' കുട്ടിയായിരുന്നപ്പോള്‍ എല്ലാവരും എന്നെ കാലി (Dark), കറുത്തവള്‍ എന്നാണ് വിളിച്ചിരുന്നത്. ഞാന്‍ കരുതിയത് അത് എന്റെ പേരാണ് എന്നാണ്.' മോഡലും ഡിജിറ്റല്‍ മാര്‍ക്കറ്ററുമായ ലതാ രവിചന്ദ്രന്‍ നിറത്തിന്റെ പേരില്‍ താന്‍ അനുഭവിച്ച വിവേചനത്തെ പറ്റി പറയുന്നത് ഇങ്ങനെ. ത്വക്കിന്റെ നിറം നോക്കി സൗന്ദര്യത്തെ നിര്‍വചിക്കുന്ന നമ്മുടെ സമൂഹത്തോടുള്ള ചോദ്യം കൂടിയാണ് ലതയുടെ ഈ തുറന്നു പറച്ചില്‍.   അതൊരു പരിഹാസമായിരുന്നുവെന്ന് താന്‍ അന്നൊരിക്കലും അറിഞ്ഞിരുന്നില്ലെന്നും ലത ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

women

നമ്മുടെ സമൂഹത്തില്‍ ഇന്നും തുടരുന്ന നിറത്തിന്റെ പേരിലുള്ള പരിഹാസങ്ങള്‍ പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്കെതിരെയുള്ളവ എതിര്‍ക്കപ്പെടേണ്ടതാണ്. അതിന് തനിക്ക് ആദ്യം മാതൃകയായത് തന്റെ അമ്മയാണെന്നും ലത. 'ഒരിക്കല്‍ എന്റെ നാനി പറയുന്നത് കേട്ടു, ഇവളെ കല്യാണം കഴിച്ചയക്കണമെങ്കില്‍ ധാരാളം പണം ചെലവാക്കേണ്ടി വരും.എന്നാല്‍ എന്റെ അമ്മ ഒന്നും മിണ്ടാതെ ഇതെല്ലാം കേട്ട ശേഷം പറഞ്ഞു, അതൊന്നും വേണ്ട, അവള്‍ നന്നായി നീന്തല്‍ പഠിക്കുന്നുണ്ട്. മൊത്തം പ്രശ്‌നത്തെയും അമ്മ വഴിതിരിച്ചുവിട്ടു, ഒറ്റ മറുപടികൊണ്ട്.'

സ്‌കൂളിലും അത്തരം വേര്‍തിരിവുകള്‍ ലത ധാരാളം അനുഭവിച്ചിരുന്നു. 'കാലി ലഡ്കി', എന്ന്  പരിഹസിച്ച് അവള്‍ക്കൊപ്പം ഇരിക്കാന്‍ പോലും പലരും തയ്യാറായിരുന്നില്ല. വിരൂപമാണ് തന്റെ മുഖം എന്ന് അറിയാതെ താന്‍ വിശ്വസിച്ചു തുടങ്ങുകയായിരുന്നു എന്ന് ലത. മോഡലാവണം എന്നൊക്കെയുള്ള സ്വപ്‌നങ്ങളില്‍ അത് നിഴല്‍ വീഴ്ത്തി. 

'കൗമാരമെത്തിയപ്പോള്‍ തന്റെ പ്രശ്‌നങ്ങള്‍ രൂക്ഷമായി. പല തരം ഫെയര്‍നെസ്സ് ക്രീമുകളിലായി അഭയം. അത് മുഖത്ത് കുരുക്കളും മറ്റും വരാന്‍ കാരണമായി. വീണ്ടും പരിഹാസങ്ങളായി ഫലം.'' മോഡല്‍ പറയുന്നു.

