സംഗീതവും നൃത്തവുമൊക്കെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നവര്‍ക്ക് ഒരു കുഴപ്പമുണ്ട്. പാട്ട് കേള്‍ക്കുമ്പോള്‍ പരിസരം മറന്ന് അവര്‍ താളം പിടിച്ചെന്നു വരും. നൃത്തമാണ് മനസ്സിലെങ്കില്‍ പാട്ടിന്റെ താളത്തിനൊത്ത് അറിയാതെ കാല്‍ച്ചുവടുകളും ശരീരചലനങ്ങളും ഉണ്ടാകും. അങ്ങനെയൊരു കൊച്ചുമിടുക്കിയാണ് ലോറന്‍ പാറ്റേഴ്‌സണ്‍.

കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് പള്ളി ക്വയറില്‍ പാട്ടുപാടുന്ന ലോറന്റെ വീഡിയോ അവളുടെ അമ്മ  ജെന്നിഫര്‍ പാറ്റേഴ്‌സണാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. രാവിലെ പള്ളിയില്‍ ലോറന്‍ പാടിയപ്പോള്‍ എന്നായിരുന്നു പോസ്റ്റിന്റെ തലവാചകം. ആളെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടേണ്ട, കക്ഷി പിങ്കും ബ്രൗണും നിറമുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നതെന്നും ജെന്നിഫര്‍ പാറ്റേഴ്‌സണ്‍ സൂചന് നല്കി.

വീഡിയോ കണ്ട ആര്‍ക്കും ആ സൂചനയുടെ ആവശ്യം വേണ്ടിവന്നില്ല ലോറനെ കണ്ടുപിടിക്കാന്‍. താളത്തിനൊത്ത് ഡാന്‍സ് ചെയ്യുന്ന ലോറനിലേക്കേ എല്ലാ കണ്ണുകളും ചെല്ലൂ. പാട്ട് പാടുന്നതിനിടെ ഒരു സെക്കന്റ് പോലും അനങ്ങാതെനില്‍ക്കാന്‍ ലോറന് കഴിയുന്നതേയില്ല!!

വീഡിയോ പോസ്റ്റ് ചെയ്ത് ഒരാഴ്ച്ച പിന്നിടുമ്പോള്‍ ലോറന്‍ ഓണ്‍ലൈനിലൂടെ പ്രശസ്തയായിരിക്കുകയാണ്. സുഹൃത്തുക്കളുടെ ആവശ്യപ്രകാരം ലോറന്റെ പാട്ട്പാടല്‍ മാതാപിതാക്കള്‍ യൂ ട്യൂബിലും അപ്ലോഡ് ചെയ്തു. അവിടെയും വീഡിയോ വൈറലായി.

ലോറനെ അഭിനന്ദിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. അവളുടെ കുട്ടിത്തവും നിഷ്‌കളങ്കതയും  കുസൃതിയും ആ താളബോധവുമെല്ലാം കാണുന്നവരെ അത്രമേല്‍ സന്തോഷത്തിലാക്കുകയാണ്. 

Courtesy: youtube/MichaelPatterson