തിക സ്ഥിതി ഇല്ലാത്തതുകൊണ്ടോ അല്ല. വീട്ടിലെ ദൈനംദിന ആവശ്യത്തിന് വെള്ളം കോരിക്കൊണ്ടുവരിക എന്നത് അമ്മയുടെ ജോലിയായിരുന്നു. വീട്ടിലെ കിണര്‍ അന്ന് കുറച്ചധികം ദൂരെയാണ്. പത്തുവയസ്സുള്ള കുട്ടി പത്തുപേരുള്ള കുടുംബത്തിനും പണിക്കാര്‍ക്കും മൃഗങ്ങള്‍ക്കും വേണ്ടുന്ന വെള്ളം കൊണ്ടുവരണമെങ്കില്‍ അതൊരു ഫുള്‍ ടൈം ജോലി തന്നെയാണ്. സ്‌കൂളില്‍ പോക്ക് അന്നേ കഴിഞ്ഞു. (ലോകത്ത് എത്രയോ നാടുകളില്‍ എത്രയോ മിടുക്കികളായ പെണ്‍കുട്ടികള്‍ ഇപ്പോഴും വീട്ടിലെ ആവശ്യത്തിന് വെള്ളം സംഭരിക്കാനായി സ്‌കൂളും ബാല്യവും ഉപേക്ഷിക്കുന്നത് ഞാന്‍ കാണുന്നുണ്ട്).
അതുകൊണ്ട് ചെറുപ്പത്തില്‍ കളിക്കാനോ വായിക്കാനോ യാത്രപോകാനോ അമ്മക്ക് കഴിഞ്ഞിട്ടില്ല. പതിനേഴാം വയസ്സില്‍ കല്യാണം കഴിഞ്ഞു, എട്ടു മക്കളെ വളര്‍ത്തി, അക്കാലത്തൊക്കെയും പാടത്തും പറന്പിലും ജോലി ചെയ്തു. മറ്റൊന്നും ചിന്തിച്ചില്ല. രാവിലെ അഞ്ചുമണിക്ക് മുന്‍പ് എണീക്കും, രാത്രി പത്തുമണി വരെയെങ്കിലും ജോലി ചെയ്യും. എവിടെയെങ്കിലും ഒരു മിനിട്ടിരുന്നാല്‍ ഉറങ്ങി വീഴും, അതായിരുന്നു ജീവിതം.

1980 കളോടെ ഞങ്ങള്‍ മക്കളെല്ലാം മുതിരുകയും ജോലിക്ക് പോയിത്തുടങ്ങുകയും ചെയ്തതോടെ അമ്മക്ക് കുറച്ച് ഫ്രീ ടൈം കിട്ടിത്തുടങ്ങി. അക്കാലത്താണ് വീട്ടില്‍ ടി വി വാങ്ങുന്നത്. അമ്മ ഉച്ചക്കും വൈകീട്ടും അല്‍പസമയം ടി വി കണ്ടു തുടങ്ങി.

ആയിടക്കൊരിക്കല്‍ നാട്ടില്‍ വന്ന ഞാന്‍ ഒരു കാഴ്ച കണ്ടിട്ട് അത്ഭുതപ്പെട്ടു. അമ്മ കൊച്ചുമക്കളുമായി ക്രിക്കറ്റ് കളിക്കുന്നു. കുട്ടികള്‍ക്ക് എപ്പോഴും ബാറ്റ് ചെയ്യാനാണല്ലോ താല്പര്യം, അതുകൊണ്ട് അമ്മ എപ്പോഴും ബൗളര്‍ ആണ്. പക്ഷെ വെറുതെ കുട്ടികള്‍ക്ക് പന്തുരുട്ടിക്കൊടുക്കുക അല്ല അമ്മ ചെയ്യുന്നത്. പ്രശസ്തനായ പാകിസ്താൻ സ്പിന്‍ ബൗളര്‍ അബ്ദുല്‍ കാദിറിനെ അനുകരിച്ച് കളിക്കളത്തില്‍ ഡാന്‍സ് കളിച്ച് സ്പിന്‍ ബൗള്‍ ചെയ്യും. കുട്ടികള്‍ ക്‌ളീന്‍ ബൗള്‍ഡ് ആവും, കണ്ടിരുന്ന ഞങ്ങളും.

കൊച്ചു മക്കള്‍ വളര്‍ന്നതോടെ അമ്മ വായനയിലേക്ക് തിരിഞ്ഞു. പഴയതും പുതിയതും വായിക്കും, അതിനെക്കുറിച്ച് അഭിപ്രായം പറയും. ഞാന്‍ എഴുതുന്നതില്‍ ഏറ്റവും ആത്മാര്‍ത്ഥമായി അഭിപ്രായം പറയുന്നത് അമ്മയാണ്. എഴുത്ത് മോശമായാല്‍, എതിരഭിപ്രായം ഉണ്ടെങ്കില്‍ വെട്ടിത്തുറന്ന് പറയും. തല്‍ക്കാലം അമ്മ വാട്‌സ് ആപ്പില്‍ വരെയേ എത്തിയിട്ടുള്ളു, ഇനി ഫേസ്ബുക്കിലും വരും. അന്നത്തെ കമന്റുകള്‍ ഓര്‍ത്ത് ഇപ്പോഴേ മുട്ടിടിക്കുന്നു. അമ്മയെ ബ്ലോക്കാന്‍ പറ്റില്ലല്ലോ!

അനിയന്‍ പുതിയ കാറ് മേടിച്ചപ്പോള്‍ അമ്മക്കൊരു ആഗ്രഹം അതൊന്ന് ഡ്രൈവ് ചെയ്യണമെന്ന്. ഈ ലോക്ക് ഡൌണ്‍ ഒന്ന് കഴിയട്ടെ, ഡ്രൈവിങ്ങ് പഠിച്ചിട്ടു തന്നെ കാര്യം എന്ന് അമ്മ. അന്പത് വയസ്സില്‍ അബ്ദുല്‍ കാദിര്‍ ആയ അമ്മക്ക് അസാധ്യമായി ഒന്നുമില്ല.

നിങ്ങളുടെ അമ്മമാരിലും കാണും ഇത്തരത്തില്‍ പ്രായമാകാത്ത, ആഗ്രഹങ്ങളുള്ള അമ്മ മനസ്സുകള്‍. ഇടക്കൊക്കെ അങ്ങോട്ട് ഒന്ന് നോക്കിയാല്‍ മതി. സര്‍വ്വംസഹയായ, മക്കള്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മ എന്നതൊക്കെ ഒരു കെണി ആണെന്ന് ഇപ്പോഴത്തെ അമ്മമാരും ഓര്‍ക്കുക. നിങ്ങളുടെ ആഗ്രഹങ്ങള്‍ എല്ലാം വയസ്സുകാലത്തേക്ക് മാറ്റിവക്കേണ്ടതില്ല.

Content Highlights: Muralee Thummarukudy Facebook post on Mother