ക്കുറി മിസ് ഇന്ത്യയെ പ്രഖ്യാപിച്ചപ്പോള്‍ വിജയിയായ മാനസ വാരണാസിയോളം തിളങ്ങിയ മറ്റൊരാള്‍ കൂടിയുണ്ട്. റണ്ണറപ്പായ മന്യ സിങ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഓട്ടോഡ്രൈവറുടെ മകളായ മന്യാ സിങ്ങിന്റെ കഥ നിരവധി പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാവുകയാണ്. ദുരിതങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയുമൊക്കെ അതിജീവിച്ച് മിസ് ഇന്ത്യ വേദിയിലെത്തിയ കഥ മന്യ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഹ്യൂമന്‍സ് ഓഫ് ബോംബെ പേജിലൂടെ തന്റെ ജീവിതയാത്ര പങ്കുവെക്കുകയാണ് മന്യ. 

പതിനാലാം വയസ്സില്‍ സ്വപ്‌നം പേറി മുംബൈയിലേക്ക് വന്നതിനെക്കുറിച്ചും റെസ്റ്ററന്റിലെ കൂലിവേല ചെയ്ത് ജീവിക്കാന്‍ പണം കണ്ടെത്തിയതിനെക്കുറിച്ചുമുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് മന്യ. ഒരിക്കല്‍പ്പോലും തന്നെ ആഗ്രഹങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാതിരുന്ന ഓട്ടോഡ്രൈവറായ അച്ഛനും അമ്മയുമാണ് വിജയത്തിനു പിന്നിലെന്ന് മന്യ പറയുന്നു. അന്ന് പതിനാലുകാരിയുടെ സ്വപ്‌നത്തില്‍ അച്ഛന്‍ അര്‍പ്പിച്ച വിശ്വാസമാണ് ഇന്ന് തനിക്കീ കിരീടം നേടിത്തന്നതെന്നും മന്യ പറയുന്നു. 

കുറിപ്പിലേക്ക്

പതിനാലാം വയസ്സിലാണ് ഞാന്‍ സ്വപ്‌നങ്ങള്‍ നേടിയെടുക്കാന്‍ തനിച്ച് എന്റെ ഗ്രാമത്തില്‍ നിന്നും മുംബൈയിലേക്ക് ട്രെയിന്‍ കയറുന്നത്. അതെന്നെ എങ്ങോട്ട് നയിക്കുമെന്ന് അറിയില്ലായിരുന്നു, പക്ഷേ വലിയ കാര്യങ്ങള്‍ നേടിയെടുക്കുകയാണ് ഉദ്ദേശമെന്ന് അറിയാമായിരുന്നു. ട്രെയിനില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ ആദ്യം കാണുന്നത് ഒരു പിസാ ഹട്ട് ആയിരുന്നു, വല്ലവിധേനയും ഞാന്‍ അവിടെ ഒരു പാര്‍ട് ടൈം ജോലിക്ക് കയറിപ്പറ്റി. രണ്ടു ദിവസം കഴിഞ്ഞ് പപ്പയെ വിളിച്ചപ്പോള്‍ അദ്ദേഹം കരയുകയായിരുന്നു. അടുത്ത ദിവസം തന്നെ എന്റെ മാതാപിതാക്കള്‍ മുംബൈയിലേക്ക് കയറി, ഞങ്ങള്‍ നിന്നെ പിന്തുണയ്ക്കുമെന്നും ഓട്ടോ ഓടിച്ച് ജീവിതം പുലര്‍ത്തുന്ന പപ്പ എന്നോടു പറഞ്ഞു. 

സാമ്പത്തിക ചുറ്റുപാടൊന്നുമില്ലാതെയാണ് അവര്‍ ഇങ്ങോട്ടു വന്നത്. എന്നിട്ടും എന്നെ നല്ലൊരു സ്‌കൂളില്‍ ചേര്‍ത്തു. ക്ലാസിനൊപ്പം ഞാന്‍ പാര്‍ട് ടൈം ജോലി ചെയ്യുന്നുമുണ്ടായിരുന്നു. അതുവഴി മാസം പതിനഞ്ചായിരം രൂപയോളം സമ്പാദിക്കുന്നുണ്ടായിരുന്നു. പതിനഞ്ചാം വയസ്സിലാണ് ആദ്യമായി മിസ് ഇന്ത്യ പേജന്റ് കാണുന്നത്. അന്നു ഞാന്‍ കരുതി ഒരിക്കല്‍ ആ ടൈറ്റില്‍ സ്വന്തമാക്കുകയും അച്ഛന്‍ എന്നെയോര്‍ത്ത് അഭിമാനിക്കുകയും ചെയ്യുമെന്ന്. പക്ഷേ പുരുഷാധിപത്യ കുടുംബത്തില്‍ നിന്നു വന്നതുകൊണ്ടുതന്നെ സ്ത്രീ പുരുഷനേക്കാള്‍ താഴെയാണ് എന്ന വിശ്വാസത്തിലായിരുന്നു ഞാന്‍. പക്ഷേ അച്ഛന്‍ എന്നെ വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിച്ചു. സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കണമെന്നു പറഞ്ഞപ്പോള്‍ കഠിനാധ്വാനം ചെയ്യൂ, നീ അവിടെ എത്തിച്ചേരുമെന്നാണ് അച്ഛന്‍ പറഞ്ഞത്. 

