വൈധവ്യം സ്ത്രീയുടെ ജീവിതത്തില്‍ ഏല്‍പ്പിക്കുന്ന പോറലുകളെ കുറിച്ച് പ്രശസ്ത സൈക്കോളജിസ്റ്റ് കല ഷിബു എഴുതിയ കുറിപ്പ് വായിക്കാം 

അടുത്ത ഒരാളുടെ മരണം..
സഹിക്കാവുന്നതിലേറെ ആയിരുന്നു..
ചെറുപ്പത്തിലേ അറിയാം.
കുട്ടിയായ എനിക്ക് പൊട്ടു കുത്തി തന്നിട്ടുണ്ട്..
പെണ്മക്കള്‍ ഇല്ലാത്തതിന്റെ കുറവ് തീര്‍ക്കാന്‍ വാശി പോലെ വാത്സല്യം തന്നിട്ടുണ്ട്..
''മുടി ചരിച്ചു ചീകി നോക്കിയേ മോളെ..
അവളെ പോലെ..നിന്റെ ആന്റിയെ പോലെ...!

ഭാര്യയുടെ മുടി ചീപ്പല്‍ മാത്രമല്ല..
വലിയ കറുത്ത പൊട്ടും , പ്രത്യേകമായി പറഞ്ഞു ചെയ്യിപ്പിച്ച വലിയ കമ്മലും ഒക്കെ അഭിമാനമായി ആസ്വദിച്ച ഒരു പുരുഷന്‍...!
രക്തബന്ധമുള്ള അമ്മാവന്മാരേക്കാള്‍ എന്നെ സ്‌നേഹിച്ച എന്റെ മാമന്‍..
മാമന്‍ മരിച്ചു കുറെ ദിവസം കഴിഞ്ഞു ഞാന്‍ ആന്റിയെ കാണുമ്പോള്‍..
ആ നെറ്റിയില്‍ ആ കറുത്ത വലിയ പൊട്ടില്ല..
വര്‍ഷങ്ങളായി ഇട്ടിരുന്ന പൊട്ടു ഉണ്ടാക്കിയ വെളുത്ത വലിയ പാടില്‍ ഭീതിയോടെ ഞാന്‍ നോക്കി..
ആന്റി എന്താ പൊട്ടു ഇടാത്തത്..?
അസഹ്യമായ നൊമ്പരം ഉള്ളില്‍ കിടക്കുന്നുണ്ട്..
ദയനീമായി എന്നെ നോക്കിയ ആന്റിയുടെ നെറ്റിയിലേക്ക് ബാഗില്‍ നിന്നും ഒരു പൊട്ടെടുത്ത് ഞാന്‍ ഒട്ടിച്ചു..
മാമന്‍ ആന്റിയെ ഇങ്ങനെ കാണാന്‍ ആണ് എന്നും ആഗ്രഹിച്ചത്.
ആ നിമിഷം അവരുടെ കണ്ണില്‍ കണ്ട ജീവന്‍ ,
ഞാന്‍ മാമന്റെ ആത്മാവിനോട് കാണിച്ച നീതി അതായിരുന്നു..
ഒരു ബലി ഇടലിനും മേലെ ആയിരുന്നു അതെന്നു എനിക്ക് ഉറപ്പുണ്ട്..

എന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ വിവാഹം കഴിച്ചു ചെല്ലുമ്പോള്‍ ആ കുടുംബത്തിലെ ഒരു അംഗം വിഭാര്യന്‍ ആണ്..
എന്റെ പ്രായം ഉള്ള ഒരു മകളും , ഭര്‍ത്താവിന്റെ പ്രായം ഉള്ള മറ്റൊരു മകളും അവരുടെ കുട്ടികളും അദ്ദേഹത്തിന് ഉണ്ട്..
പക്ഷെ അവരുടെ കൂടെ അല്ല താമസം..
കുറച്ചു നാള്‍ മുന്‍പ്, രണ്ടു പെണ്‍മക്കളും ചേര്‍ന്ന് അച്ഛന് ഒരു വധുവിനെ കണ്ടെത്തി കൊടുത്തു..
നാട്ടിന്‍പുറമാണ്..
ഞാന്‍ കണ്ടിട്ടുള്ള ലോകം ആ രണ്ടു സ്ത്രീകളും കണ്ടിട്ടില്ല..
അച്ഛന് ഒരു കൂട്ട് വേണം..
ആ രണ്ടു പെണ്‍കുട്ടികളും പറഞ്ഞു..