ഒരു ചെറിയ പെണ്‍കുട്ടിയുടെ വ്യക്തിത്വത്തെ തന്നെ തകിടം മറിക്കുന്ന അനുഭവങ്ങളായിരുന്നു അതെന്ന് ലത. ' എപ്പോഴും ഫാഷന്‍ ഷോകള്‍ കാണുന്ന നിറയെ സംസാരിക്കുന്ന പെണ്‍കുട്ടിയില്‍ നിന്ന് ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പറയുന്ന പെണ്‍കുട്ടിയായി താന്‍ മാറിക്കഴിഞ്ഞിരുന്നു. സ്‌കൂള്‍ കോളേജ് കാലം അങ്ങനെ കടന്നു പോയി. ആദ്യം ലഭിച്ചത് ഒരു മാര്‍ക്കറ്റിങ് ജോലിയാണ്.' അവിടെ നിന്നാണ് ചര്‍മത്തിന്റെ നിറം ജീവിതത്തില്‍ യാതൊരു പ്രാധാന്യവുമില്ലാത്ത കാര്യമാണെന്ന് അവള്‍ അറിഞ്ഞത്.
' അവിടെ ആരും ഞാന്‍ കറുത്തതാണോ വെളുത്തതാണോ എന്നൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഒരു ദിവസം എന്റെ സഹപ്രവര്‍ത്തകന്‍ എന്നെ ഒരു ഫോട്ടോഗ്രാഫറെ പരിചയപ്പെടുത്തി. ഇത്ര മനോഹരിയായ ഒരാളെ ഞാന്‍ കണ്ടിട്ടില്ല എന്നാണ് അയാള്‍ പറഞ്ഞത്. ആദ്യമായാണ് എന്നെ ഒരാള്‍ അങ്ങനെ അഭിനന്ദിക്കുന്നത്.''

women

'ആ രാത്രി ഞാന്‍ കണ്ണാടിയില്‍ നോക്കി, ഇത്രയും കാലം ഞാന്‍ വെറുത്ത രൂപം. പക്ഷേ അത് മനോഹരമാണെന്ന് ആരൊക്കെയോ ചിന്തിക്കുന്നുണ്ട്.' ആ ആത്മവിശ്വാസത്തില്‍ നിന്ന് ലത ഷൂട്ടിന് സമ്മതം മൂളി. 

'ബ്രാന്‍ഡുകളും ഫോട്ടോഷൂട്ടുകളും തേടി വന്നുതുടങ്ങി. ഞാനുമൊരു മോഡലായി. നിറങ്ങളുള്ള വസ്ത്രങ്ങള്‍ ധരിച്ചു തുടങ്ങി. പണ്ട് എനിക്ക് ഇണങ്ങില്ല എന്ന് പലരും പറഞ്ഞ എല്ലാ നിറങ്ങളും അവയിലുണ്ട്. ' ലത തന്റെ വഴികളെ പറ്റി കുറിക്കുന്നത് ഇങ്ങനെയാണ്. 

'എല്ലാത്തിലും വലുത് സ്വയം സ്‌നേഹിക്കുക എന്നതാണ്.' ലത പറയുന്നു. ' ഞാനെന്റെ 25 വര്‍ഷങ്ങള്‍ വെറുതേ പാഴാക്കി. വെളിച്ചത്തില്‍ ജീവിക്കണമെന്ന് ആഗ്രഹിച്ച ഞാന്‍ ജീവിച്ചത് നിഴലുകള്‍ക്കിടയില്‍. പക്ഷേ ഇപ്പോള്‍ ഞാന്‍ അവിടെയല്ല, ഞാന്‍ സ്വയം സ്‌നേഹിക്കുന്നു. ചുവന്ന ലിപ്സ്റ്റിക്ക് അണിഞ്ഞ് ക്യാമറയ്ക്കു മുന്നില്‍ പോസ് ചെയ്യുന്നു. കറുത്തവള്‍ എന്ന് എന്നെ വിളിക്കുന്ന, കറുപ്പ് മനോഹരമാണെന്ന് തിരിച്ചറിയാത്തവരെ ഞാനിപ്പോള്‍ ശ്രദ്ധിക്കാറില്ല. അത് അവരുടെ പ്രശ്‌നമാണ്, എന്റേതല്ല. '

Content Highlights: Model on being bullied for skin colour shares her story