പെണ്‍കുട്ടിയെവിവാഹം കഴിച്ചയച്ചാല്‍ 'ഭാരം' ഒഴിഞ്ഞെന്നോ ഉത്തരവാദിത്തം കഴിഞ്ഞെന്നോ കരുതുന്ന എല്ലാ മാതാപിതാക്കള്‍ക്കുമുള്ള മുന്നറിയിപ്പാണ് ഉത്തരയും, വിസ്മയയും അര്‍ച്ചനയും എല്ലാം.. ഇനിയും എത്രയോ പെണ്‍കുട്ടികള്‍ വരാനിരിക്കുന്നു, നമ്മുടെ സമൂഹം ഇങ്ങനെ തന്നെയാണ് തുടരുന്നതെങ്കില്‍... ഈ സംഭവങ്ങളും ചര്‍ച്ചയാവും, നിരവധിപ്പേര്‍ പ്രതികരിക്കും, പിന്നെ മറക്കും, വീണ്ടും സംഭവങ്ങള്‍ ആവര്‍ത്തിക്കും. എന്താവാം അവരെ ഇറങ്ങിപ്പോരുന്നതില്‍ നിന്ന് പിന്‍വലിക്കുന്നത്, എന്താവാം അവര്‍ തിരിച്ചു വരുമ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതില്‍ നിന്ന് മാതാപിതാക്കളെ വിലക്കുന്നത്? സമൂഹത്തിന്റെ നിയമങ്ങള്‍ തന്നെ. എന്നാല്‍ അതിനെ മറി കടക്കാന്‍ സ്വയം ധീരയാവൂ എന്ന് പറയുകയാണ് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ കണ്‍സോര്‍ഷ്യത്തിലെ ഗവേഷകയായ ജിസാ ഡോണല്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ

ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന്

ഒരു പെണ്‍കുഞ്ഞിന്റെ അമ്മയാണ് ഞാന്‍ . കണ്ണിലെ കൃഷ്ണമണി പോലെ , കൈ വളരുന്നതും കാല്‍  വളരുന്നതും  നോക്കി , അവളുടെ കുസൃതിയിലും, വളര്‍ച്ചയിലും ആനന്ദിക്കുന്ന ഒരു സാധാരണ അമ്മ . എന്നാല്‍ ഉത്തരയുടെയും,വിസ്മയയുടെയും മുഖങ്ങള്‍ , ഹൃദയത്തോടു ചേര്‍ത്തു മകളെ വളര്‍ത്തുന്ന അച്ഛനമ്മമാരുടെ മനസ്സില്‍ തീര്‍ക്കുന്ന ആന്തല്‍ ചെറുതല്ല. സ്‌കൂള്‍ വിട്ട് വരാന്‍ വൈകിയാല്‍ വന്നു കയറുമ്പോള്‍ അമ്മ പറയുന്ന ഒരു ഡയലോഗ് ഉണ്ടായിരുന്നു പണ്ട് ' ഇപ്പോഴാണ് ഉള്ളിലെ തീ അണഞ്ഞത് . മനുഷ്യന്റെ ചങ്ക് ഉരുകുകയായിരുന്നു എന്നു ' പിന്നെ.... ' അമ്മയുടെ ചങ്കില്‍ എന്നാ മെഴുകുതിരി കത്തിച്ചു വച്ചിരിക്കുവാണോ?' എന്നു അന്ന്  പരിഹസിച്ചിരുന്നുവെങ്കിലും ,
ഇന്നെനിക്കറിയാം ആ ഉരുകല്‍ എന്താണെന്ന്....

കാക്കക്കും കഴുകനും കൊടുക്കാതെ,  ഒന്നു തട്ടി വീഴാതെ കരുതി, ഉള്ളം കൈയ്യില്‍ വച്ച് വളര്‍ത്തുന്ന മകളെ യോഗ്യനായ /യോഗ്യന്‍ എന്നു തോന്നുന്ന ഒരാള്‍ക്ക് 'പിടിച്ചു കൊടുക്കുന്നതോടെ'..'ഉത്തരവാദിത്വം തീര്‍ന്നല്ലോ....ആന്തല്‍ ഒഴിഞ്ഞല്ലോ...പൊന്നുപോലെ എന്റെ കുഞ്ഞിനെ അവന്‍ നോക്കിക്കൊള്ളും....' എന്ന് മാതാപിതാക്കള്‍ ചിന്തിച്ചു തുടങ്ങുന്നിടത്തല്ലേ....ഇത്തരം പ്രശ്‌നങ്ങളുടെ മൂലകാരണം സ്ഥിതിചെയ്യുന്നത്.

