ഹാരി രാജകുമാരന്റെയും മേഗന് മെര്‍ക്കലിന്റെയും വിവാഹചിത്രങ്ങള്‍ വെര്‍ച്വല്‍ ലോകം കീഴടക്കിക്കഴിഞ്ഞു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇരുവരുടെയും വിവാഹദിനത്തിലെ മനോഹര നിമിഷങ്ങള്‍ ചിത്രങ്ങളിലൂടെ വീണ്ടും വീണ്ടും ആസ്വദിക്കുകയാണ് ലോകം. ഇതിനിടയിലാണ് മുന്‍ അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ തന്റെ വിവാഹ ദിനത്തിലെ അതിമനോഹരമായ ഒരു ചിത്രവുമായി വെര്‍ച്വല്‍ ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്.
ബരാക്ക് ഒബാമയ്ക്കൊപ്പം വിവാഹദിനത്തില്‍ ഗാര്‍ട്ടര്‍ ടോസ് എന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനിടയിലെ ചിത്രമാണ് മിഷേല്‍ പങ്കുവെച്ചത്. 1992 ഒക്ടോബര്‍ മൂന്നിനായിരുന്നു ഇരുവരുടെയും വിവാഹം.
'ഈ ഫോട്ടോയില്‍ നിന്ന് നിങ്ങള്‍ക്ക് അത് പറയാന്‍ സാധിക്കില്ല, 1992 ഒക്ടോബറില്‍ ഞങ്ങളുടെ വിവാഹദിനത്തില്‍ വൃത്തികെട്ട ജലദോഷവുമായാണ് ബരാക്ക് ഒബാമ ഉറക്കമെണീറ്റത്. പക്ഷേ അള്‍ത്താരയില്‍ വെച്ച് ഞാന്‍ അദ്ദേഹത്തെ കണ്ടതോടെ അത് അപ്രത്യക്ഷമായി. രാത്രിമുഴുവനും നീണ്ടുനിന്ന ഞങ്ങളുടെ നൃത്തത്തോടെയാണ് ആ ദിനം അവസാനിച്ചത്. ഇരുപത്തിയഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം, വ്യക്തികളെന്ന നിലയില്‍ പരസ്പരം പിന്തുണയ്ക്കാനും പങ്കാളിത്തം മെച്ചപ്പെടുത്തിയെടുക്കാനും ശ്രമിക്കുന്നതിനിടയിലും ഞങ്ങള്‍ക്ക് പഴയതുപോലെ ജീവിതം ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. ഈ ഭ്രാന്തന് യാത്ര മറ്റൊരാള്‍ക്കൊപ്പം പോകുന്നതിനെ കുറിച്ച് എനിക്ക് ചിന്തിക്കാന്‍ കൂടി കഴിയുന്നില്ല.' ഫോട്ടോ പങ്കുവെച്ചുകൊണ്ട് മിഷേല്‍ കുറിച്ചു.
മിഷേല്‍ പങ്കുവെച്ച ചിത്രം നിമിഷങ്ങള്‍ കൊണ്ടാണ് തരംഗമായത്. മുപ്പത്തിരണ്ടരലക്ഷത്തിലധികം ആളുകളാണ് ചിത്രം ലൈക്ക് ചെയ്ത്. അരലക്ഷത്തോളം കമന്റുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടേയും 25-ാം വിവാഹ വാര്‍ഷികം. അന്നും ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം മിഷേല്‍ പങ്കുവെച്ചിരുന്നു. 21-ാം വിവാഹ വാര്‍ഷികമാഘോഷിച്ച 2013-ല്‍ നീയും ഞാനും എന്ന കുറിപ്പോടെ ബരാക്ക് ഒബാമയും ഇവരുടെ വിവാഹ ചിത്രം പങ്കുവെച്ചിരുന്നു.