ബെംഗളൂരു സ്വദേശിനിയായ പ്രാര്‍ത്ഥന ജഗനെ ലോകം അറിയുന്നത് എല്ലേ ഇന്ത്യയുടെ കവര്‍ മോഡലായാണ്. എന്നാല്‍ പതിനൊന്നാം വയസ്സുമുതല്‍ മുഖത്ത് ബാധിച്ച വെള്ളപ്പാണ്ടിനെ ഒളിച്ചു നടന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു പ്രാര്‍ത്ഥനയുടെപഴയ ജീവിതത്തില്‍. അവിടെ നിന്നാണ് സൗന്ദര്യ സങ്കല്‍പങ്ങളെ പൊളിച്ചെഴുതിയ ഈ സൂപ്പര്‍മോഡലിന്റെ കടന്നുവരവ്. തന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ ആത്മവിശ്വാസം കെടുത്തിയ ആ കാലഘട്ടങ്ങളെ തരണം ചെയ്തതിനെ പറ്റി ഇരുപത്തിരണ്ടുകാരി മനസ്സുതുറക്കുകയാണ് ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ  ഫെയ്സ്ബുക്ക് പേജില്‍

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

എനിക്ക് പതിനൊന്ന് വയസ്സുള്ളപ്പോഴാണ് നെറ്റില്‍ ഒരു ചെറിയ വെളുത്തപാട് കണ്ണില്‍ പെട്ടത്. ആദ്യമൊന്നും അത് ശ്രദ്ധിച്ചിരുന്നില്ലെങ്കിലും പിന്നീടത് വലുതായി തുടങ്ങി. അമ്മയോട് പറഞ്ഞെങ്കിലും അതെന്താണെന്ന് അമ്മയ്ക്കും പിടികിട്ടിയില്ല. നമുക്കൊരു ചര്‍മരോഗവിദഗ്ധനെ കാണാം എന്നായി അമ്മ. ഡോക്ടര്‍ അത് അണുബാധയാണെന്നാണ് ആദ്യം പറഞ്ഞത്. കുറച്ച് മരുന്നുകളും തന്ന് അദ്ദേഹം ഞങ്ങളെ മടക്കി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ സ്ഥിതി മോശമായി. മുഖത്ത് പലയിടത്തായി അത് പടരുകയായിരുന്നു. ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു അത് വെള്ളപ്പാണ്ട് രോഗമാണെന്ന്.

ഞാന്‍ തകര്‍ന്നു പോയി. മോഡലിങ്ങായിരുന്നു എന്റെ സ്വപ്‌നം. അതിനുമേലെല്ലാം ഈ രോഗം കരിനിഴല്‍ വീഴ്ത്തുകയായിരുന്നു. എന്റെ രൂപത്തെ പറ്റി എനിക്ക് വലിയ ഉത്കണ്ഠയായി. ഞാന്‍ വീട്ടില്‍ അടച്ചിരുന്നു തുടങ്ങി. പക്ഷേ സ്‌കൂളില്‍ പോകാതെ പറ്റില്ലല്ലോ. അവിടെ ആരെങ്കിലും തിരിച്ചറിഞ്ഞാല്‍ പരിഹാസം മാത്രമായിരിക്കും ലഭിക്കുക എന്ന് എനിക്ക് ഉറപ്പായിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലത്തുതന്നെ ഞാന്‍ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിച്ചു തുടങ്ങി. എന്റെ മുഖം എനിക്ക് വെറുപ്പായിരുന്നു. അപ്പോഴും എന്റെ സഹപാഠികള്‍ എന്നെ പരിഹസിച്ചു. എത്ര മേക്കപ്പാണ് നിന്റെ മുഖത്ത് എന്നാണ് അവര്‍ ചോദിച്ചിരുന്നത്. 'നിന്നെ കണ്ടാല്‍ ഒരു പ്രതിമ പോലെ ഉണ്ട്. 'ഒരിക്കല്‍ പി.ടി ക്ലാസിന് ശേഷം വിയര്‍പ്പില്‍ മേക്കപ്പ് ഇളകിയ മുഖം കണ്ട് ഉറ്റ സുഹൃത്ത് പറഞ്ഞു. വലിയ വേദനയാണ് അത് കേട്ടപ്പോള്‍ എനിക്ക് തോന്നിയത്. അതോടെ ഞാന്‍ എല്ലാവരില്‍ നിന്നും അകന്നു.