'ആ പെണ്‍കുട്ടിക്ക് ഇറങ്ങി സ്വന്തം വീട്ടിലേക്ക് പൊയ് കൂടായിരുന്നോ...'? എന്ന ചോദ്യം പലയിടത്തും കണ്ടു. എന്നാല്‍ പല പെണ്‍കുട്ടികള്‍ക്കും ചോദ്യം പോലെ അത്ര എളുപ്പമല്ല അത്. ഉള്ളത് നുള്ളിപ്പെറുക്കി,കിടപ്പാടം പോലും പണയം വെച്ചു, വീട്ടിലെ അവസാന തരി പൊന്നും  അണിയിച്ചു അവളെ കതിര്‍മണ്ഡപത്തിലേക്ക് ഇറക്കുന്ന, മോള്‍ക്ക് ഒരു കുറവും കെട്ടിചെല്ലുന്ന വീട്ടില്‍ വരാതിരിക്കാന്‍, പഠിപ്പിച്ചു സ്വന്തമായി വരുമാനം ഉള്ള ഒരു ജോലി നേടി കൊടുത്തിട്ടാണെങ്കില്‍ പോലും.... കടവും വാങ്ങി, ലോണും എടുത്തും പറ്റാവുന്ന പോലെ പൊന്നും പണവും കൂടെ നല്‍കി പറഞ്ഞയയ്ക്കുന്ന അച്ഛനമ്മമാരുടെ കഷ്ടപ്പാട് കണ്ട് പുതിയ ജീവിതത്തിലേക്ക് കയറുന്ന ഒരു പെണ്ണിനും  അത്രയെളുപ്പം 'ഞാന്‍ പോകുക...എന്റെ വീട്ടിലേക്കു' എന്ന് പറഞ്ഞ് തിരിച്ചു ഇറങ്ങി പോരാന്‍ മടി തോന്നും. സാധാരണ കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്ക് പ്രത്യേകിച്ചും മാക്‌സിമം അഡ്ജസ്റ്റ് ചെയ്തും, ക്ഷമിച്ചും സഹിച്ചും പിടിച്ചു നില്‍ക്കും. അടിച്ചാലും, ഇടിച്ചാലും, തൊഴിച്ചാലും നിശബ്ദം സഹിച്ചു മുന്നോട്ടു പോകാന്‍ മാക്‌സിമം അവള്‍ പരിശ്രമിക്കും.

'എന്താടി നിന്റെ മുഖം വല്ലാതെ ഇരിക്കുന്നെ ? എന്താടി നിന്റെ സ്വരം മാറി ഇരിക്കുന്നേ 'എന്ന അച്ഛനമ്മമാരുടെ ചോദ്യത്തിന് ഇല്ലാത്ത ജലദോഷത്തെയും, മൂക്കടപ്പിനെയും ഈ പെണ്മക്കള്‍ കൂട്ടു പിടിക്കുന്നത് അവരായി അച്ഛന്റെയും അമ്മയുടെയും മനസ്സ് വിഷമിപ്പിക്കാതെയും, കണ്ണ് നനയിക്കാതെ ഇരിക്കാനും വേണ്ടി ആണ്. കാരണം അവരുടെ ഒരു ആയുസ്സിന്റെ പ്രയത്‌നവും സമ്പാദ്യവും ആണ് അവളോടൊപ്പം അന്ന് ഭര്‍തൃ വീട്ടിലേക്കു പടി ഇറങ്ങിയതെന്നു ആരെക്കാളും നന്നായി അവള്‍ക്കു അറിയാം . ഇനി എങ്ങാന്‍ പെണ്‍കുട്ടികള്‍ തിരിച്ചു വീട്ടില്‍ പോന്നാല്‍ ...'മോള് വന്നിട്ട് കുറച്ചു ദിവസം ആയല്ലോ....കെട്ടിയോന്‍ വന്നില്ലേ ...എന്താ തിരിച്ചു പോകാത്തെ...അവരു തമ്മില്‍ അത്ര രസത്തില്‍ അല്ലേ ...? എന്ന അയല്‍വക്കത്തെ അന്വേഷണ കമ്മിറ്റികാരുടെ ചൊറിഞ്ഞ ന്യൂസ് പിടുത്തം . 'ജീവിതം ആകുമ്പോ അങ്ങനെ ഒക്കെ ആണെന്നെ ...കെട്ടിയോന്‍ 2 തല്ലി എന്നൊക്കെ ഇരിക്കും... അതിനു പെട്ടിയും
കിടക്കയും എടുത്തു ഇങ്ങു പോരുവാണോ വേണ്ടേ.. ഒന്നും ഇല്ലേലും ഒരു ആണ്‍തുണ ഇല്ലാതെ എങ്ങനെ ജീവിയ്ക്കാന്‍ ആണെന്നെ....നാട്ടുകാര്‍ എന്നാ പറയും ....ആ പിള്ളേര്‍ക്ക് അപ്പന്‍ വേണ്ടായോ ....താഴത്തേതിന് പിന്നെ നല്ല ഒരു കല്യാണാലോചന വരുവോ ? 'ഇത്തരം നാടന്‍ മുതിര്‍ന്ന സാരോപദേശങ്ങള്‍ കൂടി അവശ്യപെടാതെ തന്നെ വാരിക്കോരി നല്കപ്പെടുമ്പോള്‍ ,അവര്‍ക്കു മുന്നില്‍ ചൂളി നില്‍ക്കുന്ന ,നുണകള്‍ നിരത്തുന്ന അച്ഛനെയും അമ്മയെയും കാണുമ്പോള്‍ തോന്നി പോകുന്ന വിഷമത്താല്‍ അവള്‍ തന്നെ വീണ്ടും ബാഗും പൂട്ടി ഇറങ്ങും. താന്‍ ആയി ഇനി അവര്‍ക്കു ചീത്തപ്പേര്  ഉണ്ടാക്കാന്‍ പാടില്ലാ എന്ന തിരിച്ചറിവിലും , സഹോദരങ്ങളുടെ ജീവിതം നശിപ്പിക്കരുത് എന്ന ഉത്തരവാദിത്വബോധത്താലും.