ബിരുദപഠനകാലത്ത് ഞാന്‍ പത്തോളം പേജന്റുകളില്‍ പങ്കെടുത്തു. പക്ഷേ ഓരോ തവണയും മുഖം നന്നല്ലെന്നും ഉയരം കുറവാണെന്നും ഇംഗ്ലീഷ് പോലും അറിയില്ലെന്നുമൊക്കെ പറഞ്ഞ് തിരസ്‌കരിച്ചു. വീട്ടിലെ കാര്യങ്ങള്‍ അത്ര സുഖകരമല്ലായിരുന്നു, വീട്ടിലുണ്ടാവുന്ന തരിമ്പു സ്വര്‍ണം പോലും പണയം വച്ച് വീട്ടുകാര്‍ എന്നെ പഠിപ്പിച്ചു. ഓഡിഷനുകള്‍ക്ക് പോവാന്‍ ബസ് ഫീസ് ചോദിക്കുമ്പോള്‍ ഒരിക്കല്‍പ്പോലും പപ്പ മടി കാണിച്ചില്ല. പിസാ ഹട്ടില്‍ നിലം തുടച്ചും പാത്രം കഴുകിയുമൊക്കെയാണ് വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കുമുള്ള പണം കണ്ടെത്തിയിരുന്നത്. ആളുകള്‍ വസ്ത്രം ധരിക്കുന്നതും കോളേജില്‍ സുഹൃത്തുക്കള്‍ ഇംഗ്ലീഷ് പറയുന്നതുമൊക്കെ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. 

“At 14, I boarded the train from my village and left for Mumbai to pursue my dreams, all by myself. I didn’t know where...

Posted by Humans of Bombay on Tuesday, February 16, 2021

ഇക്കഴിഞ്ഞ ഡിസംബറില്‍ ഞാന്‍ സജ്ജയാണെന്നു തോന്നിയപ്പോള്‍ വീണ്ടും ശ്രമിച്ചുനോക്കി. മഹാമാരിമൂലം അഭിമുഖങ്ങളെല്ലാം ഓണ്‍ലൈനായാണ് നടത്തിയത്. ഒരു റൗണ്ടില്‍ എന്റെ അച്ഛന്‍ ഓട്ടോ ഡ്രൈവറാണെന്നു പറഞ്ഞപ്പോള്‍ കുറച്ചുപേര്‍ എന്നെ വിമര്‍ശിച്ചു. നീ ശ്രദ്ധ നേടാന്‍ വേണ്ടി പരിശ്രമിക്കുകയാണെന്ന് പറഞ്ഞു. പക്ഷേ ഞാന്‍ വന്നവഴി ഓര്‍ത്ത് അഭിമാനിക്കുന്നവളാണെന്ന ചുട്ടമറുപടി അവര്‍ക്ക് നല്‍കി. 

രണ്ടുമാസം കഴിഞ്ഞപ്പോള്‍ ഫെമിനാ മിസ് ഇന്ത്യ റണ്ണറപ്പായി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. പപ്പ എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു, മന്യ ഓംപ്രകാശ് സിങ് അതു നേടിയെടുത്തു എന്ന്. ഒരാഴ്ച്ചയ്ക്കിപ്പുറവും എനിക്ക് വിശ്വസിക്കാനാവുന്നില്ല. 

ഒടുവില്‍ ഇപ്പോള്‍ എന്റെ മാതാപിതാക്കള്‍ക്ക് വേണ്ടതെല്ലാം നല്‍കാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്. അവര്‍ക്കൊരു വീട് വച്ച് തുടങ്ങണം. അവര്‍ എന്നെ നിരന്തരം പിന്തുണച്ചവരാണ്. പതിനാലുകാരിയുടെ നിസ്സാര സ്വപ്‌നത്തില്‍ വിശ്വാസമര്‍പ്പിച്ചയാളാണ് പപ്പ. അദ്ദേഹം എന്നെ വിശ്വസിച്ചിരുന്നു.. അതുകൊണ്ടാണ് ഇന്ന് ഒരു ഓട്ടോഡ്രൈവറുടെ മകള്‍ തലയില്‍ കിരീടവുമായി നില്‍ക്കുന്നത്. 

Content Highlights: miss india 2020 runner up  manya singh  sharing life experience