ഴിഞ്ഞ ദിവസമാണ് മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവ അന്തരിച്ചത്. കോവിഡ് അനുബന്ധ അസുഖങ്ങളെത്തുടർന്ന് ഡൽഹി അപ്പോളോ ആശുപത്രി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. നാലു പതിറ്റാണ്ടിലേറെയായി മാധ്യമപ്രവർത്തനരംഗത്ത് സജീവമായിരുന്നു വിനോദ് ദുവ. ഇപ്പോഴിതാ അദ്ദേഹത്തേക്കുറിച്ച് ഹാസ്യതാരവും എഴുത്തുകാരിയുമായ മകൾ മല്ലിക ദുവ പങ്കുവെച്ച ഇൻസ്റ്റ​ഗ്രാം കുറിപ്പ് ശ്രദ്ധ നേടുകയാണ്.

പപ്പയെപ്പോലെ മറ്റൊരാൾ ഉണ്ടാവില്ല എന്നു പറ‍ഞ്ഞാണ് മല്ലിക കുറിപ്പ് ആരംഭിക്കുന്നത്. തന്റെ ആദ്യത്തെ ബെസ്റ്റ് ഫ്രണ്ട് ആണ് അദ്ദേഹം. പപ്പയെപ്പോലെ വിശാലവും മഹത്തരവുമായ ജീവിതം നയിക്കുന്നവർ വളരെ ചുരുക്കമായിരിക്കും. എപ്പോഴും വെല്ലുവിളികൾക്ക് തയ്യാറായി നിൽക്കുന്ന, നല്ല പോരാട്ടങ്ങൾ ഇഷ്ടപ്പെട്ടിരുന്ന, എപ്പോഴും മക്കൾക്കു വേണ്ടി നിലകൊണ്ടയാളാണ് അച്ഛനെന്ന് മല്ലിക കുറിക്കുന്നു.

അവസാനശ്വാസം വരെ പോരാടിയ ഇതിഹാസമായാണ് മല്ലിക തന്റെ അച്ഛനെ വിശേഷിപ്പിക്കുന്നത്. അദ്ദേഹം ഒന്നിനെയും ഭയപ്പെട്ടിരുന്നില്ല, മരണത്തെപ്പോലും. ലോകത്തിലെ ഏറ്റവും മികച്ച അച്ഛനായതിൽ നന്ദി. ഈ മല്ലിക എപ്പോഴും ഇങ്ങനെ വഴക്കിട്ടുകൊണ്ടിരുന്നാൽ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അച്ഛനും അമ്മയും കബാബും കഴിച്ചുകൊണ്ട് ആലോചിച്ചിട്ടുണ്ടാവുമെ‌ന്ന് എനിക്കുറപ്പുണ്ട്. ഞാൻ കണ്ടതിൽ വച്ചേറ്റവും ധീരനായ, അനുകമ്പയാർന്ന, രസികനായ മനുഷ്യനാണ് അദ്ദേഹം. 

നബി കരീമിൽ ജനിച്ച ഒരു സാധാരണ ആൺകുട്ടി ഉയരങ്ങൾ കീഴടക്കുകയും അവസാനം വരെ വിജയിക്കുകയും ചെയ്ത കഥയാണ് അച്ഛന്റേതെന്നും മല്ലിക പറയുന്നു. പത്മശ്രീ വിനോദ് ദുവാ, ദുർബലാവസ്ഥയിൽ പോലും ഇന്ത്യൻ മാധ്യമപ്രവർത്തനത്തിന് നാഴികക്കല്ലായ വിധി നൽകിയയാൾ. ഇന്ത്യയിലെ മാധ്യമപ്രവർത്തകർക്കെതിരെ അലക്ഷ്യമായി രാജ്യദ്രോഹക്കുറ്റം ചുമത്തരുതെന്ന അവകാശത്തിനു വേണ്ടി അച്ഛൻ പോരാടിയതിനെക്കുറിച്ചാണ് മല്ലിക കുറിക്കുന്നത്.

തങ്ങൾ എന്നും സങ്കടത്തോടെയും ഭയത്തോടെയും ജീവിക്കില്ലെന്നും പകരം അഭിമാനത്തോടെയും കൃതജ്ഞതയോടെയുമാണ് ജീവിക്കുകയെന്നും മല്ലിക കുറിക്കുന്നു. അതിനു കാരണം തങ്ങൾക്ക് ലഭിച്ച അസാമാന്യരായ മാതാപിതാക്കളാണെന്നും മല്ലിക കുറിച്ചു. 

അനുഷ്ക ശർമ, മിഥില പാൽകർ, സാനിയ മൽഹോത്ര തുടങ്ങി നിരവധി പേരാണ് മല്ലികയ്ക്ക് സാന്ത്വനം പകർന്ന് കമന്റുകൾ പങ്കുവെച്ചത്.

രാംനാഥ് ഗോയങ്ക മാധ്യമ പുരസ്കാരം നേടുന്ന ആദ്യ ദൃശ്യമാധ്യമ പ്രവർത്തകനാണ് വിനോദ് ദുവ. 2008-ൽ രാജ്യം ദുവയെ പദ്മശ്രീ നൽകി ആദരിച്ചു. 2017-ൽ മുംബൈ പ്രസ് ക്ലബ്ബിന്റെ റെഡ് ഇങ്ക് പുരസ്കാരം ലഭിച്ചു. ഈവർഷം ജൂണിൽ രണ്ടാംതരംഗകാലത്ത് ദുവയെയും ഭാര്യ പത്മാവതിയെയും കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പത്മാവതി മരിച്ചു. കോവിഡ് മുക്തനായ ദുവ അനുബന്ധരോഗങ്ങളുമായി മല്ലിട്ടുവരികയായിരുന്നു. സൈക്കോളജിസ്റ്റ് ബകുൽ ദുവയാണ് മകൻ. 

Content Highlights: maallika dua posts on fathers death, Vinod dua death, journalis vinod dua