ര്‍ത്തവ ശുചിത്വത്തെ പറ്റി ഇന്നും അറിയാത്ത, അതിനേ പറ്റി ബോധവതികളല്ലാത്ത ധാരാളം സ്ത്രീകള്‍ നമ്മുടെ രാജ്യത്തെ ഗ്രാമങ്ങളില്‍ ഇന്നുമുണ്ട്‌. സ്ത്രീകള്‍ക്ക് വേണ്ടി പല പദ്ധതികളുമുണ്ടെങ്കിലും ആര്‍ത്തവം ഒരു അശുദ്ധിയായും തുറന്നു സംസാരിക്കാനാവാത്ത നാണക്കേടായും കരുതുന്നവരാണ് അവരില്‍ ഏറെയും. തുണിയും വൈക്കോലും അങ്ങനെ കൈയില്‍ കിട്ടുന്ന എന്തും ആര്‍ത്തവകാലത്തുപയോഗിക്കുന്ന സ്ത്രീകളുടെ ഇടയിലാണ് മായ വിശ്വകര്‍മ എന്ന യുവതി സാനിറ്ററി പാഡുകളുമായി എത്തിയത്. മായ, സുകര്‍മ എന്ന സാനിറ്ററി പാഡ് നിര്‍മാണ യൂണിറ്റിന്റെ സ്ഥാപകയാണ്. ഇന്ന് സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകൂടിയാണ് സുകര്‍മ. ഇന്ത്യയുടെ പാഡ് വുമണ്‍ എന്നറിയപ്പെടുന്ന മായ തന്റെ ജീവിതത്തെ പറ്റി തുറന്ന് സംസാരിക്കുകയാണ് ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജിലൂടെ.

ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന് 

മധ്യപ്രദേശിലെ ഒരു ചെറിയ ഗ്രാമമാണ് എന്റെ സ്വദേശം. ഞങ്ങളുടെ നാട്ടിലെ ഒരേയൊരു ഗവണ്‍മെന്റ് സ്‌കൂളില്‍ എട്ടാം ക്ലാസ് വരെയായിരുന്നു എന്റെ ആദ്യത്തെ വിദ്യാഭ്യാസം. മിക്കപെണ്‍കുട്ടികളും സ്‌കൂള്‍ പഠനം ഉപേക്ഷിച്ച് വിവാഹിതരാകുകയായിരുന്നു അന്ന് പതിവ്. സ്‌കൂളിലും ഗ്രാമത്തില്‍ തന്നെയും ശൗചാലയങ്ങളുണ്ടായിരുന്നില്ല.  പന്ത്രണ്ടാം വയസ്സിലാണ് എന്റെ ആദ്യ ആര്‍ത്തവം. അമ്മ എനിക്ക് പഴയ തുണിമടക്കി  തന്നു. അത് ശരിയായി ധരിക്കാന്‍ പോലും എനിക്കറിയില്ലായിരുന്നു. എന്തുകൊണ്ടാണ് രക്തം വരുന്നതെന്ന് ഞാന്‍ അമ്മയോട് ആശങ്കയോടെ ചോദിച്ചു. എന്നാല്‍ അമ്മക്കും അതെന്തുകൊണ്ടാണെന്ന് അറിയില്ലായിരുന്നു. 

എനിക്ക് ആര്‍ത്തവകാലത്തെല്ലാം അണുബാധകള്‍ പതിവായി. വേദനയും ദുര്‍ഗന്ധവും കൊണ്ട വലഞ്ഞ എന്നെ ഗ്രാമത്തിലെ ഡോക്ടറുടെ അടുത്ത് അമ്മ കൊണ്ടുപോയി. എന്നാല്‍ അവര്‍ക്കും ഇതിന്റെ കാരണം കണ്ടെത്താനായില്ല. വൃത്തിയില്ലാത്ത തുണിയില്‍ നിന്നാണ് അണുബാധയെന്ന് ആരും തിരിച്ചറിഞ്ഞില്ല. എന്റെ സ്‌കൂള്‍ പഠനകാലം കഴിഞ്ഞു. എന്നാല്‍ എന്റെ മാതാപിതാക്കള്‍ എല്ലാ പെണ്‍കുട്ടികളെയും പോലെ എന്നെ ചെറുപ്രായത്തിലെ വിവാഹം കഴിച്ചയക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. അവര്‍ ഒരു ലോണെടുത്ത് എന്നെ തുടര്‍ന്ന് പഠിക്കാന്‍ അയച്ചു. കോളേജില്‍ ബയോകെമിസ്ട്രിയായിരുന്നു ഞാന്‍ പഠിച്ചത്. കോഴ്‌സ് കഴിഞ്ഞപ്പോള്‍ എനിക്ക് എയിംസില്‍(AIIMS) ജോലി ലഭിച്ചു.

women

 

ജോലി ലഭിച്ച ശേഷമാണ് ഞാന്‍ ആദ്യമായി സാനിറ്ററി പാഡ് ഉപയോഗിച്ചു തുടങ്ങിയത്. എനിക്ക് അപ്പോള്‍ 26 വയസ്സായിരുന്നു. എന്നാല്‍ അതെങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ സഹപ്രവര്‍ത്തക എന്റെ സഹായത്തിനെത്തി. ഇടയ്ക്കിടെ വന്ന അണുബാധ മാറുകയും നനവും ദുര്‍ഗന്ധവുമില്ലാതെ ജോലിയില്‍ ശ്രദ്ധിക്കാനുള്ള ആത്മവിശ്വാസവും എനിക്കുകിട്ടി. എന്നാല്‍ ഇടയ്ക്ക് മാതാപിതാക്കളെ കാണാനായി ഗ്രാമത്തിലേക്കുള്ള യാത്രകള്‍ എനിക്ക് പല തിരിച്ചറിവുകളും നല്‍കി. അവിടെ ഒന്നിനും മാറ്റമില്ലായിരുന്നു. സ്ത്രീകള്‍ പഴയതുപോലെ ആര്‍ത്തവകാലത്തെ ശുചിത്വമില്ലായ്മ മൂലം പല പ്രശ്‌നങ്ങളും അനുഭവിച്ചിരുന്നു. 

