മായാ റാത്തോഡ്- ഗൈനക്കോളജിസ്റ്റ്, രണ്ട് കുട്ടികളുടെ അമ്മ, ഏറ്റവും ഒടുവിലായി ബോഡിബില്‍ഡിങ് ചാംപ്യനും. തിരക്കുകള്‍ ഇഷ്ടങ്ങളിലേക്കുള്ള യാത്ര ഒരിക്കലും മുടക്കില്ലെന്ന് മറ്റ് സ്ത്രീകള്‍ക്ക് മാതൃകയാകുകയാണ് മായ. തന്റെ ജീവിതകഥ മായ പങ്കുവച്ചത് ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജിലൂടെയാണ്. 

മുപ്പതുകാരിയായ മായ ചെറുപ്പം മുതലേ സ്‌പോര്‍ട്‌സ് ഇഷ്ടപ്പെട്ടിരുന്നു. മികച്ച കായികതാരമായാണ് എല്ലായിപ്പോഴും അവള്‍ സ്‌കൂളിലും കോളേജിലും അറിയപ്പെട്ടതും. എന്നാല്‍ എന്തെങ്കിലും മുറിവു പറ്റിയാല്‍ നിന്നെ ആരും വിവാഹം കഴിക്കില്ല എന്ന സാധാരണ എല്ലാ മാതാപിതാക്കളുടെയും പോലുള്ള ഭീക്ഷണിയും മായ കേട്ടുതുടങ്ങിയിരുന്നു. എങ്കിലും ഭരതനാട്യം ക്ലാസുകള്‍ക്ക് പോകാതെ തയ്ക്കോണ്ടോ പ്രാക്ടീസിനും ക്രിക്കറ്റ് കളിക്കാനും പോകാനാണ് മായ ഇഷ്ടപ്പെട്ടത്. 

women

കായികതാരമാകണമെന്ന ആഗ്രഹം പിതാവിനെ അറിയിച്ചപ്പോള്‍ നീ ഒരു പെണ്‍കുട്ടിയായതിനാല്‍ അതിന് ചേരുന്ന ഒരു പ്രൊഫഷന്‍ തിരഞ്ഞെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. അങ്ങനെ മെഡിക്കല്‍ കോളേജില്‍ പഠനത്തിനായി മായക്ക് ചേരേണ്ടി വന്നു. ആദ്യവര്‍ഷം സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗ്ഗിങ്ങും കളിയാക്കലുകളുമെല്ലാമായി ഭീകരമായിരുന്നു അവസ്ഥയെന്ന് മായ കുറിക്കുന്നു. സീനിയര്‍ അവളോട് ഹോബികള്‍ എന്തൊക്കെയാണ് എന്ന് തിരക്കി. ക്രിക്കറ്റ് കളിക്കാന്‍ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ അയാളെ കളിച്ചു തോല്‍പിക്കാമോ എന്ന വെല്ലുവിളിയും ഉയര്‍ത്തി. മായ കളിയില്‍ വിജയിച്ചതോടെ റാഗിങ്ങിന് അവസാനമായി. പഠനകാലത്ത് ക്രിക്കറ്റിനോട് ഗുഡ്‌ബൈ പറഞ്ഞെങ്കിലും ഇന്‍ഡോര്‍ ഗെയിംസിലും ഫുട്‌ബോളിലും മായ സജീവമായി.

ഇന്റേണ്‍ഷിപ്പിന്റെ കാലത്ത് തന്നെ മായയുടെ വിവാഹവും നടന്നു. ഒരു വര്‍ഷത്തിന് ശേഷം ആദ്യത്തെ കുഞ്ഞു പിറന്നു. നല്ല ആശുപത്രിയില്‍ നല്ല ശമ്പളത്തില്‍ ഗൈനക്കോളജിസ്റ്റായി മായക്ക് ജോലിയും ലഭിച്ചു. എങ്കിലും ഇവയൊന്നും മായയെ തൃപ്തിപ്പെടുത്തിയിരുന്നില്ല. തന്റേതായ എന്തെങ്കിലും കണ്ടെത്തണം ചെയ്യണമെന്ന ചിന്തയായി. ഈ സമയത്ത് മായയുടെ ശരീരഭാരവും കൂടിയിരുന്നു.  

ഒരു സുഹൃത്താണ് മായയോട് ജിമ്മില്‍ പോകാന്‍ പറഞ്ഞത്. 'ജോലിത്തിരക്കിനിടെ സമയം കണ്ടെത്തി ജിമ്മില്‍ പോയി തുടങ്ങി. ഒരു വര്‍ഷം കൊണ്ട് കുറഞ്ഞത് 20 കിലോ. ഒരു ദിവസം എന്റെ കോച്ചാണ് എന്നോട് ചോദിച്ചത്, എന്തുകൊണ്ട് നിനക്ക് ബോഡിബില്‍ഡിങ് പരീക്ഷിച്ചു കൂടാ എന്ന്. ഒരിക്കല്‍ ഞാന്‍ ഒരു ബോഡിബില്‍ഡിങ് മത്സരം കാണാനായി പോയിരുന്നു. അവിടെ ഒറ്റ സ്ത്രീ മത്സരാര്‍ത്ഥികള്‍ പോലും ഉണ്ടായിരുന്നില്ല. കോച്ചിന്റെ വാക്കുകളും ഈ സംഭവവും കൂടി ആയപ്പോള്‍ എന്തുകൊണ്ട് എനിക്ക് ശ്രമിച്ചുകൂടാ എന്ന തോന്നലായി.' മായ പറയുന്നു. 

