പ്രസവശേഷം സ്ത്രീകളുടെ സ്വഭാവത്തിലുണ്ടാകുന്ന അസ്വാഭാവികതയെ കുറ്റപ്പെടുത്തുകയും കുത്തിനോവിക്കുകയും ചെയ്യാന്‍ വെമ്പുന്നവര്‍ ഇന്നുമുണ്ട്. എന്നാല്‍ രാജ്യത്തു തന്നെ അത്രയധികം ചര്‍ച്ചചെയ്യാത്ത പ്രസവാനന്തര വിഷാദരോഗമാവാം ഇതിനു പിന്നിലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രസവാനന്തരമുണ്ടാകുന്ന വിഷാദരോഗമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍. ഗര്‍ഭാവസ്ഥയുടെ അവസാനംതൊട്ട് കുഞ്ഞുണ്ടായി ഏതാനും മാസംവരെ നീണ്ടുനില്‍ക്കുന്ന ഈ മാനസികാവസ്ഥയെ പോസ്റ്റ്പാര്‍ട്ടം ബ്ലൂസ്, പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍, പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ് എന്നിങ്ങനെ മൂന്നായി തിരിക്കാം. പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നുപോയ അവസ്ഥയെക്കുറിച്ച് ഹ്യൂമന്‍സ് ഓഫ് ബോംബെ പേജിലൂടെ ഒരു പെണ്‍കുട്ടി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. 

കുട്ടിക്കാലത്ത് വൈദ്യുതാഘാതമേറ്റ് വലതുകൈ മുറിച്ചു മാറ്റിയെങ്കിലും ജീവിതത്തെ ആത്മവിശ്വാസത്തോടെ നേരിട്ട പെണ്‍കുട്ടിയായിരുന്നു അവള്‍. എന്നാല്‍ കുഞ്ഞുണ്ടായതോടെ അവളുടെ കാര്യങ്ങളൊന്നും ശരിയായി ചെയ്യാന്‍ കഴിയുന്നില്ലെന്ന കുറ്റബോധം ആ പെണ്‍കുട്ടിയില്‍ ഉടലെടുത്തു. എല്ലാറ്റിനോടും മടുപ്പു തോന്നിയ ഘട്ടത്തിലാണ് താന്‍ പ്രസവാനന്തര വിഷാദരോഗത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അവള്‍ക്കു തോന്നിയത്. 

കുറിപ്പിന്റെ പൂര്‍ണരൂപത്തിലേക്ക്...

എനിക്ക് പന്ത്രണ്ടു വയസ്സുള്ളപ്പോഴാണ് കളിക്കുന്നതിനിടെ വൈദ്യുതാഘാതമേല്‍ക്കുന്നതും വലതുകൈ മുറിച്ചുമാറ്റുന്നതും. ഇരുകൈകളിലുമായി നാല്‍പതോളം സര്‍ജറികളാണ് നടത്തേണ്ടിവന്നത്. എഴുതുന്നതിനും എന്റെ യൂണിഫോം ധരിക്കുന്നതിനുമൊക്കെ ബുദ്ധിമുട്ടായി. പുറത്തുപോയാല്‍ ആളുകള്‍ തുറിച്ചുനോക്കും എന്ന അവസ്ഥയായി. വൈകാതെ ഞാന്‍ കാര്യങ്ങള്‍ തനിയെ ചെയ്യാന്‍ പഠിക്കുകയും ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്തു. ഇരുപത്തിയഞ്ചാം വയസ്സില്‍ എന്റെ സഹപ്രവര്‍ത്തകനെ വിവാഹം കഴിക്കുകയും ചെയ്തു. 