ഓരോ വീടുകളിലും കയറി ഇറങ്ങി ആര്‍ത്തവ ശുചിത്വത്തെ പറ്റിയും സാനിറ്ററി പാഡുകള്‍ ഉപയോഗിക്കേണ്ടതിനെ പറ്റിയും സ്ത്രീകളെ ബോധവത്ക്കരിക്കാന്‍ ശ്രമം തുടങ്ങി. എന്നാല്‍ ആര്‍ത്തവത്തെ പറ്റി തുറന്നു സംസാരിക്കാന്‍ സ്ത്രീകള്‍ക്ക് വലിയ നാണക്കേടായിരുന്നു, പ്രത്യേകിച്ചും പുരുഷന്‍മാരുടെ മുന്നില്‍. സ്ത്രീകള്‍ തനിച്ചുള്ളപ്പോല്‍ അവര്‍ ഒരു വലിയ രഹസ്യം പറയുന്നതുപോലെയാണ് എന്നോട് അവരുടെ പ്രശ്‌നങ്ങള്‍ പങ്കുവച്ചത്.

'ഞങ്ങള്‍ ആര്‍ത്തവം ആരംഭിച്ചാല്‍ പിന്നെ എല്ലാവരില്‍ നിന്നും അകന്ന് ഒരിടത്ത് മാറി നില്‍ക്കണം. അത് മാറി കഴിഞ്ഞാല്‍ ഞങ്ങള്‍ വീണ്ടും ജോലികള്‍ തുടങ്ങും.' സ്ത്രീകള്‍ എന്നോട് പ്രതികരിച്ചത് ഇങ്ങനെ. അവരില്‍ ആരും തന്നെ സാനിറ്ററി പാഡുകള്‍ കണ്ടിട്ടുപോലും ഉണ്ടായിരുന്നില്ല. ചിലര്‍ പറഞ്ഞു,' ഞങ്ങള്‍ക്ക് ഇത് വാങ്ങാനുള്ള പണമില്ല.'

women

ബോധവത്ക്കരണ പരിപാടികള്‍ക്കിടെയാണ് ഞാന്‍ ഇന്ത്യയുടെ പാഡ് മാന്‍ അരുണാചലം മുരുകാനന്ദത്തെ കണ്ടുമുട്ടിയത്. 'മായ നിങ്ങള്‍ പാഡ് ഉണ്ടാക്കുന്ന സ്വന്തം കമ്പനി തുടങ്ങു, എന്നിട്ട് സ്ത്രീകളെ ബോധവത്ക്കരിക്കൂ.' അദ്ദേഹം എന്നോട് പറഞ്ഞു. 2016 ല്‍ സുകര്‍മ ഫൗണ്ടേഷന്‍ ആരംഭിച്ചു. എന്റെ ഗ്രാമത്തിലെ കുറച്ച് സ്ത്രീകളെയും ഞാന്‍ ഒപ്പം കൂട്ടി. അവര്‍ വീടുകള്‍ തോറും ചെന്ന് സാനിറ്ററി പാഡുകള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും മറ്റും സ്ത്രീകള്‍ക്ക് അറിവ് നല്‍കി. ഇന്ന് ഓരോ മാസവും മധ്യപ്രദേശിലെ 22 ജില്ലകളിലായി 50,000 പാഡുകള്‍ ഞങ്ങള്‍ വിതരണം ചെയ്യുന്നു.

ധാരാളം സ്ത്രീകള്‍ പാഡിന് ആവശ്യക്കാരായി എത്തിയതോടെ ഏഴ് പാഡുള്ള ഒരു ബോക്‌സിന് അഞ്ച് രൂപ മാത്രമാക്കി ഞങ്ങള്‍ വില കുറച്ചു. ' എനിക്ക് ഒരിക്കലും അറിയില്ലായിരുന്നു ഈ ദുര്‍ഗന്ധം എന്തുകൊണ്ടാണെന്ന്. ഞാന്‍ എപ്പോഴും ഒരേ തുണിപാഡുകള്‍ തന്നെ ആര്‍ത്തവകാലത്ത് ഉപയോഗിച്ചിട്ടാണെന്ന് ഇപ്പോള്‍ മനസ്സിലായി.' ഒരു പെണ്‍കുട്ടി എന്നെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു. 

ഇപ്പോള്‍ മൂന്ന് വര്‍ഷം കഴിഞ്ഞു. എന്റെ ഗ്രാമത്തിലെ സ്ത്രീകളെല്ലാം തന്നെ സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നു. സ്‌കൂളുകളില്‍ ബോധവത്ക്കരണക്ലാസുകള്‍ നടത്തുമ്പോള്‍ മുതിര്‍ന്ന പുരുഷന്മാരും അതില്‍ പങ്കെടുക്കാന്‍ എത്തുന്നു. പണ്ട് കറുത്ത പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് മാത്രം പാഡുകള്‍ വാങ്ങിയിരുന്നവര്‍ പാഡ് പൊതിയാതെ തന്നെ വാങ്ങാന്‍ ധൈര്യപ്പെടുന്നു. അതൊരു മാറ്റമല്ലെങ്കില്‍ പിന്നെ എന്താണ്?

Content Highlights: Maya Viswakarma Pad women of India Founder of Sukarma foundation  share her life story