women

മായയുടെ ഭര്‍ത്താവ് ആ ആഗ്രഹത്തെ നിരുത്സാഹപ്പെടുത്തിയില്ല. എന്നാല്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളും സ്വന്തം മാതാപിതാക്കളും മായക്കെതിരെ തിരിഞ്ഞു. 'നിനക്ക് നല്ല ജോലിയുണ്ട്. പിന്നെ എന്ത് വേണം, മാത്രമല്ല ബോഡിബില്‍ഡിങ്ങ് ഒക്കെ പെണ്ണുങ്ങള്‍ക്ക് പറഞ്ഞപണിയാണോ,'  അവര്‍ കുറ്റപ്പെടുത്തി. എന്നാല്‍ തനിക്കുവേണ്ടി തന്നെ മായ ആ വെല്ലുവിളി ഏറ്റെടുത്തു.

മായ പരിശീലനം തുടങ്ങി. കുഞ്ഞിനെ മുലയൂട്ടുന്ന സമയമായിട്ടും ആശുപത്രിയില്‍ തിരക്കുകള്‍ ഏറെയുള്ളപ്പോഴും എല്ലാം മായ പരിശീലനത്തിനായി സമയം കണ്ടെത്തി. ' ചിലപ്പോള്‍ ഞാന്‍ തളര്‍ന്നു പോയിരുന്നു, അതും ഞാന്‍ ആസ്വദിച്ചു.' മായയുടെ മറുപടി ഇങ്ങനെ. 

രണ്ട് വര്‍ഷത്തെ കഠിനാധ്വാനത്തിന് ശേഷം മായ മത്സരങ്ങളില്‍ പങ്കെടുത്തു തുടങ്ങി. മൂന്ന് വര്‍ഷത്തിന് ശേഷം സിഡ്‌നിയിലേക്ക് മായയുടെ ജീവിതം പറിച്ചുമാറ്റപ്പെട്ടു. പി.എച്ച്.ഡി ചെയ്യാനായിരുന്നു ആ യാത്ര. ഈ സമയത്ത് രണ്ടാമത്തെ കുഞ്ഞും പിറന്നിരുന്നു. അവിടെ 25 വര്‍ഷത്തിനിടയ്ക്ക് ഒരു ഇന്ത്യന്‍ വനിതാ ബോഡിബില്‍ഡറും ഉണ്ടായിട്ടില്ല എന്ന അറിവ് അവള്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്നു. ഇന്ത്യന്‍ സ്ത്രീകളുടെ കരുത്തുകാണിക്കാനുള്ള അവസരമായിരുന്നു അത്. 

അടുത്ത എട്ട് മാസം കഠിനാധ്വാനത്തിന്റേതായിരുന്നു. രാവിലെ നാല് മണിമുതല്‍ ഏഴ് മണി വരെ പരിശീലനം. പിന്നെ ഭക്ഷണമുണ്ടാക്കല്‍, കുട്ടികളെ സ്‌കൂളില്‍ അയക്കല്‍, പഠനം, ആശുപത്രിയിലെ ജോലി. ശേഷം വൈകുന്നേരം വന്നാല്‍ വീണ്ടും മക്കളുടെ കാര്യങ്ങള്‍ രാത്രി പത്തുമണി മുതല്‍ വെളുപ്പിന് ഒരു മണി വരെ പരിശീലനം. ഇതായിരുന്നു മായയുടെ ദിനചര്യ. 

ഒടുവില്‍ കഷ്ടപ്പാടുകള്‍ ഫലം കണ്ടു. ഐ.എഫ്എഫ്.ബി 2021 ഓസ്‌ട്രേലിയന്‍ ചാംപ്യന്‍ഷിപ്പില്‍ മായ വിജയകിരീടം ചൂടി. മത്സരത്തില്‍ വിജയിയാവുന്ന വെള്ളക്കാരിയല്ലാത്ത ആദ്യ വനിതയായിരുന്നു മായ.

ആളുകള്‍ തന്റെ തിരഞ്ഞെടുപ്പുകളെ പറ്റി എന്ത് പറയുന്നു എന്ന ചിന്തയില്ല തനിക്കെന്നാണ് മായയുടെ അഭിപ്രായം. ഒരിക്കലും സ്വയം അതിര്‍ത്തികള്‍ വയ്ക്കുന്നുമില്ല അവള്‍. ' ഒരു ഡോക്ടറാണ്, അമ്മയാണ്, ബോഡിബില്‍ഡറാണ്, ഇതെല്ലാമാണ് താന്‍. ഇങ്ങനെയല്ലാതാവാന്‍ തനിക്ക് കഴിയില്ല.' മായ ആത്മവിശ്വാസത്തോടെ പറയുന്നു. 

Content Highlights: Maya Rathod the champion bodybuilder, who is a doctor and a mother