എന്റെ ലോകത്തുള്ള ഒരു പെണ്ണിനും അമ്മ മരിച്ചു പോയാല്‍, അച്ഛന്‍ ഒറ്റയ്ക്കായി പോയി എന്ന് കരുതി ഒരു വിവാഹം ആലോചിക്കാന്‍ ധൈര്യം ഇല്ല.
പക്ഷെ, എന്നുവെച്ച് ആണുങ്ങള്‍ വിവാഹം കഴിക്കാതെ ഇരിക്കുന്നില്ല..
കഴിഞ്ഞ ദിവസവും ഒരു പെണ്‍കുട്ടി തന്റെ മുത്തശ്ശി മരിച്ചു കഴിഞ്ഞു അപ്പുപ്പന്‍ മറ്റൊരു വിവാഹം കഴിച്ച കഥ പറഞ്ഞു..
മകള്‍ അല്ല, ചെറുമകള്‍ ആണെന്ന് ഓര്‍ക്കണം..
എന്താ അപ്പൂപ്പന് കൂട്ട് വേണ്ടേ..?
ഞാന്‍ അവളോട് ചോദിച്ചു..

ഒരു പങ്കാളിയുടെ നഷ്ടം ജീവിച്ചിരിക്കുന്ന മറ്റേ ആളില്‍ ഉണ്ടാക്കുന്നത് വെറും ലൈംഗികമായ ശൂന്യത അല്ല.. അതിനുവേണ്ടി അല്ല മറ്റൊരു വിവാഹം അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാര്യങ്ങളില്‍ ജീവിതം തിരിച്ചു വിടുന്നത്.. ഇനി അഥവാ അതാണ് കാരണം എങ്കില്‍ തന്നെ എന്താണ് തെറ്റ്..?

വിഭാര്യനായ പുരുഷനെ സമൂഹം വെറുതെ വിടും..
പക്ഷെ വിധവ ആയ സ്ത്രീ...!!

അവളുടെ ഉത്ത്വരവാദിത്വം നാട്ടാര് ഏറ്റെടുക്കുക ആണ്...
അവളുടെ കണ്ണുകളില്‍ തിളക്കം പാടില്ല..
ചുണ്ടി ചിരി പാടില്ല..
നടപ്പിലും ഇരുപ്പിലും ജീവന്‍ ഉണ്ടാകരുത്..
സമൂഹത്തിന്റെ നോട്ടത്തില്‍ അവള്‍ ഇനി എങ്ങനെ എന്നതാണ് അവളുടെ സ്ഥാനം..!
ആചാര അനുഷ്ഠാനം സ്ത്രീകള്‍ക്ക് മാത്രമാണോ..?
ആധുനിക യുഗത്തിലെ ചെറുപ്പക്കാരായ ആണുങ്ങളില്‍ പോലും ഈ നിലപാടിന് മാറ്റമില്ല എന്നത് ഭയം വരുത്തുന്നു..
ശീലാവതി ആയി തീരാന്‍ ഭര്‍ത്താവിന് ഇല്ലാത്ത കുഷ്ഠം ഉണ്ടാക്കി എടുക്കേണ്ടി വരുമോ.?

ഭര്‍ത്താവ് മരിക്കുമ്പോള്‍ ഭാര്യയുടെ ശരീരം ചെറുപ്പമായി ഇരുന്നാല്‍ അതും സമൂഹത്തിനു മുന്നില്‍ കരടാണ്..
യൗവ്വനവും അഴകും ആരോഗ്യവും പ്രതിയോഗിയെ പോലെ നില്‍ക്കും..
ജീവിക്കും തോറും ഭയമാണ് കാഴ്ചപ്പാടുകളെ...
അഹങ്കാരത്തിന്റെ തൂവലുകള്‍ കൊഴിയണം എങ്കില്‍ അവനവനു പൊള്ളണം എന്നതാണ് അവസ്ഥ..

എന്റെ ഭര്‍ത്താവിന് ബിസിനസ്സ് ആണ്..
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ,തുടക്കകാലങ്ങളില്‍ ഞാന്‍ അദ്ദേഹത്തെ സഹായിക്കാനായി അതില്‍ സജീവം ആയിരുന്നു..
കേരളത്തില്‍ അധ്വാനിച്ചു ജീവിച്ചാല്‍ ,ഒരു വിദേശ രാജ്യങ്ങളില്‍ കിട്ടാത്ത സമ്പത്തും സൗകര്യങ്ങളും നമ്മുടെ നാട്ടില്‍ നിന്നും നേരായ മാര്‍ഗ്ഗത്തില്‍ ഉണ്ടാക്കാം എന്ന് മനസ്സിലാക്കിയ കാലം..

പക്ഷെ, അവിടെ വില്ലന്മാരായ പല കാര്യങ്ങളുണ്ട്..
ലോഡിങ് ..ആണ്‍ലോഡിങ് പാര്‍ട്ടി പിരിവുകള്‍, ബിസിനസ്സ് സൗഹൃദം അല്ലാത്ത tax department  ഒക്കെ കണ്ടു പകച്ചു നിന്ന് പോയിട്ടുണ്ട്..