അഞ്ചു വര്‍ഷത്തിനുശേഷം ഞങ്ങള്‍ക്കൊരു പെണ്‍കുഞ്ഞു പിറന്നു, മെഹര്‍. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരുന്നു അത്. പക്ഷേ പിന്നീടുള്ള മൂന്നുമാസം എന്റെ ജീവിതം പാടേ മാറിമറിഞ്ഞു. മെഹറിനെ മര്യാദയ്ക്ക് എടുക്കാനോ അവളുടെ ഡയപ്പര്‍ മാറ്റിക്കൊടുക്കാനോ എനിക്ക് കഴിഞ്ഞില്ല. മകള്‍ക്കു വേണ്ടത്ര പാലു നല്‍കാന്‍ കഴിഞ്ഞില്ല. ഞാനൊരു മോശം അമ്മയാണെന്നു തോന്നിത്തുടങ്ങി. എന്റെ കുഞ്ഞിന് അടിസ്ഥാനപരമായി ചെയ്തുകൊടുക്കേണ്ട കാര്യങ്ങളില്‍പ്പോലും ഞാന്‍ പരാജയപ്പെട്ടു. 

എന്റെ ശരീരത്തിലും മാറ്റങ്ങള്‍ വരാന്‍ തുടങ്ങി. മാറിടം തൂങ്ങുകയും വയര്‍ വീര്‍ക്കുകയും പത്തുകിലോയോളം വര്‍ധിക്കുകയും ചെയ്തു. എന്നെ കാണുമ്പോള്‍ വിരൂപയാണെന്ന് തോന്നാന്‍ തുടങ്ങി. ഭര്‍ത്താവും അമ്മയുമായി ആവശ്യമില്ലാതെ വഴക്കിടുക ശീലമായി. ഞാന്‍ എന്ത് അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് നിങ്ങള്‍ക്കറിയില്ലെന്നു പറഞ്ഞായിരുന്നു അതൊക്കെയും. 

പതിയെയാണ് പ്രസവാനന്തര വിഷാദരോഗത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നതെന്ന് തോന്നിത്തുടങ്ങിയത്. രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും സ്ഥിതി സാധാരണഗതിയിലാവാന്‍ തുടങ്ങി. മെഹര്‍ വലുതായതോടെ അവളെ ആത്മവിശ്വാസത്തോടെ എടുക്കാന്‍ കഴിഞ്ഞു. സമ്മര്‍ദം കുറയ്ക്കാനായി ഭര്‍ത്താവിനൊപ്പം യാത്രകള്‍ ചെയ്യാനും സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാനും തുടങ്ങി. 

ഇപ്പോഴും മെഹറിന്റെ കാര്യങ്ങള്‍ എനിക്ക് പൂര്‍ണമായി ചെയ്യാന്‍ കഴിയാറില്ല. അവളെ കുളിപ്പിക്കാന്‍ കഴിയാറില്ല, കഴിഞ്ഞ ദിവസം അഞ്ചുതവണ പരിശ്രമിച്ചാണ് ഞാന്‍ അവളുടെ ഡയപ്പര്‍ മാറ്റിയത്. പതിയെ ഞാന്‍ ഓരോ കാര്യങ്ങള്‍ പഠിച്ചു വരികയാണ്. 

ഇപ്പോള്‍ ഏഴുമാസമായി, എങ്കിലും മൂഡ്‌സ്വിങ്‌സ് നേരിടുന്നുണ്ട്. അപ്പോള്‍ മെഹറിന്റെ കളിചിരികളാണ് എനിക്ക് ആശ്വാസമാവുന്നത്. മാതൃത്വം എന്നത് മനോഹരമായ കാര്യമാണ് എന്നതില്‍ സംശയമില്ല പക്ഷേ റോസാപുഷ്പം പോലെ സുന്ദരമാകണമെന്നില്ല. നമ്മുടെ ശരീരവും ജീവിതവുമൊക്കെ മാറുകയാണ്. മാറാത്ത ഒരേയൊരു കാര്യം സ്‌നേഹമാണ്, അതാണ് നമ്മെ മുന്നോട്ടു നയിക്കാന്‍ പ്രേരിപ്പിക്കുന്നതും. 

Content Highlights: lady sharing postpartum depression experience