കാസര്‍കോട് സ്വദേശിയായ രാകേഷ് എന്ന യുവാവിന്റെ വിവാഹത്തില്‍ പങ്കെടുത്ത അനുഭവം പങ്കുവെച്ച് കാസര്‍കോട് കളക്ടര്‍ ഡോ.ഡി സജിത് ബാബു ഐ.എ.എസ്. ഫെയ്ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. വിധവയും ഏഴുവയസ്സുള്ള പെണ്‍കുഞ്ഞുമുള്ള യുവതിയെയാണ് രാകേഷ് വിവാഹം ചെയ്തത്. രാകേഷിന്റെ മാതൃക അനുകരണീയമായണെന്നും മറ്റുയുവാക്കള്ക്കും രാകേഷ് ഒരു മാതൃകയാകട്ടെയെന്നും കളക്ടര്‍ കുറിപ്പില്‍ പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം.
എന്നും പതിവുപോലെ രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് ഫയല്‍ നോക്കുന്ന നേരത്താണ് വാട്സ്ആപ്പ് സന്ദേശങ്ങളിലൊന്ന് പ്രത്യേകം ശ്രദ്ധിച്ചത്, നമ്പര്‍ സേവ് ചെയ്യാത്ത ഒരു നമ്പറില്‍ നിന്നാണ് മെസ്സേജ് വന്നത്, സാര്‍ ഇന്ന് എന്റെ വിവാഹമാണ് സാര്‍ വന്നിരുന്നെങ്കില്‍ എനിക്കും കുടുംബത്തിനും ഒരു സന്തോഷമായിരിക്കും. ഞാന്‍ വിവാഹം കഴിക്കുന്നത് ഭര്‍ത്താവ് മരിച്ച 7 വയസ് ഉള്ള പെണ്കുട്ടിയുള്ള യുവതിയെ ആണ്. ഇത്രയും വായിച്ചപ്പോള്‍ എനിക്കു അദ്ദേഹത്തെ കാണണമെന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു. രാകേഷിന്റെ വാക്കുകള്‍ കൊള്ളിയാന്‍ പോലെ എന്റെ ഹൃദയത്തില്‍ കൊണ്ടു. ഉടന്‍ തീരുമാനിച്ചു വിവാഹത്തില്‍ തീര്‍ച്ചയായും പങ്കെടുക്കണം, ചന്ദേര പടിഞ്ഞാറേക്കരയില്‍ രാകേഷിന്റെ വീട് തേടിപ്പിടിച്ചു.
വിവാഹത്തില്‍ പങ്കെടുത്തത് നമ്മുടെ ജില്ല നേരിടുന്ന ചില സാമൂഹിക പ്രശ്നങ്ങള്‍ സമൂഹശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് കൂടി ഉദ്ദേശിച്ചാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. രാകേഷ് കൊട്ടും കുരവയുമായി കൂട്ടുകാരെയും നാട്ടുകാരെയും കൂടെക്കൂട്ടി ഭാര്യയെ കൈ പിടിച്ചു വീട്ടിലേക്ക് കൊണ്ടുവരുന്നതിനു സാക്ഷിയായപ്പോള്‍ ഏറെ ചാരിതാര്‍ത്ഥ്യം തോന്നി. രാകേഷ് ഒരു പ്രചോദനം ആണെന്ന് തോന്നി അതുകൊണ്ടാണ് ഇങ്ങനെ കുറിക്കുന്നത് (with permission of Mr. Rakesh) രാകേഷ് കൈ പിടിച്ചപ്പോള്‍ രണ്ടുപേരുടെ ജീവിതമാണ് പൂവണിഞ്ഞത്. ഭര്‍ത്താവ് മരിച്ചതോടെ ജീവിതം തകര്‍ന്നു എന്നു കരുതിയ യുവതിയുടെയും 7 വയസ്സുള്ള കുഞ്ഞിന്റെയും.
കാസര്‍ഗോഡ് ജില്ലയില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചതോ ഭര്‍ത്താവ് മരിച്ചവരോ ആയ അരലക്ഷത്തോളം സ്ത്രീകളുണ്ട്. ആകെ 46488 സ്ത്രീകള്‍ ഇതില്‍ കൂടുതല്‍ കാസര്‍ഗോഡ് നഗരസഭാ പരിധിയിലാണ് 6553 സ്ത്രീകള്‍, കുറവ് മീഞ്ച പഞ്ചായത്തിലാണ് 73 സ്ത്രീകള്‍ വിധവകളും വിവാഹമോചിതരും സമൂഹത്തില്‍നിന്ന് ഉള്‍വലിയുന്നതാണ് സമൂഹത്തിലെ പതിവുകാഴ്ച. ആരോരുമില്ലാത്ത ഈ സ്ത്രീകള്‍ക്ക് താങ്ങും തണലും ആകാന്‍ ജീവിത പങ്കാളിയാകാന്‍ രാകേഷിന്റെ മാതൃക പിന്തുടര്ന്ന് മറ്റുള്ളവരും തയ്യാറാകുമോ, പ്രത്യേകിച്ച് വിവാഹപ്രായം കഴിഞ്ഞിട്ടും പെണ്‍കുട്ടികളെ ലഭിക്കാത്ത പുരുഷന്മാര്ക്ക് രാകേഷ് പ്രചോദനമാകേണ്ടതാണ്.
രാകേഷ് ഒരു ഓട്ടോ ഡ്രൈവറാണ് തന്റെ ജോലി കൊണ്ട് ഈ കുടുംബത്തെ പോറ്റാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം ഉള്ള യുവാവ്. യാദൃശ്ചികമായി ആണെങ്കിലും ഈ കല്യാണത്തില്‍ പങ്കെടുത്തപ്പോള്‍ അത് സമൂഹത്തെ അറിയിക്കണം എന്ന് തോന്നി പലര്‍ക്കും രാകേഷ് ഒരു പ്രചോദനം ആവട്ടെ...
Content Highlights: Kasargod Collector Dr.D.Sajith Babu IAS' facebook post about marriage