ഇതു പോലെ ഒരോ സംഭവങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകുമ്പോള്‍ ...'പെണ്‍മക്കള്‍ക്ക് വിദ്യാഭാസം നല്‍കൂ...ജോലി ആയ ശേഷം വിവാഹം നടത്തു ...സ്ത്രീധനം നല്കാതിരിക്കു...'എന്നിങ്ങനെയുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കപ്പെടുന്നതു കാണാം. എന്നാല്‍ വിദ്യാഭ്യാസമുള്ള, ജോലിയുള്ള ,വരുമാനം ഉള്ള  സ്ത്രീധനം വേണ്ട.. പെണ്ണിനെ മാത്രം മതി എന്ന ഉറപ്പില്‍ വിവാഹം നടത്തി അയച്ച പല പെണ്‍കുട്ടികളും ഇരുട്ടില്‍ നിശബ്ദം ദേഹോപദ്രവം ഏറ്റു , വെളിച്ചത്തില്‍ പുറമെ ചിരികുന്നില്ലേ ??? ഉണ്ടാകാം ....തീര്‍ച്ച.

ആദ്യം മാറ്റം വരേണ്ടത് പെണ്ണിന്റെ മനസ്സില്‍ ആണ്. അവിടെ ധൈര്യം വരണം. തുറന്നു പറയാനും, നേരിടാനും ഉള്ള ചങ്കുറപ്പും നട്ടെല്ലും വരണം. എന്ത് ബന്ധത്തിന്റെ പേരില്‍ ആയാലും ഒരാള്‍ക്കും ശരീരത്തെ നോവിക്കാന്‍ അവകാശം ഇല്ല എന്ന ബോധ്യം ആ മനസ്സുകളില്‍ ഉറയ്ക്കണം. എന്തും സഹിച്ചും ക്ഷമിച്ചും പൊറുത്തും സര്‍വത്യാഗി ആയി നിന്നാലും ആരും അവാര്‍ഡ് ഒന്നും തരാന്‍ പോണില്ല എന്നും, വേദന നിങ്ങളുടേത് മാത്രം ആണെന്നും , ജീവിതം ഉരുക്കി തീര്‍ക്കുന്നത് നിങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ആണെന്ന് ഓരോ പെണ്ണും തിരിച്ചറിയുക. തീരെ പൊരുത്തപെടാന്‍ ആവാതെ വന്നാല്‍,  ഇറങ്ങി പോരാനും ,സ്വന്തം കാലില്‍ നില്‍ക്കാനും, ജീവിക്കാനും ഉള്ള പ്രാപ്തി നേടണം . അതിനുള്ള വിദ്യാഭ്യാസവും , തൊഴിലും നേടിയെടുക്കാന്‍ ഉള്ള ഊര്‍ജസ്വലത വേണം. സ്വന്തം സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ പരിശ്രമിക്കണം. നാട്ടുകാരെ ഓര്‍ത്തു ഒത്തിരി വ്യാകുലപ്പെടേണ്ട... രണ്ട് ദിവസം പറഞ്ഞു നടന്നാലും, പുതിയ കഥകള്‍ കിട്ടുമ്പോള്‍ മനുഷ്യര്‍ അതിന്റെ പിറകെ പൊയ്‌ക്കൊള്ളും.