പക്ഷെ സങ്കടം തോന്നിയിട്ടുള്ളത് ചില പുരുഷന്മാരായ സ്റ്റാഫിന്റെ മനോഭാവം ആയിരുന്നു..
എന്താ താമസിച്ചത്..?
എന്ത് കൊണ്ട് ഇന്നലെ പറഞ്ഞ complaint ഇത് വരെ attend ചെയ്തില്ല..?
ഈ ചോദ്യങ്ങള്‍ മതി..
അവരുടെ ഭാഷയില്‍ 
ഞാന്‍ അഹങ്കാരി ആകാന്‍..!
ഏത് മേഖലയില്‍ ആണെങ്കില്‍ കൂടി ഒരു സ്ത്രീ പുരുഷന് മേല്‍ ആധിപത്യം സ്ഥാപിക്കുന്നത് , അതിനി ആരായാലും അവിടെ കുറ്റമാണ്..!
അവള്‍ നേരിടേണ്ടത് പിന്നെ രൂക്ഷമായ വിമര്‍ശനങ്ങളെ ആണ്...
ആരോപണങ്ങളെ ആണ്..
അവള്‍ ശരി അല്ല !!
ഇത് പറയുമ്പോള്‍ ഫെമിനിസ്റ്റ് എന്ന് പറയും..
അതെ,
ഞാന്‍ ഫെമിനിസ്റ്റ് ആണ്..!

പക്ഷെ, മനുഷ്യത്വം ആണ് എന്റെ ഫെമിനിസത്തിന്റെ ഭാഷ...
വ്യക്തിപരമായി പറഞ്ഞാല്‍ ,
അര്‍ദ്ധരാത്രി യാതൊരു ആവശ്യവുമില്ലാതെ എനിക്ക് അല്പവസ്ത്രധാരിണി ആയി ഊരു ചുറ്റാന്‍ ആഗ്രഹമില്ല..
പക്ഷെ ഒരു ആവശ്യം വന്നാല്‍, ഏതു രാത്രിയിലും പുറത്ത് പോകണം..
എന്റെ ശരീരം അവിടെ എന്റെ ശത്രു ആകരുത്..!

അത്യാധുനിക സമൂഹത്തിന്റെ ചിന്ത തിളങ്ങുക ആണോ..?
അതോ കൂടുതല്‍ കൂടുതല്‍ ഇരുളുക ആണോ.?

ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീ, എങ്ങനെ ജീവിക്കണം എന്നത് അവരുടെ അവകാശം ആണ്..
ഒരുമിച്ചു ജീവിച്ച കാലങ്ങള്‍..
അതിലെ സന്തോഷങ്ങള്‍ , സങ്കടങ്ങള്‍..
വഴക്കുകള്‍, പരിഭവങ്ങള്‍..
അതിലെ ആഴങ്ങള്‍ ഒരുപക്ഷെ മക്കള്‍ക്കും മനസ്സിലാക്കണം എന്നില്ല..
നാളെ അവര്‍ ആ സ്ഥാനത്ത് എത്തും വരെ..
നേരില്‍ കണ്ടാല്‍ വഴക്കു കൂടുന്ന പങ്കാളി ആയിക്കൊള്ളട്ടെ..
പക്ഷെ ജീവിതത്തില്‍ നിന്നും അടര്‍ന്നു പോകുന്ന ബന്ധം ഉണ്ടാക്കുന്ന നീറ്റല്‍, അത് ആ സ്ഥാനത്ത് നിന്നും ചിന്തിക്കണം..

ഭൂമിയില്‍ ഒറ്റ പെട്ട പോലെ ഒരു അവസ്ഥ..
ആദിയും അന്തവും ഇല്ലാത്ത ചിന്തകള്‍..
മനസ്സിലേയ്ക്ക് ആണി അടിക്കും പോലെ കൊടും ഭീതി....
മനുഷ്യനായി, സ്ത്രീ ആയി ജനിച്ചു പോയി..
മരിക്കുന്ന വരെ ജീവിക്കേണ്ട..?.
മാന്ദ്യമോ മരവിപ്പോ ഗ്രസിച്ചു തുടങ്ങുന്നു..
ഒരു തുള്ളി കണ്ണുനീര് പുറത്ത് വരാത്ത കരച്ചില്‍ ഉണ്ട്..
നിസ്സഹതയുടെ നിരാശയും പാരവശ്യവും പൊതിയുമ്പോള്‍..
വിഭ്രാന്തിയുടെ തടവറയില്‍ അകപ്പെടും, മുന്‍പ്, അതില്‍ നിന്നും കരകയറാന്‍ എന്തൊക്കെയോ ചെയ്തു കൂട്ടും..
മനസ്സൊന്നു വ്യതിചലിക്കാന്‍ പറ്റുന്നതെല്ലാം..
എഴുതും..
ചിലര്‍ വരയ്ക്കും..
ആടാനറിയാവുന്നര്‍ ആടട്ടെ..
പാട്ടു പാടാന്‍ പറ്റുന്നവര്‍ പാടിക്കോട്ടെ..
സ്വാതന്ത്ര്യത്തിന്റെ വ്യാപ്തി അവനവന്‍ തീരുമാനിച്ചോട്ടെ...