എങ്ങനെയൊക്കെയോ സ്‌കൂള്‍ കാലങ്ങള്‍ കടന്നു പോയി. ഞാന്‍ കോളേജിലെത്തി. അക്കാലമത്രയും കൊണ്ട് എന്റെ ആത്മവിശ്വാസം പാടെ തകര്‍ന്നിരുന്നു. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ തിരിച്ചു മറുപടി പറയുന്നത് മാത്രമായിരുന്നു എന്റെ സംസാരം. 'കണ്‍സീലര്‍' മാത്രമായിരുന്നു എന്റെ ജീവിതത്തില്‍ ഒരു മാറ്റവുമില്ലാതെ ഒപ്പമുണ്ടായിരുന്നത്. കോളേജിലെ ആദ്യവര്‍ഷം ചില വലിയ ആരോഗ്യപ്രശ്ങ്ങളെ തുടര്‍ന്ന് ഞാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഒരാഴ്ചയിലധികം ആശുപത്രി ബെഡ്ഡില്‍. എന്റെ ആരോഗ്യത്തേക്കാള്‍ ഞാന്‍ ഭയന്നത് എന്റെ ശരിയായ മുഖം ആളുകള്‍ കാണുമെന്നതായിരുന്നു. എന്നാല്‍ അവിടെ ആരും എന്നെ ഒരു വേര്‍തിരിവോടെയും നോക്കിയില്ല. ആരും എനിക്കെന്തോ സംഭവിച്ചു എന്ന മട്ടില്‍ തുറിച്ചു നോക്കിയതുമില്ല. അത് ഒരു അത്ഭുതമായാണ് തോന്നിയത്. 

women

കോളേജില്‍ തിരിച്ചെത്തിയപ്പോഴും ആദ്യ ദിവസങ്ങള്‍ മേക്കപ്പില്ലാതെ പോകാന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍ രസകരമായ കാര്യം ആരും എന്നെ ശ്രദ്ധിച്ചതേയില്ല എന്നതാണ്. എന്നോട് സംസാരിച്ചിരുന്നവര്‍ പഴയപോലെ തന്നെ സംസാരിച്ചു. ആരും ഒരു വ്യത്യാസവും കാണിച്ചില്ല. അത് വലിയ തിരിച്ചറിവായിരുന്നു. എന്റെ നിയന്ത്രണത്തിലല്ലാത്ത ഒരു കാര്യത്തിന് വേണ്ടിയാണ് ഞാന്‍ ഇത്രയും കാലം സമയം കളഞ്ഞത്. എന്റെ അവസരങ്ങളെയും സന്തോഷങ്ങളെയും വേണ്ടെന്ന് വച്ചത്, സൗഹൃദങ്ങള്‍ നഷ്ടമാക്കിയത്. ഒടുവില്‍ അത്തരം നിയന്ത്രണങ്ങളെ ഒഴിവാക്കാന്‍ സ്വയം തീരുമാനിച്ചു. ആദ്യമായി എന്റെ സോഷ്യല്‍ മീഡിയയില്‍ ഫില്‍ട്ടറുകളൊന്നുമില്ലാത്ത ഒരു ഫോട്ടോ ഞാന്‍ പോസ്റ്റു ചെയ്തു. 

women

ആളുകള്‍ നീ വളരെ സുന്ദരിയാണ് എന്നാണ് ആ ചിത്രത്തിന് നല്‍കിയ കമന്റ്. എനിക്ക് ഒരിക്കലും അത് സങ്കല്‍പിക്കാനാവുമായിരുന്നില്ല. ആ ചിത്രം കണ്ട് ഒരു ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എന്നെ തേടിയെത്തി. ആ ഷൂട്ട് ശ്രദ്ധിക്കപ്പെട്ടതോടെ മോഡലിങ്ങില്‍ നിരവധി അവസരങ്ങള്‍ എനിക്ക് വന്നുതുടങ്ങി. അതില്‍ ഒന്നായിരുന്നു ലൈഫ്‌സ്റ്റൈല്‍ മാഗസിനായ എല്ലേ ഇന്ത്യയുടെ കവര്‍ ഗേളാകാനുള്ള അവസരം. എന്റെ ഇരുപതാം പിറന്നാളില്‍ ആയിരുന്നു അത്. തുടര്‍ന്ന് ഗ്രസിയ, കോസ്‌മോ മാഗസിനുകളിലും അവസരങ്ങള്‍ ലഭിച്ചു.

മാഗസിനുകളുടെ കവറുകളില്‍ എന്റെ മുഖം കാണുമ്പോള്‍ ഞാന്‍ മോഡലിങ്ങ് സ്വപ്‌നം കണ്ട ആ പഴയ പതിനൊന്നുകാരിയാവും, സന്തോഷം കൊണ്ട് കണ്ണ് നിറയും. 

ഇപ്പോള്‍ നാല് വര്‍ഷം കഴിഞ്ഞു. എന്റെ പഠനം കഴിഞ്ഞു. ഒപ്പം പല പ്രോജക്ടുകളിലും മോഡലായി ജോലിയും ചെയ്യുന്നുണ്ട്. ഇനി ഒരിക്കലും കണ്ണാടിയില്‍ നോക്കാന്‍ ഞാന്‍ മടിക്കില്ല, മേക്കപ്പില്ലാതെ പുറത്തിറങ്ങാന്‍ മടിക്കില്ല. ഞാനെന്താണോ അതില്‍ എനിക്കിപ്പോള്‍ അഭിമാനമുണ്ട്.

Content Highlights: Model With Vitiligo Shares Inspiring Story