കാശും പണ്ടവും പേശി മകള്‍ക്ക് വിലയിടുന്നവര്‍ക്കു നിങ്ങളുടെ കുഞ്ഞിനെ കൊടുക്കില്ല എന്നു ഉറപ്പിക്കുക. എത്ര അഭിജാത്യത്തിന്റെ വാലുള്ള തറവാട് ആണെങ്കിലും, ചെറുക്കന് എന്തു കൊമ്പത്തെ ജോലി ആണെങ്കിലും....'എനിക്ക് ഇവിടെ പറ്റുന്നില്ല എന്നവള്‍ പറയുന്നെങ്കില്‍.... ''വയ്യെങ്കില്‍ പോരെ മോളെ.. ആവും വിധം അച്ഛനും അമ്മയും കൂടെ ഉണ്ടാകും . നാട്ടുകാര്‍ എന്തെങ്കിലും പറയട്ടെ ....' എന്നു  ധൈര്യമായി പറയാന്‍ ഉള്ള തന്റെടം അച്ഛനമ്മമാര്‍ക്കും  വേണം. സ്‌നേഹിച്ചു ലാളിച്ചു വളര്‍ത്തിയ മകള്‍ ഭിത്തിയില്‍ പടമായി മാലയിട്ട് കാണുന്നതിലും നല്ലതല്ലേ തിരികെ വിളിക്കുന്നത്?

വന്നു കയറുന്ന മകളോട് സ്വന്തം മകന്‍ മോശമായി പെരുമാറിയാല്‍, അതിനു മൗന സമ്മതം നല്‍കി 'അവള്‍ക്കു രണ്ട് കിട്ടട്ടെ' എന്നു ഉള്ളില്‍ ചിരിച്ചു നോക്കി നില്‍ക്കാതെ, മകനെ ന്യായീകരിക്കാതെ ,ആവും വിധം നിയന്ത്രിക്കാന്‍ ഭര്‍ത്രു മാതാപിതാക്കള്‍ക്കും സാധിക്കണം . നിങ്ങളുടെ വീട്ടിലേക്കു അയച്ചിരിക്കുന്നത് കന്നുകാലിയെ അല്ല... വേറെ ഒരു അച്ഛന്റെയും
അമ്മയുടേയും കൃഷ്ണമണിയാണ് എന്നു സ്വന്തം മകനെ ശാസിക്കാനുള്ള പ്രാപ്തിഅവരും നേടണം . 

ഇനി ന്യൂസ് പിടിക്കുന്ന,അതു പടര്‍ത്തുന്ന, സഹതാപം വിളമ്പുന്ന, ഉപദേശങ്ങള്‍ പൊഴിക്കുന്ന ബന്ധുമിത്രാദികളും, അയല്‍വാസികളും ഒന്നു മനസ്സിലാക്കുക.കല്യാണം കഴിച്ചു വിട്ട ഒരു പെണ്‍കുട്ടി അവളുടെ വീട്ടില്‍ നില്‍കുന്നെങ്കില്‍ നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങള്‍ അറിയണം എന്നു അവര്‍ ആഗ്രഹിക്കാത്ത പല കാരണങ്ങള്‍ അതിനുണ്ടാകാം. കിള്ളി ചികഞ്ഞു കുഴി മാന്തി വിവരം ശേഖരിച്ചു പ്രബന്ധം ഒന്നും എഴുതനില്ലല്ലോ.... പിന്നെ അവള്‍ക്കു ചെലവിന് കൊടുക്കുന്നതും നിങ്ങള്‍ അല്ലല്ലോ.....അവരെ അവരുടെ സ്വാതന്ത്ര്യത്തിനു വിടാന്‍ ഉള്ള സാമാന്യ മര്യാദ കാണിക്കാന്‍ പഠിക്കുക . മുറിവുകളില്‍ കുത്തി നോവിച്ചു സന്തോഷിക്കുന്നത്  അവസാനിപ്പിക്കുക.

ഈ പറഞ്ഞ കാര്യങ്ങള്‍ക്കു ആണ് നമ്മുടെ സമൂഹത്തില്‍ ഏറ്റവും പ്രയാസവും. ഈ മാറ്റങ്ങള്‍ ഒക്കെ നമ്മുടെ സമൂഹത്തിന്റെ താഴ്വേരില്‍ നിന്നു സമൂഹം മുഴുവന്‍ വ്യാപിക്കുന്നത് വരെ ഉത്തരയും ,വിസ്മയയും ഇനിയും ആവര്‍ത്തിക്കപ്പെടും.
ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേ ഇരിക്കും.

Content Highlights: Jissa Donal Writes about Dowry deaths in Kerala Vismaya murder